കോട്ടയം: ഷേക്സ്പിയറിന്റെ മാക്‌ബത്ത്‌, ജയരാജിന്റെ സിനിമയായ ‘വീര’ത്തിലെ ചന്തുവാകുന്നത് കാണാനുള്ള ആകാംക്ഷയിലാണ്‌ കോട്ടയം ബി.സി.എം. കോളേജിലെ പെൺകുട്ടികൾ. ലേഡി മാക്ബത്ത്‌ കുട്ടിമാണിയാകുന്ന, ഡങ്കൻ രാജാവ്‌ ആരോമൽ ചേകവരാകുന്ന സിനിമയാണത്. മാൽക്കവും േഡാണർബെയ്നും ബാങ്കോയുമൊക്കെ കച്ചകെട്ടി, വാളെടുത്ത്‌ സ്ക്രീനിലെത്തുന്നത്‌ കാണാൻ ഇംഗ്ലീഷ് വകുപ്പിലെ വിദ്യാർഥിനികൾ കാത്തിരിക്കുകയാണ്.

ഇംഗ്ളീഷ്‌ വകുപ്പിെന്റ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ സംവിധായകൻ ജയരാജും ആരോമൽ ചേകവരായി വേഷമിടുന്ന ശിവജിത്തിനും സിനിമ കാണുമെന്ന ഉറപ്പ് ഇവർ നൽകി. അതിനുശേഷം ‘വീരം’ സംഘത്തെ ക്ഷണിക്കുമെന്നും വിദ്യാർഥിനികൾ പറഞ്ഞു.  മികച്ച ചോദ്യങ്ങളെറിഞ്ഞും ഫോട്ടോയ്ക്ക്‌ പോസ്‌ ചെയ്തും വിദ്യാർഥിനികൾ പരിപാടി ആഘോഷമാക്കി.

മാക്‌ബത്തിനെ വടക്കൻപാട്ടുമായി ബന്ധിപ്പിച്ചതെങ്ങനെയെന്ന ചോദ്യത്തിന്‌ മുമ്പിൽ ജയരാജ് വാചാലനായി. മാക്ബത്തിനും ചന്തുവിനും സമാനതകളേറെയാണ്‌. രണ്ടു സ്ത്രീകളുടെ സ്വാധീനത്തിൽ പലതും ചെയ്യേണ്ടിവന്നവർ. കളരിയുടെ പശ്ചാത്തലത്തിൽ കഥ പറയാനുള്ള ശ്രമം വിജയമാണോയെന്ന്‌ വിലയിരുത്തേണ്ടത്‌ പ്രേക്ഷകരാണ്‌.

മലയാളത്തിലെ നടൻമാരെ പരിഗണിക്കാതെ ബോളിവുഡിൽ നിന്ന്‌ കുനാൽ കപൂറിനെ കണ്ടെത്തിയതിനെ കുറിച്ചും ചോദ്യമുണ്ടായി. യോദ്ധാവിന്റെ ശരീരപ്രകൃതി പലരിലും അന്വേഷിച്ചു. ഓഡിഷൻ നടത്തിയിട്ടും ചന്തുവിന്‌ വേണ്ട സവിശേഷതകളുള്ളവരെ കണ്ടെത്താനായില്ല. ഉള്ളവരാകട്ടെ കളരി പഠിക്കാൻ ക്ഷമയുള്ളവരുമായിരുന്നില്ല. താരപരിവേഷത്തിൽ പകരക്കാരെ വെച്ച്‌ സിനിമയെടുക്കുന്നത്‌ ആത്മാർഥതയില്ലാത്തതാണെന്ന്‌ തോന്നി. അന്വേഷണം എത്തിയത്‌ കുനാൽ കപൂറിലാണ്‌. 

ആരോമൽ ചേകവരെ അവതരിപ്പിച്ച ശിവജിത്തിനെ ചേർത്തു നിർത്തി അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ഉയരം കൂടുതലായതും സൗന്ദര്യം കൂടിയതുമൊക്കെ ശിവജിത്തിന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തിയതായി തമാശ കലർത്തി ജയരാജ്‌ പറഞ്ഞു. വൈസ്‌ പ്രിൻസിപ്പൽ സിസ്റ്റർ ബെറ്റ്‌സി, വകുപ്പ്‌ മേധാവി റിയ സൂസൻ സ്കറിയ എന്നിവർ പങ്കെടുത്തു.