കേരള സർവകലാശാലാ യുവജനോത്സവവേദികളിൽ കലാവൈഭവത്തിന്റെ മത്സരച്ചൂട്. വേദികളിലേക്ക് മത്സരാർഥികളുടെയും കാഴ്ചക്കാരുടെയും ഒഴുക്കുകണ്ട രണ്ടാംദിനം യുവജനോത്സവം താളത്തിലെത്തിയ ദിവസം കൂടിയായി. ഒൻപതു വേദികളിലും മികച്ച പ്രകടനങ്ങൾ കാണാൻ കാഴ്ചക്കാരുടെ ഓട്ടവും തുടങ്ങി.

ആസ്വാദകരുടെ മനംകവർന്ന് നൃത്ത ഇനങ്ങളിൽ തിരുവാതിരക്കളിയും നാടോടിനൃത്തവും അരങ്ങിലെത്തിയപ്പോൾ പ്രകടനമികവുകൊണ്ട് ചിരിയും ചിന്തയും പടർത്തി മിമിക്രി, മോണോആക്ട് മത്സരങ്ങളും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.

തിരുവാതിരക്കളി, നാടോടിനൃത്തം, ഭരതനാട്യം, മിമിക്രി, മോണോആക്ട്, മാപ്പിളപ്പാട്ട്, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയ മത്സരങ്ങളുടെ വേദികൾ കാഴ്ചക്കാരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. മിമിക്രിക്കും മാപ്പിളപ്പാട്ടിനുമാണ് ഏറ്റവുമധികം ആളുകളെത്തിയത്.

ഇതിൽ പ്രകടനമികവുകൊണ്ട് മാപ്പിളപ്പാട്ട്മത്സരങ്ങൾ സവിശേഷമായി. ആൺകുട്ടികളുടെ മത്സരത്തിൽ പങ്കെടുത്ത 32 മത്സരാർഥികളും ഉന്നതനിലവാരം പുലർത്തിയതായി വിധികർത്താക്കൾ തന്നെ അഭിപ്രായപ്പെടുകയുണ്ടായി. പെൺകുട്ടികളുടെ മത്സരനിലവാരവും മറിച്ചായിരുന്നില്ല.

kerala university

മിമിക്രി മത്സരങ്ങൾ ശരാശരിനിലവാരം പുലർത്തിയപ്പോൾ ഊർജസ്വലമായ പ്രകടനംകൊണ്ട് ചില മത്സരാർഥികൾ കൈയടി നേടി. മികച്ച പ്രകടനങ്ങൾക്ക് വിമെൻസ് കോളേജിലെ കാഴ്ചക്കാർ കൈയടി നൽകാൻ മടി കാണിച്ചില്ല.

യൂണിവേഴ്‌സിറ്റി സംഗീതവിഭാഗം വേദിയിൽ നടന്ന ഉപകരണ സംഗീതമത്സരങ്ങൾ മികച്ച നിലവാരം പുലർത്തിയെങ്കിലും കാഴ്ചക്കാരില്ലാത്തത് കല്ലുകടിയായി. സംഘാടകരും മത്സരാർഥികളും മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അതേസമയം പ്രസംഗമത്സരം നിലവാരത്തകർച്ച നേരിട്ടു.

46 പേർ മാറ്റുരച്ച മത്സരത്തിൽ വാക്കുകളുടെ കസർത്ത് മാത്രമായിരുന്നു കണ്ടത്. പഠിച്ചതു മറന്നുപോയതു കാരണം പ്രസംഗം പാതിയിൽ നിർത്തി ചിലർ വേദി വിട്ടുപോയി. പെൺകുട്ടികളായിരുന്നു മത്സരാർഥികളിൽ ഏറെയും. നവലോകത്തിന്റെ നഷ്ടങ്ങൾ എന്നതായിരുന്നു വിഷയം.    

മത്സരങ്ങൾ ആരംഭിച്ചത് രണ്ടുമണിക്കൂർ വൈകി

തീരുമാനിച്ചതിലും വൈകിയാണ് എല്ലാ വേദികളിലും മത്സരങ്ങൾ ആരംഭിച്ചത്. രാവിലെ ഒൻപതു മണിക്ക് തുടങ്ങേണ്ട മത്സരങ്ങൾക്ക് 11 മണി കഴിഞ്ഞാണ് തിരശ്ശീല ഉയർന്നത്. ഇത് വേഷവും ചായവുമിട്ട് കാത്തുനിന്ന മത്സരാർഥികളെയും കാണികളെയും ഒരുപോലെ അക്ഷമരാക്കി. രണ്ടുമുതൽ മൂന്നുമണിക്കൂർ വരെ മത്സരങ്ങൾ വൈകിയതോടെ തുടർന്നുവന്ന മത്സരങ്ങളെല്ലാം സമയക്രമം തെറ്റി.

പ്രധാന വേദിയായ സെനറ്റ് ഹാളിൽ ആദ്യ ഇനമായ തിരുവാതിരമത്സരം കഴിയുമ്പോൾ വൈകുന്നേരമായി. ഇതോടെ മൂന്നുമണിക്ക് നടക്കേണ്ട ആൺകുട്ടികളുടെ നാടോടിനൃത്തം ഏഴുമണിക്കാണ് തുടങ്ങാനായത്. മറ്റു വേദികളിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. യൂണിവേഴ്‌സിറ്റി കോളേജിലെ ഭരതനാട്യ മത്സരവും വിമെൻസ് കോളേജിലെ മിമിക്രി മത്സരവും പതിനൊന്നരയോടെയാണ് ആരംഭിച്ചത്.

മുൻക്രമീകരണങ്ങൾ ആവശ്യമില്ലാത്ത പോസ്റ്റർ മേക്കിങ്, കാർട്ടൂൺ, കൊളാഷ് മത്സരങ്ങൾപോലും മണിക്കൂറുകൾ വൈകിയത് മത്സരാർഥികൾക്കിടയിൽ അമർഷമുണ്ടാക്കി. പല വേദികളിലും സംഘാടനത്തിലെ പാളിച്ചകൾ കാരണം മത്സരാർഥികൾ വിഷമിച്ചു. വൊളന്റിയേഴ്‌സിന്റെ സേവനവും പലയിടത്തും ലഭ്യമായിരുന്നില്ല.