ജലോത്സവം

Posted on: 07 Aug 2011

 

കുട്ടനാടിന്റെ മിടിപ്പ്, തുഴപ്പാടിന്റെ നിമിഷാര്‍ദ്ധത്തില്‍ നിന്നുയരുന്ന ആവേശം, അണപൊട്ടിയൊഴുകുന്നതിനേക്കാള്‍ ആവേഗം നിറയുന്ന വള്ളംകളി മത്സരങ്ങള്‍. തെക്കന്‍ കേരളത്തില്‍ ഇപ്പോള്‍ ജലോത്സവങ്ങളുടെ കാലമാണ്. മലയാളമാസമായ മിഥുനത്തിലെ മൂലംനാളില്‍ ചമ്പക്കുളം വള്ളം കളിയിലൂടെയാണ് കുട്ടനാട്ടിലെ വള്ളം കളികള്‍ ആരംഭിക്കുന്നത്. കളിവള്ളങ്ങള്‍ പലവിധമുണ്ടെങ്കിലും രാജാവ് ചുണ്ടന്‍ വള്ളം തന്നെ. ചുണ്ടന്‍വള്ളങ്ങള്‍ക്ക് ഏകദേശം 120-130 അടി നീളം വരും. 100ല്‍ കൂടുതല്‍ തുഴക്കാരും. മണിക്കൂറില്‍ 12 മൈല്‍ - അതാണ് പഴമക്കാര്‍ ചുണ്ടന്റെ വേഗം നിശ്ചയിച്ചിരിക്കുന്നത്. ഇനി ജലോത്സവ കാഴ്ചകളിലേക്ക്...


ഓളപ്പരപ്പില്‍ വേഗതയുടെ വിസ്മയങ്ങള്‍ തീര്‍ത്തുകൊണ്ട് പായുന്ന ചുണ്ടന്‍ വള്ളങ്ങള്‍ കരുത്തിന്റെയും കൂട്ടായമയുടേയും സമന്വയമാണ്. ഇത് വ്യക്തമാക്കുവാന്‍ ശ്രമിക്കുന്ന ചിത്രമാണ് ആദ്യത്തേത്. തുഴ എറിയുന്ന കരങ്ങളുടെ കരുത്ത് ടൈറ്റ് ഫ്രെയിം കമ്പോസിങ്ങിലൂടെ ചിത്രീകരിച്ചിരിക്കുന്നു.



കുട്ടനാട്ടില്‍ വള്ളംകളി ഒരു നാടിന്റെ മുഴുവന്‍ ആവേശമാണ്. കുട്ടനാട്ടിലെ ഇടുങ്ങിയ നാട്ടുവഴിയിലെ തുഴച്ചില്‍കാരുടെ കായിക പരിശീലനം വീക്ഷിക്കുന്ന നാട്ടുകാര്‍. നാട്ടുവഴികളുടെ തനിമ ഒട്ടും നഷ്ടപ്പെടാതെയുള്ള വളരെ സ്വാഭാവികമായ ഒരു ചിത്രമാണ് ഇത്. ഒപ്പം പച്ചപുതച്ച കുട്ടനാടിന്റെ വഴിയോരങ്ങളില്‍ നാളെയുടെ തുഴച്ചില്‍ക്കാരായ കുട്ടിക്കുറുമ്പന്‍മാരുടെ വള്ളം കളിക്കായുള്ള ഒരുക്കങ്ങളും.


ഇനി ഓളങ്ങളെ കീറിമുറിച്ച് കരിനാഗങ്ങളെപ്പോലെ പായുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ദൃശ്യങ്ങളിലേക്ക്. തുഴച്ചിലിലെ മത്സര ആവേശവും ഭൂപ്രകൃതിയും ഒക്കെ വ്യക്തമാക്കുന്ന ഒരു വൈഡ് ഫ്രെയിമാണ് 4-ാമത്തേത്.

ചുണ്ടന്‍ വള്ളങ്ങളുടെ നീളത്തെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. നീളം കൂടുതല്‍ ഉള്ളതുകൊണ്ട് തന്നെ തുഴക്കാരുടേയും, നിലയാളുകളുടേയും ആവേശം വ്യക്തമാക്കണമെങ്കില്‍ ടൈറ്റ് ഫ്രെയിമുകളിലേക്ക് പോകേണ്ടി വരും. ഇനിയുള്ള നാല് ചിത്രങ്ങള്‍ ചുണ്ടന്റെ 4 ഭാഗങ്ങളുടെ ദൃശ്യങ്ങളാണ്.




ഇത് ഒരു ടോപ്പ് ആംഗിള്‍ ചിത്രമാണ്. ക്യാപ്റ്റന്റെ നിര്‍ദ്ദേശം അനുസരിച്ച് ഒരേ രീതിയില്‍ തുഴ എറിയുന്ന് ദൃശ്യം.


വള്ളത്തിന്റെ മദ്ധ്യത്തുള്ള വെടിത്തടി(മുമ്പ് യുദ്ധത്തിന് പോകുമ്പോള്‍ പടക്കോപ്പുകള്‍ സൂക്ഷിച്ചിരുന്ന പടി)യാണ് പാട്ടുകാരുടെ സ്ഥാനം. പടക്കപ്പല്‍ കളിവള്ളമായിട്ടും അത് മാറ്റിയിട്ടില്ല. ഇവരുടെ താളത്തിനനുസരിച്ചാണ് തുഴ എറിയുന്നത്.


ചുണ്ടന്റെ ഏറ്റവും മുന്‍വശം. അണിയത്തിന്റെ ചിത്രമാണിത്. വള്ളം ഫിനിഷ് ചെയ്തതിനു ശേഷമുള്ള തുഴച്ചില്‍കാരുടെ ദൃശ്യം.


ഇത് ചുണ്ടന്‍ വള്ളത്തിന്റെ അമരം. ജലനിരപ്പില്‍ നിന്നും 20 അടി ഉയര്‍ന്നു നില്‍ക്കുന്ന ഇവിടെ 4 അമരക്കാരാണുള്ളത്. വള്ളത്തിന്റെ ഗതി ഇവരുടെ കൈകളിലാണ്. ചുണ്ടന്‍ വള്ളങ്ങളുടെ ചിത്രമെടുക്കുമ്പോള്‍ വ്യത്യസ്തങ്ങളായ ദൃശ്യങ്ങള്‍ കൂടുതലും കിട്ടുന്നത് അമരത്തെ തുഴച്ചില്‍കാരുടെ ആക്ഷനുകളില്‍ നിന്നാണെന്ന് ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം.


ഒരു ജനതയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ആവേശമാണ് വള്ളംകളി. തോര്‍ത്ത് വായുവില്‍ ചുഴറ്റിയെറിഞ്ഞ് ആവേശം പ്രകടിപ്പിക്കുന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.




ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലെ ഫോട്ടോഫിനിഷ്(ചിത്രം ചുണ്ടന്‍ വള്ളത്തിന്റെ അല്ല) വിജയം ആഘോഷിക്കുന്നവര്‍. ഈ രണ്ട് ചിത്രങ്ങളും ക്ലിക്ക് ചെയ്തിരിക്കുന്ന ടൈമിങ്ങ് ഏറെക്കുറെ കൃത്യമാണ്. വള്ളം കളിയുടെ ചിത്രങ്ങളെടുക്കുമ്പോള്‍ വേഗതയും, ടൈമിങ്ങും അനിവാര്യമാണ്. സെക്കന്റില്‍ കൂടുതല്‍ ഫ്രെയിമുകള്‍ എടുക്കുവാന്‍ കഴിയുന്ന ക്യാമറകള്‍ ആണ് അഭികാമ്യം.


വള്ളംകളിക്കാലം വിനോദ സഞ്ചാരികളുടെ സീസണ്‍ കൂടിയാണ്. വള്ളംകളിയില്‍ ആവേശത്തോടെ പങ്കെടുക്കുന്ന വിദേശികള്‍.


മത്സര വള്ളംകളിയുടെ ഒളിംപിക്‌സ് ആണ് ആലപ്പുഴ പുന്നമടക്കായയില്‍ എല്ലാ വര്‍ഷവും ആഗസത് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്ന നെഹ്‌റു ട്രോഫി ജലോത്സവം. നെഹ്‌റുവിന്റെ കയ്യൊപ്പുള്ള ട്രോഫി ഏറ്റ് വാങ്ങിയ തുഴക്കാരുടെ ആത്മനിര്‍വൃതിയാണ് ഈ ചിത്രത്തില്‍.


ജലോത്സവങ്ങളുടെ കാലം കുട്ടനാട്ടില്‍ 2-ാം കൃഷി തുടങ്ങുന്ന സമയമാണ്. പച്ച പുതച്ച കുട്ടനാടിന്റെ കാഴ്ചകളിലേക്കും ക്യാമറ തിരിച്ചാല്‍ മതി ചിത്രങ്ങള്‍ തനിയെ ക്യാമറകള്‍ക്കുള്ളിലാകും.




അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.



Photo Classroom MadhurajAjithJayesh