പ്പനയുടെയും മാര്‍ഗംകളിയുടെയും ഓട്ടന്‍തുള്ളലിന്റെയും ചടുലതാളവും ശാസ്ത്രീയനൃത്തങ്ങളുടെ ലാസ്യഭാവങ്ങളും നിറഞ്ഞുനിന്ന നൃത്തവേദികള്‍. ആസ്വാദകരുടെ കാതിന് ഇമ്പമേകി ലളിതഗാനാലാപനത്തിന്റെ മധുരിമയും ഉപകരണസംഗീതങ്ങള്‍ തീര്‍ത്ത വിസ്മയവും. 

നൃത്ത, സംഗീത സമ്മേളിതമായ കേരള സര്‍വകലാശാലാ യുവജനോത്സവത്തിലെ മൂന്നാംദിനം വേദികള്‍ കീഴടക്കി മത്സരങ്ങള്‍ക്കു ചൂടേറി. ഒന്നിനുപിറകെ ഒന്നായി മത്സരഫലങ്ങള്‍ വന്നുതുടങ്ങിയതോടെ ഒന്നാംസ്ഥാനത്തിനായുള്ള മത്സരങ്ങള്‍ക്കും ആവേശമേറി. 

മൂന്നാംദിനത്തില്‍ ഗ്ലാമര്‍ ഇനങ്ങളായ ഒപ്പനയും മാര്‍ഗംകളിയും കേരളനടനവും കുച്ചിപ്പുഡിയുമായിരുന്നു ശ്രദ്ധേയ ഇനങ്ങള്‍. ഒപ്പനയ്ക്കും മാര്‍ഗംകളിക്കും അമ്പതിലേറെ ടീമുകള്‍ പങ്കെടുത്തു. വിമന്‍സ് കോളേജില്‍ രാവിലെ തുടങ്ങിയ ഒപ്പന മത്സരം വൈകീട്ട് അഞ്ചുമണി വരെ നീണ്ടു.

കേരളനടന മത്സരം നടന്ന സെനറ്റ് ഹാളിലും കുച്ചിപ്പുഡി മത്സരം നടന്ന യൂണിവേഴ്സിറ്റി കോളേജിലെ രണ്ടാം വേദിയിലും കാണികള്‍ കുറവായിരുന്നു. എന്നാല്‍ നൃത്തമത്സരങ്ങളില്‍ താത്പര്യമുള്ള കാണികള്‍ മികച്ച ആസ്വാദകരായി മുഴുവന്‍സമയം സദസ്സിലുണ്ടായിരുന്നു. 

യുവജനോത്സവത്തിന്റെ ഭാഗമായി പ്രധാന വേദിക്കു സമീപം നടന്ന ഓപ്പണ്‍ ഫോറത്തില്‍ കവി മധുസൂദനന്‍ നായരും സംവിധായകന്‍ നേമം പുഷ്പരാജും നടന്‍ അനൂപ് ചന്ദ്രനും അതിഥികളായി പങ്കെടുത്തു. വിദ്യാര്‍ഥികളുടെ സജീവസാന്നിധ്യം കൊണ്ടാണ് ഓപ്പണ്‍ ഫോറത്തിലെ ചര്‍ച്ചകള്‍ ശ്രദ്ധേയമായത്.

29biju1.jpg

കാണികള്‍ ഒപ്പനയ്ക്കുമാത്രം

മൂന്നാംദിനത്തില്‍ നിറഞ്ഞ സദസ്സു കണ്ടത് ഒപ്പനമത്സരം നടന്ന വേദിയില്‍ മാത്രം. ഒമ്പതിടങ്ങളില്‍ മത്സരങ്ങള്‍ നടന്നപ്പോള്‍ മിക്ക വേദികളിലും മത്സരാര്‍ഥികളും സംഘാടകരും തന്നെയായിരുന്നു വേദിയിലും സദസ്സിലുമുണ്ടായിരുന്നത്. 

അപൂര്‍വം വേദികളില്‍ രക്ഷിതാക്കളും ഉണ്ടായിരുന്നു. പ്രധാന മത്സരങ്ങള്‍ നടന്ന സെനറ്റ് ഹാള്‍, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.

ഏറ്റവുമധികം കാണികളെത്തിയത് വിമന്‍സ് കോളേജില്‍ നടന്ന ഒപ്പന മത്സരം കാണാനായിരുന്നു. മത്സരം തുടങ്ങുന്നതിനു മുമ്പേ ഇരിപ്പിടങ്ങള്‍ ഏറെക്കുറെ നിറഞ്ഞു. മികച്ച രീതിയിലുള്ള പ്രോത്സാഹനവും മത്സരത്തിനു ലഭിച്ചു. 

മത്സരം തുടങ്ങാന്‍ വൈകിയെങ്കിലും കാണികള്‍ ക്ഷമയോടെ കാത്തിരുന്നു. വൈകീട്ട് വരെ തുടര്‍ന്ന മത്സരം മികച്ച നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കളും അഭിപ്രായപ്പെടുകയുണ്ടായി.

29biju11.jpg

മൂന്നാംദിനവും സമയക്രമം പാലിച്ചില്ല

മൂന്നാംദിവസം എല്ലാ വേദികളിലും മത്സരങ്ങള്‍ ആരംഭിച്ചത് പതിനൊന്നുമണിക്കുശേഷം. രാവിലെ ഒമ്പതുമണിക്ക് തുടങ്ങേണ്ട മത്സരങ്ങള്‍ക്ക് രണ്ടുമുതല്‍ രണ്ടര മണിക്കൂര്‍ വൈകിയാണ് എല്ലായിടത്തും തിരശ്ശീല ഉയര്‍ന്നത്. നൃത്തമത്സരങ്ങളില്‍ പങ്കെടുത്തവരെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്. മണിക്കൂറുകള്‍ക്കുമുമ്പ് വേഷവും ചായവുമിട്ട് കാത്തിരുന്ന കുട്ടികള്‍ വിരസരായി. 

പലരും ഭക്ഷണം പോലും കഴിച്ചിരുന്നില്ല. പരാതിപ്പെടാന്‍ ഉത്തരവാദിത്വപ്പെട്ട സംഘാടകരെ കാണാതെ മത്സരാര്‍ഥികള്‍ പരസ്പരം പരാതി പറഞ്ഞൊതുക്കി മത്സരം തുടങ്ങുന്നതും കാത്തിരുന്നു. സമയത്തിന് എത്തിയ വിധികര്‍ത്താക്കള്‍ പ്രത്യേക മുറികളില്‍ വിരസരായി കാത്തിരുന്നു.

29biju8.jpg

ഏറെ വൈകി ഒന്നാംവേദിയില്‍ കേരളനടന മത്സരം തുടങ്ങുമ്പോള്‍ സദസ്സും ശുഷ്‌കമായിരുന്നു. സെനറ്റ് ഹാളിലെ വലിയ വേദിയില്‍ അമ്പതില്‍ താഴെ പേരാണ് മത്സരം കാണാനുണ്ടായിരുന്നത്. അതുതന്നെ മത്സരാര്‍ഥികളുടെ കൂടെയുള്ളവര്‍. 
   
യൂണിവേഴ്സിറ്റി കോളേജിലെ കുച്ചിപ്പുഡി മത്സരം പതിനൊന്നരയ്ക്കുശേഷമാണ് ആരംഭിച്ചത്. മത്സരം തുടങ്ങുന്നതിന്റെ യാതൊരു ലക്ഷണവും 11 മണിവരെയും ഈ വേദിയിലും പരിസരത്തും ഉണ്ടായിരുന്നില്ല.

മറ്റു വേദികളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. സംഗീത കോളേജിലെ ആദ്യയിനമായ പെണ്‍കുട്ടികളുടെ ലളിതഗാന മത്സരത്തില്‍ 67 മത്സരാര്‍ഥികളാണ് പങ്കെടുത്തത്. തീരുമാനിച്ചതിലും രണ്ടു മണിക്കൂര്‍ വൈകിയതോടെ ഈ മത്സരം നീണ്ടുപോയി. ഉച്ചയ്ക്ക് രണ്ടേകാലിനാണ് ഇവിടെ ഉച്ചഭക്ഷണത്തിന് ഇടവേള നല്‍കിയത്. 

അതിനുശേഷവും പെണ്‍കുട്ടികളുടെ മത്സരം തുടര്‍ന്നു. ഇതോടെ മൂന്നുമണിക്ക് നടക്കേണ്ട ആണ്‍കുട്ടികളുടെ ലളിതഗാന മത്സരം മണിക്കൂറുകളോളം വൈകി. 

ചൊവ്വാഴ്ച ഇതേ വേദിയില്‍ മത്സരങ്ങള്‍ വൈകിയത് നേരിയ വാക്കേറ്റത്തിനിടയാക്കിയിരുന്നു. സമയക്രമം പൂര്‍ണമായി തെറ്റിയ സംഗീതാ കോളേജില്‍ വൈകീട്ട് മൂന്നുമണിക്കുള്ള ദഫ്മുട്ട് മത്സരം രാത്രിയായിട്ടും തുടങ്ങാത്തതിനെ മത്സരാര്‍ഥികള്‍ ചോദ്യംചെയ്തു. ചോദ്യം ചെയ്തവര്‍ക്കുനേരെ സംഘാടകര്‍ തട്ടിക്കയറിയതായും ആക്ഷേപമുണ്ട്.

ഉപകരണസംഗീത മത്സരങ്ങള്‍ നടന്ന യൂണിവേഴ്സിറ്റി സംഗീതവിഭാഗം വേദിയില്‍ മത്സരാര്‍ഥികള്‍ കുറവായിട്ടുപോലും പരിപാടികള്‍ സമയത്തിനു നടത്താന്‍ സംഘാടകര്‍ക്കായില്ല. ഇതുകാരണം അഞ്ച് ഇനങ്ങള്‍ നടക്കേണ്ട വേദിയില്‍ വീണ, ചെണ്ട മത്സരങ്ങള്‍ രാത്രിയിലേക്ക് നീണ്ടു.