കണ്ടല്‍ച്ചെടികളെ സംരക്ഷിച്ച് കുഫോസ്‌വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കണ്ടല്‍ക്കാടുകളെ സംരക്ഷിച്ചുകൊണ്ട് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) പരിസ്ഥിതി ദിനം ആഘോഷിച്ചു. കേരളത്തില്‍ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന കണ്ടല്‍ച്ചെടികള്‍ക്ക് പുതുജീവന്‍ നല്‍കിക്കൊണ്ട് പുതുവൈപ്പിനിലെ ഫിഷറീസ് സ്റ്റേഷന്റെ കീഴിലുള്ള മാംഗ്രൂവ് റിസര്‍ച്ച് സെന്റര്‍ ആണ് പരിസ്ഥിതി ദിനാഘോഷത്തിന് നേതൃത്വം നല്‍കിയത്.

കേരളത്തില്‍ പ്രധാനമായും കണ്ടുവരുന്ന പതിനഞ്ചോളം ശുദ്ധ കണ്ടല്‍ച്ചെടികളെ സംരക്ഷിക്കുക എന്നതാണ് റിസേര്‍ച്ച് സെന്റര്‍ ലക്ഷ്യമിടുന്നത്.

പുതുവൈപ്പിനിലുള്ള മത്സ്യക്കുളത്തിന് അരികില്‍ കണ്ടല്‍ച്ചെടി വച്ചുപിടിപ്പിച്ച് കേരള ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. മധുസൂദന കുറുപ്പ് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ കണ്ടല്‍ക്കാടുകളുടെ പ്രാധാന്യം വ്യക്തമാക്കി ബോധവത്കരണ ക്യാമ്പും പ്രദര്‍ശനവും സംഘടിപ്പിച്ചു.

കണ്ടല്‍ച്ചെടിയുടെ വളര്‍ച്ചാ ഘട്ടങ്ങള്‍, പ്രദര്‍ശനം സന്ദര്‍ശിക്കാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍ അവതരിപ്പിച്ചു. കണ്ടല്‍ച്ചെടിയില്‍ നിന്നുള്ള മരുന്ന് നിര്‍മാണത്തിന്റെ സാധ്യത, കണ്ടല്‍ക്കാടുകള്‍

വച്ചുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയില്‍ നടന്ന ബോധവത്കരണ ക്ലാസ്സിന് പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.കെ. മധുസൂദനന്‍ നേതൃത്വം നല്‍കി.

അസി. പ്രൊഫസര്‍ ഡോ. കെ. ദിനേഷ് അധ്യക്ഷനായിരുന്നു. ഡോ. അജിത് ജോണ്‍, ദേവരാജന്‍, ഗോപിനാഥ്, നിര്‍മല ലെനിന്‍, കെ.എസ്. മുരളി എന്നിവര്‍ സംസാരിച്ചു. കെ.കെ. രഘുരാജ് സ്വാഗതവും ശരത് വി.എസ്. നന്ദിയും പറഞ്ഞു.

കുഫോസിലെ ഗവേഷണ വിദ്യാര്‍ഥികള്‍, സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ഥികള്‍, കുടംബശ്രീ പ്രവര്‍ത്തകര്‍, സാഫ് ജീവനക്കാര്‍, പുതുവൈപ്പിലെ ജനങ്ങള്‍ എന്നിവര്‍ പരിസ്ഥിതി ദിനാഘോഷത്തില്‍ പങ്കെടുത്തു.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.