കുടിവെള്ളത്തിനായി ജലസേനലോകത്തില്‍ ഏറ്റവും കൂടുതല്‍ കിണറുകളുടെ സാന്ദ്രതയുള്ളത് നമ്മുടെ കൊച്ചു കേരളത്തിലാണ്. ഇത്തവണ വേനല്‍ കടുത്തതോടെ പതിവിലും നേരത്തെ കിണറുകള്‍ വറ്റിവരണ്ടു. ജല ക്ഷാമം രൂക്ഷമായതോടെ ടാങ്കര്‍ ലോറിയിലെത്തുന്ന കുടിവെള്ളത്തിന് വേണ്ടി ഉറക്കമൊഴിയേണ്ട ഗതികേടിലായി വീട്ടമ്മമാര്‍.

പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം മാത്രമല്ല, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷ്യത്തുകള്‍ കൂടി ആദ്യം ബാധിക്കുന്നത് കുടിവെള്ളത്തെയാണ്. ഈ മണ്‍സൂണ്‍ കാലത്തെ ശക്തമായ മഴ, കനത്ത വേനലിന് മുന്നറിയിപ്പാണെന്ന് ശാസ്ത്രജ്ഞന്മാര്‍ വെളിപ്പെടുത്തുമ്പോള്‍, ഇതിനെ എങ്ങനെ നേരിടണമെന്ന ഗവേഷണത്തിലാണ് കറുകുറ്റി എസ്.സി.എം.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ഥികള്‍.

'കാലാവസ്ഥാ വ്യതിയാന അതിജീവന ഗവേഷണ പദ്ധതി'യിലൂടെ ജലസേനയെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. കൊരട്ടി ഗ്രാമപഞ്ചായത്താണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് എറണാകുളം ജില്ലയിലേക്കും, മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

മഴവെള്ള സംരക്ഷണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയാണ് വിദ്യാര്‍ഥികളുടെ ലക്ഷ്യം. ഭാവിയില്‍ ആവശ്യമായ ജല സ്രോതസ്സുകള്‍ നിറയ്ക്കുംവിധം മഴവെള്ളത്തെ ഉപയോഗിക്കുന്ന തരത്തില്‍ കെട്ടിടത്തിന്റെ ഡിസൈന്‍ തയ്യാറാക്കാനും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നു. മുന്നൂറോളം വിദ്യാര്‍ഥികളാണ് ഈ ഉദ്യമത്തില്‍ പങ്കാളികളായിട്ടുള്ളത്.

പൊതു കിണറുകള്‍, കുളങ്ങള്‍, എന്നിവയെ കണ്ടെത്തി വൃത്തിയാക്കി, അവയെ ജലസമ്പുഷ്ടമാക്കുകയും ജല ഗുണനിലവാരം ഉയര്‍ത്തുക, ഉപേക്ഷിയ്ക്കപ്പെട്ട ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിയ്ക്കുക എന്നിവയാണ് ജലസേനയിലൂടെ ഉദ്ദേശിക്കുന്നത്. മൊബൈലിന്റെ ബാറ്ററി റീചാര്‍ജ് ചെയ്യുന്നതു പോലെ കിണര്‍ റീചാര്‍ജിങ്ങിലുള്ള പരിശീലനം നേടിയ കാമ്പസ്സിലെ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും, തിരഞ്ഞെടുത്ത പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനം.

കറുകുറ്റി എസ്.സി.എം.എസ്. കോളേജിലെ ടെണ്ടര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ വാട്ടര്‍ ടെക്‌നോളജി മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

വീടിന്റെ മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം ജല പാത്തികള്‍ വഴി ശേഖരിച്ച് പൈപ്പില്‍ കൂടി കിണറ്റില്‍ എത്തിക്കുകയാണ് കിണര്‍ റീ ചാര്‍ജിങ്ങിലൂടെ. ആദ്യമഴയത്ത് പൊടിയും പായലും ഉണ്ടാകുന്നതിനാലാല്‍ കുറച്ച് മഴവെള്ളം ഫസ്റ്റ് ഫ്ലഷിലൂടെ ഒഴുക്കിക്കളയാന്‍ നിര്‍ദേശം നല്‍കുന്നു.

ഫില്‍റ്ററിങ് ആവശ്യമുള്ളവര്‍ക്കായി ചെറിയ ടാങ്കില്‍ മണല്‍, കരി, ബേബി മെറ്റല്‍ എന്നിവ നിറച്ചശേഷം മഴവെള്ളം അതുവഴി കടത്തിവിടാം. ശക്തമായ ഫില്‍ട്ടറിങ്ങിലൂടെ ഭൂഗര്‍ജലവും റീ ചാര്‍ജ് ചെയ്യുപ്പെടുന്നു.

പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങിയതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്നൂറോളം അപേക്ഷകളാണ് ജല സേനയില്‍ പരിശീലനം നേടുന്നതിനായി കോളേജ് അധികൃതര്‍ക്ക് ലഭിച്ചത്.

ഹ്രസ്വകാല പരിശീലനം കഴിഞ്ഞാല്‍ അപേക്ഷകര്‍ക്ക് കേരളത്തില്‍ എവിടെയും കിണറുകള്‍ റീ ചാര്‍ജ് ചെയ്ത് നല്‍കാനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. എസ്.സി.എം.എസ്. വൈസ് ചെയര്‍മാന്‍ ഡോ. പ്രദീപ് പി. തേവന്നൂര്‍ പരിപൂര്‍ണ പിന്തുണ പദ്ധതിക്ക് നല്‍കുന്നുണ്ട്. ടെണ്ടര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ വാട്ടര്‍ ടെക്‌നോളജി മാനേജ്‌മെന്റ് വകുപ്പ് മേധാവി ഡോ. സണ്ണി ജോര്‍ജും കാലാവസ്ഥാ നിരീക്ഷകനും അദ്ധ്യാപകനുമായ ഡോ. പ്രൊഫ. പി.കെ. രാജനുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ആദ്യഘട്ടം വിജയകരമായതോടെ ജല സംരക്ഷണത്തിന്റെ രണ്ടാംഘട്ട തുടര്‍ പഠനത്തിനായി ജര്‍മനിയിലേക്ക് പോകാന്‍ തയ്യാറെടുത്തിരിക്കുകയാണ് സംഘം.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.