കാമ്പസിന്റെ സ്വന്തം പോപ്പിന്‍സ്‌

ബിബിന്‍ ബാബുകാമ്പസിനു ചുറ്റും കുടവിരിച്ചുനില്‍ക്കുന്ന വാകമരങ്ങളുടേയും പാലമരങ്ങളുടേയും ചോട്ടില്‍ അവര്‍ മധുരമിഠായി നുണഞ്ഞിരുന്നു. വര്‍ണ്ണക്കടലാസ് നീക്കി പഞ്ചവര്‍ണ്ണങ്ങളില്‍ നിരന്ന മിഠായികള്‍ ഓരോരുത്തരും കൈമാറി. പെട്ടെന്നാണ് കൂട്ടുകാരിലൊരാളുടെ മനസ്സില്‍ ഒരു ഐഡിയ മിന്നിയത്. നാലുവര്‍ഷം മുമ്പ് കോളേജ് ഒഴിഞ്ഞുപോയ ടീഷോപ്പ് നമുക്ക് ഏറ്റെടുത്താലോ...മാനേജ്‌മെന്റ് ലോകത്തിന്റെ ഭാവിയായ ഓരോരുത്തരും ഒരേ സ്വരത്തില്‍ സമ്മതം മൂളി- 'യെസ് വീ ആര്‍ റെഡി'. അങ്ങനെ 'ഫ്ലേവേഴ്‌സ് ഓഫ് എയിം' എന്ന ടാഗ് ലൈനില്‍ സെന്റ്ആല്‍ബര്‍ട്‌സ് കോളേജിന്റെ സഹസ്ഥാപനമായ ആല്‍ബേര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ എം.ബി.എ. മൂന്നാം സെമസ്റ്ററിലെ പത്തുകുട്ടികള്‍ ചേര്‍ന്ന് ഒരു പുതുസംരംഭത്തിന് പിറവി കൊടുത്തു- 'പോപ്പിന്‍സ്'.

കോളേജിലെ ഐച്ഛിക വിഷയങ്ങളായ ഫിനാന്‍സ്, മാര്‍ക്കറ്റിങ്ങ്, എച്ച്.ആര്‍.എം, ഐ.ടി, ഓപ്പറേഷന്‍ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളില്‍ പഠിക്കുന്നവരാണ് കോളേജ് ടീഷോപ്പിന്റെ അണിയറക്കാര്‍. അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ പഠനത്തോടൊപ്പം പ്രായോഗിക പരിജ്ഞാനവും ആര്‍ജിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഇത്തരമൊരു സംരംഭത്തിന് ജന്മമേകാന്‍ പ്രേരണയായതെന്ന് ഇവര്‍ പറയുന്നു.

ആന്റണി കിരണ്‍, അഗസ്റ്റിന്‍ കുര്യച്ചന്‍, ദിവ്യ അശോക്, മറിയം ഹൈസീന, വൈഷ്ണ ടി.ജി, ടിംബിള്‍ വര്‍മ്മ, എബ്രാഹം, അഭിജിത്ത്, തോമസ് വര്‍ഗീസ്, സ്വാന്‍ ജെറി തുടങ്ങിയവരാണ് ആശയത്തിന് പിന്നില്‍. വീട്ടില്‍ നിന്നും ഉണ്ടാക്കി കൊണ്ടുവരുന്ന കട്‌ലറ്റ്, വട, സമൂസ, പഫ്‌സ്, റോളുകള്‍, ചോക്ലേറ്റ്‌സ് തുടങ്ങി കടയില്‍ നിന്ന് ബള്‍ക്കായെടുക്കുന്ന ബിസ്‌ക്കറ്റുകള്‍, ലെയ്‌സ്, കേക്ക്‌സ്, കൂള്‍ ഡ്രിങ്ക്‌സ്, ടീ, കോഫി തുടങ്ങി എഴുപതോളം സാധനങ്ങള്‍ ഇവര്‍ കടയിലെത്തിച്ചിട്ടുണ്ട്. താമസിയാതെ സ്‌റ്റേഷനറി ഐറ്റംസും, മീല്‍സും ഒക്കെയായി ടീഷോപ്പ് വിപുലപ്പെടുത്താന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്ന് ഇവര്‍ പറയുന്നു.

ടേസ്റ്റ് ഫോര്‍ ജൂനിയേഴ്‌സ്


കോളേജില്‍ പുതിയതായെത്തിയ ജൂനിയേഴ്‌സ് ആഘോഷമാക്കുകയാണ് തങ്ങളുടെ ടീഷോപ്പെന്ന് ഇവര്‍ പറയുന്നു. 'ഒരു സെമസ്റ്ററിന്റെ കൂടി ദൂരത്താണിപ്പോള്‍ ഞങ്ങള്‍, ഇതൊരു തുടക്കം മാത്രമാണ്. ഞങ്ങളുടെ ജൂനിയേഴ്‌സായെത്തുന്ന ഏവരും ഇനി ഇതേറ്റെടുക്കുമെന്ന് തന്നെയാണ് വിശ്വാസം' പോപ്പിന്‍സ് ടീമിന്റെ വാക്കുകള്‍....

120ഓളം കുട്ടികളും ഏഴ് അദ്ധ്യാപകരും മറ്റ് അനദ്ധ്യാപകരുമുള്ള കാമ്പസില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പോപ്പിന്‍സ് ഷോപ്പ് സംസാരവിഷയമായി തീര്‍ന്നിരിക്കുകയാണ്.

ക്ലാസ് ടൈമിങ്ങിനനുസരിച്ച് മാറി മാറി ഓരോരുത്തരാണ് ഷോപ്പില്‍ സെയില്‍സിനായെത്തുന്നത്. രാവിലെ 10.30 മുതല്‍ 4.30 വരെ ഉത്സവം പോലെ ഏവരും ഞങ്ങളുടെ പോപ്പിന്‍സ് രുചി ഏറ്റെടുത്ത് കഴിഞ്ഞെന്ന് തികഞ്ഞ സന്തോഷത്തോടെ ഇവര്‍ പറയുന്നു.

ഇനി ചരിത്രത്താളുകളില്‍


എട്ടുവര്‍ഷത്തെ ചരിത്രമുള്ള എയിം കാമ്പസില്‍ ആദ്യമായാണ് ഇത്തരമൊരു വിദ്യാര്‍ത്ഥി സംരംഭത്തിന്റെ പിറവി. 'ഞങ്ങള്‍ ചരിത്രത്താളുകളിലെത്തിയിരിക്കുന്നു' ഷര്‍ട്ടിന്റെ കോളറുകള്‍ മെല്ലെ ഉയര്‍ത്തി അഭിമാനത്തോടെ കുട്ടികള്‍ പറയുമ്പോള്‍ കോളേജ് ഡയറക്ടര്‍ രാജഗോപാല്‍ നായര്‍ക്കും മാര്‍ക്കറ്റിങ്ങ് അദ്ധ്യാപകന്‍ സജീവിനും ഉള്ളില്‍ സന്തോഷം അലതല്ലുകയാണ്. ഇവരുടെ നിര്‍ദ്ദേശാനുസരണമാണ് ഇവര്‍ ഇത്തരമൊരു സ്വയം സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

ഓരോരുത്തരും ചെയ്ത ചെറിയ സംഭാവനയില്‍ നിന്ന് അയ്യായിരം രൂപ മുതല്‍ മുടക്കിലാണ് പോപ്പിന്‍സിന്റെ ഉദയം. ഇപ്പോള്‍ ഓരോ ദിവസവും ആയിരത്തിന് മുകളില്‍ വരുമാനം തങ്ങളുടെ കുഞ്ഞന്‍ ഷോപ്പ് നേടുന്നുണ്ടെന്ന് പറയുമ്പോള്‍ ഇവരുടെ കണ്ണില്‍ അഭിമാനത്തിന്റെ തിളക്കമുണ്ട്.

മാനേജര്‍ ഫാ.ആന്റണി അരക്കലും പൂര്‍ണ്ണ പിന്തുണയുമായി ഒപ്പമുണ്ടെന്ന് ഇവര്‍ പറയുന്നു. ഇവരുടെ കുഞ്ഞന്‍ സംരംഭം കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് മറ്റുകുട്ടികള്‍ എന്‍വലപ്പ് മാര്‍ക്കറ്റിങ്, ഇവന്റ് ഓര്‍ഗനൈസിങ്ങ് തുടങ്ങിയ ഔട്ട് ഓഫ് സിലബസ് ആശയങ്ങളുമായി വരാനൊരുങ്ങുകയാണെന്നാണ് കാമ്പസ് ടോക്ക്.


TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.