ണ്ണുത്തിയിലെ വെറ്ററിനറി സര്‍വകലാശാല കോളേജ് ഓഫ് ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഇപ്പോള്‍ എത്തിയാല്‍ വേനലില്‍ ആശ്വാസം പകരുന്ന രുചിയുമായി കൂട്ടുകൂടാം. പാലുത്പന്നങ്ങളുടെ വൈവിധ്യമാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കോളേജിലെ ഏഴാം സെമസ്റ്റര്‍ ബി.ടെക്. ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ഥികളാണ് 'ഡയറി ഫെസ്റ്റ് ' എന്ന പേരില്‍ പാലുത്പന്ന നിര്‍മാണ പരിശീലനവും വിപണനവും ആരംഭിച്ചിരിക്കുന്നത്.

മേയ് അവസാനവാരം വരെ ഫെസ്റ്റ് ഉണ്ടാകും.കോളേജിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥികളാണ് വര്‍ഷങ്ങളായി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളില്‍ സംരംഭകത്വം വളര്‍ത്താനും സ്വന്തമായി പാലുത്പന്നങ്ങള്‍ തയ്യാറാക്കി വിപണനം ചെയ്യാനുള്ള പ്രായോഗിക പരിശീലനം നല്‍കാനുമാണ് കോഴ്‌സിന്റെ ഭാഗമായി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

40 വിദ്യാര്‍ഥികളാണ് ബി.ടെക്. ബാച്ചിലുള്ളത്. ഇവര്‍ അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് പ്രവര്‍ത്തനം. 60 ദിവസം വരെ വില്‍പ്പനയുള്ളതിനാല്‍ ഉത്പന്നങ്ങള്‍ 'അപ്‌ഡേറ്റ് ' ചെയ്യും. ഒരു സംഘം പുതിയതായി ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കുമ്പോള്‍ വേറൊരു കൂട്ടര്‍ അതിന്റെ വിപണനം ഏറ്റെടുക്കും. കോളേജിലെ ലാബില്‍ തന്നെയാണ് സംസ്‌കരണവും നിര്‍മാണവുമൊക്കെ. വിശദമായി ഗവേഷണത്തിനു ശേഷമാണ് വിദ്യാര്‍ഥികള്‍ ഉത്പന്നം തയ്യാറാക്കാനിറങ്ങിയത്.

ഡയറി ടെക്‌നോളജി വകുപ്പ് മേധാവി ഡോ.എസ്.എന്‍. രാജകുമാറാണ് ഇവര്‍ക്ക് മാര്‍ഗനിര്‍േദശം നല്‍കുന്നത്. ഐസ്‌ക്രീം, തൈര്, സിപ്പ് അപ്പ്, ശീതളപാനീയങ്ങള്‍ തുടങ്ങിയവ കൂടാതെ പേഡ, കുക്കീസ്, പനീര്‍ സ്‌പെഷ്യലുകള്‍ തുടങ്ങിയ 15 ഓളം ഉത്പന്നങ്ങള്‍ ഫെസ്റ്റിലുണ്ട്.

കാമ്പസിനു പുറമെ തേക്കിന്‍കാട് തൃശ്ശൂര്‍ പൂരം പ്രദര്‍ശന നഗരിയിലും ഉത്പന്നങ്ങള്‍ ലഭിക്കും.    വില്‍പ്പനയില്‍ നിന്നു ലഭിക്കുന്ന തുകയുടെ വിഹിതം വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാലയ്ക്കും ഡയറി പ്ലാന്റിനുമായി ലഭിക്കും. ഡയറി ഫെസ്റ്റില്‍ പൊതുജനങ്ങളില്‍നിന്ന് നല്ല പങ്കാളിത്തം ലഭിക്കുന്നുണ്ടെന്ന് സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ. ജയകൃഷ്ണന്‍ പറഞ്ഞു.