ഫീസ് അടയ്ക്കാന്‍ വീട്ടില്‍ ചോദിക്കുമ്പോള്‍ അവിടെയും ചില്ലറയില്ല. ഹോസ്റ്റല്‍ ഫീസടയ്ക്കാനും വണ്ടിക്ക് പെട്രോളടിക്കാനും ഫോണും നെറ്റും ചാര്‍ജ്ജു ചെയ്യാനും ശരിക്കും പണികിട്ടി'. 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനോടുള്ള കാമ്പസിന്റെ പ്രതികരണത്തിലെ പ്രസക്തഭാഗമാണിത്.

വിവിധ കോളേജുകളില്‍ നടത്തിയ അഭിപ്രായ സര്‍വേയോട് ആവേശകരമായ പ്രതികരണമാണ് വിദ്യാര്‍ഥികള്‍ നടത്തിയത്. കേന്ദ്രതീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അവര്‍ വാദിച്ചു. ചിലര്‍ പ്രായോഗിക ബുദ്ധിമുട്ടികള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മറ്റു ചിലര്‍ ഗുണങ്ങളെ ഉയര്‍ത്തിക്കാട്ടി. 

തീരുമാനം നല്ലത്, ശരിയായി നടപ്പാക്കണം

തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജില്‍ വിദ്യാര്‍ഥികള്‍ പരീക്ഷയും പ്രാക്ടിക്കലുമൊക്കെയായി തിരക്കിലായിരുന്നു. ചോദ്യം കേട്ടപ്പോള്‍ പെണ്‍കുട്ടികള്‍ ഉഷാറായി. ഒന്നാം വര്‍ഷ ബി.എ.ക്കാരായ രേണു പാവു, ഹസീദ ജലീല്‍, ഷെറിന്‍ ജോസഫ്, ഒന്നാം വര്‍ഷ ബി.സി.എ.ക്കാരായ പി.എസ്. ആഷ്‌ലി, കെ.എസ്. അനു എന്നിവര്‍ വിഷയം ആദ്യം ഏറ്റെടുത്തു.

ചെറിയ ബുദ്ധിമുട്ടുകളുണ്ടെങ്കിലും കള്ളപ്പണത്തിനും അഴിമതിക്കും എതിരെയായതിനാല്‍ തീരുമാനം നല്ലതാണെന്ന് രേണു പാവു പറഞ്ഞു. സാമ്പത്തിക പരിഷ്‌കാരം പുതിയ പ്രതീക്ഷ ഉണ്ടാക്കുന്നുണ്ട്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ എണ്ണിപ്പറഞ്ഞ് ഷെറിനും ചര്‍ച്ചയിലിടപെട്ടു. 'വീട്ടില്‍ പാലിന് പൈസ കൊടുക്കാന്‍ പോലും കാശില്ല.

നാട്ടില്‍ ആരുടെയും കൈയില്‍ കൊടുക്കാനും വാങ്ങാനുമൊന്നും ചില്ലറയില്ല'. കല്യാണ വീടുകളിലും മറ്റും ബുദ്ധിമുട്ടുണ്ടാകുന്നതിലേക്ക് ശ്രദ്ധ ക്ഷണിച്ച് ഹസീദ ജലീല്‍ ചര്‍ച്ച പിടിച്ചെടുത്തു. ബുദ്ധിമുട്ടുണ്ടെങ്കിലും കള്ളപ്പണം ഇല്ലാത്ത സാധാരണക്കാര്‍ക്ക് ഇതൊന്നും പേടിക്കേണ്ട. ഫേസ്ബുക്കിലും മറ്റും നോക്കുമ്പോള്‍ എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതല്ലേ എന്നൊരു സംശയം തോന്നുന്നുണ്ട്. ഇതിനിടെ ആവശ്യത്തിനും അല്ലെങ്കിലും പെട്രോളും ഡീസലും അടിച്ച് നോട്ടുകള്‍ മാറുകയാണ് ഇപ്പോഴെന്ന് ആഷ്‌ലിയും അനുവും ഒന്നിച്ചിടപെട്ടു.

തീരുമാനം എത്രത്തോളം എഫക്ടീവാകും എന്നാണ് ഇരുവരുടെയും സംശയം. ചൂടോടെ മുന്നേറിയ അഭിപ്രായങ്ങളിലേക്ക് രണ്ടാം വര്‍ഷ ബി.എ. വിദ്യാര്‍ഥിനികളായ ആതിര, പാര്‍വതി, ബി.എസ്‌സി. രണ്ടാം വര്‍ഷക്കാരായ നന്ദിത, ലിന്‍ഡ്‌സ, രണ്ടാം വര്‍ഷ പി.ജി.ക്കാരി അനീറ്റ എന്നിവര്‍ കൂടിയെത്തി. 'സാധാരണക്കാരന്‍ പെട്ടു' എന്നാണ് വിഷയത്തിലുള്ള അനീറ്റയുടെ കമന്റ്. ഏത് ബാങ്കിലാണ് പൈസ കിട്ടുന്നതെന്ന് അവര്‍ക്കറിയില്ല. 

ആസ്പത്രിയിലൊക്കെ വലിയ ബുദ്ധിമുട്ട് കണ്ടു. ഒരിടത്ത് രോഗികള്‍ക്ക് ചില്ലറ ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ക്ക് പൈസ പിരിച്ച് കൊടുക്കേണ്ടി വന്നു. സ്വകാര്യ ബാങ്കുകള്‍ ഈ അവസ്ഥ മുതലെടുക്കുകയാണ്. നോട്ടുമാറാന്‍ ചെന്നാല്‍ അക്കൗണ്ട് എടുക്കണമെന്നാണ് പറയുന്നത്. സ്വന്തം ഇഷ്ടത്തിനാണ് പല ബാങ്കുകളും പ്രവര്‍ത്തിക്കുന്നതെന്ന പിന്തുണയുമായി ലിന്‍ഡ്‌സ രംഗത്തെത്തി.

മൂന്നരയായപ്പോള്‍ തന്നെ ക്ലോസ് ചെയ്ത ബാങ്കുകളുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ടുകളെയൊന്നും അവര്‍ കണക്കാക്കുന്നില്ല. പ്രശ്‌നത്തോട് ആതിരയും പാര്‍വതിയും നന്ദിതയും ഉടന്‍ യോജിപ്പു രേഖപ്പെടുത്തി. 'ചര്‍ച്ചയ്‌ക്കൊടുവില്‍ സംഘം ഇത്രയും കൂടി പറഞ്ഞു. തീരുമാനം നല്ലതു തന്നെ, ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിയാല്‍ മതി'. 

college students

ഇത് ഇരുട്ടടി തന്നെ

500ഉം 1000ഉം നിരോധിച്ചത് പ്രതിസന്ധിയായെന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ രണ്ടാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥിനികള്‍ പറയുന്നു. മൂന്ന് ദിവസമായി എ.ടി.എമ്മുകള്‍ പ്രവര്‍ത്തിച്ചിട്ട്. ക്യൂവില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സമയപരിധിയുമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അത്യാവശ്യത്തിന് നാട്ടില്‍ പോകാന്‍ പോലും കഴിയുന്നില്ലെന്നാണ് ജിജി മോള്‍ സ്റ്റീഫന്‍ പറയുന്നത്.

ഹോസ്റ്റലുകളിലും പേയിങ് ഗസ്റ്റുകളുമൊക്കെയായി താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് ഇരുട്ടടിയാണെന്ന് കെ.ജി. ഹൃദ്യ പറഞ്ഞു. ഞങ്ങള്‍ക്ക് ഫാസ്റ്റ് ഫുഡിനെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണം കിട്ടാതെ അഞ്ച് ദിവസത്തോളം വലഞ്ഞവരുണ്ടിവിടെ. 

ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ പുതിയ സെമസ്റ്റര്‍ തുടങ്ങുന്നതിനാല്‍ പാഠപുസ്തകങ്ങള്‍ വാങ്ങുന്നതിനും ഫീസ് അടയ്ക്കുന്നതിനും പ്രതികൂലമായി ബാധിച്ചതായി ക്ലെയര്‍ സി. ജോണ്‍ പറഞ്ഞു. പുസ്തക സ്റ്റാളുകളിലൊന്നും ആവശ്യമായ പുസ്തകങ്ങളും ലഭ്യമല്ല. കലാലയത്തിലെ പല പ്രവര്‍ത്തനങ്ങളും മരവിച്ച അവസ്ഥയിലാണെന്ന് തസ്‌ലിമ പി.എന്‍. അഭിപ്രായപ്പെട്ടു.

കറന്‍സിയുടെ മാറ്റം ഫണ്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമായിരിക്കുന്നു. ഇത് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും കാലതാമസം വരുത്തും. കൂട്ടുകാരുടെ കല്യാണം, പിറന്നാള്‍ ഇവയ്‌ക്കൊന്നും പണ്ടത്തെ തിളക്കമില്ലെന്നും കറന്‍സിയുടെ മാറ്റം വല്ലാതെ വലച്ചതായും തസ്‌ലിമ കൂട്ടിച്ചേര്‍ത്തു. 

പുതിയ കറന്‍സി കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിന്റെ കണ്‍കെട്ടാണെന്ന് ഒരു വിഭാഗവും 50 ദിവസം കാത്തിരുന്നുകൂടെയെന്ന് ചോദിക്കുന്ന മറുവിഭാഗവും കാമ്പസിലുണ്ട്.

ഒറ്റ രാത്രി കൊണ്ട് ധാരാവിയിലെ തെരുവ് ഒഴിപ്പിച്ച ജഗന്നാഥന്റെ സാഹസികത ഇരുകയ്യും നീട്ടി സ്വീകരിക്കുമെങ്കിലും ഒരു രാത്രി കൊണ്ടെടുത്ത സാമ്പത്തിക നയപ്രഖ്യാപനം ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല. സ്ഥിരതയാര്‍ന്ന നല്ലൊരു നാളേയ്ക്ക് ഈ താത്കാലിക പ്രതിസന്ധി ഗുണം ചെയ്യുമെന്ന് കരുതാമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. 

college students