കലോത്സവത്തില്‍ വീണ്ടും തിലകമാകാനൊരുങ്ങുന്ന അര്‍ച്ചിത കലോത്സവം തീരുന്നതോടെ താരവുമാകും. പൂമരം സിനിമയില്‍ പ്രധാന വേഷം ചെയ്യുന്ന അര്‍ച്ചിത അനീഷ് കുമാര്‍ ഇതിനകം എം.ജി. കലോത്സവത്തില്‍ രണ്ട് സമ്മാനം സ്വന്തമാക്കിക്കഴിഞ്ഞു. 

architha aneesh

ഭരതനാട്യത്തിലും കേരള നടനത്തിലും. നാടോടി നൃത്തം, കുച്ചുപ്പുഡി, മോഹിനിയാട്ടം എന്നിവയിലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് കലോത്സവത്തിലും തിലകമായ അര്‍ച്ചിത എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ സോഷ്യോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്.

പൂമരത്തിന്റെ സംവിധായകന്‍ എബ്രിഡ് ഷൈന്‍ അര്‍ച്ചിതയുടെ എല്ലാ മത്സരങ്ങളും വേദിയില്‍ നിന്ന് ചിത്രീകരിച്ചു കഴിഞ്ഞു. ചിത്രത്തില്‍ കഥ മുന്നോട്ട് കൊണ്ടുപോകുന്ന കഥാപാത്രമാണ് അര്‍ച്ചിതയെന്ന് എബ്രിഡ് പറഞ്ഞു. 

ചിത്രത്തിലെ കുറെയേറെ രംഗങ്ങള്‍ നേരത്തെ തന്നെ ചിത്രീകരിച്ചുകഴിഞ്ഞുവെന്നും സംവിധായകന്‍ പറഞ്ഞു. കണ്ണൂര്‍ സ്വദേശികളായ അനീഷ് കുമാറിന്റെയും അനിതയുടെയും മകളാണ് അര്‍ച്ചിത. മകളുടെ പഠനത്തിന് ഈ കുടുംബം ഇപ്പോള്‍ പുല്ലേപ്പടിയിലാണ് താമസം. കലാമണ്ഡലം ലീലാമണി, സതീഷ്, വിനയ് ചന്ദ്രന്‍, അനുപമ മോഹന്‍ എന്നിവരാണ് ഗുരുക്കന്‍മാര്‍.

ചിത്രങ്ങള്‍-ജി. ശിവപ്രസാദ്‌