'വ്യോമ'യുടെ വിമാനം

പി.പി. ലിബീഷ്‌കുമാര്‍ഒരു കൊച്ചു വിമാനം 'നാസ'യിലെ ശാസ്ത്രജ്ഞരുടെ തലയ്ക്കുമീതെ പറന്നു. ശബ്ദമില്ലാതെ വളരെ വേഗത്തില്‍. ചിറകോ, വാലോ ഇല്ലാത്ത ആളില്ലാവിമാനം കുഞ്ഞനാണെങ്കിലും ഭയങ്കരനാണെന്ന് തിരിച്ചറിയാന്‍ സമയമേറെ എടുത്തില്ല. വി-ഫ്്‌ളൈ എന്ന് പേരിട്ട വിമാനത്തെ അവര്‍ കൈയിലെടുത്തു. വെറും 130 ഗ്രാം. നല്ല കരുത്ത്. ശാസ്ത്രജ്ഞര്‍ വിധിയെഴുതി-ഒന്നാം സമ്മാനം ഈ പിള്ളേര്‍ക്ക്് തന്നെ.

ബാംഗ്ലൂര്‍ ആര്‍.വി. എന്‍ജിനിയറിങ് കോളേജിലെ പത്ത് വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ 'വ്യോമ'യ്ക്ക് ലഭിച്ചത് ഈ വര്‍ഷത്തെ 'നാസ'യുടെ സിസ്റ്റം എന്‍ജിനിയറിങ് അവാര്‍ഡ്. 75 രാജ്യങ്ങളിലെ മിടുക്കരെ പിന്തള്ളിയ ഈ വിജയത്തിന് ചുക്കാന്‍ പിടിച്ചത് ഒരു മലയാളി വിദ്യാര്‍ഥിയും! കാഞ്ഞങ്ങാട് സ്വദേശിയും ബാംഗ്ലൂര്‍ ആര്‍.വി. എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ മൃണാള്‍ ജി. പൈ എന്ന 22 കാരനാണത്. ഇന്ത്യയുടെ അഭിമാനമായി മാറിയ വിമാനത്തിന്റെ ഡിസൈന്‍ രൂപകല്‍പ്പന ചെയ്തതും മൃണാള്‍ പൈ തന്നെ.

ആകാശത്തിലെ ആളില്ലാ വിമാനങ്ങളില്‍ ഗവേഷണം (റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ഓഫ് അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍സ്) നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച വലിയ അംഗീകാരമാണിത്. അമേരിക്കയില്‍ നടത്തിയ എയ്‌റോ ഡിസൈന്‍ മത്സരത്തില്‍ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്ത ഏഷ്യയിലെ ആദ്യസംഘമാണിത്.ലോസ്ആജ്ഞലസിലാണ് മത്സരം നടന്നത്. 75 രാജ്യങ്ങള്‍ പങ്കെടുത്തു. വി-ഫ്്‌ളൈ എന്ന ആളില്ലാ കൊച്ചുവിമാനമാണ് ഇവര്‍ പ്രദര്‍ശിപ്പിച്ച് ഒന്നാം സ്ഥാനത്തെത്തിയത്.

ബാംഗ്ലൂര്‍ ആര്‍.വി .എന്‍ജിനിയറിങ് കോളേജിലെ പത്ത് വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് 'വ്യോമ'. പത്തംഗ സംഘത്തിലെ ഏക മലയാളിയാണ് മൃണാള്‍ പൈ. കോളേജില്‍ നിന്ന് കഴിഞ്ഞവര്‍ഷം പഠിച്ചിറങ്ങിയ ബി.എല്‍.നവീന്‍, മൃത്യുഞ്ജയ ഡാലി എന്നിവരാണ് വ്യോമയിലെ പ്രധാന അംഗങ്ങളില്‍ രണ്ട് പേര്‍. 2008-ലെ ലോക മത്സരത്തില്‍ ബി.എല്‍.നവീന്റെ നേതൃത്വത്തില്‍ പങ്കെടുത്തതിന്റെ പ്രചോദനമാണ് ഈ വിജയത്തിനുപിന്നില്‍. കോളേജിലെ അനിരുദ്ധ് ഷേണായി, ഷേക്ക് മുഹമ്മദ് ഷാക്കിബ്, ആദര്‍ശ് സാഗര്‍, വിഘ്‌നേഷ് പൈ, ശ്രീഹരി, മൈത്രേയ, പനീന്ദ്രഭട്ട് എന്നിവരാണ് 'വ്യോമ'യിലെ മറ്റംഗങ്ങള്‍.

നാസയുടെ മത്സരത്തിന് ഇവര്‍ രൂപകല്‍പ്പന ചെയ്ത 130 ഗ്രാം മാത്രം ഭാരമുള്ള വി-ഫ്്‌ളൈ അതിന്റെ മൂന്നിരട്ടിയിലധികം ഭാരംവഹിക്കും. അതായത് 600 ഗ്രാം വരെ വഹിച്ച് ഇത് ആകാശക്കണ്ണുകള്‍ക്കു മീതെ പറക്കും. പട്ടാളത്തിനുവേണ്ടിയാണ് ഇവ രൂപകല്‍പ്പന ചെയ്തത്. ശത്രുരാജ്യങ്ങളുടെ നീക്കമറിയുന്ന ചാരവിമാനമായി ഇത് ഉപയോഗിക്കാം. ചിത്രങ്ങളും വീഡിയോയും പകര്‍ത്തി ഭൂമിയിലെ നിയന്ത്രകര്‍ക്ക് അയച്ചുകൊടുക്കാന്‍ ഇവയ്ക്ക് സാധിക്കും. സാധാരണ വിമാനരൂപത്തെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളാണ് ഈ കുഞ്ഞന്‍ ചാരവിമാനത്തിനുള്ളത്. ഇതിന് ചിറകോ, വാലോ ഇല്ല. എന്‍ജിന് പകരം മോട്ടോറാണ് പ്രവര്‍ത്തിപ്പിക്കുന്നത്്. അതിനാല്‍ പറക്കുമ്പോള്‍ ശബ്ദം കേള്‍ക്കില്ല.

ചെറുതായതിനാല്‍ കണ്ണില്‍പ്പെടാതെ നിര്‍ബാധം പറന്ന് ചിത്രങ്ങളെടുക്കാം. ലിഥിയം പോളിമെര്‍ ബാറ്ററിയുടെ മൂന്ന് സെല്ലുകളാണ് യന്ത്രത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. താഴെ ഭൂമിയില്‍ നിന്ന് ഇതിനെ നിയന്ത്രിക്കാം. കാര്‍ബണ്‍ ഫൈബര്‍ റോഡ് ആണ് ചെറുവിമാനത്തിന് പ്രധാനമായും ഉപയോഗിച്ചത്. ഏറെ കരുത്തുള്ള പദാര്‍ഥമാണിതെന്ന് മൃണാള്‍ പൈ പറഞ്ഞു. ഭാരം കുറയ്ക്കാന്‍ ബാല്‍സ മരവും ചിലഭാഗങ്ങളില്‍ ഉപയോഗിച്ചു.

ഫിബ്രവരിയില്‍ അമേരിക്കയില്‍ നടക്കുന്ന കാന്‍സാറ്റ് മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സംഘം. സാറ്റലൈറ്റ് റോക്കറ്റിന്റെ ചെറുമാതൃകയാണ് ഇവര്‍ രൂപകല്‍പ്പന ചെയ്യുന്നത്.


TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.