വരിക മുന്‍നിരയിലേക്ക്‌

ബിനു കണ്ണന്താനം

അവസരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അവ പ്രയോജനപ്പെടുത്താന്‍ മുന്‍പന്തിയിലെത്തുകതെന്ന വേണംകേരളത്തില്‍ കരിയര്‍ക്ലാസ്സുകളില്‍ പതിവുള്ള ഒരനുഭവം ചൂണ്ടിക്കാട്ടിക്കൊണ്ട് തുടങ്ങാം. ക്ലാസ് നടക്കുന്നത് ഏത്ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലായാലും മുന്‍നിരയിലെ കസേരകള്‍ ഒഴിഞ്ഞു കിടക്കും.

നൂറു കസേരകളുള്ള ഒരു ഓഡിറ്റോറിയത്തിലേക്ക് 90 മലയാളികളെ കയറ്റിവിട്ടാല്‍ ഒഴിഞ്ഞുകിടക്കുന്ന പത്തു കസേരകള്‍ ഏറ്റവും മുന്‍നിരയിലേതാവും. അതേസമയം ഈ ഓഡിറ്റോറിയത്തിലേക്ക് 90 സായിപ്പന്‍മാരെ കയറ്റിവിട്ടുവെന്ന് കരുതുക. അധികമുള്ള പത്തു കസേര ഏറ്റവും പിന്നിലായിരിക്കും. മുന്‍നിര ലക്ഷ്യമിട്ടുനീങ്ങുന്നവരെയാണ് പുതിയ കാലത്തിന് ആവശ്യം. എന്നാല്‍ കേരളത്തിന്റെ കാര്യം നോക്കുക, വിദ്യാഭ്യാസരംഗത്ത് മികച്ച നേട്ടംകൈവരിക്കാനായിട്ടുണ്ടെങ്കിലും ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നോട്ടുവരാന്‍ കഴിയുന്നില്ല. പൊതുവെ ഒരു തരം ബാക്‌സീറ്റ് ഡ്രൈവിങ്ങാണ് മലയാളികള്‍ ഇഷ്ടപ്പെടുന്നത്.

കേരളത്തിലെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ പോരായ്മയും ഇവിടെ എടുത്തുപറയേണ്ടതുണ്ട്. മാര്‍ക്ക് മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള പഠനരീതിക്ക്, ഇതിലപ്പുറം മികവു കാട്ടാന്‍ കഴിവുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയില്ല. മാര്‍ക്കിനുവേണ്ടിയും എന്‍ട്രന്‍സ് ടെസ്റ്റിനു വേണ്ടിയും മാത്രമുള്ള മാരത്തോണ്‍ കുതിപ്പാണിവിടെ. ഫലം, പഠനകേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്നത് കുറെ ബ്രോയിലര്‍ ചിക്കനുകള്‍ മാത്രം. സ്വന്തം കാലില്‍ നിവര്‍ന്നുനില്‍ക്കാന്‍ ശേഷിയില്ലാത്തവരാകും മിക്കവരും.

ഈ സാഹചര്യത്തിലാണ് വ്യക്തിത്വവികസനത്തിന് പ്രാധാന്യം നല്‍കിയുള്ള വിദ്യാഭ്യാസത്തിന്റെ പ്രസക്തിയേറുന്നത്. മത്സരക്കളത്തില്‍ മുന്നിലെത്താന്‍, മികവുകാട്ടാന്‍ ഉദ്യോഗാര്‍ഥികളെ സഹായിക്കുന്നതാണ് വ്യക്തിത്വവികസനക്ലാസുകള്‍. അത് നമ്മുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഒരു സ്ഥാപനത്തില്‍ നിങ്ങളെ ജോലിക്കെടുക്കുമ്പോള്‍ ആ ജോലി പൂര്‍ണമായും ചെയ്യാന്‍ നിങ്ങള്‍ പ്രാപ്തരാണെന്ന വിശ്വാസമൊന്നും തൊഴില്‍ദാതാവിന്ഉണ്ടായിക്കൊള്ളണമെന്നില്ല. ഒരു മൂശയിലെന്നവണ്ണം വാര്‍ത്തെടുത്താല്‍ അവര്‍ ഉദ്ദേശിക്കുന്ന തലത്തിലേക്ക് ഉയരാന്‍ നിങ്ങള്‍ പ്രാപ്തരാണോയെന്നാണ് നോക്കുക. ഇവിടെ ഏറ്റവും പ്രധാനം നിങ്ങളുടെ ചിന്താഗതിയാണ്. ക്രിയാത്മകചിന്താഗതിയാണ് പ്രധാനം.

അവസരങ്ങളേറെ


വരുംവര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. ജോലി തേടി ഗള്‍ഫിലും മറ്റും ചേക്കേറേണ്ട ആവശ്യം ഉണ്ടാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ അകന്നു തുടങ്ങിയതോടെ ഐ.ടി മേഖല സജീവമാവുമെന്നാണ് പ്രതീക്ഷ. അത് വീണ്ടും വന്‍തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കും.

വിദ്യാഭ്യാസമേഖലയാണ് കൂടുതല്‍ അവസരങ്ങളുണ്ടാകുന്ന മറ്റൊരു മേഖല. പ്രാപ്തരായ ഉദ്യോഗാര്‍ഥികള്‍ ഈ രംഗത്തുനിന്ന് അകന്നു പോവുകയാണ്. കഴിവുറ്റ തലമുറയെ വാര്‍ത്തെടുക്കാന്‍ ശേഷിയുള്ളവര്‍ തന്നെ ഈ മേഖലയിലെത്തണം.

വിനോദസഞ്ചാരരംഗത്ത് അനന്തമായ സാധ്യതകളാണുള്ളത്. പ്രത്യേകിച്ച് കേരളത്തില്‍. ഈ രംഗത്ത് നമുക്ക് സാധ്യതകളുടെ പാതിപോലുമില്ലാത്ത പല വിദേശരാജ്യങ്ങളും അത് ശരിയായ രീതിയില്‍ മാര്‍ക്കറ്റ് ചെയ്ത് വിദേശീയരെ ആകര്‍ഷിക്കുന്നു. വിനോദസഞ്ചാരമേഖലയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെടുത്താല്‍ അത് സമ്പത്തും തൊഴിലവസരങ്ങളും സൃഷ്ടിക്കും. നിര്‍മാണമേഖലയിലും വന്‍കുതിപ്പാണ് വരുംവര്‍ഷങ്ങളിലുണ്ടാകാന്‍ പോകുന്നത്. ഒട്ടേറെ തൊഴിലവസരങ്ങള്‍ ഈ മേഖലയിലുണ്ടാകുമെന്നുറപ്പാണ്.

എന്നാല്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ മലയാളികള്‍ എന്നും പിന്നാക്കമാണ്. ഉന്നതവിദ്യാഭ്യാസയോഗ്യത നേടിയതുകൊണ്ടുമാത്രം അവസരങ്ങള്‍ മുന്നിലെത്തണമെന്നില്ല. കാര്യപ്രാപ്തിയാണ് എന്നും വിലമതിക്കുന്നത്. വിദ്യാഭ്യാസയോഗ്യതകള്‍ അവിടേക്ക് എത്തിച്ചേരാനുള്ള വഴിത്താര മാത്രം.

വേണ്ടത് സ്മാര്‍ട്ട്‌വര്‍ക്ക്


ഉപദേശികള്‍ ആവര്‍ത്തിക്കുന്ന ഒരു വാക്യമുണ്ട്: ജീവിതവിജയത്തിന് കഠിനാധ്വാനം ചെയ്യുകയേ വഴിയുള്ളൂ. എന്നാല്‍ കഠിനാധ്വാനം അഥവാ ഹാര്‍ഡ് വര്‍ക്കുകൊണ്ടുമാത്രം പുതിയകാലത്ത് വലിയ സാധ്യതകളില്ല. കന്നും കഴുതയും പണിയുന്നതുപോലെ അധ്വാനിച്ചിട്ട് കാര്യമില്ല. രാപകല്‍ മുഴുവന്‍ കഷ്ടപ്പെട്ട് അധ്വാനിച്ചിട്ട് ഒരിഞ്ച് മുന്നോട്ട് പോകാന്‍ കഴിയാത്തവര്‍ നമുക്കിടയില്‍ത്തന്നെയുണ്ട്. ഈ സാഹചര്യത്തില്‍ ഹാര്‍ഡ് വര്‍ക്കിന് പകരം സ്മാര്‍ട്ട് വര്‍ക്കാണ് വേണ്ടത്. ശരിയായ പദ്ധതി ആസൂത്രണം ചെയ്ത് ശരിയായ ദിശയില്‍ പ്രവര്‍ത്തിക്കുന്നവരാണ് വിജയം വരിക്കുന്നത്.

നൂറുപേരുള്ള ആള്‍ക്കൂട്ടത്തില്‍ ഒരാളായി നിങ്ങളെ സങ്കല്പിക്കുക. അതില്‍ 99പേരും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ വഴിയില്‍ നിങ്ങളും സഞ്ചരിച്ചാല്‍ എന്നും നൂറിലൊരാളായി തുടരാനാകും നിങ്ങളുടെ വിധി.

മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്നു ചിന്തിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ നൂറിലൊന്നാമനാകാന്‍ നിങ്ങള്‍ക്കു കഴിയും അവിടെയാണ് യഥാര്‍ഥവിജയം.

നമ്മുടെ മുന്നില്‍ വരുന്ന അവസരങ്ങളില്‍ പത്തില്‍ ഒമ്പതും അനുകൂലവും ഒന്ന് പ്രതികൂലവുമായാല്‍, പ്രതികൂലമായതിനെ മാത്രമേ ചിലപ്പോള്‍ കണ്ടെന്നുവരികയുള്ളൂ. അനുകൂലഘടകങ്ങള്‍ ശ്രദ്ധയില്‍ പെട്ടെന്നു വരില്ല. അത് മികവുകാട്ടുന്നതില്‍ പ്രതിബന്ധമാകുന്നു.

മരത്തില്‍ നിന്ന് ആപ്പിള്‍ കൊഴിഞ്ഞുവീഴുന്നത് ഐസക്‌ന്യൂട്ടണു മുമ്പ് ജനകോടികള്‍ കണ്ടതാണ്. അവരെല്ലാം ആപ്പിള്‍ പെറുക്കിയെടുത്ത് കഴിക്കുകയോ പഴച്ചാറുണ്ടാക്കുകയോ ചെയ്തു. ആപ്പിളിന്റെ വീഴ്ചയിലെ ' ചിന്താക്കുഴപ്പം ' അവരുടെയൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല. ന്യൂട്ടണ്‍ അതു ശ്രദ്ധിച്ചു. മറ്റുള്ളവര്‍ക്കെല്ലാം നഷ്ടമായത് വലിയൊരു അവസരമായിരുന്നു.

ഓര്‍ക്കുക, അവസരങ്ങള്‍ എല്ലായിടത്തും പതിയിരിക്കുന്നുണ്ട്. അത് കണ്ടെത്താനും പ്രയോജനപ്പെടുത്താനുമുള്ള മനഃസ്ഥിതിയാണ് വേണ്ടത്.

TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.