മഹാരാജാസിന്റെ സിനിമാ കമ്പനി

കെ.പി. പ്രവിതസദ്യവട്ടങ്ങള്‍ക്ക് നടുവില്‍, മങ്ങിയ വെളിച്ചത്തില്‍ നഗരമതിലുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് നീങ്ങുന്നവര്‍ക്കിടയില്‍ പുതിയ ഉത്പന്നത്തിന്റെ വരവറിയിച്ച് കൊട്ടുംപാട്ടുമായി നഗരം ചുറ്റുന്നവര്‍ക്കിടയില്‍, അതുമല്ലെങ്കില്‍ മഹാരാജാസിന്റെ തണല്‍വഴികളിലെ സിനിമാ ചര്‍ച്ചകള്‍ക്കിടയില്‍.... ഈ മുഖങ്ങള്‍ നിങ്ങള്‍ കണ്ടേക്കാം.

ഇവര്‍ ജോലി ചെയ്ത് ജോലി ചെയ്ത് സിനിമ പിടിക്കാന്‍ പഠിക്കുന്ന മഹാരാജാസിന്റെ സ്വന്തം സിനിമാക്കൂട്ടുകാര്‍. ഓരോ വേഷവും ഓരോ പകര്‍ന്നാട്ടവും ഇവര്‍ക്ക് സിനിമയിലേക്കുള്ള ദൂരം കുറയ്ക്കുന്നു.

മഹാരാജാസിന്റെ ഫിലിം ക്ലബെന്ന തലയെടുപ്പിന് കീഴില്‍ ഇവര്‍ പതിനഞ്ചുപേരുണ്ട്. കെമിസ്ട്രിയും ഇക്കണോമിക്‌സും ഇസ്ലാമിക് ഹിസ്റ്ററിയുമെല്ലാം പഠിച്ച് സിനിമയെ പ്രണയിക്കുന്നവര്‍. സിനിമയെ സ്വപ്നമായി നെഞ്ചോടടുപ്പിക്കുന്നവര്‍.

പുതുപഠനവര്‍ഷത്തില്‍ മൂന്ന് കൊച്ചു സിനിമകളാണ് മഹാരാജാസിന്റെ മനസ്സിലുള്ളത്. അവധിക്കാലത്തിന് അവധി നല്‍കി കാറ്ററിങ് ജോലിക്കും പോസ്റ്റര്‍ ഒട്ടിക്കാനുമെല്ലാം പരക്കം പായുന്നത് ഈ സിനിമകളുടെ ബജറ്റ് തികയ്ക്കാന്‍ തന്നെ.

'കൂട്ടത്തിലുള്ള ഒരാള്‍ അത്യാവശ്യം നല്ലൊരു ക്യാമറ വാങ്ങിയതുകൊണ്ട് ചിത്രീകരണത്തിന്റെ ചെലവ് ഒഴിവായി. പക്ഷേ എഡിറ്റിങ്ങും ഡബ്ബിങ്ങും ഉള്‍പ്പെടെ ചെലവുകള്‍ വേറെയുണ്ട്. ജോലി ചെയ്ത് സ്വരുക്കൂട്ടുന്ന പണം മുഴുവന്‍ സിനിമാ അക്കൗണ്ടിലേക്കാണ്' അവസാനവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ ഗോകുല്‍ദാസിന്റെ വാക്കുകള്‍.

സിനിമ പൂര്‍ത്തിയാക്കാന്‍ പണം തികയുന്നതുവരെ ജോലിയെന്നതാണ് ഗോകുലിന്റെയും സംഘത്തിന്റെയും രീതി. ഇപ്പോള്‍ അവധിക്കാലമായതിനാല്‍ ദിവസം മുഴുവന്‍ ജോലിക്കായി മാറ്റിവച്ചിരിക്കുകയാണ്. നോട്ടീസ് വിതരണം, ബ്രാന്‍ഡ് പ്രമോഷന്‍...ഇങ്ങനെ പല ജോലികള്‍ പയറ്റുന്നുണ്ട്.

ഇടയ്ക്കുള്ള ഒഴിവുവേളകളില്‍ മഹാരാജാസിന്റെ 'ശശിമര'ത്തണലിലേക്ക് ഓടിയെത്തും ഈ സിനിമാക്കൂട്ടുകാര്‍. സ്‌ക്രിപ്‌റ്റെഴുത്തും സിനിമാ ചര്‍ച്ചകളുമെല്ലാമായി അല്‍പ്പനേരം. കാമ്പസിലെ 'മാലാഖക്കുള'ത്തോട് ചേര്‍ന്നുള്ള ശശിമരം സിനിമാക്കൂട്ടത്തിന്റെ സ്വന്തം ഹാങ് ഔട്ട് പ്ലേസാണ്. 'സര്‍വകലാശാല'യിലെ ലാലേട്ടനെ പോലെ കാമ്പസില്‍ വര്‍ഷങ്ങളോളം നിറഞ്ഞുനിന്നൊരു സഹപാഠിക്ക് കൂട്ടുകാര്‍ സ്‌നേഹത്തോടെ ഒരു മരം തന്നെ പതിച്ചുനല്‍കി. ആ ശശിമരം പിന്നെ സിനിമാക്കൂട്ടുകാര്‍ കൈയടക്കി. സിനിമാ ചര്‍ച്ച ചൂടുപിടിക്കണമെങ്കില്‍ ശശിമരത്തിന് ചുവട്ടില്‍തന്നെയെത്തണമെന്നാണ് കൂട്ടുകാരുടെ രഹസ്യസാക്ഷ്യം.

മഹാരാജാസില്‍ ഓരോ അധ്യയനവര്‍ഷവും അവസാനിക്കുന്നത് സിനിമയുടെ ഫ്രെയിമിലേക്ക് പുതിയ കാഴ്ചക്കൂട്ടുകള്‍ സമ്മാനിച്ചുകൊണ്ടാണ്. ഫിലിം ക്ലബിന്റെ ബാനറിലും പുറത്തുമായി ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ഇവിടെ ജനിക്കുന്നു. കാമ്പസിന്റെ ചെറിയ ക്യാന്‍വാസില്‍നിന്ന് സിനിമയുടെ വലിയ ഫ്രെയിമിലേക്ക് നടന്നുകയറിയ ചേട്ടന്‍മാരുടെ സമ്മാനമാണ് ഫിലിം ക്ലബ്. ഇടയ്‌ക്കൊന്ന് മയക്കത്തിലാണ്ടെങ്കിലും ഏതാനും വര്‍ഷം മുന്‍പ് ജൂനിയേഴ്‌സ് വീണ്ടും ജീവന്‍ വയ്പിച്ചു ഈ സിനിമാക്കൂട്ടായ്മയ്ക്ക്.

സിനിമയ്ക്ക് പിന്നിലെ കഥകളും ഷൂട്ടിങ് റിപ്പോര്‍ട്ടുകളും വരെ ചര്‍ച്ചയാകാറുണ്ട് ഫിലിം ക്ലബില്‍. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെക്കുറിച്ചും ലോക പ്രശസ്ത സിനിമകളെക്കുറിച്ചുമെല്ലാം വന്‍ വിവരശേഖരം തന്നെ ഒരുക്കിയിട്ടുണ്ട് ഇവര്‍.

'സിനിമയോട് അഭിനിവേശമുള്ള ആര്‍ക്കും ഫിലിം ക്ലബില്‍ അംഗമാകാം.' ഫിലിം ക്ലബിനെക്കുറിച്ച് മൂന്നാം വര്‍ഷം മലയാളം വിദ്യാര്‍ത്ഥിയായ അമര്‍നാഥിന്റെയും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ നോയലിന്റെയും വാക്കുകള്‍. അമര്‍നാഥ് കഴിഞ്ഞവര്‍ഷം രണ്ട് ഹ്രസ്വചിത്രങ്ങളിലാണ് സഹായിയായി പ്രവര്‍ത്തിച്ചത്. മറ്റൊന്നില്‍ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. കെ.എസ്. അഭിഷേക് ഒരുക്കിയ ഈ ചിത്രം ദേശീയതലത്തിലേതുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. ഈ അധ്യയനവര്‍ഷം ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്യാനാണ് അമര്‍നാഥിന്റെ നീക്കം. ജൂണ്‍ പകുതിയോടെ ഇടുക്കിയില്‍ ഷൂട്ടിങ് തുടങ്ങും.

മഹാരാജാസില്‍ ശശിമരത്തിന് കീഴില്‍ മറ്റൊരു സിനിമാ ചര്‍ച്ച കൊഴുക്കുകയാണ്. കിം കി ഡുക്കും ക്രിസ്റ്റഫര്‍ നൊളാനും തുടങ്ങി നമ്മുടെ ആഷിക് അബുവും അമല്‍നീരദും വരെ കടന്നെത്തുന്ന ചര്‍ച്ചകള്‍. സ്‌ക്രിപ്റ്റിലെ ചില മിനുക്കുപണികള്‍. പുതിയ സിനിമ കാണാനുള്ള സമയം കുറിക്കല്‍ അങ്ങനെയങ്ങനെ...
TRENDS
RELATED ARTICLES
e-MAGAZINE
 ©  Copyright Mathrubhumi 2015. All rights reserved.