മാര്‍ച്ചിന്റെ കാമ്പസ് വഴിയിലൂടെ കനംതൂങ്ങുന്ന കണ്ണുകളുമായാണ് അന്ന് നടന്നത്, പി.ജി. അവസാന വര്‍ഷം. അത് യാത്രാമൊഴികളുടെ സമയമായിരുന്നു. പോകും മുമ്പ് മനസ്സിലുടക്കിയതെല്ലാം സ്നേഹാക്ഷരങ്ങളായി താളുകളിലേക്ക് പകര്‍ത്തണം. എന്റെ കൈയില്‍ നാലഞ്ചു ഡയറികളുണ്ടായിരുന്നു. എഴുതാനുള്ളതും, കൊടുക്കാനുള്ളതും. പക്ഷേ, ഇന്ന്....17 വര്‍ഷത്തിനിപ്പുറം കാഴ്ചകള്‍ മാറി.

ചേച്ചിയുടെ മകള്‍ ഡിഗ്രി അവസാനവര്‍ഷക്കാരിയായി. സെന്റ് ഓഫ്, ഫെയര്‍വെല്‍ തുടങ്ങി ഒരുപിടി പരിപാടികള്‍ക്കു മുന്നോടിയായി ഫൈനല്‍ ഇയര്‍ ടൂര്‍ കഴിഞ്ഞ് വീട്ടിലെത്തിയതാണവള്‍. വിശേഷം പറച്ചിലിനൊടുവില്‍ കൗതുകത്തോടെ ഞാന്‍ തിരക്കി. 'അപ്പോഴിനി അടുത്തത് ഓട്ടോഗ്രാഫെഴുത്തായിരിക്കുമല്ലേ?' അനവസരത്തില്‍ കേട്ട ഏതോ ഒരു തമാശപോലെ, അദ്ഭുതം കൂറിയ മിഴികള്‍ തുറന്നടച്ച് അവള്‍ പറഞ്ഞു.

'അയ്യേ... അതൊക്കെ പഴഞ്ചന്‍ ഏര്‍പ്പാടല്ലേ.. ഇപ്പോ ആരാ കുത്തിപ്പിടിച്ചിരുന്ന് മൂന്നാലു പേജൊക്കെ എഴുതാ. എല്ലാവരുടേയും കൈയില്‍ ക്യാമറയുണ്ട്. ഒറ്റ ക്ലിക്കില്‍ ഫോട്ടോ കിട്ടും.  എങ്ങനെ വേണമെങ്കിലും പോസ് ചെയ്യാം. ആല്‍ബം ഉണ്ടാക്കി അപ്ലോഡ് ചെയ്യാം, ഡൗണ്‍ലോഡ് ചെയ്യാം, ടാഗ് ചെയ്യാം. പോരാത്തതിന് ആഘോഷമായി ഞങ്ങള്‍ സെല്‍ഫീം എടുക്കുന്നുണ്ട്.' പോസ് ബട്ടന്‍ അമര്‍ത്തിയ പോലെ നിശ്ചലയായി ഇരുന്നു ഞാന്‍.

ഇനിയെന്തു പറയാന്‍? പറഞ്ഞാല്‍തന്നെ അവള്‍ക്കെന്തു മനസ്സിലാവാന്‍? സെല്‍ഫിയില്ലാക്കാലത്ത് ഒരു കാമ്പസുണ്ടായിരുന്നെന്ന് പറഞ്ഞാല്‍ അതിശയോക്തി ആവുമോ? അക്ഷരങ്ങളുടെ ക്ലിക്കിലൂടെ മാത്രം പല വര്‍ണചിത്രങ്ങള്‍ പിറന്നിരുന്നുവെന്നറിഞ്ഞാല്‍ സെല്‍ഫി പുള്ളകള്‍ക്ക് എന്താവും തോന്നുക?

campus

ചിതറിക്കിടപ്പുണ്ട് പല ചിരികള്‍ എന്റെ ഓട്ടോഗ്രാഫ് താളുകളില്‍. അതിലൊന്ന് കറുകറുത്തൊരു തേള്‍ കരണ്ട് കരണ്ട് കീമോയുടെ ഒടുക്കം പോരാടി വീണ കൂട്ടുകാരിയുടെ ചിരിയാണ്. ലോഭമില്ലാത്ത നന്മകള്‍ വിദ്യാര്‍ഥികള്‍ക്കു നേര്‍ന്ന നന്ദന്‍ മാഷിന്റേയും ഷൈലജ ടീച്ചറുടേയും വരികളുണ്ട് പി.ജി. ഓട്ടോഗ്രാഫില്‍. അകാലത്തില്‍ പോയ അവരുടെ കൈപ്പട കാണുമ്പോള്‍ ആര്‍ത്തിരമ്പി വരും അക്ഷരങ്ങളുടെ കരിയിലക്കാലം. അന്നത്തെ സ്വപ്നങ്ങള്‍..

സംഘം ചേരലുകള്‍.. വില്ലത്തരങ്ങള്‍.. പാട്ടുകള്‍.. ചുവര്‍പത്രങ്ങള്‍.. ഒറ്റദിവസം കൊണ്ട് സിലബസ് പഠിച്ച് തകര്‍ത്തെഴുതിയ പരീക്ഷകള്‍, മരച്ചുവടുകളിലെ ഇളംതണുപ്പുകള്‍.. ദാര്‍ശനിക വ്യഥകള്‍....ഹോസ്റ്റല്‍മുറികളിലെ കളിചിരികള്‍.... ഒക്കെയും എഴുതിക്കൂട്ടിയിട്ടുണ്ട് പലരും പലതായി. ഊഷ്മളമായ മറ്റൊരോര്‍മ ഒരു പ്രീഡിഗ്രി കാലത്തോളം പുറകോട്ടു പോകുന്നു. വെക്കേഷനു ചിറ്റേടെ വീട്ടില്‍ നില്‍ക്കാന്‍ ചെന്നതാണ് ഞാന്‍.

ഇരുന്നു ബോറടിച്ചപ്പോള്‍ പുസ്തകങ്ങള്‍ തിരക്കി മച്ചിന്‍പുറത്തെ തടിപ്പെട്ടിക്കടുത്തെത്തി. പൊടിപിടിച്ച കുറച്ചു പുസ്തകങ്ങള്‍ക്കു കീഴെ ചിറ്റേടെ പേരെഴുതിയ മഞ്ഞയും നീലയും കടലാസ്സുള്ള ഒരു ചെറുപുസ്തകം കണ്ണിലുടക്കി. താളുകള്‍ മറിച്ചപ്പോള്‍ അതിലൊന്നില്‍ ഒട്ടിച്ചു ചേര്‍ത്തൊരു മയില്‍പ്പീലി കണ്ടു. താഴെയിത്ര മാത്രം. 'യാത്ര പറയാനാവുന്നില്ല...

selfie

ഒരിക്കലും ഉച്ചരിക്കപ്പെടാതെപോയ വാക്കുകളുടെ ഒരു കടല്‍ ഉള്ളിലാര്‍ത്തിരമ്പി ചിതറിത്തെറിക്കുന്നു...'ചുവടെ നീട്ടി വരച്ച കലാപരമായ ഒരു ഒപ്പ്. പേരില്ല! ജിജ്ഞാസ കൊണ്ടെനിക്കിരിക്കാന്‍ പറ്റാതായി. ഒരു ഭൂതകാലം കൈയോടെ പിടികൂടിയ കുറുമ്പുമായി രണ്ടു മക്കളുടെ അമ്മയുടെ അടുത്ത് ചെന്ന് തിരക്കി 'അതേയ്..

ഈ എഴുത്തിന്റെയുടമയെ ഓര്‍മയുണ്ടോ? ഒട്ടും ഇഷ്ടപ്പെടാത്ത ഭാവത്തില്‍ പുരികം ചുളിച്ച്, പുസ്തകം പിടിച്ചു വാങ്ങി ചിറ്റ ശാസിച്ചു.' ഓഹോ, നീ പുരാവസ്തു ഗവേഷണത്തിന് വന്നതാണോ. ഓരോന്ന് കണ്ടുപിടിച്ചോളും. നിരാശപ്പെടാതെ, കൗമാരക്കാരിയുടെ ചാപല്യങ്ങളോടെ ചിറ്റയോട് പറ്റിക്കൂടി കൊഞ്ചി.

'പറ ചിറ്റേ.. നല്ല ചിറ്റയല്ലേ...'. ആയിരത്തൊന്നു രാവുകള്‍ പ്രതീക്ഷിച്ചു നിന്ന എന്നെ ഒറ്റവരിയില്‍ ചിറ്റയൊതുക്കി. 'ദാ അങ്ങോട്ട് ചെല്ല്.. ചായേം കുടിച്ച്, പത്രോം വായിച്ച് പൂമുഖത്തിരിപ്പുണ്ട് എഴുത്തുകാരന്‍.' കണ്ണു തള്ളുക എന്ന വാക്കിന്റെയര്‍ത്ഥം ശരിക്കുമെനിക്ക് മനസ്സിലായത് അന്നാണ്.

ചിറ്റ കലമുടച്ച മിണ്ടാപ്പൂച്ചയാണെന്ന രഹസ്യവും അരസികനെന്ന് കരുതിയ 'ആര്‍ക്കിടെക്റ്റ് അങ്കിള്‍' സകലകലാവല്ലഭനുമായിരുന്നെന്ന സത്യവും തിരിച്ചറിഞ്ഞത് പഴയ ആ ഓട്ടോഗ്രാഫ് താളില്‍ നിന്നാണ്.

വീട്ടിലെ തടിയലമാരയുടെ പുറകിലെ കള്ളിയില്‍ ഒരു ബിഗ് ഷോപ്പറിനുള്ളില്‍ പിണങ്ങിയിരിക്കുന്നുണ്ട് എന്റെ ഓട്ടോഗ്രാഫുകള്‍!  ആ താളുകളിലുള്ളവര്‍ ഏറെയുമിപ്പോള്‍ എഫ്.ബി.യിലുണ്ട്, ഗ്രൂപ്പിലുണ്ട്. സ്‌കൂള്‍ ഫ്രന്‍ഡ്സിനൊന്ന്, കോളേജ് ഫ്രന്‍ഡ്സിന് വേറൊന്ന്, ക്ലോസ് ഫ്രന്‍ഡ്സിന് മാത്രമൊന്ന് എന്ന രീതിയില്‍ വാട്ട്സ് ആപ്പില്‍ നിറയുന്നു... ചാറ്റും... ഫോര്‍വേഡും, പിന്നെ ഇമോജീസ് കൊണ്ടുള്ള വിസ്ഫോടനങ്ങളും..

അതിന്റെ സുഖവും സൗകര്യവുമൊന്നും കാണാതിരിക്കുന്നില്ല. തള്ളിപ്പറയുന്നുമില്ല. എന്നാലും.. വേനലിലെ മഴ പോലെ, പഴയൊരു ഇഷ്ടഗാനം പോലെ, പ്രിയമുള്ളൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പോലെ, ചില മുഹൂര്‍ത്തങ്ങളില്‍ മാത്രം ആക്സ്മികമായി കണ്ടെടുത്ത്, തണുപ്പണിയാനായി, എവിടെയോ ആരൊക്കെയോ മറന്നു വച്ചിട്ടില്ലേ കഥകളുറങ്ങുന്ന ഓര്‍മപ്പുസ്തകങ്ങള്‍! അതിനുള്ളിലുറങ്ങുന്നില്ലേ ചെറുതരി സുഖമുള്ളൊരു നോവ്... 'ഉണ്ടോ നിങ്ങളുടെ കൈയില്‍ അത്തരമൊരു ഓര്‍മപ്പുസ്തകം ?'