തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ വാര്‍ഡുകള്‍ക്ക് പുതുജീവന്‍ നല്‍കി ഫോക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍. മെഡിക്കല്‍ കോളേജിലെ ആറ്, ഏഴ് വാര്‍ഡുകള്‍ കോളേജിലെ എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ എത്തി ശുചീകരിച്ചു.

വാര്‍ഡുകളില്‍ കേടായി കിടക്കുകയായിരുന്ന കട്ടിലുകള്‍, വീല്‍ച്ചെയറുകള്‍, സ്‌ട്രെച്ചറുകള്‍ എന്നിവ വിദ്യാര്‍ഥികള്‍ ശരിയാക്കി പെയിന്റിങ് ചെയ്തു. കൂടാതെ വാര്‍ഡുകളുടെ ചുമരുകളും വൃത്തിയാക്കി.

വാര്‍ഡുകള്‍ വൃത്തിഹീനമായി കിടന്നിരുന്നതിനാല്‍ കടുത്ത മൂട്ടശല്യം അനുഭവിച്ചു വരികയായിരുന്നു രോഗികള്‍. മെഡിക്കല്‍ കോളേജിലെ ശ്രമദാനത്തിന് പുറമെ മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ ആരോഗ്യ സര്‍വേയും വിദ്യാര്‍ഥികള്‍ നടത്തിയിരുന്നു. മെഡിക്കല്‍ കോളേജിലെ മൂന്ന് ദിവസത്തെ ശ്രമദാനം ബുധനാഴ്ച സമാപിക്കും.

ആര്‍.എം.ഒ. ഡോ. സി.പി. മുരളി, ഫോക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രിന്‍സിപ്പല്‍ എ.കെ. ഹരിദാസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.എസ്. മെഹ്മൂദ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കി. പ്രോഗ്രാം ഓഫീസര്‍ കെ.എസ്. സന്ദീപ്, ജെറോം ജോസഫ്, ഗീതു വര്‍ഗീസ് എന്നിവര്‍ ശ്രമദാനത്തിന് നേതൃത്വം നല്‍കി.