universityതിനാറ് വര്‍ഷത്തോളം നൃത്തത്തെ പ്രണയിച്ച മാളവിക മോഹന്‍ ചുവട് വെച്ചുകയറിയത് കലാതിലക പട്ടത്തിലേക്ക്. കാലിക്കറ്റ് സര്‍വകലാശാല ഡി-സോണ്‍ മത്സരത്തില്‍  കലാതിലകമണിഞ്ഞ മാളവികയ്ക്ക് ഇന്റര്‍സോണ്‍ മത്സരത്തിലാണ് ഇനി ശ്രദ്ധ. കഴിഞ്ഞ വര്‍ഷം നിസാര പോയിന്റുകള്‍ക്ക് കലാതിലക പട്ടം കൈവിട്ടപ്പോള്‍ അല്പം വിഷമിച്ചെങ്കിലും ഇക്കുറി പിടിച്ചുകയറി..

ഇഷ്ടയിനങ്ങളായ മോണോ ആക്ടിലും നാടോടി നൃത്തത്തിലും കുച്ചിപ്പുഡിയിലുമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. പഴഞ്ഞി മാര്‍ ഡയനിഷ്യസ് കോളേജിലെ അവസാന വര്‍ഷ ബി.സി.എ. വിദ്യാര്‍ഥിനിയായ മാളവിക ഇപ്പോള്‍ പരീക്ഷാ ചൂടിലാണ്. സര്‍വകലാശാല പരീക്ഷയില്‍ മികച്ച വിജയം നേടി എം.സി.എ. പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കണം.

ഇന്റര്‍ സോണ്‍ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കണം, നൃത്തവിദ്യാലയം സ്ഥാപിക്കണം,  അറിയപ്പെടുന്ന നാട്യകലാകാരിയാകണം....അങ്ങനെ പോകുന്നു മാളവികയുടെ കൊച്ചുകൊച്ചു ആഗ്രഹങ്ങള്‍. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് നൃത്തം പഠിക്കാന്‍ പുറപ്പെട്ടതുതന്നെ.

2010-12 സി.ബി.എസ്.ഇ. കലോത്സവത്തില്‍ മോണോ ആക്ടിലും നാടോടി നൃത്തത്തിലും ഒന്നാം സ്ഥാനം മാളവികയ്ക്കായിരുന്നു. അച്ഛന്‍ മോഹനന്‍, അമ്മ ഷീല, ഗള്‍ഫിലുള്ള സഹോദരന്‍ മഹേഷ് പി. നായര്‍ എന്നിവരുടെ പിന്തുണ മാളവികയുടെ ആഗ്രഹങ്ങള്‍ക്ക് കൂടുതല്‍ നിറമേകുന്നു.