കേരള സര്‍വകലാശാലയുടെ ഹോസ്റ്റലുകളിലെ ഭക്ഷണശാലകളുടെ ചുമതല വിദ്യാര്‍ഥികളില്‍ നിന്നുമാറ്റി പുറംകരാര്‍ നല്‍കുന്നു. 

ഹോസ്റ്റലുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന റാഗിങ് പരാതികളെ തുടര്‍ന്നാണ് സര്‍വകലാശാല ഹോസ്റ്റല്‍ അവലോകന കമ്മറ്റിയുടെ തീരുമാനം. സര്‍വകലാശാലയുടെ കാര്യവട്ടത്തെ അഞ്ച് ഹോസ്റ്റലുകളിലെ ഭക്ഷണശാലകളുടെ പ്രവര്‍ത്തനം ഏപ്രില്‍ മുതല്‍ പുറത്തുനിന്നുള്ളവര്‍ക്കായിരിക്കും. 

ഇതിനുള്ള നടപടികള്‍ തുടങ്ങി. നിലവില്‍ വിദ്യാര്‍ഥികളില്‍ നിന്നുള്ള കമ്മിറ്റിയാണ് ഭക്ഷണശാല നടത്തിയിരുന്നത്. കാര്യവട്ടത്തെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിനെ സംബന്ധിച്ചാണ് ഈ അധ്യയനവര്‍ഷം നിരന്തരമായ പരാതികള്‍ ഉയര്‍ന്നത്. പുതിയ വിദ്യാര്‍ഥികളെക്കൊണ്ട് ഭക്ഷണശാലയിലെ ജോലികള്‍ ചെയ്യിക്കുന്നു എന്നതായിരുന്നു പ്രധാന പരാതി. 

ഇതിന് തയ്യാറാകാത്തവര്‍ക്ക് ഭക്ഷണം നിഷേധിക്കുക, വസ്ത്രം ധരിപ്പിക്കാതെ നടത്തുക തുടങ്ങിയ പരാതികള്‍ അന്വേഷിക്കാന്‍ സര്‍വകലാശാല അന്വേഷണക്കമ്മിഷനെ നിയോഗിച്ചിരുന്നു. പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയുടെ പരാതിയില്‍ ഹോസ്റ്റലില്‍നിന്ന് ഒരു വിദ്യാര്‍ഥിയെ അഞ്ചുമാസമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ചാണ് പുതിയ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടക്കുന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇവയുടെ ചുമതല വിദ്യാര്‍ഥികളില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത്. 

വഴുതയ്ക്കാട്ടെ വനിതാഹോസ്റ്റലിലെ ഭക്ഷണശാലയുടെ ചുമതല ആറുമാസം മുന്‍പുതന്നെ പുറത്തുള്ളവര്‍ക്ക് നല്‍കിയിരുന്നു. യു.ജി.സി.യും വിദ്യാര്‍ഥികളില്‍ നിന്നും ഈ ചുമതല മാറ്റണമെന്നാവശ്യപ്പെട്ട് ഉത്തരവിറക്കിയിരുന്നു. സി.ഇ.ടി.യില്‍ വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചതിനെത്തുടര്‍ന്ന് ഹോസ്റ്റല്‍ ഭക്ഷണശാലകളുടെ ചുമതല പുറംകരാര്‍ നല്‍കണമെന്ന് കേരളസര്‍ക്കാരും നിര്‍ദേശിച്ചിരുന്നതാണ്. 

അപകടത്തില്‍പ്പെട്ട ജീപ്പ് ഹോസ്റ്റലിലെ ആവശ്യത്തിന് ഉപയോഗിച്ചതാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഈ ഉത്തരവ് പല ഹോസ്റ്റലുകളിലും നടപ്പാക്കാത്തതിനെ ഹൈക്കോടതിയും മുമ്പ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

ഹോസ്റ്റലുകളിലെ ഭക്ഷണശാലകള്‍ക്ക് പുറംകരാര്‍ നല്‍കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജോയിന്റ് രജിസ്ട്രാര്‍മാരായ രാഘവന്‍, ദിലീപ് എന്നിവരെ സര്‍വകലാശാല ചുമതലപ്പെടുത്തിയിരുന്നു. മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഈ സംവിധാനം നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.

ഇതിനെ തുടര്‍ന്നാണ് കാര്യവട്ടത്തെ ഹോസ്റ്റലുകളിലും പുറംകരാര്‍ നല്‍കുന്നത്. പെണ്‍കുട്ടികളുടെ മൂന്ന് ഹോസ്റ്റലുകളും, ആണ്‍കുട്ടികളുടെ രണ്ട് ഹോസ്റ്റലുകളുമാണ് കാമ്പസിലുള്ളത്. 

പരാതികളുടെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥിയെ പുറത്താക്കിയസമയം ശിക്ഷാകാലാവധിയായിക്കണ്ട് തിരിച്ചെടുക്കാനും ഹോസ്റ്റലില്‍നിന്ന് സ്ഥിരമായി പുറത്താക്കാനും ആന്റി റാഗിങ് കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്.