ദോഹ: രാജ്യത്തിന്റെ സാംസ്‌കാരികഗ്രാമമായ കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ ചുമരുകള്‍ക്ക് ചാരുതയേകി ഏഴംഗ ഇന്ത്യന്‍സംഘം. ഖത്തറിന്റെ കലയും സംസ്‌കാരവും പൈതൃകവും അതേപടി കത്താറയുടെ ചുമരുകളില്‍ പതിപ്പിച്ചാണ് അഞ്ചു മലയാളികള്‍ ഉള്‍പ്പെട്ട ഏഴംഗസംഘം ചിത്രരചന പൂര്‍ത്തിയാക്കിയത്. കത്താറയുടെ രണ്ടാമത് ചുവര്‍ച്ചിത്ര കലാപദ്ധതിയില്‍ പങ്കെടുത്ത 16 രാജ്യങ്ങളില്‍നിന്നുള്ള അമ്പത്തിനാല് ചിത്രകാരന്മാരില്‍ ഇന്ത്യയുടെ അഭിമാനമു യര്‍ത്താന്‍ ഈ ഏഴുപേരും സജീവമായിരുന്നു.

കൊല്ലം സ്വദേശിയായ ഡോ. ശ്രീകുമാര്‍ പത്മനാഭന്‍, കണ്ണൂര്‍ക്കാരനായ മഹേഷ് കുമാര്‍, കോഴിക്കോട് സ്വദേശികളായ സലിം അബ്ദുല്ല, രജീഷ് രവി, സീന ആനന്ദ്, വടക്കേ ഇന്ത്യക്കാരായ സവിത ജഖാര്‍, അര്‍ച്ചന ഭരദ്വാജ് എന്നിവരാണ് കത്താറയിലെ ചുമരുകളില്‍ വര്‍ണം ചാര്‍ത്തിയത്. മോശം കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും കലാകാരന്മാരുടെ മനസ്സിനെ കീഴ്‌പെടുത്തുന്നതില്‍ മഴയുംകാറ്റും പരാജയപ്പെട്ടു.

ഏഴംഗ സംഘത്തില്‍ ഡോ. ശ്രീകുമാര്‍, മഹേഷ് കുമാര്‍, സലിം അബ്ദുല്ല, സവിത എന്നിവര്‍ ആദ്യമായാണ് കത്താറയുടെ ചുവര്‍ച്ചിത്രകലാപദ്ധതിയില്‍ പങ്കെടുക്കുന്നത്. സര്‍ക്കാരിന്റെ പദ്ധതിയില്‍ അംഗമാകാന്‍ലഭിച്ച അപൂര്‍വ അവസരത്തിലൂടെ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ ചിത്രകാരന്മാരെ പരിചയപ്പെടാനും അനുഭവങ്ങള്‍ പങ്കുവെക്കാനും കഴിഞ്ഞെന്ന് സംഘം പറയുന്നു.

ചെറിയ കാന്‍വാസില്‍നിന്ന് വലിയകാന്‍വാസിലേക്ക് ഉയരത്തില്‍ നിന്നുള്ള ചിത്രരചനയും കാലാവസ്ഥയും ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും പരമാവധി ആസ്വദിച്ചാണ് സൃഷ്ടികള്‍ പൂര്‍ത്തിയാക്കിയത്. വിഷ്വല്‍ ആര്‍ട്ടിസ്റ്റ് ഫോറം ഓഫ് ഇന്ത്യയിലെ (വാഫി) അംഗങ്ങളാണ് ഏഴുപേരും.

qatar

ഡോ. ശ്രീകുമാര്‍
മൂന്ന് വയസ്സുമുതല്‍ നിറങ്ങളെ പ്രണയിച്ച് തുടങ്ങിയതാണ് ഡോ. ശ്രീകുമാര്‍ പത്മനാഭന്‍. കലാകുടുംബത്തിലെ അംഗമായതിനാലാകാം ചിത്രകലയില്‍ അക്കാദമിക് പഠനമില്ലാതെതന്നെ നൈസര്‍ഗികമായ കഴിവിലൂടെ സ്വായത്തമാക്കിയ വേറിട്ടശൈലിയാണ് ശ്രീകുമാറിനെ കലാകാരന്മാര്‍ക്കിടയില്‍ വ്യത്യസ്തനാക്കുന്നതും. കലാലയജീവിതത്തില്‍ കലാപ്രതിഭാപട്ടം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍നേടിയ ശ്രീകുമാര്‍ അന്തരിച്ച ചലച്ചിത്രനടി മാവേലിക്കര പൊന്നമ്മയുടെ ചെറുമകന്‍കൂടിയാണ്.

കാഴ്ചകളും പ്രമേയങ്ങളും വരയ്ക്കുന്നതിനേക്കാള്‍ ശ്രീകുമാറിനിഷ്ടം ജീവന്‍തുടിക്കുന്ന റിയലിസ്റ്റിക് പോര്‍ട്രെയ്റ്റുകളാണ്. അക്രിലിക്കും ജലച്ചായവുമെല്ലാം ഉപയോഗിക്കുമെങ്കിലും എണ്ണച്ചായാചിത്രങ്ങളോടാണ് ഏറെ പ്രിയം. പ്രവാസത്തിനിടെ അറേബ്യന്‍ കുതിരകളും ഫാല്‍ക്കണുകളുമെല്ലാം കാന്‍വാസില്‍ ഇടംപിടിച്ചെങ്കിലും വ്യക്തികളുടെ ചിത്രങ്ങളാണ് കൂടുതലുംവരയ്ക്കുന്നത്. അക്രിലിക്-ഓയില്‍ മിശ്രിതത്തിലാണ് കൂടുതല്‍രചനകളും. മൂന്നാംവയസ്സില്‍ തുടങ്ങിയ കലാജീവിതത്തിനിടെ ഇതിനകം നാലായിരത്തോളം ചിത്രങ്ങളാണ് വരച്ചത്.

ശ്രദ്ധേയമായ നിരവധി പ്രദര്‍ശനങ്ങളും ശില്പശാലകളും നടത്തിയിട്ടുണ്ട്. കൊല്ലം സ്വദേശിയായ ശ്രീകുമാറിന്റെ പ്രവാസം യു.എ.ഇ.യില്‍നിന്ന് ഖത്തറിലെത്തിയപ്പോഴാണ് കൂടുതല്‍ സജീവമായത്. 2012-ലും 13-ലും ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളില്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

ഭാര്യ ഹേമയുടേയും മക്കളായ അര്‍ജുന്‍, ധ്രുവ് എന്നിവരുടെയും പ്രോത്സാഹനമാണ് ജോലിത്തിരക്കിനിടയിലും ചിത്രരചനയില്‍ സജീവമാകാന്‍ കഴിയുന്നതിനുപിന്നില്‍. ഖത്തര്‍ പെട്രോളിയത്തിലെ മെഡിക്കല്‍ ഓഫീസറാണ് ഡോ. ശ്രീകുമാര്‍.

സീന ആനന്ദ്
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനിയായ സീന ആനന്ദ് ആര്‍ട്ട് ഗാലറിയിലെ ശ്രദ്ധേയായ ചിത്രകാരിയാണ്. ഇത് രണ്ടാംതവണയാണ് ചുമര്‍ച്ചിത്രകലാപദ്ധതിയില്‍ പങ്കെടുക്കുന്നത്. സങ്കീര്‍ണവും ആര്‍ദ്രവുമായ ചരിത്ര മുഹൂര്‍ത്തങ്ങളും പ്രാചീനതയുടെ സൗന്ദര്യവുമാണ് സീനയുടെ കാന്‍വാസില്‍വിരിയുന്നത്. അക്രിലിക്, ഓയില്‍, വാട്ടര്‍ കളര്‍, പെന്‍സില്‍ തുടങ്ങി ഏത് മാധ്യമമായാലും ജീവന്‍ തുടിക്കുന്നവയാണ് സീനയുടെ ഓരോചിത്രങ്ങളും. ഖത്തറിന്റെ സമ്പന്നമായ സാംസ്‌കാരികപൈതൃകമാണ് സീനയുടെ കാന്‍വാസില്‍ കൂടുതലും പതിയുന്നത്.
 

മഹേഷ്‌കുമാര്‍
ഖത്തര്‍ മ്യൂസിയത്തിലെ ഗ്രാഫിക് ഡിസൈനറായ കണ്ണൂരുകാരന്‍ മഹേഷ് കുമാറിന് റിയലിസ്റ്റിക് രചനകളാണ് ഏറെയിഷ്ടം. കത്താറയിലെ ചുമര്‍ചരചിത്ര കലാപദ്ധതിയിലുടെ നിരവധി ചിത്രകാരന്മാരെ പരിചയപ്പെടാന്‍ കഴിഞ്ഞതായി മഹേഷ് പറഞ്ഞു. അക്രിലിക്കും ഓയില്‍പെയിന്റുമെല്ലാം മാധ്യമമാക്കാറുണ്ടെങ്കിലും ജലച്ചായത്തില്‍ കൂടുതല്‍ പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് മഹേഷ്. ഖത്തറിന്റെ സംസ്‌കാരവും സമുദ്രായനജീവിതവുമെല്ലാം മഹേഷിന്റെ കാന്‍വാസില്‍ പതിഞ്ഞുകഴിഞ്ഞു. കത്താറയിലെ പരമ്പരാഗത ഉരു പ്രദര്‍ശനമേളയില്‍ നടന്ന പെയിന്റിങ് മത്സരത്തില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ മഹേഷ് നിരവധി ഗ്രൂപ്പ് പ്രദര്‍ശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ വനിതാ ആസ്​പത്രിയിലെ ഉദ്യോഗസ്ഥയാണ് ഭാര്യ മിനി. മക്കള്‍: കാര്‍ത്തിക, കൃഷ്ണ.

സവിത ജാഖര്‍
ജന്മംകൊണ്ട് ഹരിയാണക്കാരിയാണെങ്കിലും ഫ്രാന്‍സിന്റെ ചിത്രകാരിയാണ് സവിത. ഹരിയാണയിലെ മോഹന്‍ബാരിയാണ് സവിതയുടെ ദേശം. ആര്‍ട്ട് തെറാപ്പിസ്റ്റു കൂടിയായ സവിത ഖത്തറില്‍ നിരവധിപ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. വാക്കുകളേക്കാള്‍ ചിത്രങ്ങളിലൂടെ ജീവിതം വരച്ചുകാട്ടുമ്പോള്‍ അതിലൂടെ ഒരുവ്യക്തിയെ സുഖപ്പെടുത്താനും ജീവിതപരിവര്‍ത്തനത്തിലേക്കുമുള്ള വഴികള്‍തുറക്കാനും കഴിയുമെന്നാണ് സവിതയുടെ ഭാഷ. അമൂര്‍ത്ത ചിത്രങ്ങളാണ് സവിത കൂടുതലായും വരയ്ക്കുന്നത്. ഫ്രഞ്ച് കമ്പനിയില്‍ ഉദ്യോഗസ്ഥനായ ഗജേന്ദ്ര സിങ് ഗണ്ടാഷാണ് ഭര്‍ത്താവ്. മക്കള്‍ കാവ്യാ സിങ്, പുരു സിങ്.

സലിം അബ്ദുല്ല
ആദ്യമായി കത്താറ ചുമര്‍ച്ചിത്രകലാപദ്ധതിയില്‍ പങ്കെടുത്തതിന്റെ അനുഭവം അവിസ്മരണീയമാണെന്ന് സലിം അബ്ദുല്ലയും പറയുന്നു. ഖത്തറിന്റെ സംസ്‌കാരവും പൈതൃകവും സൗന്ദര്യവും ക്യാമറക്കണ്ണുകളില്‍ മാത്രമല്ല കാന്‍വാസിലേക്കുകൂടി പകര്‍ത്തുകയാണ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍കൂടിയായ സലിം അബ്ദുല്ല. എണ്ണച്ചായാ ചിത്രങ്ങളാണ് കൂടുതലും വരയ്ക്കുന്നത്.

വര്‍ഷങ്ങള്‍ക്കുമുമ്പ് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രദര്‍ശനത്തിനിടെ സലിമിന്റെ ചിത്രങ്ങള്‍ക്ക് പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ അംഗീകാരംലഭിച്ചതാണ് ചിത്രരചനാജീവിതത്തില്‍ ഏറ്റവും വലിയ പുരസ്‌കാരം. കത്താറയിലെ പരമ്പരാഗത ഉരു പ്രദര്‍ശന മേളയില്‍നടന്ന പെയിന്റിങ് മത്സരത്തില്‍ മൂന്നാംസ്ഥാനം സലിമിനായിരുന്നു. നിരവധിപ്രദര്‍ശനങ്ങളില്‍ ശ്രദ്ധേയമായ ചിത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ റുബീന. യാഫീന്‍, ഡാന എന്നിവരാണ് മക്കള്‍.

രജീഷ് രവി
കത്താറയിലെ ചുവര്‍ച്ചിത്രപദ്ധതിയില്‍ മാത്രമല്ല ചിത്രരചനാ പ്രദര്‍ശനങ്ങളിലും കോഴിക്കോട് വടകര സ്വദേശി രജീഷ് രവി സജീവമാണ്. കഴിഞ്ഞതവണയേക്കാള്‍ വ്യത്യസ്തമായി ഇത്തവണ മഴ വില്ലനായത് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും മികച്ച അനുഭവമാണ് ഇത്തവണയും ഉണ്ടായതെന്ന് രജീഷ് പറഞ്ഞു. സൂഖ് വാഖിഫിലെ ആര്‍ട്ട് ഗാലറിയിലെ കലാകാരനാണ് രജീഷ്. പോര്‍ട്രെയ്റ്റുകളോടാണ് രജീഷിന് താത്പര്യം. ചിത്രകലയില്‍ കൂടുതല്‍വ്യത്യസ്തങ്ങളായ പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് രജീഷ്.

അര്‍ച്ചന ഭരദ്വാജ്
ഉത്തര്‍പ്രദേശിന്റെ ചിത്രകാരിയായ അര്‍ച്ചന കഴിഞ്ഞ വര്‍ഷം ചുമര്‍ച്ചിത്രകലാപദ്ധതിയില്‍ പങ്കെടുത്തതിന്റെ അതേ ആവേശത്തിലാണ് ഇത്തവണയും കത്താറയുടെ ചുമരുകളില്‍ വര്‍ണംചാര്‍ത്തിയത്. സൂഖ് വാഖിഫ് ആര്‍ട്ട് സെന്ററിലെ കലാകാരിയാണ് അര്‍ച്ചന.

ഒട്ടനവധിപ്രദര്‍ശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ലളിതകലയില്‍ ബിരുദധാരിയായ അര്‍ച്ചന ഇത്തവണ ഖത്തറിന്റെ സാംസ്‌കാരികത പ്രതിഫലിപ്പിക്കുന്ന റിയലിസ്റ്റിക് ചിത്രമാണ് വരച്ചത്. അക്രലിക്കും ഓയില്‍ പെയിന്റുമെല്ലാം മാധ്യമാക്കാറുണ്ടെങ്കിലും വാട്ടര്‍ കളറിലാണ് പ്രധാനമായും ചിത്രങ്ങള്‍വരയ്ക്കുന്നത്. ഭര്‍ത്താവ് അരവിന്ദ് കുമാര്‍ ഭരദ്വാജ് ഖത്തര്‍ എയര്‍വേയ്‌സില്‍ ജോലിചെയ്യുന്നു. രണ്ട് മക്കളാണ് അര്‍ച്ചനയ്ക്കുള്ളത്.

ജീവന്‍തുടിക്കുന്ന ചിത്രങ്ങളാണ് ഓരോ ചിത്രകാരന്മാരുടേയും കാന്‍വാസില്‍വിരിയുന്നത്. പ്രവാസി കലാകാരന്മാര്‍ക്ക് സര്‍ക്കാര്‍നല്‍കുന്ന പിന്തുണ വളരെ വലുതാണെന്ന് ഏഴുപേരും ഒരേസ്വരത്തില്‍ പറയുന്നു. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ജീവനുള്ളചിത്രങ്ങള്‍ കാന്‍വാസിലേക്ക് പകര്‍ത്തി ചിത്രരചനയില്‍ കൂടുതല്‍ പരീക്ഷണങ്ങളും വ്യത്യസ്തതകളും തങ്ങളുടേതായശൈലിയില്‍ യാഥാര്‍ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഏഴംഗസംഘം.