ചാലക്കുടി: പനമ്പിള്ളി സ്മാരക സര്‍ക്കാര്‍ കോളേജില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ ഡി സോണ്‍ കലോത്സവത്തില്‍ ശ്രീകേരളവര്‍മ കോളേജ് 57 പോയിന്റുകളോടെ ഒന്നാംസ്ഥാനത്ത് തുടരുന്നു. 33 പോയിന്റുകള്‍ നേടിയ തൃശ്ശൂര്‍ സെന്റ് തോമസ് രണ്ടാംസ്ഥാനത്ത്. 31 പോയിന്റുകള്‍ കരസ്ഥമാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് മൂന്നാംസ്ഥാനത്തും 16 പോയിന്റുകളോടെ സഹൃദയ, കൊടകര നാലാംസ്ഥാനത്തുമാണ്.

സാഹിത്യോത്സവത്തില്‍ കേരളവര്‍മയാണ് ഒന്നാമത്-29 പോയിന്റ്. 28 പോയിന്റുകളുമായി സെന്റ് തോമസ് രണ്ടാംസ്ഥാനത്തുണ്ട്. ചിത്രോത്സവത്തില്‍ 29 പോയിന്റുകള്‍ നേടി കേരളവര്‍മ ഒന്നാംസ്ഥാനത്തും 11 പോയിന്റുകള്‍ കരസ്ഥമാക്കിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ രണ്ടാംസ്ഥാനത്തുമാണ്. സംഗീതോത്സവത്തില്‍ വിദ്യ അക്കാദമി, തലക്കോട്ടുകര മുന്നിട്ടുനില്‍ക്കുന്നു (അഞ്ച് പോയിന്റ്). ശ്രീകൃഷ്ണ, ഗുരുവായൂര്‍ രണ്ടാമതാണ് (മൂന്ന് പോയിന്റ്). ചൊവ്വാഴ്ചയോടെ സ്റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തിയായി. സ്റ്റേജിനങ്ങള്‍ വ്യാഴാഴ്ച തുടരും.

ചൊവ്വാഴ്ച നാലിനങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ കേരളവര്‍മ കോളേജിലെ ഒ.എസ്. വിശാഖ് ചിത്രപ്രതിഭയായി. പെന്‍സില്‍ ഡ്രോയിങ്, ഓയില്‍ പെയിന്റിങ്, കാര്‍ട്ടൂണ്‍, വാട്ടര്‍ കളര്‍ എന്നീ ഇനങ്ങളിലാണ് ഒന്നാംസ്ഥാനം നേടിയത്. ക്ലേ മോഡലിങ്ങിലും വിശാഖിന് ഒന്നാംസ്ഥാനമുണ്ട്.