ട്രാവല്‍ ബ്ലോഗ്‌സൈരന്ധ്രിയുടെ താഴ്‌വരയില്‍

ചിത്രങ്ങളും വിവരണവും: അബ്ദുസ്സമദ് വളാഞ്ചേരി

 ഈ ഒഴിവു കാലത്തെങ്ങിലും സൈലന്റ് വാലി സന്ദര്‍ശിക്കണമെന്ന ആഗ്രഹം സഫലമാകുമെന്ന പ്രതീക്ഷയോടെയാണ് മുക്കാളിയിലുള്ള വനം വകുപ്പിന്‍റെ ഓഫീസിലേക്ക് വിളിച്ചത്. ശനി, ഞായര്‍ അല്ലാത്ത ഏതെങ്കിലും ഒരു ദിവസം വരാനായിരുന്നു മറുപടി. തിങ്കളാഴ്ച പോകാമെന്ന് ഉറപ്പിച്ചു.

രാവിലെ 5.30ഓടെ ഞങ്ങള്‍ രണ്ടു കുടുംബങ്ങള്‍ രണ്ടു വണ്ടിയില്‍ പുറപ്പെട്ടു. എട്ടു മണിക്ക് വനം വകുപ്പിന്റെ ഓഫീസില്‍ എത്തണമെന്ന് അറിയിച്ചിരുന്നു.നേരം ഇപ്പോഴും നന്നായി വെളുത്തിട്ടില്ല.

രാവിലെ റോഡ് വിജനമായിരുന്നതിനാല്‍ വളരെപ്പെട്ടന്നു തന്നെ ഞങ്ങള്‍ മണ്ണാര്‍ക്കാട്ടെത്തി. പ്രാതല്‍ കഴിക്കാമെന്ന് കരുതി നോക്കിയപ്പോള്‍ ഒറ്റ ഹോട്ടലും തുറന്നിട്ടില്ല. മണ്ണാര്‍ക്കാട്ടു നിന്നും ഏകദേശം ഇരുപതു കിലോമീറ്റര്‍ അകലെ മുക്കാളിയിലാണ് വനം വകുപ്പിന്റെ ഓഫീസ്.

മണ്ണാര്‍ക്കാട് ടൗണില്‍ നിന്ന് ഇടത്തോട്ടുള്ള പാതയിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. ചെറിയ ഒരു ചുരം തന്നെയായിരുന്നു അത്. െ്രെഡവ് ചെയ്യാന്‍ നല്ല സുഖമുള്ള പാത. വഴിയില്‍ കണ്ട ഒരാളോട് ചോദിച്ചപ്പോള്‍ ഇനി ഹോട്ടല്‍ മുക്കാളിയിലെ ഉള്ളൂ എന്ന് പറഞ്ഞു.

തിരിഞ്ഞും വളഞ്ഞും യാത്ര ചെയ്ത് ഞങ്ങള്‍ കൃത്യം ഏഴു മണിക്ക് മുക്കാളിയിലെത്തി.വനം വകുപ്പിന്‍റെ ഓഫീസിനു മുമ്പില്‍ ഒരു വലിയ ബസ് കിടപ്പുണ്ട്.നിറയെ സഞ്ചാരികളുമായി എവിടെ നിന്നോ വന്നതാണ്. നിറയെ പെണ്‍കുട്ടികള്‍. ഓഫീസ് തുറന്നിട്ടില്ലെങ്ങിലും പ്രധാന കവാടം തുറന്നിരിക്കുന്നു.അതിലൂടെ ഞങ്ങള്‍ ഓഫീസ് സമുച്ചയത്തില്‍ പ്രവേശിച്ചു,

പ്രാതല്‍ കഴിക്കാനായി തൊട്ടടുത്തു കണ്ട ഹോട്ടല്‍ 'വികാസി'ല്‍ കയറി. എന്നാല്‍ അവിടേയും ഭക്ഷണമൊന്നും ആയിട്ടുണ്ടായിരുന്നില്ല. പത്തു മിനിറ്റ് ക്ഷമിച്ചാല്‍ തരാമെന്നായി ഹോട്ടല്‍ ഉടമ. ഓഫീസ് തുറക്കാന്‍ ഇനിയും സമയമുണ്ടല്ലോ.

പത്തു മിനിറ്റ് കൊണ്ട് ഭക്ഷണം എത്തി. നല്ല ദോശയും ചട്ണിയും, കൂടെ സാമ്പാറും അപ്പവും. ചട്ണി കഴിച്ചപ്പോള്‍ അത്രയും സമയം കാത്തിരുന്നത് വെറുതെയായില്ലെന്ന് തോന്നി. അത്രയ്ക്ക് രുചി. ഞങ്ങളുടെ ചട്ണി തീറ്റ കണ്ട ഹോട്ടലുടമയ്ക്ക് കാര്യം പന്തിയല്ലെന്ന് തോന്നി. ഉടന്‍ തന്നെ അയാള്‍ ചട്ണിപ്പാത്രം എടുത്തുകൊണ്ടു പോയി. എട്ടുപേര്‍ വയറു നിറയെ തട്ടിയിട്ടും ബില്ല് വന്നപ്പോള്‍ ഞെട്ടിയില്ല. വെറും 240 രൂപ മാത്രം.

കൃത്യം എട്ടു മണിക്ക് തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി. ക്യാമറ ചാര്‍ജ് അടക്കം ആയിരത്തി മുന്നൂറുരൂപ അടച്ചു .എല്ലാവരും വേറെ വേറെ ഒരു പുസ്തകത്തില്‍ പേരെഴുതി ഒപ്പിട്ടു നല്‍കി.

മദ്യം, മറ്റു ലഹരി വസ്തുക്കള്‍ ഒന്നും തന്നെ കാട്ടിലേക്ക് കൊണ്ട് പോകാന്‍ പാടുള്ളതല്ല,പ്ലാസ്റ്റിക് പാടെ നിരോധിച്ചിരിക്കുന്നു. കുപ്പി വെള്ളം കൊണ്ട് പോകാമെങ്കിലും കുപ്പി കാട്ടില്‍ ഉപേക്ഷിക്കാന്‍ പാടില്ല. ഉച്ചക്കുള്ള ഭക്ഷണം കൂടെ കരുതണം.ഇതെല്ലാം ഉദ്യോഗസ്ഥര്‍ പറഞ്ഞു തന്നു.

അങ്ങിനെ ഞങ്ങള്‍ സൈലന്റ് വാലി ലക്ഷ്യമാക്കി നീങ്ങി.ഞങ്ങള്‍ ഏഴു വലിയവരും ഒരു കുഞ്ഞമടക്കം ഒരു മഹേന്ദ്ര ജീപ്പില്‍ സുഖമായി ഇരുന്നു.െ്രെഡവറും ഗൈഡും ഒരാള്‍ തന്നെ. പേര് ശിവന്‍.

നല്ല കാറ്റുള്ള ഒരു ദിവസമായിരുന്നു അത്. വന്‍ മരങ്ങള്‍ അസാധാരണമായ ശബ്ദമുണ്ടാക്കി ഞങ്ങളെ വരവേറ്റു,നിറയെ കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ ആടിയും ചാടിയും ഞങ്ങള്‍ മുന്നോട്ടു നീങ്ങി.വഴിയില്‍ ഒരു ആദിവാസി ഊര് ശിവന്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു.പുലി മാന്തിയ മരവും തൈലം ഉണ്ടാക്കുന്ന പുല്‍ചെടിയും ഇരുണ്ട വഴിത്താരകളും ആനയിറങ്ങുന്ന വഴികളും ഒക്കെ കണ്ടു ഞങ്ങള്‍ മതിമറന്നു. പെട്ടെന്ന് വണ്ടി നിര്‍ത്തി ശിവന്‍ ചാടിയിറങ്ങി,ഞങ്ങളോടും വേഗം ഇറങ്ങാന്‍ പറഞ്ഞു.വന്‍മരങ്ങളില്‍ ചാടിത്തിമര്‍ക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍.അവര്‍ ഞങ്ങള്‍കായി പല സര്‍ക്കസുകളും കളിച്ചു. പക്ഷെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ എന്തോ മടിപോലെ.

ദൂരെ എവിടെ നിന്നോ ഒരു മലയണ്ണാന്‍ തന്റെ സാന്നിധ്യമറിയിച്ചു കൊണ്ട് കൂകി വിളിച്ചു.സിഗ്‌നല്‍ ബോയ് എന്നാണത്രേ മലയണ്ണാന്‍ അറിയപ്പെടുന്നത്. ക്രൂര മൃഗങ്ങളില്‍ നിന്നും പാവപ്പെട്ട മൃഗങ്ങളെ അപായ സൂചന നല്‍കി രക്ഷപ്പെടുതുവാനാണ് ഇങ്ങനെ കൂകി വിളിക്കുന്നതെന്ന് ശിവന്‍ പറഞ്ഞു.

വഴിയരികില്‍ ഒരു അരുവി കണ്ടു.നല്ല തണുത്ത വെള്ളം.വയര്‍ നിറയെ കുടിച്ചു മുഖം കഴുകിയപ്പോള്‍ വല്ലാത്തൊരു ഉന്മേഷം.ഇത്രയും കല്ലുകള്‍ നിറഞ്ഞ ദുര്‍ഘടമായ പാതയിലൂടെ പോകാനായി സഞ്ചാരികള്‍ക്കായുള്ള വാഹനത്തിന്റെ ടയര്‍ പ്രത്യേകമായി രൂപപ്പെടുത്തിയിട്ടുണ്ട്.ഒടുവില്‍ ഞങ്ങള്‍ നിശബ്ദതയുടെ ആ സുന്ദര താഴ്‌വരയില്‍ എത്തിച്ചേര്‍ന്നു. ഇടതൂര്‍ന്ന വനങ്ങളിലൂടെയുള്ള യാത്ര വിശാലമായ ഒരു താഴ്‌വരയില്‍ ഞങ്ങളെ എത്തിച്ചിരിക്കുന്നു.ഇതു കഠിന ഹൃദയനെയും കവിയാക്കുന്ന മനോഹരമായ കാഴ്ച. ഓരോ മലകളും മറ്റൊന്നിനു അതിരിട്ടുകൊണ്ട് അങ്ങ് നീലാകാശാതോളം ചെന്നെത്തിയിരിക്കുന്നു.

സൈരന്ധ്രി എന്നാണു ഞങ്ങളിപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ പേര്.സൈലന്റ് വാലിയുടെ ഒരു ഭാഗം മാത്രം ആണിത്. കുറെ ഭാഗങ്ങള്‍ തമിഴ് നാടിലും ഉണ്ടെന്നു ശിവന്‍ പറഞ്ഞു.

കാഴ്ചകള്‍ കാണാന്‍ ഒരു വലിയ വാച്ച് ടവേര്‍ ഇവിടെ ഉണ്ട്.തല കറക്കവും മറ്റു ഉള്ളവര്‍ ഇതില്‍ കയറാതിരിക്കുന്നതാണ് നല്ലത്. എന്തായാലും ഞങ്ങള്‍ കയറാന്‍ തീരുമാനിച്ചു. ചിലര്‍ പകുതി വെച്ചു താഴേക്കു ഇറങ്ങുന്നത് കണ്ടു.

അങ്ങനെ ഉയരങ്ങളില്‍ നിന്ന് നീലാകാശം കുട ചൂടി നില്‍ക്കുന്ന ഹരിത ഭൂമി ഞങ്ങള്‍ കണ്ടു. അങ്ങ് ദൂരെ വെള്ളി മേഘങ്ങള്‍ മലയുടെ കൂര്‍ത്ത ശിഖരങ്ങളില്‍ തട്ടി ചിന്നിച്ചിതറി. ഇടക്കെപ്പോഴോ ഇരുണ്ടു പോകുന്ന വനഭൂമി മേഘങ്ങളോടു പറയുന്നു.വരൂ ... ഞങ്ങളെ ഒന്നാകെ വാരിപ്പുണരൂ. ടവറില്‍ നിന്ന് നോക്കിയാല്‍ ഭവാനിപ്പുഴ കാണാം. പാത്രക്കടവ് പദ്ധതിയുടെ ഭാഗമാണ് ഈ പ്രദേശം. ഏക്കര്‍ കണക്കിന് വനഭൂമി നഷ്ട്ടമാകുമെന്ന കാരണത്താല്‍ പദ്ധതി ഇപ്പോള്‍ വേണ്ടെന്നു വെച്ചിരിക്കയാണ്.

ഇനി കാട്ടിലൂടെ നടക്കാമെന്ന് ശിവന്‍ പറഞ്ഞു.മുന്‍പ് കണ്ട പുഴയുടെ അടുത്തേക്കാണ് നടക്കേണ്ടത്.കൊച്ചു കുട്ടികളെ എടുത്തു നടക്കുക എളുപ്പമല്ല,പ്രായമായവര്‍ക്ക് ഇടയ്ക്കു നടത്തം നിര്‍ത്തി വിശ്രമിക്കാന്‍ വഴിയില്‍ ഇടത്താവളവും ഉണ്ട്.അട്ടകള്‍ ഉണ്ടാവാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നിനെയും കണ്ടില്ല,വഴിയില്‍ നിറയെ പൂമ്പാറ്റകള്‍ ഞങ്ങളോട് കിനാരം ചൊല്ലി.

സമയം ഉച്ച തിരിഞ്ഞിരിക്കുന്നു.ഇനി മടങ്ങാമെന്ന് എല്ലാവരും പറഞ്ഞു.നടന്നു നടന്നു എല്ലാവരും ക്ഷീണിച്ചിരിക്കുന്നു.തിരികെ വനം വകുപ്പിന്‍റെ ഓഫീസിലെത്തി ഉച്ച ഭക്ഷണം കഴിച്ചു.

ഒരാള്‍ അയാളുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ മനോഹര ഭൂമി കാണേണ്ടതാണ് എന്ന് ഈ താഴ്‌വര തന്നെ നമ്മോട് പറയുന്നു.


Vote for this
(0%) (0 Votes)

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/