യൂറോപ്യൻ കാല്പ്പനികപ്രസ്ഥാനത്തിലെ സൗന്ദര്യാരാധകനായ കലാവിമർശകനും നോവലിസ്റ്റുമായിരുന്നു യോഹാൻ യാക്കോബ് വിൽഹെം ഹൈൻസെ.  1803 ൽ അദ്ദേഹം തന്റെ അവസാന നോവൽ രചിച്ചു - അനസ്താസ്യയും ചെസ്സുകളിയും.

Anastasia and the Game of Chessഇറ്റലിയിൽ സഞ്ചരിക്കുന്ന ഒരാൾ എഴുതുന്ന കത്തുകളുടെ രൂപത്തിലാണ്‌ നോവലിന്റെ ആഖ്യാനരീതി.  എഴുത്തിനെ കോർത്തിണക്കുന്ന ചരടായി ചെസ്സ് നിലകൊള്ളുന്നു. നോവലിന്റെ അവസാനത്തിൽ കൗതുകകരങ്ങളായ ചെസ്സ് പ്രശ്ന രചനങ്ങൾ ഇടം പിടിക്കുന്നു.  ഇവിടെയാണ്‌ അനസ്താസ്യ  എന്ന ചെസ്സ് ദേവതയുടെ പേരിൽ മനോഹരമായ ഒരു ചെക്ക്മേറ്റ് പ്രത്യക്ഷപ്പെടുന്നത്.

ഇന്ന് അനസ്താസ്യയുടെ ചെക്ക്മേറ്റ് തന്ത്രം ഏതൊരു ചെസ്സ് വിദഗ്ധനും ഹൃദിസ്ഥമാണ്‌. ചെസ്സ്ബോർഡിന്റെ അറ്റത്തെ നിരയിൽ രക്ഷപ്പെടാനാവത്ത വിധത്തിൽ ശത്രുരാജാവിനെ കുരുക്കി ചെക്ക്മേറ്റ് നല്കുന്ന ആക്രമണമുറയാണിത്. റൂക്കും നൈറ്റും അല്ലെങ്കിൽ റൂക്കും ബിഷപ്പും ഒത്തുചേർന്നാണ്‌ ഈ മേറ്റ് നടപ്പാക്കുക.

താഴെ നൽകുന്ന  ഗെയിം അനസ്താസ്യയുടെ മേറ്റിങ്ങ് തന്ത്രത്തെ സുന്ദരമായി അനാവരണം ചെയ്യുന്നു.

13 വയസ്സ് തികഞ്ഞിട്ടില്ലാത്ത ഒരു അസാമാന്യ ബാലപ്രതിഭ 64 കളങ്ങളിൽ ഇന്ദ്രജാലം വിതക്കുന്ന ഗെയിമാണിത്. ഉത്തര ഗ്രീസിലെ സുഖവാസകേന്ദ്രമായ ഹൽക്കിഡീക്കിയിൽ 2003 ൽ നടന്ന 14 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ലോകചെസ്സ്ചാമ്പ്യൻഷിപ്പിന്റെ ഒന്നാം റൗണ്ടാണ്‌ മൽസരവേദി. നോർവേയിൽ നിന്നുമുള്ള ഈ അത്ഭുതബാലൻ വെറും 17 നീക്കങ്ങൾ കൊണ്ടാണ്‌ തന്റെ സ്വന്തം നാട്ടുകാരനായ പ്രതിയോഗിയെ നിലംപരിശാക്കുന്നത്.

10 വർഷങ്ങൾക്ക് ശേഷം ആ ബാലൻ ലോകകിരീടം തന്റെ ശിരസ്സിലണിഞ്ഞു. ഇന്നും ചെസ്സ് ലോകത്തിന്റെ നെറുകയിൽ വിശ്വജേതാവായി നിലകൊള്ളുന്ന മാഗ്നസ് കാൾസന്റെ പതിമൂന്നാം വയസ്സിലെ കളിയിലൂടെയാണ്‌ നാം ചെസ്സ് ദേവതയുടെ മേറ്റിനെ കണ്ടുമുട്ടാൻ പോകുന്നത്.

വൈറ്റ്                                           ബ്ലാക്ക്    

ജോൻ ലുഡ്വിഗ് ഹേമ്മർ    മാഗ്നസ് കാൾസൺ

1.Nf3 d6 2.d4 Nf6 3.Nbd2 g6 4.e4 Bg7 5.Bd3 0–0 6.0–0 Nc6 7.c3 e5 8.h3 Nh5! 9.dxe5       

1

9...Nf4! 10.Bb5

കൃത്യമായ കരുനീക്കങ്ങളാണ്‌ കാൾസൺ നടത്തുന്നത്. പക്ഷെ എതിരാളിക്ക് പിഴവ് സംഭവിക്കുന്നു. c4ൽ ആയിരുന്നു വൈറ്റ് ബിഷപ്പിനെ വെക്കേണ്ടിയിരുന്നത്. b5ൽ ബിഷപ്പ് തന്റെ കരുക്കളുടെ പിന്തുണയില്ലാതെയാണ്‌ നിലകൊള്ളുന്നത്. ഈ ദൗർബല്യത്തെ കാൾസൺ ഉടൻ മുതലെടുക്കുന്നു

2

          10. ... Nxe5! 11.Nxe5?

11.Nb3 ആയിരുന്നു ഭേദപ്പെട്ട നീക്കം

3

 11... Qg5!

വളരെ ഊർജ്ജസ്വലമായ 4 തുടർനീക്കങ്ങളിലൂടെ ചെസ്സ്ബോർഡിലെ  തികച്ചും ശാന്തമായൊരു അവസ്ഥയെ അത്യന്തം അക്രമണോൽസുകമായ ഒരവസ്ഥയിലേക്ക് കാൾസൺ പരിണമിപ്പിച്ചിരിക്കുന്നു.

കരുക്കളെ സജീവങ്ങളായ കളങ്ങളിലേക്ക് കൊണ്ടുവരിക എന്നതാണ്‌ ഈ ചെസ്സ് ഇന്ദ്രജാലത്തിന്റെ ലളിതമായ രഹസ്യം.

ഒരേ സമയം 2 ഭീഷണികൾ കാൾസൺ ഉയർത്തുന്നു: g2ൽ ചെക്ക്മേറ്റും b5ലെ  ബിഷപ്പിനെതിരെ ആക്രമണവും.

12.Ng4 Qxb5 13.Nb3?

ഹേമ്മറിന്‌ കളിക്കാവുന്ന അല്പ്പം കൂടി ഭേദപ്പെട്ട നീക്കം 13. a4 തള്ളി കാൾസന്റെ ക്വീനിനെ ആപല്ക്കരമായ b5ൽ നിന്നും മാറ്റുക എന്നതായിരുന്നു.

13...Ne2+ 14.Kh1 Bxg4 15.hxg4

4

15. ... Rae8!

തന്റെ റൂക്കിനേയും കാൾസൺ അതിശീഘ്രം പടക്കളത്തിലിറക്കുന്നു.

16.Be3??

ഇത് വളരെ ഗുരുതരമായ പിഴവാണ്‌.a4 ലേക്ക് പോണിനെ മുന്നോട്ട് തള്ളി ശത്രുവിന്റെ ക്വീനിണെ മാറ്റാനു അവസാന അവസരവും ഇതോടെ ഹേമ്മറിന്‌ കൈമോശമാകുന്നു.

16...Rxe4 17.Re1?

ഈ നീക്കം അനസ്താസ്യയുടെ മേറ്റ് വഴി ഉടൻ മരണത്തിലേക്ക് നയിക്കുന്നു. സാവകാശമാണ്‌ രാജാവ് സുനിശ്ചിതമരണത്തിലേക്ക് നടക്കുവാനാഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള മാർഗ്ഗം 17. g3 Rxg4 18. Nd4 Bxd4 19.cxd4 Nxg3+! 20. fxg3 Rxg3 എന്നതായിരുന്നു.

5

17...Qh5+!! 0–1

അനസ്താസ്യയുടെ മേറ്റിലേക്ക് നയിക്കുന്ന ഗംഭീരമായ ക്വീൻ ബലി!

ചെക്ക്മേറ്റ് ഏറ്റുവാങ്ങാതെ അതിനുമുൻപേ തന്നെ ഹേമ്മർ തോൽവി സമ്മതിച്ചു കീഴടങ്ങി.

ക്വീൻ ബലി സ്വീകരിച്ചാൽ അനസ്താസ്യയുടെ മേറ്റ് ഇപ്രകാരം യാഥാർത്ഥ്യമാകും::

18. gxh5 19. Rh4 ചെക്ക്മേറ്റ്

6

നാലാമത്തെ ചെസ്സ് കോളത്തിൽ നല്കിയ പ്രശ്നോത്തര മൽസരത്തിലെ ചെസ്സ് പ്രശ്നത്തിന്റെ ശരിയുത്തരം താഴെ നല്കുന്നു:

7

 

  1. Qg7!  Ke2 2. Qd4!
    1. 2. ... Kf3 3. Qe4 ചെക്ക്മേറ്റ്
    2. 2. ... Kf1 3. Qf2 ചെക്ക്മേറ്റ്

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയി: അഞ്ജിത കൃഷ്ണകുമാര്‍, എറണാകുളം

 

പ്രശ്നോത്തരമൽസരം - 5

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭനായ പ്രശ്നരചയിതാവ് ആര്‌ എന്ന ചോദ്യത്തിന്‌ ഒരേയൊരു ഉത്തരമേ ഉള്ളൂ - സാം ലോയ്ഡ്.

ചെസ്സ് പ്രശ്നങ്ങൾ, പദപ്രശ്നങ്ങൾ, പദപ്രശ്നങ്ങൾ എന്നിങ്ങനെ ധൈഷണികമനസ്സുകൾക്ക് വെല്ലുവിളി ഉയർത്തുന്ന ആയിരക്കണക്കിന്‌ രചനകളാണ്‌ ഈ പ്രതിഭാധനന്റെ ഭാവനയിൽ രൂപം കൊണ്ടത്. ഇതിനുപുറമെ അമേരിക്കയിലെ അക്കാലത്തെ ഏറ്റവും കരുത്തുറ്റ ചെസ്സ് താരങ്ങളിൽ ഒരാളുമായിരുന്നു ‘ചെസ്സ് പ്രശ്നങ്ങളുടെ രാജകുമാരൻ’ എന്ന് വിശെഷിപ്പിക്കപ്പെടുന്ന സാം ലോയ്ഡ്.

സാം ലോയ്ഡിന്റെ താരതമ്യേന ലളിതമായ ചെസ്സ് പ്രശ്നങ്ങളിൽ ഒന്നാണ്‌ ഇത്തവണത്തെ ചെസ്സ് പ്രശ്നോത്തരമൽസരത്തിൽ പ്രത്യക്ഷപ്പെടുന്നത്.

8

ചിത്രം കാണുക. ആദ്യനീക്കം വൈറ്റിന്റേതാണ്‌. ബ്ലാക്കിന്റെ ഏത് നീക്കങ്ങൾക്കെതിരേയും തന്റെ മൂന്നാമത്തെ നീക്കത്തിൽ വൈറ്റ് എതിരാളിക്ക് ചെക്ക്മേറ്റ് നൽകണം. ശരിയുത്തരം കണ്ടുപിടിച്ചയക്കുക. (നിങ്ങളുടെ ഉത്തരം താഴെ കാണുന്ന ഫോമിലൂടെ അയയ്ക്കുക. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം ലഭിക്കുകയാണെങ്കില്‍ നറുക്കിട്ട് വിജയിയെ തീരുമാനിക്കും) മത്സരം 27/02/2017 ന് അവസാനിക്കും

ചെസ്സ് കളിക്കൂ​