അഖിലേന്ത്യാ അന്തസ്സർവകലാശാല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനമാണ്‌ നേടിയതെങ്കിലും കണ്ണൂരിന്റെ കുട്ടികൾ പന്തുതട്ടിയത്‌ ചരിത്രത്തിലേക്കാണ്‌.  ഒന്നാംസ്ഥാനത്തിന്റെ തിളക്കവുമായാണ്‌ കണ്ണൂർ സർവകലാശാല ടീം മടങ്ങിയെത്തിയത്‌. 
ചരിത്രത്തിലാദ്യമായാണ്‌ കണ്ണൂർ സർവകലാശാല അഖിലേന്ത്യാ അന്തസ്സർവകലാശാല മത്സരത്തിൽ വിജയം നേടുന്നത്. കളിച്ച 14 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീം പരാജയപ്പെട്ടത്. ടൂർണമെന്റിലെ ഭാവിതാരമായി തിരഞ്ഞെടുക്കപ്പെട്ടത് കണ്ണൂരിന്റെ ടീം ക്യാപ്റ്റനായ ഇ.കെ.റിസ്‌വാൻ അലിയെയാണ്.

കെ.സനൽരാജ്, എം.ഇസ്സുദ്ദീൻ, കെ.ഹാരിസ്, കെ.എ.അർജുൻ, പി.വി.സുധിൻ, യു.സൽമാൻ ഫാരിസ് (പയ്യന്നൂർ കോളേജ്), ടി.കെ.അനൂപ് (മാങ്ങാട്ടുപറമ്പ് ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ്), കെ.പ്രണവ്, കെ.വി.സുബിൻ, എ.കമാലുദ്ദീൻ, ഷഹൽ അബ്ദുൾസമദ്, ജുനൈസ് ബാബു, പി.സൗരവ്, വി.ഷിനോയ്, ടി.വി.സഞ്ജയ്, നിധിൻ കൃഷ്ണ, ഇ.കെ.റിസ്‌വാൻ അലി,പി.വി.അനുരാജ്, കെ.ജസീൽ, ഷരുൺ പ്രഭാകരൻ (എസ്.എൻ. കോളേജ്) എന്നിവരാണ് ടീമംഗങ്ങൾ.

ഡിസംബർ അഞ്ചിന് തുടങ്ങിയ പരിശീലന ക്യാമ്പ് 22 വരെ ധർമശാല കെ.എ.പി. ഗ്രൗണ്ടിലും മാങ്ങാട്ടുപറമ്പ് ഗവ. എൻജിനീയറിങ് ഗ്രൗണ്ടിലുമായാണ് നടന്നത്. ടീമിന്റെ മുഖ്യ പരിശീലകൻ കെ.എൻ.അജിത്ത് തലശ്ശേരി ബ്രണ്ണൻ കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റിലെ അസി. പ്രൊഫസറാണ്. ടീം മാനേജർ ആർ.ഡി.നവീൻ (ഗവ. എൻജിനീയറിങ് കോളേജ് മാങ്ങാട്ടുപറമ്പ്‌), അസി. കോച്ച് കെ.യാസിർ (സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ മാങ്ങാട്ടുപറമ്പ്‌).

സൗത്ത് സോൺ അന്തസ്സർവകലാശാല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായത് കണ്ണൂർ സർവകലാശാലാ ടീമാണ്. സൗത്ത് സോണിലെ 100 സർവകലാശാലകൾ മത്സരിച്ച ചാമ്പ്യൻഷിപ്പിലാണ് ടീം റണ്ണറപ്പായത്. സൗത്ത് സോണിൽ മത്സരിച്ച നാല് ടീമുകൾ അഖിലേന്ത്യാ മത്സരത്തിൽ യോഗ്യത നേടി. ആ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയാണ് കണ്ണൂർ അഖിലേന്ത്യാ അന്തസ്സർവകലാശാല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്. സൗത്ത് സോൺ മത്സരത്തിൽ ഒന്നാംസ്ഥാനം കാലിക്കറ്റ് സർവകലാശാലയ്ക്കും മൂന്നാം സ്ഥാനം കേരള സർവകലാശാലയ്ക്കുമാണ് ലഭിച്ചത്.

അഖിലേന്ത്യ അന്തസ്സർവകലാശാല മത്സരത്തിൽ കാലിക്കറ്റ് സർവകലാശാലയാണ് ചാമ്പ്യൻമാർ.  പഞ്ചാബി സർവകലാശാല പട്യാല രണ്ടാം സ്ഥാനം നേടി.സെമി മത്സരത്തിന്റെ അധികസമയത്തിൽ പഞ്ചാബ് പട്യാല സർവകലാശാലയോട് ഒരുഗോളിനാണ് കണ്ണൂർ സർവകലാശാല പരാജയപ്പെട്ടത്. 

അടുത്തടുത്ത ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ ടീം അംഗങ്ങളെ ക്ഷീണിതരാക്കിയെങ്കിലും മികച്ച കൂട്ടായ്മയിൽ അവർക്ക് മൂന്നാംസ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞു എന്ന് ടീമിന്റെ പരിശീലകൻ ആർ.ഡി.നവീൻ പറഞ്ഞു. ഒരു ശരാശരി ടീം ആയിരുന്നിട്ടുകൂടി മികച്ച വിജയം നേടാൻ സഹായിച്ചത് അംഗങ്ങളുടെ ഐക്യമാണ്‌.   കാലിക്കറ്റ് സർവകലാശാലയുടെ മികച്ച ഗ്രൗണ്ടും പരിചയമുള്ള കാലാവസ്ഥയും അവരുടെ വിജയത്തിന് കാരണമായി എന്നും അദ്ദേഹം പറഞ്ഞു.