ട്രാവല്‍ ബ്ലോഗ്‌മൂന്നാറില്‍ നിന്ന് വാല്‍പ്പാറയ്ക്കുള്ള ദൂരം

Text&Photos: Emil isaac

 

കേരളത്തിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിലെക്കാണ് ഞങ്ങളുടെ യാത്ര. അത് വഴി വാല്‍പ്പാറയും ലിസ്റ്റില്‍ ഉണ്ട്. രണ്ടു മാസം മുന്‍പ് തന്നെ റൂട്ട്മാപ്പ് ഒക്കെ റെഡി. എന്റെ കുടുംബക്കാരന്‍ നോബല്‍ (ചിക്കു), സഹപ്രവര്‍ത്തകന്‍ സംഗീത്, പഴയ സഹപാഠി അമല്‍, പിന്നെ ഞാന്‍ (പേര് എമില്‍, വീട് ഇരിട്ടി, Working in Donboso college, Angadikadavu.) എന്നിവരാണ് ടീമില്‍ ഉള്ളത്.Day 1
29-/08-/2012, 2:30pm

ഓണത്തിന് ഞങ്ങള്‍ മൂന്നാര്‍ ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിച്ചു. സംഗീത് തലശ്ശേരിയില്‍ നിന്നും അമല്‍ അങ്കമാലിയില്‍ നിന്നുമാണ് കയറുക. 4 pm നു സംഗീതിനെയും പിക്ക് ചെയ്തു. മാഹിയില്‍ നിന്നു ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചു (-1970/-,29.47L,66 km) അങ്കമാലിക്ക് പുറപെട്ടു. പക്ഷെ വഴി ചെറുതായി ഒന്ന് തെറ്റി. തൃശൂര്‍ വഴിക്ക് പകരം, ഗുരുവായൂര്‍, കൊടുങ്ങലൂര്‍, പറവൂര്‍ വഴി ആലുവയില്‍ എത്തി. അപ്പോള്‍ സമയം 11:30 pm ഏതായാലും വിളിച്ചു പറഞ്ഞതുപ്രകാരം ആലുവയില്‍ നിന്ന അമലിനെയും കൂട്ടി. ഒരു സ്ട്രീടു ലൈറ്റ് ന്റെ അടുത്ത് നിര്‍ത്തി കൈയില്‍ കരുതിയ ഡിന്നര്‍ കഴിച്ചു, ആലുവയില്‍ നിന്നു വീണ്ടും ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചു(-957/-,13.55L, 317 km) യാത്ര തുടര്‍ന്നു. പെരുമ്പാവൂര്‍, കോതമംഗലം വരെ കുഴപ്പമില്ലാതെ വന്നു, അടിമാലിക്ക് പോണമെങ്കില്‍ നേരിയമംഗലം ഫോറസ്റ്റ് കടക്കണം. ഫോറസ്റ്റ് എത്തിയപ്പോള്‍ എല്ലാവര്‍ക്കും ഉള്ളില്‍ ചെറിയ ഒരുപേടി. റോഡ് മുഴുവന്‍ വളവുകളും ആവശ്യത്തിനു കോടമഞ്ഞും ഉണ്ട്. റോഡില്‍ ആനയിറങ്ങുന്നതിനെ പറ്റിയുള്ള സംസാരവും തുടങ്ങി. അല്‍പ്പം മുന്നോട്ട് ചെന്നപ്പോള്‍ കുറച്ചുവണ്ടികള്‍ നിര്‍ത്തിയിട്ടിരിക്കുന്നു, വെള്ളച്ചാട്ടത്തിന്റെ ശബ്ദവും. ഞങ്ങള്‍ വണ്ടി നിര്‍ത്തി ഇറങ്ങി നോക്കിയപ്പോള്‍, നിലാവിന്റെ വെളിച്ചത്തില്‍ നല്ല ഒരുവെള്ളചാട്ടം. പക്ഷെ അതിന്റെ ഉയരം കാണാന്‍ സാധിച്ചില്ല. രാവിലെ അതു കണ്ടു ആസ്വദിച്ചിട്ടു പോകാമെന്ന് തീരുമാനിച്ച് എല്ലാവരും വണ്ടിയില്‍ തന്നെ ചെറുതായി ഉറങ്ങി. അപ്പോഴേക്കും സമയം 2 മണി രാത്രി.

Day 2

രാവിലെ 6 മണി ആയപ്പോള്‍ ഞങ്ങള്‍ ഉണര്‍ന്നു പാതി ഉറക്കത്തില്‍ ആ വെള്ളച്ചാട്ടവും കണ്ടു യാത്ര തുടര്‍ന്നു. അടുത്ത ലക്ഷ്യം ഒരു കോമണ്‍ ടോയ്‌ലെറ്റ് ആണ്. കുറച്ചങ്ങു ചെന്നപ്പോള്‍ മറ്റൊരു വെള്ളച്ചാട്ടം. അവിടെ തന്നെ ഒരു പൊതുടോയ്‌ലെറ്റ് ഉണ്ടായിരുന്നു. അതു കുറച്ചു സ്‌റ്റെപ്പുകള്‍ ഇറങ്ങി താഴേക്ക് പോകണം. നീണ്ട ക്യൂ. അകത്തിരിക്കുന്നവന്, ക്ഷമ നശിച്ചു. പുറത്തു നില്‍കുന്നവരുടെ വക അസഭ്യവര്‍ഷവും. ഇനി ഒന്ന് കുളിക്കണം, അതിനു പറ്റിയ ഒരു വെള്ളച്ചാട്ടവും റോഡ് സൈഡില്‍ തന്നെ കണ്ടുപിടിച്ചു. ശേഷം അടിമാലിയില്‍ പോയി പ്രഭാത ഭക്ഷണം കഴിച്ചു മൂന്നറിലേക്ക്. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ റോഡ് മോശമായി. ഹെയര്‍പിന്‍ വളവുകളും, കോടമഞ്ഞും, മഴയും ഡ്രൈവിംഗ് ദുസ്സഹമാക്കി. പോകുന്ന വഴിയില്‍ തന്നെ കല്ലാര്‍ വെള്ളച്ചാട്ടവും, ഒരു വ്യൂ പോയിന്റും കാണാം. ഏകദേശം 10 മണിക്ക് രാവിലെ ഞങ്ങള്‍ മൂന്നാര്‍ എത്തി. ആദ്യം ദേവികുളം റൂട്ടില്‍ പോയി. തേയില തോട്ടങ്ങളും, പുല്ലും പാതിമഞ്ഞും പൊതിഞ്ഞു നില്‍ക്കുന്ന പാറകളും പിന്നെ വലിയ ഒരു വെള്ളച്ചാട്ടവും ആയിരുന്നു ഞങ്ങളെ കാത്ത് അവിടെ ഉണ്ടായിരുന്നത്. അതേ റൂട്ടില്‍ തന്നെ പോയി പൂപ്പാറ വരെ എത്തി രാമക്കല്‍മേട് ആയിരുന്നു ലക്ഷ്യം പക്ഷെ അവിടെ നിന്നും 32 km വീണ്ടും പോണം. അതുകൊണ്ട് ആ ശ്രമം അവിടെ ഉപേക്ഷിച്ച് ആനയിറങ്ങല്‍ ഡാമും കണ്ട് വീണ്ടും മൂന്നാറില്‍ എത്തി ഉച്ചയൂണ് കഴിച്ചു. ഒരു തമിഴ്‌നാടന്‍ രുചി.

പ്ലാനിംഗ് അനുസരിച്ച് ഉച്ചകഴിഞ്ഞു മാട്ടുപ്പെട്ടിക്ക് പോയി. മാട്ടുപ്പെട്ടി ഡാം ക്രോസ് ചെയ്തു എക്കോ പോയിന്റും കണ്ടു കുണ്ടലെ ഡാമില്‍ എത്തി. അവിടെ നിന്നു വണ്ടിയുടെ അടി, കല്ലില്‍ തട്ടി ഇറങ്ങി നോക്കിയപോള്‍ നാലു ടയറിനും കാറ്റ് കുറഞ്ഞിരിക്കുന്നു. എയര്‍ നിറയ്ക്കണമെങ്കില്‍ മൂന്നാര്‍ ചെല്ലണം. അപ്പോള്‍ Top station ഉപേക്ഷികേണ്ടിവരും. അതുകൊണ്ട് രണ്ടും കല്പിച്ചു Top station കാണാനായി പോയി. 6 മണി ആയപ്പോള്‍ അവിടെ എത്തി. നല്ല തണുപ്പും കാറ്റും. കിടു കിടെ വിറക്കുന്നു. സഞ്ചാരികള്‍ മടങ്ങിപോയികൊണ്ടിരിക്കുന്നു. ടോപ്‌സ്‌റ്റേഷന്‍ ഏറെകുറെ വിജനമായി. തണുപ്പ് മാറ്റാന്‍ എന്നവണ്ണം കമ്പിളിപുതപ്പ് പോലെ കോടമഞ്ഞ് പൊതിഞ്ഞു നില്‍കുന്ന മലകള്‍, താഴ്‌വരകള്‍. തമിഴ്‌നാട് വരെ കാണാം അവിടെ നിന്നാല്‍. മുന്നറിനു അടുത്ത് കുരിശുപറ പള്ളിയിലെ ഫാദര്‍ ടോമിയുടെ കൂടെ ആണ് ഞങ്ങളുടെ ഇന്നത്തെ താമസം. ഞങ്ങള്‍ തിരിച്ചു മൂന്നാറിലെത്തി എയര്‍ ചെക്ക് ചെയ്യാനായ് നോക്കുമ്പോള്‍ ഷോപ്പ് എല്ലാം അടച്ചു ഇനി നാളെ 9 മണിക്ക് തുറക്കുകയുള്ളു. അത്താഴവും കഴിച്ചു കുരിശുപറപള്ളിയിലേക്ക് യാത്ര തുടര്‍ന്നു. വീണ്ടും അടിമാലി റൂട്ടില്‍ 17 km യാത്ര ഉണ്ട്. 3 km മാങ്കുളം റൂട്ടില്‍ ഉള്ളിലേക്ക് പോണം. വെള്ളയും, മഞ്ഞയും ലൈറ്റ് ഇട്ടിട്ടും മുന്‍പില്‍ കോടമഞ്ഞു മാത്രം കാണാം. അങ്ങനെ 9 മണിയോട് കൂടി ഞങ്ങള്‍ തപ്പിപിടിച്ച് പള്ളിയിലെത്തി. ടോമി അച്ഛന്റെ വക ചൂട് കട്ടന്‍ചായയും പിന്നെ കൊടുംകാട്ടില്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തു കിടന്നുറങ്ങിയതിനു ചെറിയ ഒരു ശകാരവും തന്നു ഞങ്ങളെ സ്വീകരിച്ചു. 'പോകുന്ന വഴിയുടെ റൂട്ട് മാപ് മാത്രം പോര, വഴിയുടെ അവസ്ഥയും കൂടി അറിഞ്ഞിരിക്കണം' എന്ന് ഒരു ഉപദേശവും ഞങ്ങള്‍ക്ക് തന്നു. സുഖസുന്ദരമായ ഉറക്കം.
Go to Pages »
1| 2 | 3 |
Vote for this
(0%) (0 Votes)
TAGS:
VALPARAI  |  ATHIRAPPALLY  |  MUNNAR  |  ALIYAR 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/