- കാമ്പസുകളുടെ നൊമ്പരമായി ജിഷ്ണു പ്രണോയ്
ജനുവരി അഞ്ചിനായിരുന്നു പാമ്പാടി നെഹ്റു എന്‍ജിനിയറിംഗ് കോളേജ് ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിഷ്ണുവിന്റേത് തൂങ്ങിമരണമല്ലെന്നും മാനേജ്മെന്റ് അധികൃതര്‍ കൊലപ്പെടുത്തിയതാണെന്നുമായിരുന്നു കേസുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നത്. പിന്നീട് കേരളം കണ്ടത് അടുത്ത കാലത്തൊന്നും കാണാത്ത വിദ്യാഭ്യാസ സമരവും തന്റെ മകന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരമ്മയുടെ സമരത്തിന് സമൂഹം ഒന്നടങ്കം പിന്തുണ അര്‍പ്പിക്കുന്നതുമായിരുന്നു. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൊണ്ടുള്ള പ്രശ്നമായിരുന്നു ജിഷ്ണു പ്രണോയിയോട് മാനേജ്മെന്റിന് വിരോധമുണ്ടാവാന്‍ കാരണമെന്നായിരുന്നു രക്ഷിതാക്കള്‍ ആരോപിച്ചത്. എന്നാല്‍ ഒരു തൂങ്ങിമരണം എന്നതിലേക്ക് കേസ് അവസാനിപ്പാക്കാനായിരുന്നു കോളേജ് അധികൃതരുടെ നീക്കം. ഇതിനായി പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പോലും ശരിയായി നടത്തിയില്ല.
കാമ്പസില്‍ ഇടിമുറിയുണ്ടെന്നും ഇതില്‍ എത്രയോ വിദ്യാര്‍ഥികളുടെ ചോര ചിതറിയിട്ടുണ്ടെന്നും ജിഷ്ണുവിനും ഇത്തരത്തിലുള്ള പീഢനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ തന്നെ തുറന്ന് പറഞ്ഞിട്ടും കോളേജിനെതിരെ ഒരു നടപടിയുമെടുക്കാന്‍ ബന്ധുപ്പെട്ടവര് തയ്യാറായിട്ടില്ല. മകന്റെ മരണത്തിന് ഉത്തരവാദി നെഹ്റു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസ് അടക്കമുള്ളവരാണെന്നായിരന്നു ബന്ധുക്കളുടെ ആരോപണം. പക്ഷെ കൃഷ്ണദാസിനെതിരേ കാര്യമായി ശബ്ദമുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പോലും തയ്യാറായില്ല. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് അമ്മയും അച്ഛനും അമ്മാവനുമടങ്ങുന്ന സംഘം തിരുവനന്തപുരം ഡിജിപി ഓഫീസിന് മുന്നിലേക്ക് പോയതും ജിഷ്ണുവിന്റെ അമ്മയെ പോലീസ് റോഡിലൂടെ വലിച്ചഴിക്കുന്ന കാഴ്ചയും 2017 ന് മറക്കാന്‍ കഴിയില്ല. സഹോദരന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ കോഴിക്കോട് വളയത്തെ വീട്ടില്‍ ദിവിസങ്ങളോളം നിരാഹാരം കിടന്നതും 2017-ലെ സമര ചരിത്രത്തില്‍ മുഴച്ച് നില്‍ക്കുന്നുണ്ട്.
- തങ്കലിപികളില്‍ എഴുതി ലോ അക്കാദമി സമരം
ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശം നഷ്ടപ്പെടുത്തുന്നുവെന്നും വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നുവെന്നും പറഞ്ഞുമായിരുന്നു വിദ്യാര്‍ഥികള്‍ പ്രധാനമായും പെണ്‍കുട്ടികള്‍ തിരുവനന്തപുരം ലോ അക്കാദമി കോളേജില്‍ സമരത്തിന് തുടക്കമിട്ടത്. പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ് തുടങ്ങിയ സമരം 28 ദിവസത്തോളം നീണ്ട് നിന്നു. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ അവഗണിച്ച സമരം പിന്നീട് കേരളം ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്.
രാജിയില്ലെന്ന് ലക്ഷ്മിനായരും രാജിവെക്കാതെ പിന്നോട്ടില്ലെന്ന് വിദ്യാര്‍ഥികളും നിലപാടെടുത്തതോടെ കേരളം ഇതുവരെ കാണാത്ത സമരത്തിന് കാമ്പസ് സാക്ഷ്യം വഹിച്ചു. കോളേജ് ഗേറ്റിനുമുന്നില്‍ സമരം ചെയ്യുന്ന സംയുക്ത വിദ്യാര്‍ഥിസംഘടനകള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയനേതാക്കളും എത്തിയതോടെ സമരം കൂടുതല്‍ ശക്തമായി. അക്കാദമിയുടെ ഓഫീസ് പ്രവര്‍ത്തനംപോലും തടസ്സപ്പെട്ടു. ഇതോടെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഹൈക്കോടതിയുടെ സഹായംതേടി.
ലോ അക്കാദമിയിലെ അപ്രഖ്യാപിത രാഷ്ട്രീയനിരോധനം പിന്‍വലിക്കുക,നവമാധ്യമങ്ങളിലെ വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാതിരിക്കുക, വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. ഇതിനിടെ മരത്തില്‍ കയറി വിദ്യാര്‍ഥി ആത്മഹത്യാ ശ്രമം നടത്തുന്നത് വരെ സമരമെത്തി. ഒടുവില്‍ ഗത്യന്തരമില്ലാതെ ലക്ഷ്മിനായര്‍ക്ക് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടി വന്നു.
- ലോ അക്കാദമി-ഒരു രണ്ടാം പെമ്പിളൈ ഒരുമൈ സമരം
28 ദിവസത്തോളം നീണ്ട് നിന്ന സമരത്തിന് മുന്‍പന്തിയിലുണ്ടായിരുന്നത് കോളേജിലെ ആര്യ, ജസ്റ്റിന്, ആശ എന്നീ മൂന്ന് പെണ്കുട്ടികളായിരുന്നുവെന്നതാണ് ഇതില്‍ ഏറെ ശ്രദ്ധേയം. ഒപ്പം അറുപതോളം മറ്റ് പെണ്‍കുട്ടികളും.
മൂന്നാറില്‍ ഒരിക്കല്ക്കേട്ട അതിജീവനത്തിന്റെ സ്ത്രീകൂട്ടായ്മയായി മാറി ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ സമരം. അസംഘടിതരായ പെണ്‍കുട്ടികള്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ അതിനു മുഴക്കമേറി. ഒന്നു പകച്ചെങ്കിലും മൂന്നാറിന്റെ പാഠമുള്‍ക്കൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും ഓടിയെത്തി. ലോ അക്കാദമി സമരത്തില്‍, ഈ പെണ്‍കുട്ടികളുടെ ത്യാഗത്തിന്റെ കഥയും ഉരുകിച്ചേര്ന്നിരിക്കുന്നുണ്ടായിരുന്നു. അത് രാഷ്ട്രീയമോ സംഘബോധമോ അല്ല. അവഗണനകളിലും അവഹേളനങ്ങളിലും മനുഷ്യത്വവിരുദ്ധതകളിലും വ്രണിതരായവരുടെ കൂടിച്ചേരലിന്റെ തീക്കാറ്റാറി മാറി.
സമരമുഖത്തുനിന്നു പിന്മാറണമെന്നും വീട്ടിലേക്കു തിരികെയെത്തണമെന്നുമുള്ള രക്ഷിതാക്കളുടെ ഉഗ്രശാസനകള്‍ക്കു നടുവിലാണ് ഈ പെണ്‍കുട്ടികളില്‍ പലരും സമരത്തിനിറങ്ങിയത്. വീട്ടുകാര്ക്കുമേല് സമ്മര്‍ദങ്ങളുമായി 'സമരംപൊളിക്കാന്‍' രംഗത്തിറങ്ങിയവരുണ്ട്. പിന്തിരിപ്പിക്കലുകളും പരിഹാസങ്ങളും വേറെ. പരീക്ഷക്കാലമായതിനാല്‍ ഇവരുടെ ഭാവിതന്നെ അനിശ്ചിതത്വത്തിലായി മാറിയിരുന്നു. എതിര്‍പ്പുകള്‍ കനത്തെങ്കിലും സമരത്തില്‍നിന്നു പിന്മാറില്ലെന്ന ഈ പെണ്‍കുട്ടികളും ഉഗ്രശപഥം പോയവര്‍ഷം മുഴങ്ങിക്കേട്ടു.
- കാമ്പസ് രാഷ്ട്രീയത്തിന് കൂച്ചുവിലങ്ങിട്ട് ഹൈക്കോടതി
നെറികേടുകളോട് ഒരിക്കലും സമരസപ്പെടാന്‍ ഒരുക്കമല്ലാത്ത കാമ്പസ് രാഷ്ട്രീയത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടത് അത്യന്തം ഗൗരവത്തോടെയാണ് പോയവര്‍ഷം കേട്ട് നിന്നത്. പൊന്നാനി എം.ഇ.എസ് കോളേജ് മാനേജ്മെന്റിന്റെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചായിരുന്നു കാമ്പസ് രാഷ്ട്രീയത്തിന് കൂച്ചുവിലങ്ങിട്ട് ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടത്. സമരം നടത്തേണ്ടവര്‍ കോളേജുകളിലല്ല, മറിച്ച് മറൈന്‍ ഡ്രൈവോ മറ്റ് പൊതു സ്ഥലങ്ങളോ തിരഞ്ഞെടുക്കുകയാണ് വേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്. വലിയ ചര്‍ച്ചകള്‍ക്ക് ഇത് വഴിവെച്ചെങ്കിലും ഇതിനെതിരെ കാര്യമായ ശബ്ദും പുതിയ കാലത്തെ കാമ്പസുകളില്‍ നിന്ന് പോലും ഉയര്‍ന്ന് വന്നില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്.
വിദ്യാര്‍ഥിപ്രസ്ഥാനങ്ങള്‍ അവയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്ന് ഇടയ്ക്കിടെ വ്യതിചലിക്കുകയും കക്ഷിരാഷ്ട്രീയ പ്രവണതകള്‍ക്ക് വിധേയരാവുകയും അക്രമവാസന പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് കാമ്പസ് രാഷ്ട്രീയത്തോട് പലരിലും എതിര്‍പ്പുയര്‍ന്നത്.
ശക്തമായ പൊതു രാഷ്ട്രീയ നിലപാടുകള്‍ വിദ്യാര്‍ഥിസംഘടനകള്‍ സ്വീകരിച്ചുപോന്നിരുന്ന 1960-കള്‍ മുതല്‍ 1980-കളുടെ ആദ്യവര്ഷങ്ങള്വരെ കാമ്പസ് രാഷ്ട്രീയം കേരളത്തില്‍ എതിര്‍ക്കപ്പെട്ടിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അര്‍ഥവത്തായ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ സ്ഥാനത്ത് വിഭാഗികമായ 'കക്ഷിരാഷ്ട്രീയം' കടന്നുവന്നപ്പോഴാണ് വിദ്യാര്ഥിസംഘടനകള്ക്കെതിരായ മനോഭാവം സമൂഹത്തിലുണ്ടായത്.
ഈ വസ്തുത പരിഗണിക്കുമ്പോള്‍ കക്ഷിരാഷ്ട്രീയം എന്നു വ്യവഹരിക്കപ്പെടുമ്പോഴും ഉള്ളടക്കത്തില്‍ അരാഷ്ട്രീയമായ പ്രവര്‍ത്തനശൈലി വിദ്യാര്‍ഥിനേതാക്കളില്‍ പലരും സ്വീകരിച്ചു. ന്യായമായ ആവശ്യങ്ങള്‍ക്കായി നടത്തുന്ന സമരങ്ങള്‍പോലും ചിലപ്പോഴൊക്കെ അക്രമത്തിലേക്ക് വഴുതിപ്പോയി.
ചില അനഭിലഷണീയ പ്രവണതകളുടെ പേരില്‍ കാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നത് കൂടുതല്‍ ഗുരുതരങ്ങളായ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരാന്‍ കാരണമാവും. അതിവേഗം ജാതിമതവത്കരിക്കപ്പെട്ടുവരുന്ന കേരളത്തില്‍ അതിനെതിരേ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കേണ്ട യുവസമൂഹത്തെ ഫലത്തില്‍ നിഷ്ക്രിയമാക്കുന്നതിന് കാമ്പസ് രാഷ്ട്രീയ നിരോധനം കാരണമാവും.
മാത്രമല്ല വിദ്യാഭ്യാസമേഖലയില്‍ ശക്തിപ്രാപിച്ചുവരുന്ന സ്വകാര്യവത്കരണ, കച്ചവടവത്കരണ പ്രവണതകളെയും അതിന് നേതൃത്വംകൊടുക്കുന്ന സ്ഥാപിതതാത്പര്യങ്ങളെയും എതിര്‍ത്തുതോല്പിച്ച് സമൂഹികനീതി നിലനിര്‍ത്തുന്നതിനുള്ള ചാലകശക്തിയാവേണ്ട ചുമതലയും വിദ്യാര്ഥിപ്രസ്ഥാനങ്ങള്ക്കുണ്ട്.
- വേണം സ്വയംവിമര്‍ശനം
വിദ്യാര്‍ഥിസംഘടനകള്‍ സ്വയംവിമര്‍ശനം നടത്തി അവയെ ബാധിച്ചിട്ടുള്ള പ്രതിലോമപ്രവണതകളെ തിരസ്കരിക്കണം. കോളേജ് മാനേജ്മെന്റുകള്‍ വിദ്യാര്‍ഥിസംഘടനകളുടെ പ്രസക്തി മനസ്സിലാക്കുകയും സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുക്കുകയും ചെയ്തുകൊണ്ട് അവയോടുള്ള സമീപനം മാറ്റാന്‍ തയ്യാറാവണം.
അങ്ങനെ ചെയ്തില്ലെങ്കില്‍ രണ്ടുതരത്തിലുള്ള പ്രവണതകളാവും സമീപഭാവിയില്‍ കാമ്പസുകളില്‍ പ്രത്യക്ഷപ്പെടുക. വിദ്യാര്‍ഥിസംഘടനകള്‍ക്ക് ഇപ്പോള്‍ത്തന്നെ പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ള സ്വാശ്രയ കോളേജുകളിലും മാനേജ്മെന്റുകളുടെ കര്ശനനിയന്ത്രണത്തിലുള്ള എയ്ഡഡ് കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ സാമൂഹിക യാഥാര്ഥ്യങ്ങളില്നിന്നെല്ലാം മാറി വ്യക്തിവാദം, വര്‍ഗീയത, സ്വാര്‍ഥത തുടങ്ങിയ സാമൂഹിക തിന്മകള്ക്ക് വിധേയരാവും. വിദ്യാര്‍ഥിസംഘടനകളുടെ പ്രവര്‍ത്തനം ഏതാനും സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളിലായി പരിമിതപ്പെടും.
സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങളില്‍നിന്നുള്ള കുട്ടികളാണ് ഇത്തരം കോളേജുകളില്‍ പഠിക്കുന്നവരില്‍ കൂടുതലും. ഇന്നത്തെ രീതിയിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങളും സമരരീതികളും തുടര്‍ന്നാല്‍ അത് ഈ വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. അവര്‍ക്ക് സമൂഹത്തില്‍ ഉയര്‍ന്നുവരാനുള്ള സാധ്യതയില്ലാതാവും.
ഈ ദു:സ്ഥിതിയില്‍നിന്ന് കേരളത്തിലെ വിദ്യാര്‍ഥിസമൂഹത്തെ രക്ഷപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെപ്പറ്റി ഇനിയുള്ള സമയത്ത് ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ഥിസംഘടനകളുടെ ഭരണഘടനയും പ്രവര്ത്തനപരിപാടിയുമനുസരിച്ച് അവയെ വിദ്യാര്‍ഥികളുടെ പൊതു ജനാധിപത്യവേദികളായി പ്രവര്‍ത്തിക്കാന്‍ കോളേജ് മാനേജ്മെന്റുകള്‍ അനുവദിക്കണം. സംഘടനാതത്ത്വങ്ങളില്നിന്ന് വ്യതിചലിക്കാതിരിക്കാന്‍ വിദ്യാര്‍ഥിസംഘടനകള്‍ ജാഗ്രതകാട്ടണം.
- ജനസേവനത്തിന്റെ മാതൃക കാണിച്ച് ശ്രീറാം വെങ്കിട്ടരാമന്
ദേവികളം സബ് കളക്ടറായിരിക്കെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്തതിന് സര്‍ക്കാരിന്റെ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വിധേയമായ ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് 2017-ലെ മറക്കാനാവാത്ത യുവജനങ്ങളില്‍ ഒരാളാണ്.
മൂന്നാറിലും സമീപ പ്രദേശങ്ങളിലും അടുത്ത കാലത്ത് ഉണ്ടായ മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്ന ശ്രീറാമിന്റെ ശക്തമായ നടപടികള്‍ക്ക് വലിയ പിന്തുണയാണ് പൊതുജനങ്ങളിള്‍ നിന്നും ലഭിച്ചത്. ഇത് ഇടത് സര്‍ക്കാരിലെ പ്രധാന ഘടകക്ഷികള്‍ക്കിടയില്‍ പോലും തുറന്ന പോരിന് കാരണമായി.
വൈദ്യുത മന്ത്രി എം.എം മണി അടക്കമുള്ളവര്‍ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നു. എന്നാല്‍ റവന്യൂവകുപ്പ് ശക്തമായ പിന്തുണയും ശ്രീറാമിന് നല്കി. ചിന്നക്കനാല്‍ വില്ലേജില്‍ പെട്ട പാപ്പാത്തിച്ചോലയില്‍ പ്രാര്‍ത്ഥനാ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള താല്‍ക്കാലിക ആരാധനാലായവും കോണ്‍ക്രീറ്റ് തറയില്‍ സ്ഥാപിച്ചിരുന്ന കുരിശും ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ പൊളിച്ച് നീക്കിയത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. ഇതോടെ മുഖ്യമന്ത്രി തന്നെ ശ്രീറാമിനെതിരെ വിമര്‍ശനമുന്നയിച്ചു. ഉന്നത തല യോഗത്തില്‍ ശകാരവര്‍ഷം തന്നെ നടന്നു. സര്‍ക്കാരിനെ അറിയിക്കാതെ കുരിശുപൊളിക്കല്‍ പോലുള്ള നടപടികളുമായി മുന്നോട്ട് പോയാല്‍ വേറെ പണി നോക്കേണ്ടി വരുമെന്ന് വരെ ശ്രീറാമിന് കേള്‍ക്കേണ്ടി വന്നു. ഒടുവില്‍ ജൂലൈ അഞ്ചിന് ശ്രീറാമിനെ മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
- അഭിമാനമായി സുരഭി ലക്ഷ്മി
അനില്‍ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലെ വേഷത്തിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സുരഭി മലയാളത്തിലെത്തിച്ചത്. മികച്ച നടിക്കായി മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ദേശീയ പുരസ്കാരമാണ് സുരഭിയുടേത്. ശാരദ, മോനിഷ, ശോഭന, മീരാ ജാസ്മിന് എന്നിവരായിരുന്നു ഇതിന് മുമ്പ് പുരസ്കാരത്തിന് അര്‍ഹരായവര്‍. ഒടുവില്‍ 13 വര്‍ഷത്തിന് ശേഷം 2017-ല്‍ മിന്നാമിനുങ്ങിലൂടെ സുരഭിയും ദേശീയ പുരസ്കാരം മലയാളത്തിലെത്തിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേകം പരാമര്‍ശം മാത്രം ലഭിച്ചപ്പോഴാണ് ഇതേ സിനിമയക്ക് ദേശീയ പുരസ്കാരം കിട്ടിയത് എന്നതും സുരഭിയെ സംബന്ധിച്ച പ്രത്യേകതയുള്ളതായിരുന്നു.
എം.80 മൂസയിലെ പാത്തുവായി മലയാളി വീട്ടമ്മമാരുടെ ഇഷ്ട നടിയായി മാറിയ സുരഭി കോഴിക്കോടന്‍ നാടന്‍ ഗ്രാമീണ ശൈലിയിലുള്ള സംസാരത്തിലൂടെയാണ് ഏറെയും ശ്രദ്ധേയമായത്. മകള്‍ക്കുവേണ്ടി ജീവിതം മാറ്റിവെച്ച വിധവയായ ഒരമ്മയുടെ കഥാപാത്രമാണ് മിന്നാമിനുങ്ങില്‍ സുരഭി അവതരിപ്പിച്ചത്. മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം, ദേശീയ അവാര്‍ഡ് എന്നിവയും പോയവര്‍ഷം ഈ നരിക്കുനിക്കാരിയെ തേടിവുന്നു.