പട്ടത്തിപ്പാറ വെള്ളച്ചാട്ടം
Posted on: 17 Nov 2011
Text & Phots: MADHU THANKAPPAN
തൃശ്ശൂര്‍ ജില്ലയില്‍ ആരാലും അറിയപ്പെടാതെ, സര്‍ക്കാരിന്റെ ശ്രദ്ധ എന്നെങ്കിലും പതിഞ്ഞു ഒരു ശാപമോക്ഷം കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു കാത്തുകിടക്കുന്ന മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങളെപ്പോലെ വേറെയും ഒരുപാട് സുന്ദര സ്ഥലങ്ങള്‍ ഉണ്ട് എന്ന തിരിച്ചറിവില്‍ നിന്നും തുടങ്ങിയ അന്വേഷണമാണ് എന്നെ പട്ടത്തിപ്പാറ വെള്ളച്ചാട്ടങ്ങളില്‍ എത്തിച്ചത്. തൃശൂര്‍ നഗരത്തില്‍ നിന്നും വെറും പന്ത്രണ്ട് കിലോമീറ്റര്‍ അകലത്തില്‍ സുന്ദരമായ വെള്ളച്ചാട്ടങ്ങളും കാടും ഇത്രയും നാള്‍ അധികം ആരും അറിയാതെ മറഞ്ഞു കിടക്കുകയായിരുന്നു എന്ന സത്യം വിശ്വസിക്കുവാന്‍ ആ ജില്ലക്കാരനായ എന്റെ മനസ്സ് കൂട്ടാക്കിയില്ല. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനായി തൃശൂര്‍ ജില്ലക്കാര്‍ മുഴുവന്‍ അറുപതിലേറെ കിലോമീറ്റര്‍ താണ്ടി അതിരപ്പിള്ളി വാഴച്ചാല്‍ കാണാന്‍ പോകുമ്പോള്‍ ആ സങ്കടം മനസ്സിലൊതുക്കി, ആരോടും പരിഭവമില്ലാതെ ആരാലും അറിയപ്പെടാതെ മറഞ്ഞു കിടന്ന് ഒഴുകുകയാണ് ഈ പട്ടത്തിപ്പാറ വെള്ളച്ചാട്ടങ്ങള്‍.
തൃശൂര്‍ പട്ടണത്തില്‍ നിന്നും തൃശ്ശൂര്‍ പാലക്കാട് ഹൈവേയിലൂടെ സഞ്ചരിക്കുമ്പോള്‍ മണ്ണുത്തി, മുടിക്കോട് എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ ചെബൂത്ര എന്ന സ്ഥലത്ത് എത്താം. അവിടങ്ങളില്‍ വളരെ പ്രശസ്തമായ ചെബൂത്ര അമ്പലത്തിനരുകിലുള്ള റോഡിലൂടെ ഏകദേശം രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പട്ടത്തിപ്പാറയിലെത്താം. കാറിലാണ് വരുന്നതെങ്കില്‍ പീച്ചി ഡാമില്‍ നിന്നും വരുന്ന ജലം ഒഴുകികൊണ്ടിരിക്കുന്ന കനാലിന്റെ അരുകില്‍ വണ്ടി പാര്‍ക്ക് ചെയ്തു ഏകദേശം പത്തു നിമിഷം നടന്നാല്‍ ഈ മനോഹര പ്രദേശത്തു എത്തിച്ചേരാം. ബൈക്കില്‍ വരുന്നവര്‍ക്കും, അല്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും കാട്ടുവഴികളിലൂടെ വെള്ളച്ചാട്ടത്തിന്റെ അടുത്തു വരെ ബൈക്കില്‍ എത്താന്‍ കഴിയും. മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ പോലെ കാട്ടിലൂടെ ഒരു പാട് ദൂരം നടക്കാതെ ഇവിടം എത്തിച്ചേരാം എന്നത് കൊണ്ട് തന്നെ കുടുംബവുമായി വരുന്നവര്‍ക്ക് എത്തിച്ചേരാന്‍ വളരെ സൌകര്യപ്രദം ആണ് ഈ വഴികളും വെള്ളച്ചാട്ടങ്ങളും.
കൂടെയുള്ളവര്‍ സാഹസികതയെ ഇഷ്ടപ്പെടുന്നവരായത് കൊണ്ട് ഞങള്‍ ബൈക്കിലാണ് പട്ടത്തിപ്പാറയില്‍ എത്തിയത് . അല്‍പ സമയം മാത്രം നീണ്ടു നിന്ന ഒരു യാത്ര ആയിരുന്നു അതെങ്കിലും ഇടുങ്ങിയ കാട്ടുവഴികളിലൂടെ ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ ഇപ്പോള്‍ മറിഞ്ഞു വീഴുമോ എന്ന തോന്നലോടെ ഉള്ള ബൈക്ക് യാത്ര വളരെ രസകരമായിരുന്നു.
ബൈക്ക് നിറുത്തി അല്പം നടക്കുന്നതിനിടയില്‍ തന്നെ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കാതില്‍ വന്നലയ്ക്കാന്‍ തുടങ്ങി .പല പല തട്ടുകളിലായി കിടക്കുന്ന വെള്ളച്ചാട്ടങ്ങള്‍ ആണ് ഇവിടത്തെ പ്രത്യേകത. അല്പം നടന്നപ്പോഴേക്കും ആദ്യത്തെ വെള്ളച്ചാട്ടം കണ്ടു. കുറച്ചു ദിവസ്സമായി മഴയില്ലാത്തതിനാല്‍ വെള്ളം കുറവാണെങ്കിലും ഭംഗിയില്‍ ഒട്ടും കുറവില്ലാതെ ഒഴുകുകയാണ് ആ വെള്ളച്ചാട്ടം. അതിനടിയില്‍ ഉല്ലസിച്ചു കുളിക്കുന്ന കുറച്ച് ആളുകളെയും കണ്ടു ഞങള്‍ മുകളിലെ വെള്ളച്ചാട്ടങ്ങളെ തേടി കാട്ടു വഴികളിലൂടെ നടന്നു.
ആ കാട്ടിലെ ശുദ്ധവായുവും ശ്വസിച്ചു, കാടിന്റെ സംഗീതവും കേട്ട് നടന്നു കുറച്ചു നടന്നപ്പോള്‍ തന്നെ പ്രധാന വെള്ളച്ചാട്ടത്തിന്റെ മുകള്‍ നിരപ്പില്‍ എത്തി. നല്ല ഉയരത്തിലായാണ് ഈ വെള്ളച്ചാട്ടം ഒഴുകുന്നത് . പ്രധാനമായും മൂന്നു തട്ടുകളിലായി ഒഴുകുന്ന ഈ വെള്ളച്ചാട്ടങ്ങള്‍ നല്ല മഴക്കാലത്ത് ഒന്നായി തോന്നുകയും അപ്പോള്‍ അതിനു അതിരപ്പിള്ളി വെള്ളച്ചാട്ടത്തെക്കാള്‍ ഉയരം തോന്നുകയും ചെയ്യും .
പക്ഷെ ഈ മൂന്നു വെള്ളച്ചാട്ടങ്ങളെയും ഒരുമിച്ചു കാണാന്‍ കഴിയാത്ത വിധത്തില്‍ വലിയ മരങ്ങളും മുള്ളുകള്‍ നിറഞ്ഞ ചെടികളും വളര്‍ന്നു നില്‍ക്കുകയായതുകൊണ്ട് ആ വെള്ളച്ചാട്ടങ്ങളെ അതിന്റെ പൂര്‍ണരൂപത്തില്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും ഒരു നല്ല ഫോട്ടോ കിട്ടിയാലോ എന്നാഗ്രഹത്തോടെ ആ മുള്‍ച്ചെടികള്‍ വകഞ്ഞു മാറ്റി ഞങള്‍ കുറച്ചു നടന്നു നോക്കി .പക്ഷെ വഴി കൂടുതല്‍ ദുര്‍ഗടമാകുകയും ഒരു കൂട്ടുകാരന്‍ മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ അല്‍പനേരം കുടുങ്ങുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ ആ ശ്രമം ഉപേക്ഷിച്ചു തിരിച്ചു നടന്നു.
Vote for this
(0%) (0 Votes)
അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.