സാധാരണക്കാരായ അസാധാരണ മനുഷ്യര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. തന്റെ സ്വപ്നങ്ങളും കഴിവുകളും സമന്വയിപ്പിക്കുന്നവര്‍. എന്നാല്‍ പലര്‍ക്കും വേണ്ടത്ര അംഗീകാരം ലഭിക്കാറില്ല. എന്നാല്‍ അത്തരം ആളുകളുടെ കഴിവുകളും ആശയങ്ങളും കണ്ടെത്തി പ്രോത്സാഹിപ്പിക്കാനായാല്‍ അതു അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറും.
 
തന്റെ കഴിവുപയോഗിച്ച് അങ്ങനെ ചില നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് മോഡല്‍ മേക്കറായ അജിത്. വൃത്തിയുള്ള തെരുവോരങ്ങള്‍, കെ.എസ്.ആര്‍.ടി.സി നവീകരണം, ചേരിപ്രദേശങ്ങളിലെ ആളുകള്‍ക്ക് കെട്ടുറപ്പുള്ള വീടുകള്‍- ഇവയെല്ലാം അജിത്തിന്റെ സ്വപ്നങ്ങളില്‍പ്പെടും. വെറും സ്വപ്നമല്ല. ഇതൊക്കെ നടപ്പാക്കാന്‍ ചില ആശയങ്ങളും അജിത്തിന്റെ കൈയിലുണ്ട്. ആ ആശയത്തിലെത്തും മുമ്പ് അജിത്തിലെ മോഡല്‍ മേക്കറെ പരിചയപ്പെടാം. 
 
മോഡല്‍ മേക്കിങ് ഒരു അപൂര്‍വ്വത അല്ല. എന്നാല്‍ പരിശീലനം ലഭിക്കാതെ, കുട്ടിക്കാലം മുതലുള്ള ഒരു വിനോദം കോഴിക്കോടുകാരനായ അജിത്തിനെ മോഡല്‍ മേക്കിങ് മേഖലയിലേക്കെത്തിച്ചത് കുറച്ച് അപൂര്‍വ്വതകളോടെയാണ്.  മൂന്നാം വയസില്‍ തലക്ക് പിടിച്ച ഈ 'പ്രാന്ത്' മൂലം അജിത്തിന് പല ജോലികളും പാതിക്ക് വെച്ച് നിര്‍ത്തിപോരേണ്ടി വന്നു.
 
ഇപ്പോള്‍ അഞ്ച് വര്‍ഷമായി ഷാര്‍ജയിലെ ആര്‍ട്ടിസ്റ്റിക് എഞ്ചിനീയറിങ് മോഡല്‍സ് എന്ന മോഡല്‍ മേക്കിങ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് അജിത്. തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തമായി അജിത് എല്ലാ മേഖലകളിലെയും മാതൃകകള്‍ നിര്‍മ്മിയ്ക്കുന്നു. കെട്ടിടങ്ങള്‍, വാഹനങ്ങള്‍, സ്‌കൂളുകള്‍, റിഗുകള്‍, ജിംനേഷ്യം തുടങ്ങി ഡിഫന്‍സ് ഉപകരണങ്ങളുടെ മാതൃകകള്‍ വരെ നിര്‍മ്മിയ്ക്കുന്നു. പല മാതൃകകളും ചിത്രത്തിന്റെ സഹായം പോലും ഇല്ലാതെ ഒരൊറ്റ കാഴ്ചയില്‍ നിന്നാണ്‌
ഉണ്ടാക്കുന്നത്. ഇതുവരെ, യു.എ.ഇ, യൂറോപ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക്‌ അജിത് മോഡലുകള്‍ നിര്‍മ്മിച്ചു നല്‍കി
art
 
ഇക്കാലയളവിനുള്ളില്‍ താന്‍ ആഗ്രിച്ചിരുന്ന പലയിടത്തുമെത്താന്‍ അജിത്തിന് സാധിച്ചു. ''ഞാന്‍ ആഗ്രഹിച്ച പലതും ഈ മോഡല്‍ മേക്കിങ് ജോലി കൊണ്ട് നേടാനായി.  ദുബായ് ഷിപ്പ് യാര്‍ഡില്‍, യൂണിഫോം ധരിച്ച്, ഗസ്റ്റായി സന്ദര്‍ശനം നടത്താന്‍ കഴിഞ്ഞു. പിന്നെ ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനലില്‍ പോകാന്‍ സാധിച്ചു. അങ്ങനെ അറിയാനാഗ്രിച്ച പല കാര്യങ്ങളും  നേടി.'' അജിത്ത് പറയുന്നു.
 
പഠനം കഴിഞ്ഞ് അജിത്പല ജോലികളും ചെയ്തു. ട്രാവല്‍ ഏജന്‍സി ഡ്രൈവര്‍, നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍, കണ്‍സ്ട്രക്ഷന്‍, ഇന്‍ഡസ്ട്രിയല്‍ ബിസിനസ് തുടങ്ങി പല തലത്തിലെ ജോലികളും ചെയ്തു. ഈ അനുഭവം തന്റെ ജോലിയില്‍ ഏറെ സഹായകരമാണെ് അജിത് പറയുന്നു.  മാത്രമല്ല ഈ അനുഭവ സമ്പത്ത് അജിതിന്റെ പല ആശയങ്ങളിലും പ്രതിഫലിക്കുന്നുമുണ്ട്. പല തൊഴിലുകള്‍ ചെയ്തപ്പോഴും ഇടവേളകളില്‍ അജിത്  മോഡലുകള്‍ ഉണ്ടാക്കുമായിരുന്നു.
 
കൈവെള്ളയിലൊതുങ്ങുന്ന കുഞ്ഞന്‍ മോഡലുകള്‍ മുതല്‍ യഥാര്‍ത്ഥ വലുപ്പമുള്ള ഒട്ടകം വരെ അജിത് നിര്‍മ്മിച്ചിട്ടുണ്ട്. ''റെപ്ലിക്ക മോഡലുകള്‍ ചെയ്യാനാണ് താല്‍പര്യം. വളരെ സൂക്ഷ്മതയോടെ ചെയ്യണം. അളവുകളൊക്കെ കൃത്യമായിരിക്കണം, സോഫ്റ്റ് വെയറുള്ളത്‌ കൊണ്ട് ഡ്രോയിംഗ് ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ എനിക്ക് കൈകൊണ്ട് നിര്‍മ്മിക്കാനാണ് കൂടുതല്‍ ഇഷ്ടം. നമ്മുടെ കഴിവ് പുറത്തു വരുന്നത് മെഷീനിന്റെ സഹായമില്ലാതെ കൈകൊണ്ട് മോഡലുകള്‍ നിര്‍മ്മിക്കുമ്പോഴാണ്. സോഫ്റ്റ് വെയറുപയോഗിച്ച്‌ ഡ്രോയിംഗ് ചെയ്ത് മോഡലുകളുണ്ടാക്കുക എളുപ്പമാണ്. '' 
 
art
സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മോഡല്‍ മേക്കിങ്ങ് തന്റെ ജോലി എളുപ്പമാക്കുമെങ്കിലും തന്റെ പ്രവര്‍ത്തന മികവിന് ദോഷം വരുത്തുമെന്ന ആശങ്കയുണ്ട് അജിത്തിന്. അതിനാല്‍ ഹാന്‍ഡ് മെയ്ഡ്, ഇക്കോ ഫ്രണ്ട്ലി മോഡല്‍ മേക്കിങ്ങിലേക്ക് തിരിയാന്‍ അജിത് ആഗ്രഹിക്കുന്നു.
 
മൂന്നാം വയസില്‍ തുടങ്ങിയ മോഡല്‍ മേക്കിങ്
 
മൂന്ന് വയസുള്ളപ്പോഴാണ് അജിത് കാര്‍ഡ് ബോര്‍ഡ് പെട്ടി ഉപയോഗിച്ച് ഒരു ഗുഡ്സ് ഓട്ടോറിക്ഷയുടെ മോഡല്‍ ഉണ്ടാക്കുന്നത്, പിന്നെ ബസ്, ലോറി, കപ്പല്‍ അങ്ങനെ അങ്ങനെ... പക്ഷേ വീട്ടുകാരുടെ പിന്തുണയൊന്നും അജിത്തിന് കിട്ടിയിരുന്നില്ല. ''വീട്ടുകാരു കാണാതെ അതെല്ലാം കട്ടിലിനടിയില്‍ ഒളിപ്പിച്ചു വെക്കും. അങ്ങനെ എന്തേലുമൊക്കെ ഉണ്ടാക്കുന്നതിനിടയ്ക്ക് വീട്ടിലേക്ക് ആരേലും കേറി വന്നാല്‍ എല്ലാം ഒളിപ്പിച്ചു വെക്കും. ഇപ്പോഴും ആ ശീലമുണ്ട്. 
 
ജോലിയിലായിരിക്കുമ്പോള്‍ ഉദ്യോഗസ്ഥരാരെങ്കിലും വന്നാല്‍ പതിയെ പിന്നോട്ട് പോകാനൊരു പ്രവണതയുണ്ട്. ചെറുപ്പത്തിലെ ശീലമായിരിക്കാം. ആളുകളുടെ മുന്നിലൊക്കെ എന്റെ മോഡലുകള്‍ പ്രദര്‍ശിപ്പിക്കാനും സംസാരിക്കാനുമൊക്കെ മടിയായിരുന്നു. ഇപ്പോള്‍ കുറെയൊക്കെ മാറ്റമുണ്ട്.'' അജിത് പറയുന്നു. പ്രോത്സാഹനത്തിന് പകരം വഴക്കാണ് കിട്ടിയിരുന്നതെങ്കിലും അജിത് വീണ്ടും വീണ്ടും മോഡലുകള്‍ ഉണ്ടാക്കി കൊണ്ടിരുന്നു. 
 
''മൂന്നാം ക്ലാസിലെത്തിയപ്പോള്‍ മരം കൊണ്ടുള്ള ബസ് സമ്മാനമായി കിട്ടി. അതു കണ്ടപ്പോള്‍ മരം കൊണ്ട് ഓട്ടോ ഉണ്ടാക്കണം എന്ന് ആഗ്രഹം തോന്നി. മരം മുറിക്കാനൊന്നും അറിയാത്തതു കൊണ്ട് മരത്തില്‍ ചിത്രം വരച്ച് അത് ആശാരിയെ കൊണ്ട് മുറിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ബലമില്ലാത്ത തടിയായതു കൊണ്ട് ആ ശ്രമം പരാജയപ്പെട്ടു. എന്നാല്‍ ഓട്ടോ ഉണ്ടാക്കാനുള്ള ശ്രമം ഉപേക്ഷിച്ചതുമില്ല. പിന്നീട് സ്വയം മരം മുറിച്ച് തകിടും മറ്റു ചേര്‍ത്ത് ഓട്ടോ ഉണ്ടാക്കി.''
 
''കുട്ടിക്കാലത്ത് ഓട്ടോ ആയിരുന്നു ഇഷ്ട വാഹനം. സ്‌കൂള്‍ പഠന കാലത്ത് പിന്നീട് ബസും ലോറിയുമെല്ലാം ഉണ്ടാക്കി. ഓടുന്ന വണ്ടികളായിരുന്നു. അതൊക്കെ കൂട്ടുകാര്‍ക്കു കൊടുക്കും. വണ്ടി കേടു വരുമ്പോള്‍ അവരത് നന്നാക്കാന്‍ കൊണ്ടു വരും. അങ്ങനെ വീടൊരു ചെറിയ വര്‍ക്ക്ഷോപ്പ് ആയി. എനിക്ക് തീരെ   സമയില്ലാതായി. വീട്ടുകാര്  വഴക്കു പറയുമായിരുന്നു.''- അജിത് കുട്ടികാലത്തെ വാഹനങ്ങളോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് ഓര്‍ക്കുന്നു. പിന്നീട് ഓട്ടോയും ബസും ലോറിയുമെല്ലാം വിട്ട് കപ്പലിനോടായി പ്രിയം. അങ്ങനെ കപ്പലുണ്ടാക്കി. ബാറ്ററി ഉപയോഗിച്ച് ഓടുന്ന കപ്പല്‍ മഴക്കാലത്ത് ചെളിവെള്ളം കെട്ടി കിടക്കുന്നിടത്ത് പരീക്ഷിച്ചു.
 
ഫോട്ടോഗ്രാഫിക് മെമ്മറി
 
ഡ്രോയിംഗ് ഇല്ലാതെയാണ് കുട്ടിക്കാലത്ത് ഓരോ മോഡലും അജിത് ഉണ്ടാക്കിയത്. കണക്കുകൂട്ടലുകളൊക്കെ നടക്കുന്നത് മനസിലാണ്. ഇപ്പോള്‍ ഡ്രോയിംഗ് നോക്കിയും അല്ലാതെയും മോഡലുകള്‍ ചെയ്യുന്നുണ്ട്. ഒരിക്കല്‍ കണ്ട ദൃശ്യങ്ങള്‍ അതുപോലെ ഓര്‍ത്തുവെയ്ക്കാന്‍ അജിത്തിന് കഴിയും. പഠന കാലത്ത് പക്ഷേ ഈ കഴിവ് അജിത്തിനെ സഹായിച്ചിട്ടില്ല. 'സ്‌കൂള്‍ പഠന കാലത്ത് ക്ലാസ്മുറിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. മനസ്സില്‍ പല ചിന്തകളും ഒരുമിച്ച് വരും. പരീക്ഷയ്ക്കിരിക്കുമ്പോള്‍ ഉത്തരം ഓര്‍മ കിട്ടില്ല. 
art
 
പക്ഷേ ആ ഉത്തരമുള്ള പേജിന്റെ ചിത്രം മനസിലുണ്ടാകും. അതിന്റെ മുക്കും മൂലയും വരെ മനസില്‍ തെളിയും. പേന കൊണ്ടുള്ള അടയാളം, പേജിന്റെ അറ്റം കീറിയിരിക്കുന്നത് അങ്ങനെയങ്ങനെ. എന്നാല്‍ ഉത്തരം എഴുതാന്‍ കഴിയില്ല.' അജിത് ഓര്‍ത്തെടുക്കുന്നു. എന്നാല്‍ ഈ ഫോട്ടോഗ്രാഫിക് മെമ്മറിയാണ് അജിതിനെ ഓരോ മോഡല്‍ മേക്കിങ്ങിലും സഹായിക്കുന്നത്. ഒരു വട്ടം കണ്ട കാഴ്ചയില്‍ നിന്ന് മാതൃകകള്‍ സൃഷ്ടിക്കാന്‍ പ്രാപ്തനാക്കുത്. 
 
എസ്.എസ്.എല്‍.സി കഴിഞ്ഞ് ചിലയിടത്തൊക്കെ തുടര്‍പഠനത്തിന് ശ്രമിച്ചെങ്കിലും ഒരിടത്തും അജിത്തിന് അധിക നാള്‍ തുടരാനായില്ല. അങ്ങനെയാണ് പഠനം തുടരേണ്ട എന്ന്  തീരുമാനിച്ച് പല തൊഴിലുകള്‍ ചെയ്തു തുടങ്ങിയത്. അതിനിടയ്ക്ക് വീട്ടില്‍ കൂണ്‍കൃഷി ചെയ്തു. അതിനു വേണ്ടി മുറിയൊരുക്കിയത് അജിത്തായിരുന്നു. കൂണ്‍കൃഷിക്ക് പരിശീലനം നല്‍കുന്നയിടത്ത് പോയി അവിടെ പ്രത്യേക രീതിയില്‍ മുറിയൊരുക്കുന്നത് കണ്ടത്തിന്റെ ഓര്‍മ്മയിലാണ് അജിത് തന്റെ വീട്ടില്‍ അത് പരീക്ഷിച്ചത്. പിന്നീട് പലര്‍ക്കും ആ രീതിയില്‍ മുറിയൊരുക്കേണ്ട വിധം പറഞ്ഞു കൊടുക്കുകയും ചെയ്തു. 
 
അജിത്തിനെ ഈ ജോലിയിലെത്തിച്ചതും ഈ ഫോട്ടോഗ്രാഫിക് മെമ്മറിയില്‍ നിന്ന് രൂപപ്പെടുത്തിയെടുത്ത ഒരു മോഡലാണ്. പല പണികളും ചെയ്ത് മടുത്ത് നിരാശനായി ഒരു മാറ്റത്തിന് ആഗ്രഹിച്ചിരിക്കുന്ന സമയം. കല്യാണ ക്ഷണകത്തുകളൊക്കെ വെട്ടി മുറിച്ച് അജിത് ഒരു ചര്‍ച്ചിന്റെ മാതൃക ഉണ്ടാക്കി. കോഴിക്കോടുണ്ടായിരുന്ന ചര്‍ച്ചാണ്. പക്ഷേ അജിത് അത് നിര്‍മ്മിച്ചത് ആ ചര്‍ച്ച് പൊളിച്ചതിന് ശേഷമായിരുന്നു. തന്റെ  ഓര്‍മ്മയില്‍ നിന്നാണ് ആ മാതൃക സൃഷ്ടിച്ചത്. പലരും പള്ളി കാണാന്‍ വന്നു. പിന്നെ എന്ത് ചെയ്യണം എന്ന്  അറിയില്ലായിരുന്നു. പൊടി പിടിക്കാന്‍ തുടങ്ങിയപ്പോള്‍ പൊതിഞ്ഞു വെച്ചു. 
art
അങ്ങനെയിരിക്കെയാണ് അജിത്തിന് ഒരു ഫോണ്‍ കോള്‍ വന്നത് ഷാര്‍ജയില്‍ നിന്ന്. പള്ളിയുടെ മോഡല്‍ ആരോ ഇന്റര്‍നെറ്റില്‍ ഇട്ടിരുന്നു. അത് കണ്ട് ശരിക്കുള്ള പള്ളിയാണോ മോഡലാണോ എന്ന സംശയം തോന്നിയിട്ടായിരുന്നു ആ വിളി. അവരുടെ കമ്പനിയിലേക്ക് വരാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. അജിത് താല്‍പര്യമുണ്ടെന്ന് അറിയിച്ചു. ടിക്കറ്റ് അയച്ചു തരാം എന്ന് പറഞ്ഞ് ഈസ്റ്റര്‍ ദിനത്തില്‍ വീണ്ടും കോള്‍ വന്നു. അങ്ങനെയാണ് അജിത് ഷാര്‍ജയില്‍ വരുന്നത്. 
 
അവിടെ ഓട്ടോകാഡ് എന്ന സോഫ്റ്റ് വെയറുപയോഗിച്ച് ഡ്രോയിംഗ് ചെയ്ത് മെഷീനില്‍ പ്ലാസ്റ്റിക് ഷീറ്റ് മുറിച്ചെടുത്താണ് മോഡലുകളുടെ നിര്‍മ്മാണം. അതുവരെ കൈ ഉപയോഗിച്ച് മോഡലുകള്‍ നിര്‍മ്മിച്ച അജിത്തിന് ഓട്ടോ കാഡ് പരിചയമില്ലായിരുന്നു. അതുകൊണ്ട് ഒരു അസിസ്റ്റന്റിന്റെ സഹായത്തോടെയാണ് അജിത് ഡ്രോയിംഗ് ചെയ്തത്. എന്നിട്ടും മറ്റ് സഹപ്രവര്‍ത്തകരുടെ ഇരട്ടി വേഗത്തിലാണ് അജിത് മോഡലുകള്‍ പൂര്‍ത്തിയാക്കിയത്. പിന്നീട് ആറുമാസം കഴിഞ്ഞ് ബാംഗ്ലൂരില്‍ വന്ന് ഓട്ടോകാഡ് പഠിക്കാന്‍ ഒരു ഇസ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു. ക്ലാസിലിരുന്ന് പഠിക്കാന്‍ കഴിഞ്ഞില്ല. പിന്നെ അജിത്തിന് വേണ്ടി പ്രത്യേക ക്ലാസായിരുന്നു. 
 
പണ്ട് ഡ്രൈവിംഗ് പഠിക്കാന്‍ ഡ്രൈവിംഗ് സ്‌കൂളില്‍ ചെന്നപ്പോഴും സമാനമായിരുന്നു അവസ്ഥയെന്ന് അജിത് പറയുന്നു. 'അവരു പറയുന്നതു പോലെയൊന്നും എനിക്ക് ചെയ്യാന്‍ കഴിയുന്നില്ല. എനിക്കൊപ്പം ചേര്‍ന്നവരെല്ലാം  ഡ്രൈവിംഗ് പഠിച്ചു. എനിക്കു മാത്രം പഠിക്കാന്‍ കഴിഞ്ഞില്ല. അവസാനം ഡ്രൈവിംഗ് സ്‌കൂളില്‍ നിന്ന് എന്റെ ഫീസ് തിരിച്ചു തന്നു. പിന്നീട് ഞാനൊരു വര്‍ക്കഷോപ്പില്‍ പോയി വണ്ടിയുടെ ഓരോ ഭാഗങ്ങളും മനസിലാക്കി, അതിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി അങ്ങനെയാണ് ഡ്രൈവിംഗ് പഠിച്ചത്.''
 
മോഡല്‍ മേക്കിങ്ങിന് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍
 
''താങ്കള്‍ ലോകത്തിന്റെ തെറ്റായ ഭാഗത്ത് ജനിച്ചു പോയൊണ് എനിക്ക് തോന്നുന്നത്. ഒരു പക്ഷേ നിങ്ങള്‍ മറ്റൊരു രാജ്യത്ത് ജനിച്ചിരുന്നെങ്കില്‍ നിങ്ങളുടെ കഴിവിനെ അവര്‍ പ്രയോജനപ്പെടുത്തിയേനെ'' ഒരിക്കല്‍ വിദേശിയായ സഹപ്രവര്‍ത്തകന്‍ അജിത്തിനോട് പറഞ്ഞ വാക്കുകളാണിത്. 
 
മോഡല്‍ മേക്കിങ് എന്ന തന്റെ പ്രവര്‍ത്തന മേഖലയ്ക്ക് പുറത്തേയ്ക്കു കൂടി കടന്നു ചെന്ന് തന്റെ കഴിവും ആശയങ്ങളും സമന്വയിപ്പിക്കണമെന്ന ആഗ്രഹത്തിന് വിലങ്ങുതടിയാകുന്നത് ചില യോഗ്യതാപത്രങ്ങളാണെന്ന് അജിത് വിശ്വസിക്കുന്നു. മെട്രോമാന്‍ ഇ. ശ്രീധരനെ പോലെ സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്ത് ചെയ്യണം എന്ന ആഗ്രഹമുണ്ട് അജിത്തിന്. 'അദ്ദേഹത്തെ നേരില്‍ കാണണം എന്നുണ്ട്. കൊങ്കണ്‍ റെയില്‍ പദ്ധതി നടപ്പാക്കിയതിനെ കുറിച്ചുള്ള വാര്‍ത്തകളും ലേഖനങ്ങളുമെല്ലാം വായിച്ച് വളരെ ത്രില്ലടിച്ചിട്ടുണ്ട്.... സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്ത് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, ഞാനൊരു എഞ്ചിനീയറല്ല. എനിക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റില്ല. സര്‍ട്ടിഫിക്കറ്റും പരീക്ഷയും മാര്‍ക്കുമെല്ലാമാണേല്ലാ ഇവിടെ ഒരാളുടെ യോഗ്യത നിശ്ചയിക്കുന്നത്.'
 
art
മോഡല്‍ മേക്കിങ് മാത്രമായിരുന്നില്ല അജിത്തിന്റെ പ്രവര്‍ത്തന മേഖല. നാട്ടുകാര്‍ക്കായാലും ബന്ധുക്കള്‍ക്കായാലും എല്ലാത്തരം പണികളും പണ നഷ്ടമുണ്ടാക്കാതെ കുറഞ്ഞ സമയത്തിനുള്ളില്‍ അജിത് ചെയ്തു കൊടുക്കും. സ്ഥാനം തെറ്റി കിടക്കുന്ന വസ്തുക്കള്‍ ഉറപ്പിക്കുക, കേടുപാടുകള്‍ തീര്‍ക്കുക- വീടിനകത്തായാലും പുറത്തായാലും, അത് അജിതിന്റെ ഒരു ഹാബിറ്റാണെന്നു തന്നെ പറയാം. 'നാട്ടിലെ കൂട്ടുകാരൊക്കെ ഒരോ സഹായങ്ങള്‍ പറഞ്ഞ് സമീപിക്കുമ്പോള്‍ അതൊക്കെ ഏറ്റെടുത്ത് ചെയ്യും. 
 
ആരുടെയങ്കിലും വീടിന് കേടു പറ്റിയിട്ടുണ്ട് എറിഞ്ഞാല്‍ കുറഞ്ഞ ചെലവില്‍ അതെങ്ങനെ ശരിയാക്കാം എന്നാണ് ചിന്തിക്കുക. വഴിയരികില്‍ കിടക്കുന്ന മുളയോ പെപ്പിന്റെ കഷണങ്ങളോ അങ്ങനെയെന്തെങ്കിലുമൊക്കെ മനസില്‍ വരും. ഉടനെ അതൊക്കെ അവരോട് എടുത്തു കൊണ്ടു വരാന്‍ പറയും. അങ്ങനെ പണി തുടങ്ങും.' അങ്ങനെ പലരെയും അജിത് സഹായിച്ചിുണ്ട്. ചേരികളില്‍ താമസിക്കു പല സുഹൃത്തുക്കള്‍ക്കും കുറഞ്ഞ ചെലവില്‍ വീടുകള്‍ നിര്‍മ്മിച്ചു കൊടുത്തിട്ടുണ്ട്.  
 
സ്വപ്ന പദ്ധതികള്‍
 
മോഡല്‍ മേക്കിങ്ങിന് അപ്പുറത്തേക്ക് അജിത് ആഗ്രഹിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. മോഡല്‍ മേക്കിങ്ങിലെ തന്റെ അനുഭവ സമ്പത്ത് കൂടി പ്രയോജനപ്പെടുത്തുന്ന വിധത്തിലുള്ള ചില ആശയങ്ങള്‍. കെ.എസ്.ആര്‍.ടി.സിയെ നവീകരിക്കുക അത്തരത്തിലുള്ളൊരു ആഗ്രഹമാണ്. 
 
'സ്വകാര്യ ബസ് സംവിധാനം തന്നെ കെ.എസ്.ആര്‍.ടി.സിയിലും കൊണ്ടു വരണം. ആകര്‍ഷകമായ ബസുകള്‍ നിരത്തിലിറക്കണം. ബസ് സ്റ്റാന്‍ഡ് നവീകരിക്കണം. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, ഖാദി എന്നിവയുള്‍പ്പെടെയുള്ളവയുടെ കടകള്‍ ആ സ്റ്റാന്‍ഡിനകത്ത് ഉണ്ടാകണം. സര്‍ക്കാര്‍ ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണം. ഡോക്ടറുടെ സേവനം ഉറപ്പു വരുത്തുന്ന ഒരു ഡിസ്പെന്‍സറി ഉണ്ടാവണം. ഇതിനെയൊന്നും ഹര്‍ത്താന്‍ ബാധിക്കരുത്. പിന്നെ ഒരു മൊബൈല്‍ വര്‍ക്കഷോപ്പ് സദാസമയവും സജ്ജമായിരിക്കണം, സ്പെയര്‍ ബസ് ഉണ്ടായിരിക്കണം...' അജിത് വിശദമാക്കുന്നു. 
art
 
മറ്റൊന്ന് ചേരിനിവാസികള്‍ക്ക് കെട്ടുറപ്പുള്ള വീടാണ്. ' ചേരിയില്‍ താമസിക്കുവര്‍ക്ക് കുറഞ്ഞ ചെലവില്‍, ഈട് നില്‍ക്കുന്ന വീടുകള്‍ പണിത് കൊടുക്കണം എന്നാണ് എന്റെ മറ്റൊരു വലിയ ആഗ്രഹം. അങ്ങനെ വീട് നിര്‍മ്മിച്ചു നല്‍കുന്ന ഒരു സംഘം രൂപീകരിക്കണം.'  
 
ബന്ധപ്പെട്ട അധികാരികളുടെ സഹായസഹകരണമുണ്ടെങ്കില്‍ വൃത്തിയുള്ള തെരുവോരങ്ങള്‍ നിര്‍മ്മിയ്ക്കാനും തയ്യാറാണ് അജിത്. 'ഭംഗിയാക്കുക  എന്ന ലക്ഷ്യത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം 10 സ്‌ക്വയര്‍  കിലോമീറ്റര്‍ പ്രദേശം വൃത്തിയാക്കുന്നു. ഓടകളില്‍ ഉറപ്പുള്ള സ്ലാബുകള്‍ വെയ്ക്കുന്നു, ഇലക്ട്രിക് പോസ്റ്റുകള്‍ ഇളകി കിടക്കുന്നുണ്ടെങ്കില്‍ അതൊക്കെ ഉറപ്പിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളൊക്കെ എടുത്തു മാറ്റി വൃത്തിയാക്കുന്നു.  റോഡരികിലുള്ള കടകള്‍ക്കെല്ലാം യൂണിഫോമിറ്റി ഉണ്ടാവണം. ഒരേ വലിപ്പമുള്ളവ. 
 
സിനാമാ പോസ്റ്ററും മറ്റ് നോട്ടീസുകളും പതിക്കാന്‍ പ്രത്യേക സ്ഥലം, സ്ട്രീറ്റ് ലൈറ്റുകളില്‍  സോളാര്‍ വൈദ്യുതി ഉപയോഗിക്കുക . പിന്നെ തെരുവില്‍ ഭിക്ഷ യാചിക്കുവരെ ഏറ്റെടുത്ത് അവര്‍ക്ക് സംരക്ഷണം നല്‍കണം, ജോലി ചെയ്യാന്‍ കഴിയുന്നവര്‍ക്ക് ജോലി നല്‍കണം. തെരുവ് നായക്കളെ  പിടികൂടി അവയെ സംരക്ഷിക്കുക. അവയെ ഏറ്റെടുക്കാന്‍ സദ്ധരായവര്‍ക്ക് ബന്ധപ്പെട്ട രേഖകളോടു കൂടി അവയെ കൈമാറുക.'' പെട്ടെന്നൊരു നാളില്‍ ഇതൊന്നും സാധ്യമാകില്ലെങ്കിലും ഏകദേശം രണ്ട് വര്‍ഷം സമയം തന്നാല്‍ താനിത് സാധ്യമാക്കി കാണിക്കാമെന്ന് അജിത് ആത്മവിശ്വാസത്തോടെ പറയുന്നു. 
 
 
'കമ്പനിയ്ക്ക് കീഴില്‍ മാലിന്യ സംസ്‌കരണ സംവിധാനം കൊണ്ടു വരണം. ജീവനക്കാര്‍ക്ക് യൂണിഫോം, കൃത്യമായ ശമ്പളം എന്നിവ ഉണ്ടാകണം. മെഷീന്‍ ഉപയോഗിക്കാതെ മാലിന്യം സംസ്‌കരണം നടത്തുക, അങ്ങനെ ഉണ്ടാക്കുന്ന വളങ്ങള്‍ കൃഷിയ്ക്ക് ഉപയോഗിക്കുക. മാലിന്യം വലിച്ചെറിയുവര്‍ക്കെതിരെ പിഴ ചുമത്തുക.., ഇതൊക്കെ കൃത്യമായി മോണിറ്റര്‍ ചെയ്ത് നടപ്പാക്കാവുതാണ്. കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ്, അവയില്‍ ആര്‍മി തലത്തിലുള്ള പരിശീലനം നേടിയ തൊഴിലാളികള്‍...''അജിത്തിന്റെ ആശയങ്ങളും ആഗ്രഹങ്ങളും പല  തലങ്ങളിലേക്കും നീളുന്നു.