നമുക്ക് പാര്‍ക്കാന്‍
കെ.കെ. ശ്രീരാജ്

ചൂടെന്ന ദോഷത്തെ മറികടക്കാനായി മുളകൊണ്ടുള്ള കര്‍ട്ടന്‍ വീടിനു ചുറ്റും ഇടുന്ന രീതി മുന്നോട്ടുവെച്ച മാതൃകയാണ് ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിജോയ് രാമചന്ദ്രന്‍ അവതരിപ്പിച്ചത്. വീട്ടുചുമരിന്റെ രണ്ടടി അകലെയാണ് ഇത്തരം കര്‍ട്ടനുകള്‍ ഇടേണ്ടത്.
കേരളത്തിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും മക്കളും എല്ലാം അടങ്ങുന്ന കുടുംബത്തിനുള്ള വീടുമാതൃകയാണ് അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശില്‍പ്പ റാനഡെയുടെ സംഘം നിര്‍മ്മിച്ചത്. മൂന്നു പ്രായ ഗ്രൂപ്പുകാര്‍ക്കും വേണ്ടി മൂന്നു തട്ടുകളിലായാണ് വീടിന്റെ മാതൃക. ആര്‍ക്കും പരസ്പരം ശല്യമില്ലാത്തരീതിയിലും തമ്മില്‍ ഇടപഴകാന്‍ സാധിക്കുന്ന രീതിയിലുമാണ് ഇതിന്റെ നിര്‍മ്മിതി. കേരളത്തിലെ ആളുകളുടെ സ്വഭാവം നോക്കി കിടപ്പുമുറികള്‍ അത്ര വിശാലമാകേണ്ടെന്നാണ് ഇവരുടെ കാഴ്ചപ്പാട്. ഇവര്‍ നിര്‍മ്മിച്ചിരിക്കുന്ന വീടുമാതൃകയില്‍ കിടപ്പുമുറികളില്‍ ഒരു കട്ടില്‍ ഇടാനുള്ള സ്ഥലം മാത്രം മതി. വീട്ടിലെ ഒത്തുകൂടലുകള്‍ കുറയുന്നു എന്ന പരാതിക്കും ഇത് പ്രതിവിധിയാകുന്നു. കിടപ്പുമുറികള്‍ ചെറുതാക്കുമ്പോള്‍ വീട്ടിലെ പൊതു സ്ഥലങ്ങള്‍ കൂടുതല്‍ ലഭിക്കുന്നു.
കേരളത്തിന്റെ എറ്റവും വലിയ അനുഗ്രഹമായ നീണ്ട മഴക്കാലത്തെ സൗന്ദര്യാത്മകമായി ഉപയോഗിക്കുന്ന വീടാണ് ബംഗ്ലാദേശ് ആര്‍ക്കിടെക്റ്റ് റഫീക്ക് അസമിന്റെ നേതൃത്വത്തിലുള്ള ടീം വരച്ചെടുത്തത്. എല്ലാ മുറികളിലും നിന്ന് മഴ ആസ്വദിക്കാന്‍ സാധിക്കണം.
നഗരത്തിന്റെ തിരക്കുകള്‍ക്കും പുതിയ ജീവിതരീതികള്‍ക്കും അനുസൃതമായി പെട്ടന്നു പൊളിക്കാവുന്ന വീടുമാതൃകയാണ് മലേഷ്യന്‍ ആര്‍ക്കിടെക്റ്റ് ആയ കെവിന്‍ലോ തയ്യാറാക്കിയത്. ടിന്‍ഷീറ്റുകളാണ് ഇതിന്റെ മേല്‍ക്കൂരയും മറ്റും. കേരളത്തില്‍ പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ ഉപയോഗിക്കുന്നതാണ് ടിന്‍ഷീറ്റുകള്‍ എന്നു കെവിന്‍ അഭിപ്രായപ്പെടുന്നു. കേരളത്തിലെ വിവിധ രീതികളെക്കുറിച്ച് ഗവേഷണം തന്നെ നടത്തിയശേഷമാണ് ഇദ്ദേഹം ഈ മാതൃക അവതരിപ്പിച്ചത്.
പ്രകൃതിക്കും പച്ചപ്പിനും എല്ലാവരും പ്രാധാന്യം നല്‍കിയിട്ടുണ്ടെങ്കിലും പച്ചപ്പിനെ അളവില്ലാതെ പ്രണയിക്കുന്ന വീടിന്റെ മാതൃകയാണ് മധുര പ്രേമതിലകെ എന്ന ശ്രീലങ്കന്‍ ആര്‍ക്കിടെക്റ്റ് മുന്നോട്ടുവെയ്ക്കുന്നത്. വീടിന്റെ പ്ലാന്‍ വരയ്ക്കുമ്പോള്‍ ആദ്യം വരയ്‌ക്കേണ്ടത് പ്ലോട്ടിലെ മരങ്ങളാണ് എന്നതാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. അകത്തും പുറത്തും പ്രത്യേകം തോട്ടങ്ങളും പച്ചപ്പുകളും നിരക്കുന്ന വീടു മാതൃകയാണ് ഇദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നത്. മരത്തിന്റെ ഉയരവും എല്ലാം കണക്കാക്കി വീടിന്റെ പ്ലാന്‍ നിര്‍മ്മിക്കുന്ന രീതിയായിരുന്നു ഇത്. ചുറ്റും മുളകളും മറ്റും വച്ചുപിടിപ്പിച്ചുകൊണ്ടുള്ള വീടുമാതൃകയാണ് ഇവര്‍ അവതരിപ്പിച്ചത്.
വീടെന്നാല്‍ ആത്മീയത മുറ്റിനില്‍ക്കുന്നതാകണം എന്നാണ് കാനഡ സ്വദേശിയായ ഡൊമനിക്ക് ഡ്യുബെയുടെ അഭിപ്രായം. അതിനനുസരിച്ച് തുറന്ന സ്ഥലങ്ങള്‍ക്കും മറ്റും പ്രാധാന്യം നല്‍കിയ മാതൃകയാണ് ഇദ്ദേഹം നിര്‍മ്മിച്ചത്. മതപരമായ ആത്മീയതയല്ലായിരുന്നു ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം. ഉറങ്ങാനുള്ള സ്ഥലം മുഴുവന്‍ മുകളിലേക്കു മാറ്റുന്ന രീതിയാണ് ഇവര്‍ പിന്‍തുടര്‍ന്നത്. ഡ്യുബെയ്ക്കു സുഖമില്ലാത്തതിനാല്‍ ടീമിലെ അംഗങ്ങളാണ് മാതൃക അവതരിപ്പിച്ചത്. ചുമരുകള്‍ക്കു പകരം സ്‌ക്രീനുകളും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള രീതിയായിരുന്നു ഇത്. കേരളത്തിലെ വീടുനിര്‍മ്മാണച്ചെലവ് ഇതിലൂടെ കുറയ്ക്കാം എന്നൊരു സാധ്യതയും ഈ രീതിയില്‍ ഉണ്ടായിരുന്നു.
പ്രകൃതിയുമായി സംവദിക്കുന്ന വീടുമാതൃക ഉണ്ടാക്കാന്‍ ഈ ശ്രമംകൊണ്ടു സാധിച്ചതായി രാജേഷ് രംഗനാഥന്‍ അഭിപ്രായപ്പെട്ടു. പ്ലോട്ടിലെ മരങ്ങളും മറ്റും പരമാവധി ഉപയോഗിക്കുന്ന രീതിയിലായിരുന്നു ഇദ്ദേഹത്തിന്റെ ടീം വീടുമാതൃകകള്‍ പണിതത്. എല്‍ ഷേപ്പിലുള്ള പ്ലാനാണ് ഇവര്‍ അവതരിപ്പിച്ചത്. ലിവിങ് റൂമും ഡൈനിങ് റൂമുമെല്ലാം പുറത്തെ കാഴ്ചകളിലേക്കു തുറക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുകളില്‍ സ്റ്റീല്‍ മേല്‍ക്കൂര പണിയുന്നതിനെയും ഈ മാതൃക പിന്താങ്ങുന്നു. മഴയില്‍നിന്നും വീടിനെ രക്ഷിക്കാന്‍ ഇതിനാകും. 