യൗവനം കാഴ്ചകള്‍ തേടുകയാണ്‌

Posted on: 08 Dec 2011

Text: G Jyothilal, Photos: S L Anand with Dijaraj Nair, Manojkumar, Felix, Jerry, Mahadeva Prasad

 

ക്യാമറയോടുള്ള പ്രണയം. ഫ്ലിക്കര്‍ യുഗത്തിലെ ഫോട്ടോ ഷെയറിങ്ങുകള്‍. കാഴ്ചകളിലൂടെയും ചിത്രരഹസ്യങ്ങളിലൂടെയും ആര്‍ത്തുല്ലസിച്ചുള്ള സഞ്ചാരങ്ങള്‍..

'മാതൃഭൂമി യാത്ര' യുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഒരു ഫോട്ടോഗ്രാഫി പഠനയാത്ര: ഫോട്ടോഗ്രാഫി ഹോബിയും ഹരവുമായി കൊണ്ടുനടക്കുന്ന അഞ്ചു യുവാക്കള്‍, ട്രാവല്‍ ഫോട്ടോഗ്രാഫര്‍ എസ്.എല്‍.ആനന്ദുമൊന്നിച്ച് നടത്തിയ ഒരു ഫോട്ടോസഫാരി


ഋതുഭേദങ്ങളിലൂടെയായിരുന്നു ഈ യാത്ര. കോഴിക്കോട്ട് നിന്നു തുടങ്ങുമ്പോള്‍ കൊടുംമഴ. കേരളം കടന്ന് പിറ്റേദിവസം തമിഴകത്ത് തെളിഞ്ഞ നീലാകാശം, യേര്‍ക്കാടന്‍ ചുരം കയറുമ്പോള്‍ മഞ്ഞിന്റെ മായികലോകം. തിരിച്ചിറങ്ങി കര്‍ണാടക കാടിന്റെ ഇരുളിമയിലൂടെ, ഗുണ്ടല്‍പേട്ടില്‍ കന്നഡ മണ്ണിന്റെ വിവിധഭാവങ്ങളിലൂടെ.. മുത്തങ്ങ മുതല്‍ വയനാടന്‍ പച്ചപ്പിന്റെ വശ്യഭംഗികളിലൂടെ.. തിരിച്ചെത്തുമ്പോള്‍ കോഴിക്കോട്ട് വീണ്ടും മഴ കാത്തിരിപ്പുണ്ടായിരുന്നു.

ഇത് വെറുമൊരു യാത്രയായിരുന്നില്ല. പ്രകൃതിയുടെ വിവിധഭാവങ്ങളിലൂടെ സ്ഥലകാലങ്ങളെ എങ്ങിനെ ചിത്രപടങ്ങളാക്കാം എന്ന ഫോട്ടോഗ്രാഫി പഠനയാത്രയായിരുന്നു. ഫോട്ടോഗ്രാഫര്‍ എസ്.എല്‍ ആനന്ദിന്റെ നേതൃത്വത്തില്‍. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന; ഫോട്ടോഗ്രാഫി ഹോബിയായി കൊണ്ടുനടക്കുന്ന അഞ്ചു ചെറുപ്പക്കാര്‍. ഇവര്‍ കണ്ടുമുട്ടിയതും സൂഹൃത്തുക്കളായതും വര്‍ത്തമാനകാലത്തെ സൗഹൃദവേദിയായ ഫ്ലാക്കറിലൂടെയും ഫേസ്ബുക്കിലൂടെയും ഇപ്പോള്‍ മാതൃഭൂമി യാത്രയിലൂടെയും...

മംഗലാപുരത്ത് ബിസിനസ് ചെയ്യുന്ന മനോജ്് കുമാറും ഡിജാരാജ്് നായരും, സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന മഹാദേവപ്രസാദ്, വിപ്രോയില്‍ എഞ്ചിനിയറായ ജെറി, ദുബായില്‍ ജോലി ചെയ്യുന്ന ഫെലിക്‌സ് എന്നിവരാണ് ഈ കൂട്ടായ്മയില്‍. എല്ലാവരും ഫോട്ടോഗ്രാഫി ഹോബിയാക്കിയവര്‍. യാത്രയെ സ്‌നേഹിക്കുന്നവര്‍.

യാത്രയുടെ ആദ്യ ഫ്ലാഷ് മിന്നുമ്പോള്‍ സമയം അഞ്ചുമണി. നേരെ പാലക്കാട്ടേക്ക്. പരിചയപ്പെട്ടും പരിചയം പുതുക്കിയും തമാശകള്‍ പറഞ്ഞും മുന്നേറിയ യാത്രയ്ക്ക് ഊര്‍ജമേകിയത് തട്ടുദോശ. ആദ്യതാവളം കോയമ്പത്തൂരില്‍. തലചായ്ക്കുമ്പോള്‍ രാത്രി 12 മണി. പിറ്റേന്ന് കാലത്ത് എല്ലാവരും ക്യാമറ റെഡിയാക്കി. ഹൊഗനക്കലാണ് ലക്ഷ്യം. വഴിക്ക് മേട്ടൂര്‍ ഡാമും. ഭവാനിയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മേട്ടൂരിലേക്ക്. അവിടെയെത്തുമ്പോള്‍ 11 മണി. വെയില്‍ കനത്തു തുടങ്ങിയിരുന്നു. ഡാമിനു മുകളില്‍ ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുകയാണ്. കാവല്‍ക്കാരന്‍ സോറി പറഞ്ഞു. തൊട്ടടുത്തമരത്തില്‍ഒരു കിളി. ഡിജി ക്യാമറയെടുത്തു.
അന്ന് നവംബര്‍ 12 ആയിരുന്നു. പക്ഷിനിരീക്ഷകനായ സാലിം അലിയുടെ ഓര്‍മ്മ ദിനം. അദ്ദേഹത്തിന്റെ ആത്മാവിനു വേണ്ടി ഒരു പക്ഷിയെ എങ്കിലും പകര്‍ത്തണ്ടേ? എല്ലാവരും മത്സരിച്ചു.

ഡാം വിചാരിച്ച പോലെ ഫോട്ടോഗ്രാഫി സാധ്യതകള്‍ തന്നില്ല. ഡാമിനു മുന്നില്‍ നില്‍ക്കുമ്പോള്‍ മേട്ടൂര്‍ ഒരു വരണ്ട ദേശം. പിന്നെ ഹൊഗനക്കല്‍ എന്ന പ്രതീക്ഷയിലേക്ക് ചെറിയ ചുരം കയറാന്‍ തുടങ്ങി. ചുരത്തിനു മുകളില്‍ നിന്നു താഴോട്ട് നോക്കുമ്പോഴാണ് ഡാമിന്റെ ഭംഗി മനസിലാവുന്നത്. സംഘാംഗങ്ങള്‍ അവിടെ കൊട്ടവഞ്ചിയില്‍ മീന്‍ പിടിക്കുന്നവരേയും ഉച്ചച്ചൂടില്‍ ഉരുകിനില്‍ക്കുന്ന ജീവിതങ്ങളേയും സൂം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പകല്‍വെളിച്ചത്തില്‍ ക്യാമറയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആനന്ദ്് പങ്കുവെച്ചു.

ഹൊഗനക്കലെത്തിയപ്പോള്‍ നട്ടുച്ച. പക്ഷെ കര്‍ണ്ണാടകയിലെ കനത്തമഴ കാരണം നദി കരകവിഞ്ഞൊഴുകുകയാണ്. വെള്ളച്ചാട്ടത്തിനരികിലേക്ക് ആരേയും അടുപ്പിക്കുന്നില്ല. കയറുകെട്ടി പോലീസുകാര്‍ കാവലിരിക്കുന്നു. കൊട്ടവഞ്ചി യാത്ര നിരോധിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള 'യാത്രാ'സംഘമാണെന്നറിഞ്ഞപ്പോള്‍ പ്രത്യേക അനുമതി തന്നു. അതും സേഫായി പോകാവുന്ന ഇടം വരെ. ഹൊഗനക്കലിലെ പ്രധാന വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ കഴിയില്ല. കിട്ടിയ അവസരം മുതലാക്കി ക്യാമറകള്‍ മിന്നി.

അടുത്ത ലക്ഷ്യം യേര്‍ക്കാടാണ്. വിജനമായ ഗ്രാമപാതയിലൂടെ വണ്ടി കുതിച്ചു. ദൂരെ ഒരു കൊടുംവളവില്‍ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ധാന്യപുര കണ്ടപ്പോള്‍ എല്ലാവരും ഹായ് എന്നു പറഞ്ഞുപോയി. സായാഹ്ന വെളിച്ചത്തിന്റെ സൗന്ദര്യം കൂടിയായപ്പോള്‍ അത് വിട്ടുകളയാന്‍ പറ്റിയില്ല. ക്യാമറയുമായി എല്ലാവരും ഇറങ്ങി. പയര്‍ പറിക്കുന്ന സ്ത്രീയും പശുവും ഗ്രാമീണരുമെല്ലാം ഫ്രെയിമുകളിലേക്ക് ഇടയ്ക്ക് കടന്നു വന്നു.

സേലത്ത് എത്തുമ്പോള്‍ തന്നെ രാത്രിയായി. യേര്‍ക്കാടന്‍ ചുരത്തില്‍ നിന്നുള്ള സേലത്തിന്റെ രാത്രി കാഴ്ചയെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു. രാത്രി ഷൂട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എല്ലാവരും പങ്കുവെച്ചു. ട്രൈപ്പോഡുമായി ജെറി ചുരത്തിന്റെ അരമതിലില്‍ ഇരിപ്പുറപ്പിച്ചു. ഇടിയും മിന്നലും പ്രകമ്പനം കൊള്ളിക്കുന്ന അന്തരീക്ഷത്തില്‍ ദൂരെ സേലം നഗരം കിടന്നു തിളങ്ങുന്നു. ക്യാമറയില്‍ മിന്നല്‍ പകര്‍ത്താനുള്ള ജെറിയുടെ ശ്രമം വിഫലമായി. ക്ലിക്ക് ചെയ്തു കൊണ്ടേയിരിക്കണം, ആനന്ദ് ഗുട്ടന്‍സ് പറഞ്ഞു കൊടുത്തു. ലൈറ്റ് പെയിന്റിങ് എന്ന ഫോട്ടോഗ്രാഫി സങ്കേതത്തിന്റെ പ്രാക്ടിക്കല്‍ കഌസായിരുന്നു പിന്നെ. ഒമ്പതാമത്തെ ഹെയര്‍പിന്‍ വളവില്‍ എല്ലാവരും നിരന്നിരുന്നു. ഫ്ലാഷിന്റെയും കടന്നുപോകുന്ന വാഹനങ്ങളുടെയും വെളിച്ചത്തില്‍ ഒരു ലൈറ്റ് പെയിന്റിങ്. ബാക്കി വളവുകള്‍ കൂടിതാണ്ടി അന്നു രാത്രി യേര്‍ക്കാടിന്റെ ഇത്തിരി കുളിരില്‍ അന്തിയുറക്കം.

കാലത്തെഴുന്നേറ്റപ്പോള്‍ പരിസരം മഞ്ഞിന്റെ മേലാപ്പിനുള്ളിലായിരുന്നു. ഒരു മണിരത്‌നം ചിത്രത്തിലെ ഫ്രെയിം പോലെ സുന്ദരം. ക്യാമറകണ്ണുകള്‍ കാഴ്ചള്‍ തേടി യാത്ര തുടങ്ങി. പഗോഡ പോയിന്റിലേക്കാണ് ആദ്യം പോയത്. അവിടെ മഞ്ഞ് മൂടികിടക്കുന്നതിനാല്‍ വ്യൂ പോയിന്റി ല്‍ കാഴ്ചകള്‍ മറഞ്ഞു കിടക്കുകയായിരുന്നു. വഴിക്ക് ഓള്‍ ടറൈന്‍ വെഹിക്കിളില്‍ എല്ലാവരും ഒരു സവാരി നടത്തി. കുന്നും കുഴിയും വെള്ളക്കെട്ടും താണ്ടി നാലുചക്ര ബൈക്കിലൊരു സാഹസികതയുടെ ഹരം.

കിള്ളിയൂര്‍ വെള്ളച്ചാട്ടം യേര്‍ക്കാടിന്റെ പ്രധാന ആകര്‍ഷണമാണ്. അര കിലോമീറ്റര്‍ കുത്തനെയുള്ള ദുര്‍ഘട പാത താണ്ടിയെത്തിയാല്‍ 90 അടി ഉയരത്തില്‍ നിന്ന് പരന്നൊഴുകി വീഴുന്ന വെള്ളച്ചാട്ടം. സാഹസികരായ യാത്രികര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നു. വെള്ളച്ചാട്ടം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങളിലൊന്നാണ്. പല രൂപത്തിലും ഭാവത്തിലും അത് പകര്‍ത്താം. പാഠങ്ങളോരോന്നായി ആനന്ദ് പറഞ്ഞുകൊടുത്തു.

തിരിച്ചെത്തി യേര്‍ക്കാടിന്റെ ഹൃദയമായ തടാകം പകര്‍ത്തി. യേരി എന്നാല്‍ തമിഴില്‍ തടാകം എന്നര്‍ഥം. യേരിയും കാടും ചേര്‍ന്നാണ് യേര്‍ക്കാടായത്. മഞ്ചക്കുട്ട ഗ്രാമത്തിലേക്കാണ് അടുത്തയാത്ര. അവിടെയും ഒരു വ്യൂ പോയിന്റുണ്ട്. കാട്ടില്‍ ഓറഞ്ചുമരങ്ങളും. ഗാര്‍ഡന്‍ ഫ്രെഷ് ഓറഞ്ചിന്റെ രുചിയറിഞ്ഞ് കാഴ്ചകള്‍ പകര്‍ത്തി മടക്കയാത്ര.

മേട്ടൂര്‍ഡാം, പാലാര്‍ താണ്ടി കര്‍ണാടകന്‍ കാട്ടിലേക്ക് കടക്കുമ്പോള്‍ നേരം ഇരുണ്ട് പോയിരുന്നു. നല്ല പ്രകൃതി. പക്ഷെ വെളിച്ചം ഇല്ല. വന്ന സമയത്തെ എല്ലാവരും പഴിച്ചു. വീരപ്പന്‍ വിരാജിച്ച കാടാണിത്. വഴിക്ക് മാതേശ്വരന്‍ മലയിലെ കോവിലില്‍ ഉത്സവം കണ്ടു. ഉത്സവം കൊള്ളാന്‍ കാനന വഴിയിലൂടെ സൈക്കിളേറി വരുന്ന ഗ്രാമനിവാസികളെ കണ്ടു. കൊല്ലഗലില്‍ ആ വഴി തീരുന്നു. വണ്ടി മൈസൂരിലേക്ക്. അവിടെ അന്തിയുറക്കം. പിറ്റേന്ന് കാലത്ത്് ഗുണ്ടല്‍പേട്ട് മുത്തങ്ങ വഴി കോഴിക്കോട്ടേക്ക്. ആ യാത്രയ്ക്കുമുണ്ടൊരു ഹരം. കോഴിക്കോട് മുതല്‍ കോഴിക്കോട് വരെ ഒരു സര്‍ക്കുലര്‍ വിനോദസഞ്ചാര വഴി. പ്രകൃതിഭംഗി നിറഞ്ഞ കാഴ്ചകള്‍. കണ്ണുകള്‍ക്കും ക്യാമറയ്ക്കും ഒട്ടും മടുക്കുന്നില്ല. യാത്ര സാര്‍ഥകമായിരുന്നെന്ന് സംഘാംഗങ്ങള്‍ വിലയിരുത്തി. ക്യാമറയിലാക്കിയതിനപ്പുറം എത്രയോ കാര്യങ്ങള്‍ മനസിന്റെ ക്യാമറയില്‍ പതിഞ്ഞിരുന്നു. യാത്രകളിലൂടെ വിടരുന്ന സൗഹൃദത്തിന്റെ പുതിയ അധ്യായം ഓരോ മനസിലും രചിക്കപ്പെട്ടിരുന്നു.

മൂന്നു ദിവസം നീണ്ട ഒരു ഷൂട്ടിങ് യാത്രയിലെ തിരഞ്ഞെടുത്ത അഞ്ചു ഷൂട്ടുകള്‍ തുടര്‍ന്നുള്ള പേജുകളില്‍


അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.Photo Classroom MadhurajAjithJayesh