ചെറിയ സിനിമ വലിയ സ്വപ്നം

കെ.ജി. കാര്‍ത്തികസ്‌ക്രീനില്‍ നിറഞ്ഞുനിന്ന നടന്മാരും നടികളും... അഭിനയമികവിന്റെ അടയാളങ്ങള്‍... അണിയറയിലെ ചുരുളഴിയാത്ത രഹസ്യങ്ങള്‍...അത് തേടിയുള്ള യാത്രയിലാണ് അവര്‍ ഒരുമിച്ചത്. അതിന് പശ്ചാത്തലമായത് കേരള പ്രസ് അക്കാദമിയിലെ ഇടനാഴികളും. സിനിമാ സ്വപ്നങ്ങളുമായി അവര്‍ കൈ കോര്‍ത്തു. പ്രസ് അക്കാദമിയില്‍ ഒത്തുകൂടിയ സായാഹ്നങ്ങളില്‍ അവരുടെ സ്വപ്നങ്ങള്‍ തിളച്ചുമറിഞ്ഞു.

'എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍' എന്ന് കണ്ടുനിന്നവര്‍ കളിയാക്കിയപ്പോഴും അവര്‍ തളര്‍ന്നില്ല. അതില്‍ നിന്നു ഉള്‍ക്കൊണ്ട ഊര്‍ജം അവരെ ആവേശഭരിതരാക്കി. 'പേപ്പര്‍ ബോട്ട്' എന്ന ആദ്യ ഹ്രസ്വചിത്രത്തിന് കര്‍ട്ടന്‍ ഉയര്‍ന്നു. ഈ കൊച്ചുപടം ചെറുതല്ലാത്ത കൈയടി നേടിയതോടെ രണ്ട് ചിത്രങ്ങള്‍കൂടി ഈ ചങ്ങാതിമാര്‍ ഫ്രെയിമിലാക്കി. നാലാമത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ജനനം മുതല്‍ മരണം വരെയുള്ള വിവിധ തലങ്ങളിലൂടെയുള്ള യാത്രകളായിരുന്നു അവരെടുത്ത ചിത്രങ്ങള്‍.

ഇവര്‍ കൊള്ളാമല്ലോ? കളിയാക്കിയവര്‍ അവരെ അംഗീകരിച്ചുതുടങ്ങിയപ്പോള്‍ 'പുതിയ പിള്ളേര്' എന്ന ബാനറും പ്രസ് അക്കാദമിക്ക് സ്വന്തമായി. കുരുന്നു മനസ്സുകളില്‍ ഇതള്‍വിരിയേണ്ട പ്രപഞ്ച സ്‌നേഹത്തെക്കുറിച്ച് പറഞ്ഞ സിനിമയുടെ ദൈര്‍ഘ്യം രണ്ടു മിനിട്ടായിരുന്നു. മൊബൈല്‍ ക്യാമറയിലായിരുന്നു ആ ചിത്രത്തിന്റെ പിറവി. തീവ്രവാദവും പ്രണയവും ആസ്പദമാക്കി അവര്‍ രണ്ടാമത്തെ ചിത്രമെടുത്തു. എക്‌സിറ്റ് എന്ന ചിത്രമെടുത്തത് കാനണ്‍ 5 ഡി എന്ന സ്റ്റില്‍ ക്യാമറയിലായിരുന്നു.മൂന്ന് ദിവസംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി. അഞ്ച് മിനിട്ടുള്ള എക്‌സിറ്റും സഹപാഠികളുടെ പ്രശംസ പിടിച്ചുപറ്റിയപ്പോള്‍ അടുത്ത ചിത്രത്തിലേക്ക് കാല്‍വയ്പ് നടത്തി. മറൈന്‍ ഡ്രൈവിലും പനമ്പിള്ളി നഗറിലുമായി ഷൂട്ട് ചെയ്ത 'ഗുഡ് ഈവനിങ്' എന്ന ഹ്രസ്വചിത്രത്തിന്റെ എഡിറ്റിങ്ങ് ജോലികള്‍ പുരോഗമിക്കുന്നു.

ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു നല്ല വൈകുന്നേരമാണ് ചിത്രത്തിന്റെ പ്രമേയം. ആത്മഹത്യയെക്കുറിച്ച് പറയുന്ന മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി.

ഇവര്‍ പ്രസ് അക്കാദമിയിലെ പുതിയ പിള്ളേര്‍


പുതിയ പിള്ളേര് എന്ന ബാനറില്‍ കേരള പ്രസ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടേതാണ് ഈ ഹ്രസ്വചിത്രങ്ങള്‍. പി.ആര്‍. ആന്‍ഡ് അഡ്വര്‍ടൈസിങ്, ജേര്‍ണലിസം വിദ്യാര്‍ത്ഥികളായ തന്‍വീര്‍ എം.എ., തസ്‌ലീം ഖാന്‍, ഷിബിന്‍ മടത്തില്‍, റഫീഖ് മുഹമ്മദ്, പ്രേംകുമാര്‍, ആശിഷ്, അനൂപ്, യൂസഫ് അലി, മാത്യു സെബാസ്റ്റ്യന്‍, ഗൗരി മോഹന്‍, കൃഷ്ണപ്രിയ എന്നിവരടങ്ങുന്ന സംഘമാണ് ഹ്രസ്വചിത്രങ്ങള്‍ പിടിക്കുന്നത്. സംവിധാനം, തിരക്കഥാ

രചന, അഭിനയം, എഡിറ്റിങ്, ക്യാമറ, ഡബ്ബിങ്, സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ തല്‍പരരാണ് ഇവര്‍. സിനിമാ പിടിത്തം പിള്ളേരുകളിയല്ലെന്ന് പറഞ്ഞ് കളിയാക്കിയവര്‍ക്ക് കൂടിയുള്ള മറുപടിയാണ് ഇവരുടെ ചിത്രങ്ങളും ബാനറും. 'പേപ്പര്‍ ബോട്ട്' , 'എക്‌സിറ്റ്' എന്നിവ കഥയെഴുതി സംവിധാനം ചെയ്തത് പി.ആര്‍. വിദ്യാര്‍ത്ഥിയായ തന്‍വീറാണ്.

അഭിനയം ഒരുകൈ നോക്കാനും കാസര്‍ഗോഡ് സ്വദേശിയായ തന്‍വീര്‍ റെഡിയാണ്. 'ഗുഡ് ഈവനിങി'ന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് തസ്‌ലീം ഖാനാണ്. കോഴിക്കോട് മുക്കം സ്വദേശിയും കേരള പ്രസ്അക്കാദമിയിലെ പി.ആര്‍. വിദ്യാര്‍ത്ഥിയുമായ തസ്‌ലീം ഫ്രീലാന്‍സ് ഗ്രാഫിക് ഡിസൈനര്‍ കൂടിയാണ്.

എക്‌സിറ്റില്‍ അഭിനയിച്ചിരിക്കുന്നത് ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ വിനീഷാണ്. പ്രസ് അക്കാദമിയില്‍ നിന്ന് എഡിറ്റിങ് പഠനം പൂര്‍ത്തീകരിച്ച ഷിബിന്‍ മടത്തിലാണ് ഗുഡ് ഈവനിങ്ങിന്റെ ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചത്. പ്രേംകുമാറിന്റെ രചനയില്‍ ആത്മഹത്യ പ്രമേയമാക്കിയെടുത്ത സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജേര്‍ണലിസം വിദ്യാര്‍ത്ഥി ആശിഷാണ്. റഫീഖ് മുഹമ്മദാണ് ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്. മാത്യു സെബാസ്റ്റ്യന്‍, യൂസഫ് അലി, അനൂപ്, ഗൗരി മോഹന്‍, കൃഷ്ണപ്രിയ എന്നിവര്‍ക്കാണ് പബ്ലിസിറ്റി, പ്രൊഡക്ഷന്‍ ചുമതലകള്‍.

അംഗീകാരങ്ങള്‍


പേപ്പര്‍ ബോട്ട് എന്ന ഹ്രസ്വചിത്രം കൊച്ചിയില്‍ നടന്ന സ്‌ക്രിപ്റ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു. തന്‍വീര്‍, തസ്‌ലീം ഖാന്‍ എന്നിവര്‍ സിനിമാ രംഗത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഫ്ലാഷ് ഓണ്‍ സിനിമ കമ്പനി നിര്‍മിക്കുന്ന കാമ്പസ് സിനിമയുടെ കഥയ്ക്കുവേണ്ടി നടത്തിയ ഓഡിഷനിലൂടെ ഇരുവര്‍ക്കും സിനിമയിലേക്ക് അവസരം ഒരുങ്ങിയിരിക്കുകയാണ്.
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.