Bikeഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി സഹകരിച്ചുനടത്തിയ ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ ഗ്രാൻഡ് ഫിനാലെയിൽ തൃശ്ശൂർ ഗവ. ലോ കോളേജിലെ ഉമ എസ്. നായർക്ക്‌ നേട്ടം. 

സംസ്ഥാനത്തെ 50,000 വിദ്യാർഥികളിൽനിന്ന് അവസാന റൗണ്ടിലെത്തിയ എട്ടുപേരിൽനിന്നാണ് രണ്ടാംവർഷ എൽഎൽ.ബി. വിദ്യാർഥിനി നേട്ടം കൊയ്തത്. ഒന്നേകാൽലക്ഷം രൂപയുടെ ക്യാഷ് അവാർഡും ഒരു ലക്ഷത്തിന്റെ സ്‌കോളർഷിപ്പുമാണ് ഗ്രാൻഡ് ഫിനാലെ ജേതാവിന് ലഭിച്ചത്. കൂടാതെ പഠിക്കുന്ന കോളേജിന് 25,000 രൂപയും ലഭിച്ചു. 

പ്രസംഗിച്ച് മുന്നേറാനും എതിരാളിയെ തർക്കിച്ച് തോൽപ്പിക്കാനുമുള്ള ഈ പെൺകുട്ടിയുടെ കഴിവിന് ഒരു ഹിന്ദി പശ്ചാത്തലമുണ്ട്. വേലൂർ നാരങ്ങാവളപ്പിൽ ഷൺമുഖദാസിന്റെയും രാധയുടെയും ഇളയമകളായ ഉമ മധ്യപ്രദേശിലെ റീവ ജില്ലയിലാണ് ജനിച്ചുവളർന്നത്. സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരനായ അച്ഛനും അധ്യാപികയായ അമ്മയും ഇപ്പോഴും അവിടെത്തന്നെയാണ്. 

എന്നാൽ പ്ലസ്ടു കഴിഞ്ഞതോടെ ഉമ നിയമം പഠിക്കാൻ നാട്ടിലെത്തി. മലയാളത്തിലല്ല, ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ഉമ പ്രസംഗിച്ചു പഠിച്ചത്. പഠിക്കുമ്പോൾ സ്‌കൂൾ ക്യാപ്റ്റനായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി ഇന്റർസ്‌കൂൾ പ്രസംഗമത്സരങ്ങളിൽ വിജയവും സ്വന്തമാക്കി. സ്പീക്ക് ഫോർ ഇന്ത്യയുടെ വിവിധഘട്ടങ്ങൾ വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിച്ചെന്ന് ഉമ പറയുന്നു.

സ്‌കൂൾ കാലത്ത് ഒരുവിഷയത്തിന്റെ ഒരുവശം മാത്രമാണ് പറഞ്ഞു പഠിച്ചത്. പക്ഷെ ഇവിടെ കാര്യങ്ങൾ മാറി. നമ്മുടെ കാഴ്ചപ്പാടിന് എതിരായ വശത്തുനിന്നും സംസാരിക്കാൻ പഠിച്ചു. മത്സരത്തിന്റെ വിവിധഘട്ടങ്ങൾ പിന്നിട്ടപ്പോൾ സ്വയം വളരാനും പല കാര്യങ്ങളെപ്പറ്റിയും ആഴത്തിൽ പഠിക്കാനും കഴിഞ്ഞു. റീവയിൽനിന്ന് തൃശ്ശൂരിലേക്ക് പറിച്ചുനട്ടപ്പോൾ ആദ്യം പൊരുത്തപ്പെടാൻ അൽപ്പം ബുദ്ധിമുട്ടി. എന്നാലിപ്പോൾ കാര്യങ്ങൾ മാറി. 

മധ്യപ്രദേശിനെ അപേക്ഷിച്ച് കേരളത്തിലുള്ളവർ സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുമെന്നാണ് ഉമയുടെ നിരീക്ഷണം. മൂത്തസഹോദരി രാജേശ്വരി കോയമ്പത്തൂരിൽ എം.എസ്.സി. ബയോടെക്‌നോളജി വിദ്യാർഥിനിയാണ്.