ട്രാവല്‍ ബ്ലോഗ്‌ടുലിപ്പ് വിരിയുന്ന താഴ്‌വരകള്‍

ഇ. എം കൃഷ്ണന്‍

 ഭൂമിയിലെ സ്വര്‍ഗ്ഗമെന്നു വിശേഷിപ്പിക്കുന്ന കാശ്മീര്‍ താഴ്‌വരയില്‍, നീലാകാശവും പര്‍വതശിഖിരങ്ങളും മുഖം നോക്കി മിനുക്കുന്ന ദാല്‍ തടാകത്തിന്റെ കരയില്‍, സബര്‍വന്‍ പര്‍വ്വതനിരകളുടെ മടിത്തട്ടില്‍ നിറങ്ങളുടെ ഒരു വിസ്മയപ്രപഞ്ചം. അതാണ് വിശ്വപ്രസിദ്ധമായ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്യുലിപ് ഗാര്‍ഡന്‍.
കാശ്മീരിലേക്ക്, വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന അലൗകികദൃശ്യങ്ങളേറെയാണ്. ചിനാര്‍, ദേവദാരു മരങ്ങളാല്‍ അതിരു നിര്‍ണ്ണയിക്കപ്പെട്ട ദാല്‍ തടാകം, മുഗള്‍ ചക്രവര്‍ത്തിമാരാല്‍ സ്ഥാപിക്കപ്പെട്ട ചശ്മസാഹി-നിഷ്ാദാ-ഷാലിമാര്‍ മുഗള്‍ പൂന്തോട്ടങ്ങള്‍, പൈന്‍മരങ്ങളണിഞ്ഞു നില്‍ക്കുന്ന പഹല്‍ഗാം ഗുല്‍മാര്‍ഗ്ഗ് മലനിരകള്‍, ശ്രീ ശങ്കരാചാര്യക്ഷേത്രം, ഹസ്രത്ബാല്‍ പള്ളി, സന്‍സാര്‍ തടാകം, ഹൗസ് ബോട്ടുകള്‍, ഷിക്കാരകള്‍. പിന്നെ ആ കാലാവസ്ഥയും.
കാശ്മീരിന്റെ പ്രകൃതിദത്തമായ മാസ്മരസൗന്ദര്യത്തിനു വര്‍ണ്ണപ്പകിട്ടേകുന്ന ഒരു പതക്കമാണ് ടുലിപ് ഗാര്‍ഡന്‍. ശ്രീനഗര്‍ പട്ടണത്തില്‍ നിന്നും 7 കിലോമീറ്റര്‍ അകലത്തില്‍ ദാല്‍ തടാകക്കരയില്‍ ചശ്മഷാഹി-നിഷാദ് എന്നീ മുഗള്‍ ഗാര്‍ഡനുകള്‍ക്കരികില്‍ മലനിരകളുടെ താഴ്‌വരയില്‍ 30 ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ ഈ തോട്ടം സ്ഥാപിക്കപ്പെട്ടത് 2006ല്‍ ആണ്. ടൂറിസ്റ്റുകളെ വരവേറ്റു തുടങ്ങിയത് 2008ലും.
നെതര്‍ലാന്റില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട 70 ഓളം വിവിധ സ്പീഷീസില്‍പ്പെട്ട ടുലിപ് ചെടികള്‍ ബല്‍ബ് വിഭാഗത്തില്‍ പെട്ട ഒറ്റപ്പരിപ്പ് സസ്യങ്ങളായ ഭൂകാണ്ഡങ്ങളാണ്. ലോകത്തിലെ തന്നെ പ്രശസ്ത പുഷ്പങ്ങളായ റോസ്, ക്രിസാന്തമം എന്നിവക്കു ശേഷം മൂന്നാം സ്ഥാനമാണ് ടുലിപ്പിനുള്ളത്.
വരിവരിയായി പ്രത്യേകം തയ്യാറാക്കിയ കൂടങ്ങളില്‍ ശരല്‍ക്കാലത്ത് വളരെ ശ്രദ്ധയോടെ നട്ടു വളര്‍ത്തുന്ന ചെടികള്‍ വസന്തകാലത്താണ് പൂത്തുതുടങ്ങുക. അതു കൊണ്ട് മാര്‍ച്ച് മധ്യത്തോടെ സന്ദര്‍ശകര്‍ക്കായി ഈ സ്വര്‍ഗ്ഗീയോദ്യാനം തുരന്നു കൊടുക്കും. സന്ദര്‍ശകര്‍ക്ക് രാവിലെ 9 മുതല്‍ വൈകുന്നേരം 7 മണിവരെയാണ് പ്രവേശനം. പ്രവേശനഫീസ് മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമാണ് ഫീസ്.
ഏപ്രില്‍ 5 മുതല്‍ 15 വരെ ആഘോഷിക്കപ്പെടുന്ന '' ടുലിപ് ഫെസ്റ്റിവെല്‍'' വന്‍ തോതില്‍ വിദേശി- സ്വദേശി ടൂറിസ്റ്റുകളെ കാസ്മീരിലേക്ക് ആകര്‍ഷിക്കുന്നു. ഇതോടനുബന്ധിച്ച് കാശ്മീരിന്റെ തനതായ സാംസ്‌കാരിക പരിപാടികളും കരകൗശലവസ്തുക്കളുടെ വിപണനവും നടക്കും. ചെടികളില്‍ ഒരുമാസക്കാലം മാത്രമെ പൂക്കള്‍ നില്‍ക്കൂ. രാത്രകാലത്ത് ഉദ്യാനം ദീപപ്രകാശത്തില്‍ ആറാടി നില്‍ക്കുന്ന കാഴ്ച്ച സ്വപ്‌നസദൃശമാണ്്. ഇക്കാലത്ത് ടുലിപ് ഗാര്‍ഡന്‍ വിവിധ വര്‍ണ്ണങ്ങളില്‍, വിരിപ്പിട്ട ഒരു കൂറ്റന്‍ ചിത്രകംബളം പോലെ വെട്ടിത്തിളങ്ങും. ഗാര്‍ഡനില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ 4 ഇഞ്ച് മുതല്‍ 30 ഇഞ്ച് വരെ പൊക്കമുള്ള, വിവിധ വര്‍ണ്ണങ്ങളിലുള്ള പുഷ്പ്പങ്ങള്‍ വിരിഞ്ഞു നില്‍ക്കുന്ന ടുലിപ് ചെടികള്‍ വരികളായി നില്‍ക്കുന്ന കാഴ്ച്ച അതിമനോഹരമത്രെ.
Go to Pages »
1| 2 |
Vote for this
(0%) (0 Votes)
TAGS:
KASHMIR  |  TULIP  |  E M KRISHNAN 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/