തിരുവനന്തപുരം ലോ അക്കാദമി, പാമ്പാടി നെഹ്രു എന്‍ജിനീയറിങ് കോളേജ്, മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ വലിയ വിദ്യാര്‍ഥി സമരങ്ങള്‍ അരങ്ങേറി.

പലപ്പോഴും കലാലയ സംവിധാനത്തിന്റെ പുറത്തേക്ക് സമരവും ചര്‍ച്ചയും കടന്നു പോകുന്നു. ചര്‍ച്ചകള്‍ പുറത്തേക്ക് പോകുന്നതു കൂടാതെ അതിനു പ്രതിവിധി ഉണ്ടാകാതെ നീണ്ടു പോകുന്നതായും കണ്ടുവരുന്നു.  

കേരളത്തിലെ വിദ്യാഭ്യാസ മേഖല രണ്ടു തരത്തിലുള്ള പ്രതിസന്ധികള്‍ക്കു നടുവിലാണ്. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ മികവുള്ള അധ്യാപകരുണ്ടെങ്കിലും അവിടത്തെ അന്തരീക്ഷം പലപ്പോഴും വിദ്യാര്‍ഥികളുടെ പഠനത്തിനു സുഗമമല്ലെന്നതാണ് ഒന്നാമത്തേത്.

അധ്യാപക, വിദ്യാര്‍ഥി രാഷ്ട്രീയ അതിപ്രസരം പഠനസാഹചര്യം മോശമാക്കുന്നു. രണ്ടാമത്തേത് സ്വാശ്രയസ്ഥാപനത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും കോളജ് ഭരണസംവിധാനവും തമ്മിലുള്ള പ്രശ്നമാണ്. വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുന്ന കൈകളാണ് അവിടെയുള്ളത്. ഈ പ്രതിസന്ധികള്‍ക്കാണ് പരിഹാരം കാണേണ്ടത്.

campus

ഒരു കലാലയത്തിന്റെ ഉയര്‍ച്ചയും നിലനില്‍പ്പും പ്രധാനമായി നിര്‍ണയിക്കുന്നത് അവിടത്തെ അക്കാദമിക് മികവും പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികളുമാണ്. അതിനാല്‍ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ മാനേജ്മെന്റ് സംവിധാനം കൂടുതല്‍ ശ്രമം നടത്തണം.  അതിന് തുടക്കത്തില്‍ത്തന്നെ ശ്രമിക്കാത്തതാണ് കലാലയങ്ങളിലെ വിദ്യാര്‍ഥി പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ പ്രധാന കാരണം.

അധ്യാപകരില്‍നിന്ന് വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ വ്യവസ്ഥയിലേക്കുള്ള മാറ്റമെന്ന നിലയിലാണ് ശില്പശാലയും അസൈന്‍മെന്റുമൊക്കെ പഠനപ്രക്രിയയുടെ ഭാഗമാക്കിയത്.  ഒരു വ്യക്തിയുടെ പഠനമികവും മറ്റുമാണ്ഇന്റേണല്‍ വിലയിരുത്തല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ കേവലം മാര്‍ക്ക് കേന്ദ്രീകൃതമായ പഠനവ്യവസ്ഥ പലപ്പോഴും ഇന്റേണല്‍ വിലയിരുത്തലിനെ സ്വാധീനിക്കുന്നു. ഇന്റേണല്‍ സമ്പ്രദായം വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകാനാണ് അവതരിപ്പിച്ചതെങ്കിലും നിലവിലെ സാഹചര്യം അതിനു വിപരീതമാണ്.

നല്ല മനുഷ്യനാകാനുള്ള സാഹചര്യം കാമ്പസിലുണ്ടായാല്‍ മാത്രമേ യുവത്വത്തിന് പൊതുനന്മയ്ക്കായി ഭാവി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയൂ.   കോളേജുകളിലെ ബാഹ്യമായ ഇടപെടല്‍ പഠനാന്തരീക്ഷത്തിനു തടസ്സം മാത്രമാണുണ്ടാക്കുന്നത്. പഠനത്തോടൊപ്പം വിദ്യാര്‍ഥികളുടെ സാംസ്‌കാരിക, മാനസിക വളര്‍ച്ചയ്ക്കും കലാലയങ്ങളില്‍ സാഹചര്യമുണ്ടോയെന്ന് ചര്‍ച്ച ചെയ്യപ്പെടണം.

campus

വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ മനസിലാക്കി കോളേജ് ഭരണ സംവിധാനത്തെ കാലാകാലങ്ങളില്‍ അറിയിക്കാന്‍ അധ്യാപക-രക്ഷിതാക്കളും വിദ്യാര്‍ഥി പ്രതിനിധികളും ശ്രമിക്കണം.  അതിനു കോളേജ്  മാനേജ്മെന്റ് പ്രതിവിധി ഉണ്ടാക്കുകയും വേണം.

കോളേജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ മാതാപിതാക്കളുടെ ശക്തമായ ഇടപെടലും ഉറപ്പാക്കണം. പലപ്പോഴും കോളേജ് മീറ്റിങ്ങുകളില്‍ 25% മാതാപിതാക്കള്‍ പോലും പങ്കെടുക്കാത്ത അവസ്ഥയാണ് പല കോളേജിലും നിലനില്‍ക്കുന്നത്. ഈ അവസ്ഥയ്ക്കും മാറ്റമുണ്ടാകണം. 

 തൃശ്ശൂര്‍ സെന്റ് തോമസ് കോളജ് ഫിസിക്സ് അധ്യാപകനാണ് ലേഖകന്‍