സഹപാഠിക്ക് സ്‌നേഹോപഹാരം

പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത സഹപാഠിക്കായി ഒരു കണ്ടുപിടുത്തം. കുറഞ്ഞ ചെലവില്‍ അത്യാധുനികമായൊരു വീല്‍ചെയര്‍. മൂന്നു വര്‍ഷത്തെ അധ്വാനം ഫലം കണ്ടപ്പോള്‍ കോളേജിനും കുട്ടികള്‍ക്കും ഏറെ അഭിമാനംകോളേജിലെത്തിയതു മുതല്‍ ഇവരുടെ മുന്നില്‍ ഒരു വേദനയാണ് ആ കുട്ടി... അമ്മയോടൊപ്പമാണ് ആ കുട്ടി എന്നും കോളേജിന്റെ പടികടന്നെത്തിയിരുന്നത്... പരസഹായമില്ലാതെ ഒരടി മുന്നോട്ട് വയ്ക്കാനാകാത്തവള്‍... വേറെ ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നെങ്കിലും ഈ കൂട്ടുകാര്‍ ഒന്നാം വര്‍ഷത്തില്‍ തന്നെ ഒരു പദ്ധതിയിട്ടു, പരസഹായമില്ലാതെ നടക്കാന്‍ തങ്ങളുടെ സഹപാഠിക്കായി എന്തെങ്കിലും ചെയ്യണം.

തിരക്കുപിടിച്ച എന്‍ജിനീയറിങ് ക്ലാസ്സുകള്‍ക്കും ലാബുകള്‍ക്കും പ്രോജക്ടകള്‍ക്കും ഇടയില്‍ കിട്ടുന്ന ചുരുങ്ങിയ നിമിഷങ്ങളായ ഹോബി ക്ലബ്ബിന് അവര്‍ ഒരു ലക്ഷ്യമിട്ടു. കോളേജ് അവറുകള്‍ കഴിഞ്ഞ് അവര്‍ നേരെ പ്രോജക്ട് വര്‍ക്‌ഷോപ്പിലേക്കോടി. പഠനമൊക്കെ തീര്‍ന്ന് ഈ വര്‍ഷം ഇവരും ആ സഹപാഠിയും കോളേജില്‍ നിന്ന് പടിയിറങ്ങുകയാണ്, മൂന്ന് വര്‍ഷത്തെ അദ്ധ്വാനം കൊണ്ട് ഇവര്‍ മെനഞ്ഞ ഒരു ഉപകരണം പരസഹായമില്ലാതെ നടക്കാന്‍ അവളുടെ കൈയില്‍ സ്‌നേഹോപഹാരമായി ചേര്‍ത്തുവച്ചുകൊണ്ട്. പുതിയ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ഇതവള്‍ക്ക് ഇന്ധനമാകുമെന്ന പ്രതീക്ഷയില്‍ ഇവര്‍ അതിനൊരു പേരും നല്‍കി -'ഗ്ലൈഡിങ് യൂണികോണ്‍'.

എടത്തല കുഴിവേലിപ്പടിയിലെ കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജിലെ ബി.ടെക് ഇലക്ടോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം വിദ്യാര്‍ത്ഥികളായ രാഹുല്‍ രവീന്ദ്രന്‍, മിഥുന്‍ കൃഷ്ണന്‍, ഹാസിഫ് സെയ്ദ്, അരവിന്ദ് ജെ. നാഥ് തുടങ്ങിയവരാണ് ഇതേ കോളേജിലെ ബി.ടെക്-ഐ.ടി. വിഭാഗത്തിലെ നസ്‌നിന്‍ എന്ന കുട്ടിക്കായി ഇലക്‌ട്രോണിക് വീല്‍ ചെയര്‍ അവതരിപ്പിച്ച് വ്യത്യസ്തരാകുന്നത്. ചെറുപ്പം മുതല്‍ ശാരീരിക വൈകല്യങ്ങളാല്‍ ജീവിക്കേണ്ടിവന്ന നസ്‌നിന് സഹായകമാകും വിധമാണ് റീച്ചാര്‍ജബിള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ വീല്‍ചെയറിന്റെ നിര്‍മാണമെന്ന് ഇവര്‍ പറയുന്നു.

വേഗം തേടാന്‍ നസ്‌നിന് കൂട്ട്


ശരിക്കും ഒരു ഓഫീസ് ചെയറാണ് 'ഗ്ലൈഡിങ് യൂണികോണ്‍' എന്ന് പറയാം. കമ്പ്യൂട്ടറില്‍ ആകൃതി മെനഞ്ഞ് ഹൈക്ലാസ് അപ്‌ഹോള്‍സറി ചെയ്താണ് പുഷ്ബാക്ക് സൗകര്യത്തോടെ കസേര നിര്‍മിച്ചിരിക്കുന്നത്. മുന്നില്‍ ചെറിയ സൈക്കിള്‍ വീലും പിറകില്‍ സാധാരണ വീല്‍ ചെയറിന്റെ ചക്രങ്ങളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇരുവശത്തും ഹാന്‍ഡ് റെസ്റ്റിനുള്ള ഇടത്തില്‍ തന്നെ ജോയ്സ്റ്റിക്ക് മോഡലില്‍ ഉപകരണത്തെ മുമ്പോട്ടും പിറകോട്ടും ഇടത്തോട്ടും വലത്തോട്ടും ചലിപ്പിക്കുന്നതിനുള്ളവ ക്രമീകരിച്ചിട്ടുണ്ട്. ജി.എസ്.എം. മൊഡ്യൂളും എല്‍.സി.ഡി. ഡിസ്‌പ്ലേയും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. വലതുവശത്തുള്ള രണ്ട് റെഡ് ബട്ടണില്‍ ഒന്നമര്‍ത്തിയാല്‍ അമ്മയുടെ മൊബൈലിലേക്കും മറ്റേത് അമര്‍ത്തിയാല്‍ മാനുഫാക്ചറിങ് യൂണിറ്റിലേക്കും ബന്ധപ്പെടാവുന്ന രീതിയിലാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.

കോള്‍ വിവരങ്ങള്‍ ചെറിയ എല്‍.സി.ഡി. ഡിസ്‌പ്ലേയില്‍ അറിയാനും സൗകര്യമുണ്ട്. ഒപ്പം, മൊബൈല്‍ റീച്ചാര്‍ജിങ്ങിനും ഇതില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത കോള്‍ഡ് സെന്‍സിറ്റീവ് ഷീറ്റിന്റെ സഹായത്തോടെ മരുന്നുകള്‍ സൂക്ഷിക്കാന്‍ ചെറിയൊരു ഫ്രിഡ്ജും ഇടതുവശത്തായി ഇവര്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്. പെന്‍ഡ്രൈവ് സോര്‍ട്ടും ഓട്ടോമാറ്റിക് ജോയ്സ്റ്റിക്കിനു വേണ്ടി ഇട്ടിട്ടുമുണ്ട്. എട്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ നാല് മണിക്കൂര്‍ നേരത്തേക്ക് ഉപയോഗിക്കാവുന്ന 400 ആമ്പിയര്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മിനിട്ടില്‍ 15 മീ. വേഗമാണ് ഇവര്‍ ഇതിന് പറയുന്നത്. നസ്‌നിന് ഓഫീസിലും മറ്റും പരസഹായമില്ലാതെ കറങ്ങിനടക്കാവുന്ന വിധത്തില്‍ വേഗം നല്‍കാന്‍ ഈ യൂണികോണ്‍ ഇനി കൂട്ടാകും.

സാമൂഹ്യ പ്രതിബദ്ധതയുടെ പ്രോജക്ടുകള്‍


30,000 രൂപയ്ക്കടുത്ത് ചെലവായ ഈ ഉപകരണത്തിന്റെ നിര്‍മിതിക്ക് വര്‍ക്‌ഷോപ്പില്‍ ഇവരെ സഹായിക്കാന്‍ ജോര്‍ജ്, ശ്രീജിത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഷാജന്‍, മഞ്ജു, അന്‍സിക എന്നീ പ്രൊഫസര്‍മാരും ഇവരോടൊപ്പം സഹകരിച്ചു. പഠനത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രോജക്ടുകള്‍ക്കാണ് ഈ വര്‍ഷം മുതല്‍ കോളേജ് മുന്‍ഗണന നല്‍കുന്നതെന്ന് മാനേജ്‌മെന്റും സമ്മതിക്കുന്നു.

സെമി ഹ്യൂമനോയ്ഡ് റോബോട്ടാണ് ഇതില്‍ പ്രമുഖന്‍. ഒരാളുടെ കൈയില്‍ വച്ച സെന്‍സറില്‍ നിയന്ത്രിക്കാവുന്ന ഒരു റോബോട്ടാണിത്.
ഫയര്‍ റെസ്‌ക്യൂ ഓപ്പറേഷന്‍ തുടങ്ങി മനുഷ്യന് കടന്നുചെല്ലാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊക്കെ ഇതിനെ ഉപയോഗിക്കാനാകും. സോളാര്‍ എനര്‍ജി, വെയ്സ്റ്റ് മാനേജ്‌മെന്റ്, റീ സൈക്ലിങ്, ഓട്ടോമാറ്റിക് റെയില്‍വേ ഗേറ്റ് സെന്‍സര്‍ തുടങ്ങിയ പ്രോജക്ടുകളും ഇവരുടെ മറ്റു പ്രോജക്ടുകളായുണ്ട്.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.