'വെള്ള'മടിച്ചാല്‍ വണ്ടി ഓടില്ല

ടി.ബി. പ്രസന്നന്‍മദ്യപിച്ച് വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങള്‍ ഏറെയാണ്. ഹെല്‍മെറ്റ് ധരിക്കാതെയുമുണ്ടാകുന്ന അപകടമരണങ്ങളും വര്‍ദ്ധിച്ചുവരികയാണ്. ഇത്തരം അപകടമരണങ്ങള്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്കാണ് കൂടുതല്‍. ഈ അപകടമരണങ്ങള്‍ കുറയ്ക്കുന്നതിനായി തലക്കോട്ടുകര വിദ്യാ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ പുതിയ കണ്ടുപിടുത്തവുമായി എത്തി.

ബൈക്കിലൊരു 'ആല്‍ക്കഹോള്‍ ഡിറ്റക്ടര്‍' എന്ന ആശയം കൊണ്ടുവന്നാണ് മെക്കാനിക്കല്‍ വിഭാഗം ആറാംസെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ റോഡ് സുരക്ഷാരംഗത്തെത്തുന്നത്. ഈ സംവിധാനത്തില്‍ വിദ്യാര്‍ത്ഥികള്‍ രണ്ട് സര്‍ക്യൂട്ടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഹെല്‍മെറ്റിലുള്ള ട്രാന്‍സ്മിറ്റര്‍ സര്‍ക്യൂട്ടും ബൈക്കിലെ സീറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന റിസീവര്‍ സര്‍ക്യൂട്ടും.

വാഹനമോടിക്കുന്നയാളുടെ ശരീരത്തിലുള്ള ആല്‍ക്കഹോളിന്റെ സാന്നിദ്ധ്യം ശ്വാസത്തിലൂടെ ഹെല്‍മെറ്റിലുള്ള ആല്‍ക്കഹോള്‍ സെന്‍സര്‍ വഴി സെന്‍സ് ചെയ്യുകയും അത് റേഡിയോ വേവ്‌സ് ആയി ബൈക്കിലുള്ള റിസീവര്‍ സര്‍ക്യൂട്ടിലേക്ക് ട്രാന്‍സ്മിറ്റ് ചെയ്യുകയും ഇതേതുടര്‍ന്ന് ബൈക്കിലെ ഇഗ്‌നീഷ്യന്‍ കട്ടാവുകയും അതുവഴി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയാതെയും വരുന്നു.

ഹെല്‍മെറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് സ്വിച്ചുകളുടെ 'ഓണ്‍', 'ഓഫ്' സ്ഥാനം ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിന് വളരെയധികം പങ്ക് വഹിക്കുന്നുണ്ട്. ആല്‍ക്കഹോളിന്റെ സാന്നിദ്ധ്യമില്ലെങ്കില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുകയും അല്ലാത്തപക്ഷം ആല്‍ക്കഹോള്‍ സെന്‍സറിന്റെ പ്രവര്‍ത്തനം ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ കഴിയാതെയും വരുന്നു.

ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നത് തടയാനും മദ്യപിച്ച് വാഹനമോടിക്കുന്നത് ഒഴിവാക്കാനും ബൈക്ക് മോഷണവും ഒരുപരിധിവരെ ഒഴിവാക്കാനാകുമെന്നാണ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം. ഇതിനെല്ലാം പുറമെ എത്ര ദൂരെയാണെങ്കിലും ഹെല്‍മെറ്റ് കയ്യിലുണ്ടെങ്കില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് പോകാവുന്നതാണ്.

മെക്കാനിക്കല്‍ വിഭാഗത്തിലെ സുഷിത സുരേഷ്, അശ്വിന്‍ ടി.എസ്., വൈശാഖ് എസ്. മേനോന്‍, വിശാല്‍ സി.ആര്‍., അനൂപ്കുമാര്‍ എന്നിവരാണ് ഈ പ്രൊജക്ട് രൂപകല്‍പ്പന ചെയ്തത്.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.