മൊബൈല്‍ ഫോണിലൂടെ വീട്ടുകാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്(ഐ.ഒ.ടി.) സാങ്കേതിക വിദ്യ കേരളത്തില്‍ പ്രചാരത്തില്‍ വന്നുകഴിഞ്ഞു. വീടിന്റെ നിയന്ത്രണം കൈയിലൊതുക്കുന്ന ഹോം ഓട്ടോമേഷന്‍ സംവിധാനത്തിന്റെ ഈ പുതിയ മുഖത്തിന് തങ്ങളുടേതായ 'വെര്‍ഷന്‍' നല്‍കിയിരിക്കുകയാണ് നാലു പെണ്‍കുട്ടികള്‍. ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. എന്‍ജിനീയറിങ് കോളേജിലെ അവസാന വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനികളാണിവര്‍. 

ഐ.ഒ.ടി. സ്മാര്‍ട്ട് ഹോം എന്ന സാങ്കേതിക സംവിധാനമാണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷനും കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയറും സംയോജിപ്പിച്ചാണിത്. ഇതിലൂടെ വീട്ടില്‍ ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ വീട് നിരീക്ഷിക്കുന്നതോടൊപ്പം പാചകവാതകത്തിന്റെ ഉപയോഗത്തിലേക്കും ശ്രദ്ധിക്കാന്‍ കഴിയും.

സിലിന്‍ഡറിലെ ഇന്ധനത്തിന്റെ അളവ് കുറയുന്നത് മുന്‍കൂട്ടി അറിയിച്ച് പുതിയത് ബുക്ക് ചെയ്യണമെന്ന് മൊബൈല്‍ ഫോണ്‍ അറിയിക്കും. കൂടാതെ അതത് ഗ്യാസ് ഏജന്‍സികളില്‍ ബുക്ക് ചെയ്യുകയും ശേഷം ഇതേപ്പറ്റി  ഉപഭോക്താവിന് വീണ്ടുമൊരു സന്ദേശവും നല്‍കും. ഗ്യാസ് സിലിന്‍ഡറില്‍ ഘടിപ്പിച്ച സെന്‍സര്‍ വഴിയാണ് ഇന്ധനം തീരുന്ന വിവരം ഫോണ്‍ അറിയുന്നത്. 

ഇതു കൂടാതെ വീടിനു പുറത്തു പോകുമ്പോള്‍ മറന്ന കാര്യങ്ങള്‍ ചെയ്യിപ്പിക്കുക (ഉദാ.ഓഫ് ചെയ്യാന്‍ വിട്ടു പോയ ഫാന്‍ ഓഫാക്കുക), തീപ്പിടിത്തം തടയുക തുടങ്ങിയവയും സ്മാര്‍ട്ട് ഹോമിലുണ്ട്. തീപ്പിടിത്തത്തിന്റെ ലക്ഷണം കണ്ടാല്‍ ഉടന്‍ അഗ്‌നിരക്ഷാസേനയുടെ നമ്പരില്‍ വിവരമറിയിക്കുകയും ചെയ്യുമത്രെ. സ്മാര്‍ട്ട് ഹോമിന്റെ സാധ്യതകള്‍ വിപുലമായ രീതിയില്‍ പോലീസ് സ്‌റ്റേഷന്‍, ഫയര്‍ സ്‌റ്റേഷന്‍, ആസ്പത്രി, ഹോട്ടല്‍ എന്നിവിടങ്ങളിലും നടപ്പാക്കാവുന്നതാണെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു.

സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട് ഹോം സ്വന്തമാക്കാം. അരീന ജോയ്, ഡിഷ ഡേവിസ്, കെ.ആര്‍. രേഷ്മ, വി.ജെ. സ്‌റ്റെജി റോസ് എന്നിവരാണ് പ്രോജക്ടിനു പിന്നില്‍. കംപ്യൂട്ടര്‍ സയന്‍സ് മേധാവി ഡോ. എസ്. ബ്രില്ലി സംഗീത, അസി.പ്രൊഫ. കെ.എസ്. നൈസി, എക്‌സ്റ്റേണല്‍ ഗൈഡ് കെ.എ. റിയാസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. പ്രദീപന്‍ എന്നിവര്‍ നേതൃത്വം നല്‍കി.