നന്മകള്‍ നശിച്ചുകൊണ്ടിരിക്കുന്ന ആധുനികലോകത്ത് സഹജീവി സ്‌നേഹത്തിലൂടെ സമൂഹത്തിന് വഴികാട്ടിയാവുകയാണ് തരംഗ് എന്ന വിദ്യാര്‍ഥി കൂട്ടായ്മ. തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് തരംഗ്. 

വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തില്‍ ഒരുപാട് നന്മകള്‍ ചെയ്യാനാവുമെന്ന തിരിച്ചറിവില്‍ നിന്നാണ് ഒരു വര്‍ഷം മുന്‍പ് തരംഗ് പ്രവര്‍ത്തനം ആരംഭിച്ചത്. സര്‍ക്കാര്‍ കോളേജില്‍ സൗജന്യ പഠനം നടത്തുന്ന തങ്ങള്‍ക്ക് സമൂഹത്തോട് ഒഴിവാക്കാനാവാത്ത ഉത്തരവാദിത്വം ഉണ്ടെന്ന് തരംഗിലെ ഓരോ അംഗവും വിശ്വസിക്കുന്നു. 

കഴിഞ്ഞ ഓണക്കാലത്താണ് വ്യത്യസ്തതകല്‍ നിറഞ്ഞ ഓണാഘോഷത്തോടെ തരംഗ് സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. ഇന്‍സ്റ്റന്റ് ഓണസദ്യ കഴിച്ച് ആഘോഷ പരിപാടിയും നടത്തി സ്ഥലം വിടുന്ന സ്ഥിരം ശീലത്തിനു വിപരീതമായി കഷ്ടതയനുഭവിക്കുന്ന ഒരുപാട് കുടുംബങ്ങളില്‍ സന്തോഷത്തിന്റെ ഓണക്കാലമെത്തിക്കാന്‍ ഇവര്‍ക്കായി. 

കുന്നുകുഴി കോളനിയിലെ 40 ഓളം വീടുകളില്‍ ഇവര്‍ ഓണക്കിറ്റ് വിതരണം നടത്തി. പ്രദേശത്തെ സാധാരണക്കാര്‍ക്കായി ഓണസദ്യ എത്തിച്ചുനല്‍കി. സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഓണപ്പുടവയും നല്‍കി പ്രതീക്ഷയുടേയും സ്‌നേഹത്തിന്റെയും ഓണസന്ദേശം എല്ലാവരിലുമെത്തിക്കാന്‍ തരംഗിന് കഴിഞ്ഞു. 

ഓണം ആഡംബരം കാട്ടാനുള്ളതല്ല മറിച്ച് എല്ലാ മനുഷ്യര്‍ക്കും സന്തോഷം പകരാനുള്ള ആഘോഷമാണെന്ന സന്ദേശമാണ് ഇവര്‍ സമൂഹത്തിന് പകര്‍ന്നു നല്‍കിയത്. മറ്റു കോളേജുകള്‍ക്കും ഇവരുടെ ഓണാഘോഷം മാതൃകയാക്കാവുന്നതാണ്. 

ഇനിയുമുണ്ട് തരംഗിന്റെ പ്രചോദനപരമായ പ്രവര്‍ത്തനങ്ങള്‍. പ്രകൃതി സ്‌നേഹം ഒരു വികാരമായി വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തികള്‍ക്കും കൂട്ടായ്മ നേതൃത്വം നല്‍കുന്നുണ്ട്. കാര്‍ഷിക സംസ്‌കാരത്തിന്റെ സന്ദേശം വിദ്യാര്‍ഥികളിലെത്തിക്കാന്‍ തളിര്‍ എന്ന പേരില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. 

മാത്രമല്ല കലാലയത്തിനും സമീപ പ്രദേശങ്ങളിലും വൃക്ഷത്തെകള്‍ നട്ടുപിടിപ്പിക്കാനും ഇവര്‍ക്കായി. അതോടൊപ്പം തന്നെ പ്രകൃതി സംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ കൂടി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് തരംഗ്. 

കനകക്കുന്നില്‍ വച്ച് രക്തദാന ക്യാമ്പും ബോധവത്കരണവും നടത്തി. തലചായ്ക്കാന്‍ സ്വന്തമായി വീടില്ലാത്ത മനുഷ്യര്‍ക്കായി ഭവനനിര്‍മ്മാണം ഇവരുടെ ഭാവി പരിപാടികളില്‍ പ്രധാനപ്പെട്ടതാണ്. യുവതലമുറയെ നശിപ്പിക്കുന്ന ലഹരിക്കെതിരായ പോരാട്ടം തരംഗ് ഏറ്റെടുത്തു കഴിഞ്ഞു. 

ഇതിനായി ബോധവത്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നുണ്ട്. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ജീവന്‍ നഷ്ടപ്പെട്ട ധീരജവാന്‍മാരുടെ അനുസ്മരണ സമ്മേളനവും നടത്തി. എന്‍ജിനീയറിങ് പഠനത്തിനു ശേഷം സൈന്യത്തിലും മറ്റ് മേഖലകളിലും ജോലി സാധ്യതകള്‍ പരിചയപ്പെടുത്തുന്ന സെമിനാറുകളും ഇവര്‍ സംഘടിപ്പിക്കുന്നുണ്ട്. 

രാഹുല്‍ തോമസ്, അനസു റഹ്മാന്‍, ആദില്‍ എം. ഫൈസല്‍ തുടങ്ങിയവരാണ് തരംഗിന് നേതൃത്വം നല്‍കുന്നത്. കേവലം ഒരു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടു തന്നെ മറ്റു കോളേജുകള്‍ക്ക് മാതൃകയാക്കാവുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ തരംഗിനായി എന്നതാണ് ഇവരുടെ വിജയം.