കമ്പോസിഷന്‍

Posted on: 27 Jul 2011

 

ഫോട്ടോഗ്രാഫി എന്നത് ടെക്‌നിക്ക്, വിഷന്‍, ലൈറ്റ് എന്നിവയുടെ കൃത്യമായ കൂടിച്ചേരലാണ്. ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ചിത്രമെടുക്കണമെങ്കില്‍ ഇവയുടെ സമതുലിതമായ സംയോജനം നിര്‍ബന്ധമാണ്. നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ദൃശ്യം എന്തു തന്നെയായാലും അതിനെ അതേപടി ഫോട്ടോഗ്രാഫിയുടെ സാങ്കേതികത്വത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ആ ചിത്രം ഉപയോഗശൂന്യമാണ്. അതുപോലെ തന്നെ ടെക്‌നിക്ക് എത്രതന്നെ മികച്ചതായാലും നാം എടുക്കുന്ന ചിത്രം കാഴ്ച്ചക്കാരില്‍ യാതൊരു വികാരവുമുണര്‍ത്തുന്നില്ലെങ്കില്‍ ജീവനില്ലാത്ത ഒരു കാഴ്ച്ച എന്ന രീതിയില്‍ മാത്രം അത് മാറും. ലാന്‍ഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫിയിലെ അഗ്രഗണ്യനായ ആന്‍സല്‍ ആഡംസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'അവ്യക്തമായ ഒരു ആശയത്തിന്റെ വ്യക്തമായ ചിത്രത്തേക്കാള്‍ മോശപ്പെട്ടതായി യാതൊന്നും തന്നെയില്ല'.

ലൈറ്റ് എന്നത് ഫോട്ടോഗ്രാഫിയുടെ ഹൃദയമാണ്. ഹൃദിസ്ഥമാക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളതും അതാണ്. മടുപ്പുളവാക്കുന്ന ഒരു സബ്ജക്ടിനെ ആശ്ചര്യജനകമായ ഒന്നാക്കി മാറ്റാന്‍ ലൈറ്റിങ് കൊണ്ടുമാത്രം സാധിക്കും. വികാരങ്ങളെ ഉണര്‍ത്തുവാനും സംസാരിക്കുന്ന ചിത്രമാക്കി മാറ്റുവാനും സന്തോഷവും സന്താപവും നല്ലതും ചീത്തയും നാടകീയതയുമെല്ലാം ലൈറ്റിങ്ങിലൂടെ മാത്രം സാധിക്കും. ലൈറ്റിങ്ങിന്റെ സൂക്ഷമഭേദങ്ങള്‍ മനസ്സിലാക്കുന്നതോടെയാണ് ഒരാള്‍ നല്ല ഫോട്ടോഗ്രാഫറാകുന്നത്. ലൈറ്റിനെക്കുറിച്ചുള്ള പഠനം ഒരിക്കലും അവസാനിക്കുന്നില്ല എന്നാതണ് സത്യം, അത് ഒരു ഫോട്ടോഗ്രാഫറുടെ ജീവിതം മുഴുവന്‍ നീളുന്ന ഒന്നാണ്.

ഈ ക്ലാസ്സില്‍ നമുക്ക് കമ്പോസിഷനെക്കുറിച്ച് ചര്‍ച്ച ചെയ്യാം. അതായത് ഫോട്ടോഗ്രാഫിയുടെ ദൃശ്യാത്മകതയെക്കുറിച്ച്. നാമെല്ലാം ചിത്രമെടുക്കുന്നത് നാം കാണുന്ന ഒരു കാഴ്ച്ചയെ നമുക്ക് വേണ്ടി തന്നെയോ മറ്റൊരാള്‍ക്കു വേണ്ടിയോ പ്രകാശിപ്പിക്കുന്നതിനല്ലേ? നമുക്ക് ഒരു സബ്ജക്ടിനോട് തോന്നുന്ന വികാരത്തെ അതേപടി ലോകത്തോട് പറയുക എന്നതാണ് ഫോട്ടോഗ്രാഫി. നാം ഓരോരുത്തരും ലോകത്തെ കാണുന്നത് ഒരു പോലെയല്ല. അതു കൊണ്ട് തന്നെ ഓരോരുത്തരെടുക്കുന്ന ചിത്രങ്ങളും ഒരു പോലെയായിരിക്കില്ല. ഒരു റോസാ പൂവിന്റെ ചിത്രം രണ്ട് പേരെടുക്കുകയാണെങ്കില്‍ രണ്ടും രണ്ട് തലത്തിലായിരിക്കും. ഒരാള്‍ക്ക് അത് സ്‌നേഹത്തിന്റെ പ്രതീകമായി ചിത്രീകരിക്കാന്‍ സാധിക്കുമെങ്കില്‍ മറ്റൊരാള്‍ക്ക് അത് ഹൃദയഭേദകമായ ഒരു അനുഭവത്തിന്റെ ചിഹ്നമാക്കി മാറ്റാനും സാധിക്കും.

നമുക്ക് ഒരു സബ്ജക്ടിനോട് തോന്നുന്ന വികാരത്തെ അതേപടി ലോകത്തോട് പറയണമെങ്കില്‍ അത് എങ്ങനെ സാധിക്കുമെന്ന അവബോധം ഉണ്ടായിരിക്കണം. കാഴ്ച്ചക്കാരന് നമ്മള്‍ എന്താണ് പറയാന്‍ ശ്രമിച്ചതെന്ന് ചിത്രം കണ്ട് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയണം. വെറുതെ ചിത്രമെടുക്കുക എന്നതിലുപരി ഒരു ചിത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഇത് കമ്പോസിഷനിലൂടെ മാത്രമേ സാധിക്കു.

ഫോട്ടോഗ്രാഫി സംബന്ധമായ ഘടകങ്ങളെ കാഴ്ച്ചയ്ക്ക് ഇമ്പമേറുന്ന തരത്തില്‍ ക്രമീകരിക്കുന്നതിനാണ് ഫോട്ടോഗ്രാഫിയില്‍ കമ്പോസിങ് എന്ന് പറയുന്നത്. Pattern, Texture, Colour, Shape, Line എന്നിവയാണ് ആ ഘടകങ്ങള്‍. ചിത്രത്തിന്റെ രൂപകല്‍പ്പനയക്ക് അവശ്യം വേണ്ടുന്ന ഇവയെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ തന്നെ ചിത്രത്തിന്റെ മികവും കൂടുന്നു. അടുത്ത തവണ നിങ്ങള്‍ ചിത്രമെടുക്കുമ്പോള്‍ രൂപകല്‍പ്പനയ്ക്ക് വേണ്ടിയുള്ള ഈ ഘടകങ്ങള്‍ സംബന്ധിച്ച് മാത്രം സബ്ജക്ടിനെ സമീപിച്ച് നോക്കു. ഉദാഹരണത്തിന് ഭംഗിയേറിയ ഒരു പക്ഷിയെയാണ് നിങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പോകുന്നത് എന്ന് കരുതുക. സബ്ജക്ടിനെ ഭംഗിയേറിയ ഒരു പക്ഷിയായി കാണാതെ, അതിന്റെ ചിറകിലെ നിറത്തിന്റെ പശ്ചാത്തലത്തില്‍ പക്ഷിയുടെ തൂവലുകളുടെ texture ആണ് ഞാന്‍ പകര്‍ത്താന്‍ പോകുന്നത് എന്നാണ് വിചാരിക്കേണ്ടത്. മറ്റൊരു ഉദാഹരണം പറഞ്ഞാല്‍, ഒരു പര്‍വ്വതനിരയും അതിന്റെ താഴ്‌വരയിലൂടെ ഒഴുകുന്ന് ഒരു നദിയും ചേര്‍ന്ന ഒരു ലാന്‍ഡ്‌സ്‌കേപ്പ് ആണ് ഷൂട്ട് ചെയ്യുന്നതെന്ന് വിചാരിക്കു. നദിയേയും പര്‍വ്വതത്തെയും ബന്ധിപ്പിക്കുന്ന രേഖയേയും നീലാകാശത്തിലെ ശുഭ്രമേഘങ്ങളുടെ പശ്ചച്ചാത്തലത്തിലെ പര്‍വ്വതത്തിന്റെ ആകാരവുമാണ് ഷൂട്ട് ചെയ്യുവാന്‍ പോവുന്നത് എന്ന് വിചാരിക്കുക.

മുകളില്‍ പറഞ്ഞ രണ്ട് സമീപനങ്ങളും നിങ്ങളുടെ ഫോട്ടോഗ്രാഫിയില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാക്കുന്നവയാണ്. രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട തലങ്ങളിലൂടെ നിങ്ങള്‍ ചിത്രമെടുക്കുന്നതിനെ സമീപിച്ചാല്‍ ഒരു കാര്യം ഉറപ്പിക്കാം. നിങ്ങളെടുക്കുന്ന ചിത്രങ്ങളുടെ മികവും നിങ്ങളുടെ ഫോട്ടോഗ്രാഫറെന്ന നിലയിലുള്ള കഴിവും അതിനനുസൃതമായി ഉയരും.

രൂപകല്‍പ്പനയ്ക്കായുള്ള ഘടകങ്ങളെക്കുറിച്ച് നമുക്ക് മറ്റൊരു ക്ലാസ്സില്‍ വിശദമായി പഠിക്കാം. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒന്നു രണ്ട് 'ഹോം വര്‍ക്കുകള്‍' തരാം. ക്യാമറയുമെടുത്ത് ഇറങ്ങുക. രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട ഘടകങ്ങളെ പകര്‍ത്തു എന്നത് മനസ്സില്‍ ഉറപ്പിക്കുക. ഉദാഹരണത്തിന് ഒരു ദിവസം മുഴുവന്‍ 'ഞാനിന്ന് ഹശില െമാത്രമേ ഷൂട്ട് ചെയ്യു' എന്ന് വിചാരിക്കു. വorizontal, vertical, diagonal, converging തുടങ്ങിയ രീതിയില്‍ lines പകര്‍ത്തുക. പിന്നീടുള്ള രണ്ടു ദിവസം ഇതു തന്നെ ചെയ്യുക. തുടര്‍ച്ചയായ പരിശീലനം മൂലം തുടര്‍ന്നുള്ള ചിത്രമെടുപ്പില്‍ നിങ്ങള്‍ അറിയാതെ തന്നെ ഈ ഘടകങ്ങള്‍ നിങ്ങളുടെ ഭാഗമാകും.

ഇതിനുവേണ്ടി ഞാനെടുത്ത ചിത്രങ്ങള്‍ നോക്കു. ഞാന്‍ ആകാരങ്ങള്‍ (Shapes) മാത്രമാണ് ഇവിടെ ശ്രദ്ധിച്ചിരിക്കുന്നത്.

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.Photo Classroom MadhurajAjithJayesh