ധ്യാപികയായതുകൊണ്ടായിരിക്കാം ഗുരു-ശിഷ്യബന്ധങ്ങളെക്കുറിച്ച് എപ്പോഴും ചെറിയതല്ലാത്തരീതിയില്‍ ആശങ്കപ്പെടാറുണ്ട്.  എങ്ങനെയാണ് ഒരു ശിഷ്യന്റെ/ശിഷ്യയുടെ ഏറ്റവും മികച്ച ഗുരുവാകുന്നത്? ഏറ്റവുംനല്ല അറിവു പകരുമ്പോഴോ? ഏറ്റവുമടുത്ത് ഒരു സുഹൃത്ത് എന്നപോലെ ഇടപെടുമ്പോഴോ? പണ്ട് കലാമണ്ഡലം സരസ്വതി ടീച്ചറുടെ അടുത്ത് നൃത്തം പഠിച്ചിരുന്ന കാലത്ത്, ഒരു ചുവടുതെറ്റുമ്പോള്‍ കാലില്‍ മുട്ടിവന്നുവീഴും.

ആ നിമിഷം വേദനകൊണ്ട് പിടഞ്ഞുനീറും.  കാല്‍വിരലുകളില്‍നിന്ന് തലയിലേക്കൊരു പെരുപ്പ് ഇരച്ചുകയറും. കണ്ണില്‍ ഇരുട്ടുമൂടും. വേദന കുറച്ചൊക്കെ ദേഷ്യം ഉണ്ടാക്കിയിട്ടുണ്ടാകുമോ? അന്നത്തെ ഇളംമനസ്സിന് അങ്ങനെയെന്തായാലും തോന്നിയിരിക്കാം. പക്ഷേ, പിന്നീടൊരിക്കലും ആ തെറ്റ് ആവര്‍ത്തിച്ചിട്ടില്ല. ഗുരുനല്‍കുന്ന ശിക്ഷ നന്നാവാനുള്ള നന്മ നിറഞ്ഞ ഒരു സ്‌നേഹത്താക്കീതായിരുന്നു.

ജീവിതവഴിയിലെ പ്രതിസന്ധികള്‍ക്കുമുമ്പില്‍ മുട്ടുമടക്കാതിരിക്കാന്‍ ഇത്തരം ചെറിയ ശിക്ഷണങ്ങള്‍ സഹായിച്ചിട്ടുണ്ട് എന്ന് തീര്‍ത്തുപറയാം. നമ്മുടെ പാരമ്പര്യ വിദ്യാഭ്യാസരീതികളില്‍ ഗുരുവിനൊപ്പം താമസിച്ചുകൊണ്ടാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. ശിഷ്യനും ഗുരുവും തമ്മില്‍ അറിവനുഭവങ്ങളുടെ വലിയ അന്തരമുണ്ടായിരുന്നു. ഓരോദിവസവും ഗുരു അറിവുകൊണ്ട് കൂടുതല്‍ കൂടുതല്‍ വളരും.

ഗുരു പകര്‍ന്നു നല്‍കുന്നതിനേക്കാള്‍ അറിവും ജ്ഞാനവും സ്വയം ആര്‍ജിച്ചെടുക്കുന്നതിനേക്കാള്‍ ഒരു കാലത്തും ഗുരുവിനേക്കാള്‍ ശിഷ്യര്‍ വലുതാകുമായിരുന്നില്ല. അല്ലെങ്കില്‍ ഗുരുവിനൊപ്പം നടന്നെത്താന്‍ ശിഷ്യര്‍  അറിവിന്റെ ആയിരംപടികള്‍ കയറിവരണമായിരുന്നു. സമയവും കാലവും സാക്ഷിയായിനടന്ന ഏറ്റവും സ്വാഭാവികമായ ഒരു പ്രക്രിയയായിരുന്നു അന്നൊക്കെ വിദ്യാഭ്യാസം. അത് ജീവിതത്തിന്റെ അര്‍ഥതലങ്ങള്‍, നിരന്തരം മാറ്റിയെഴുതി.

അറിവിന് അവസാനമില്ലാത്ത ഒരു പ്രഹേളികയായതിനാല്‍ ഗുരുവും ശിഷ്യനും അതിനെ ആഴങ്ങളുടെ ആഴത്തില്‍ അറിയാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഗുരുദക്ഷിണ ഗുരുവിനോടുള്ള  ബഹുമാനാദരങ്ങളുടെ സൂചിക മാത്രമായിരുന്നു. ഗുരുത്വം ശിഷ്യന്റെ തലയിലെമാത്രം അനുഗ്രഹത്തലപ്പാവല്ല!. ശിഷ്യത്വം എന്നത് ഗുരുക്കന്മാര്‍  കൈപ്പിടിയിലൊതുക്കേണ്ടുന്ന അധ്യാപനസാധനയാണെന്നത് പുതിയകാലത്തിന്റെ നിയമം!

എന്നാല്‍ കാലം മാറ്റുന്നതിനൊപ്പം കോലവും മാറേണ്ടിവന്നു. ഗുരുശിഷ്യബന്ധത്തിലും ഇത് പ്രകടമായി. പ്രധാനവ്യത്യാസം അധ്യാപകരും ശിഷ്യരും തമ്മിലുണ്ടായിരുന്ന അകലം വലിയതോതില്‍ പുനര്‍ നിര്‍വചിക്കപ്പെട്ടുവെന്നതാണ്. വിദ്യാഭ്യാസനിലവാരം അളക്കുന്നത് പരീക്ഷയിലൂടെ മാത്രമായിരുന്ന കാലത്ത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയിലുണ്ടായിരുന്ന ബന്ധത്തേക്കാള്‍ കടുത്തതായി ഇന്ന് ഇന്റേണല്‍ മാര്‍ക്കുള്ള കാലത്ത് ഗുരുശിഷ്യബന്ധം. മാര്‍ക്കിന്റെ ഏറ്റക്കുറച്ചിലുകളേക്കുറിച്ചുമാത്രം തര്‍ക്കിച്ച് അധ്യാപകരുമായി ഇടയുന്ന വിദ്യാര്‍ഥികള്‍ പതിവു കാഴ്ചയായി.

ഓരോ സ്‌കൂളും കോളേജും യൂണിവേഴ്സിറ്റിയും പലതരത്തിലുള്ള പലവിധ സ്വഭാവമുള്ള ഗുരുക്കന്മാരെക്കൊണ്ട് സമ്പന്നമാണ്. ചിലര്‍  വിദ്യാര്‍ഥികളോട് ഏറെ അടുത്തുനില്‍ക്കുന്നവര്‍. മറ്റുചിലര്‍ വലിയ ഗൗരവക്കാര്‍. ഇനിയും ചിലര്‍ സ്‌നേഹത്തിന്റെ നിറകുംഭങ്ങള്‍. വേറെച്ചിലര്‍ ചിലരോടുമാത്രം സംസാരിക്കുന്നവര്‍. ഇടയ്ക്ക് ചിലര്‍ ജ്ഞാനസമ്പുടങ്ങള്‍... അങ്ങനെയങ്ങനെ...!

ദേവഗിരിയില്‍ ബിരുദപഠനകാലത്ത് ഞങ്ങളെ മാക്ബത്ത് പഠിപ്പിക്കാന്‍ ഒരു ഗസ്റ്റ് അധ്യാപികവന്നു. പഠിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികളുമായി കൂട്ടുകൂടുന്നതിലായിരുന്നു ടീച്ചര്‍ക്ക് കമ്പം. സ്വതവേ അന്തര്‍മുഖരായ എന്നേപ്പോലുള്ളവര്‍ ടീച്ചറുടെ സൗഹൃദവലയത്തിന് നാലയലത്തുവന്നില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ? ടീച്ചര്‍ക്ക് നീരസമുണ്ടായതായിത്തോന്നി. കൂട്ടുചേരലിലെ പക്ഷപാതരീതികള്‍ പലര്‍ക്കും ഉള്‍ക്കൊള്ളാനായതുപോലുമില്ല എന്നത് സത്യം. ഒരിക്കല്‍ അതിവിരസമായ തന്റെ പതിവു മാക്ബെത്ത് ക്ലാസില്‍ ഷേക്സ്പിയറിനെയും കൈവിട്ട് ടീച്ചര്‍ മറ്റു ലോകവിഷയങ്ങളില്‍ കൈവച്ചു.

സ്വന്തം മനോരാജ്യത്തിന്റെ അതിര്‍ത്തിരേഖകളില്‍ പട്ടംപാറിച്ചു. എന്നെപ്പോലെയുള്ളവര്‍ പലവഴി ചിന്തകളില്‍ കുടുങ്ങിക്കുരുങ്ങിക്കിടന്നു. ഞൊടിയിടയില്‍ മാക്ബെത്തിനെ വരട്ടു ഫെമിനിസത്തിന്റെ നിലപാടുതറയില്‍ കയറ്റിനിര്‍ത്തി ടീച്ചര്‍ എന്റെ നേരേ കൈചൂണ്ടി. അപ്രതീക്ഷിതമായതുകൊണ്ട് ഒന്നുമൊന്നും ആദ്യം പിടികിട്ടിയില്ല.

'ആര്യാഗോപിയെന്താ ഒറ്റയ്ക്ക് നില്‍ക്കില്ലേ'. ഇതെന്താ 'ഗോപി'യെന്നത് വാലാണോ?!' വഷളന്‍ ചിരിയില്‍ അസമയത്തെ അനാവശ്യചോദ്യമൊഴുക്കി ടീച്ചര്‍ എന്നെ എഴുന്നേല്പിച്ചു. അച്ഛന്റെ പേര് സ്വന്തം പേരിനോടുചേര്‍ത്തുപറയുന്നത് ഏറ്റവും അഭിമാനമുള്ള കാര്യമാണ്. അതില്‍ അന്നും ഇന്നും തെല്ലും പ്രശ്‌നമൊന്നും തോന്നാത്തതിനാല്‍ ടീച്ചറുടെ ആ ചോദ്യത്തെ അതിന്റെ വഴിക്കുവിട്ട് ഞാന്‍ സ്വതന്ത്രയായി. വിവാഹത്തിന് മുമ്പുംപിമ്പും പേരുമാറ്റിയെഴുതാന്‍ ഒരു മടിയും കാണിക്കാത്തവര്‍ സ്വന്തം വ്യക്തിത്വത്തെത്തന്നെയാണ് ഏതോ വഴക്കങ്ങള്‍ക്കുവേണ്ടി പണയപ്പെടുത്തുന്നതെന്ന് എല്ലാകാലത്തും തോന്നിയിട്ടുമുണ്ട്.

ഗുരുവിന്റെ ചോദ്യങ്ങള്‍ ഒരിക്കലും അസ്ഥാനത്താകരുതെന്ന് അന്നത്തെ ദിവസം പഠിപ്പിച്ചു. കാരണം ഗുരുവിന്റെ ചോദ്യങ്ങള്‍ക്ക് ശിഷ്യരുടെ ജീവിതംകൊണ്ട് മറുപടി പറയേണ്ടിവരുന്ന ദിവസം തീര്‍ച്ചയായും ഭീകരമാകുമെന്നതിനാലാണത്. ഗുരുക്കന്മാരുടെ ഓരോ വാക്കും ശിഷ്യരുടെ ജീവിത്തിലെ ഈടുവെപ്പുകളാകണം. സത്യസന്ധതയും വാത്സല്യവും സ്‌നേഹവും ബഹുമാനവും പരസ്പരം വെച്ചുമാറാന്‍ ഗുരുക്കന്മാര്‍ക്കും ശിഷ്യര്‍ക്കും കഴിയണം. പരിഹസിക്കാന്‍മാത്രമായി വാക്കിനെ മെരുക്കിയെടുത്ത് ആയുധമാക്കരുത്.

രജനി എസ്. ആനന്ദ് മുതല്‍ ജിഷ്ണുപ്രണോയി വരെ നമ്മുടെ വിദ്യാഭ്യാസ കച്ചവടങ്ങള്‍ക്ക് ഇരയായവര്‍ നിരവധിയാണ്. ഇവരുടെയൊക്കെ മരണത്തില്‍ ആര്‍ക്കൊക്കെയാണ് പങ്കുള്ളത്. ഇത് പോലീസും സര്‍ക്കാറും മാത്രം അന്വേഷിക്കേണ്ട കാര്യമാണോ? ഈ മരണങ്ങള്‍ ഗുരു-ശിഷ്യബന്ധത്തെക്കുറിച്ച് വലിയ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ഒരാള്‍ പഠിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നത് വിദ്യാര്‍ഥിയുടെ സ്വകാര്യ അവകാശമായി കാണണമെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ വിദ്യാര്‍ഥിക്ക് പഠിക്കാന്‍ താത്പര്യമില്ലാത്ത വിഷയം ഭീമമായ ഫീസുകൊടുത്ത് അവനെക്കൊണ്ട് നിര്‍ബന്ധിച്ച് പഠിപ്പിക്കുമ്പോള്‍ അത് ഏതൊരു നിക്ഷേപവുംപോലെ തിരിച്ചുപിടിക്കാനുള്ള ഉപാധിയാകും. താന്‍ കാശുമുടക്കിയിട്ടുള്ള ഒരു മുതലാണ് തന്റെ മകന്‍/മകള്‍ എന്ന് ചിന്തിക്കുന്ന അച്ഛന്‍ സ്വന്തം മക്കളുടെ സ്വാഭാവിക അവകാശത്തെക്കാള്‍ മുടക്കുന്ന പൈസയുടെ തിരിച്ചു പിടിത്തത്തില്‍ വിശ്വസിക്കാനാകും കൂടുതല്‍ സാധ്യത.

അതുകൊണ്ട് പഠനത്തില്‍ അത്രയൊന്നും മിടുക്കരല്ലാത്തവര്‍ പണംകൊടുത്ത് പഠിക്കുന്നതാണെങ്കിലും നമ്മുടെ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കൂടുതല്‍ അച്ചടക്കവും അതിലേറെ അടിമത്തവുംപേറുന്ന സ്ഥാപനങ്ങളായി മാറുന്നത്. അവിടങ്ങളിലെ ഗുരുശിഷ്യബന്ധങ്ങള്‍ക്ക് മരണത്തിന്റെയും ചതിയുടെയും ഗന്ധമുണ്ടാകുന്നത്.  വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളെവരെ മറന്നുപോകുന്നുവെന്നതാണ് ഈ വിദ്യാഭ്യാസക്കച്ചവടത്തിന്റെ വലിയപ്രശ്‌നം.
ഒരു കോടി മുടക്കി പഠിക്കുന്നവര്‍ പത്തുകോടി തിരിച്ചുപിടിക്കണമെന്നത് കമ്പോളത്തിന്റെ നീതിബോധമാണ്.

അത് വിദ്യാഭ്യാസംപോലെ സകല ഭാവനകളെയും മനുഷ്യനെത്തന്നെയും സൃഷ്ടിക്കുന്ന ഇടങ്ങളിലേക്ക് കടന്നുവരുമ്പോഴാണ് സാധാരണക്കാര്‍ നിസ്സഹായരായി പോകുന്നത്. കമ്പോളത്തിന്റെ നീതികള്‍ക്കുപുറത്ത് ശാസ്ത്രവും കലയും സാമൂഹികശാസ്ത്രവും പഠിപ്പിക്കുന്നയിടങ്ങളായി നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളെ മാറ്റിയെടുക്കണമെങ്കില്‍ വിദ്യാര്‍ഥിയുടെയും അധ്യാപകരുടെയും സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. അറിവു പകരല്‍മാത്രമല്ല മൂല്യചിന്തകളുടെ ഒരവകാശംകൂടി കാട്ടിത്തരുന്നതാവണം വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. ഗുരുവിന്റെ ആേലാചനാവൃത്തത്തില്‍ അഹംഭാവത്തിന്റെയോ അജ്ഞതയുടെയോ പക്ഷപാതരീതികളുടെയോ അവിവേകങ്ങള്‍ പൂക്കാതിരിക്കട്ടെ. ശിഷ്യര്‍ക്ക് സ്വപ്നങ്ങളും ഭാവനകളും കൂട്ടിക്കലര്‍ത്തി ഇഷ്ടമുള്ള വിഷയം ഏതെന്നും തിരഞ്ഞെടുക്കാനുള്ള പ്രാപ്തിയെങ്കിലും നേടിയെടുക്കാന്‍ രക്ഷിതാക്കള്‍ രക്ഷയാകട്ടെ!