Cambuzzജനാധിപത്യസംവിധാനത്തിന്റെ ചെറുമാതൃകകളാണ് സര്‍വകലാശാലാ, കോളേജ് കാമ്പസുകളിലെ വിദ്യാര്‍ഥി യൂണിയനുകള്‍. എന്നാല്‍, മറ്റെല്ലാ രംഗങ്ങളിലുമെന്നതുപോലെ കാമ്പസുകളിലും പെണ്‍കുട്ടികള്‍ പിന്നാക്കം പോകുന്നുവെന്നതിന് തെളിവാണ് യൂണിയനുകളിലെ പെണ്‍കുട്ടികളുടെ പങ്കാളിത്തം. 

കാലിക്കറ്റ് സര്‍വകലാശാലാ യൂണിയനില്‍ 393 യൂണിയന്‍ കൗണ്‍സിലര്‍(യു.യു.സി.)മാരാണുള്ളത്. ഇവരിലെ പെണ്‍സാന്നിധ്യം 72. കാമ്പസിന്റെ ശബ്ദം സര്‍വകലാശാലയില്‍ എത്തിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ വെറും 19 ശതമാനമേ പെണ്‍കുട്ടികളുള്ളൂ. സംവരണ സീറ്റുകള്‍ക്ക് അപ്പുറത്തേക്ക് സാന്നിധ്യം അറിയിക്കുന്ന പെണ്‍കുട്ടികള്‍ വിരളം.
ഒമ്പത് വനിതാകോളേജുകള്‍ ഒഴിച്ചാല്‍, മറ്റ് മൂന്ന് കോളേജുകളില്‍ മാത്രമേ പെണ്‍കുട്ടികള്‍ ചെയര്‍പേഴ്സണ്‍ പദവിയില്‍ വരുന്നുള്ളൂ. എട്ട് അല്ലെങ്കില്‍ ഒമ്പത് അംഗങ്ങള്‍ അടങ്ങിയ ഒരു വിദ്യാര്‍ഥി യൂണിയനില്‍ രണ്ട് സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്യപ്പെട്ടവയാണ്. ജനറല്‍ സീറ്റുകളിലേക്ക് മത്സരിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം വളരെ കുറവാണ്.
രാഷ്ട്രീയത്തോടുള്ള വിമുഖതയും കുടുംബത്തില്‍നിന്നുള്ള എതിര്‍പ്പുകളും പഠനത്തെ ബാധിക്കുമോ എന്ന ആകുലതയും പെണ്‍കുട്ടികള്‍ കലാലയരാഷ്ട്രീയത്തില്‍നിന്ന് സ്വയം പിന്‍വലിയാന്‍ കാരണമാകുന്നു. 

എങ്കിലും ഇന്ത്യയിലാദ്യമായി മുഴുവന്‍ സീറ്റുകളിലും പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍വകലാശാലാ യൂണിയന്‍ കേരളത്തിലാണ് എന്നതും ചേര്‍ത്തുവയ്ക്കേണ്ട വസ്തുതയാണ്. ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ മുഴുവന്‍ സീറ്റുകളിലും പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കപ്പെട്ടത്. 

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ നയിക്കുന്നത് ഒരു പെണ്‍കുട്ടിയാണ് എന്ന കാര്യവും ശ്രദ്ധേയമാണ്. എങ്കിലും കാമ്പസുകളിലെ ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക്, ആനുപാതികമായ പ്രാതിനിധ്യം വിദ്യാര്‍ഥി യൂണിയനുകളിലും ലഭിക്കേണ്ടതുണ്ട്.

അത്തരം പെണ്‍ശബ്ദങ്ങള്‍ക്കായി നമ്മുടെ കാമ്പസുകള്‍ കാതോര്‍ത്തിരിക്കുകയാണ്‍ കേവലം സംവരണസീറ്റുകളിലേക്ക് ഒതുങ്ങിപ്പോവേണ്ടവരല്ല പെണ്‍കുട്ടികള്‍. പെണ്‍കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ , നിലപാടെടുക്കാന്‍ കരുത്തുറ്റ പെണ്‍നേതൃത്വം മുന്നോട്ടുവരേണ്ടതുണ്ട്. മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ്'.

(ലേഖിക കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍പേഴ്സണാണ്)