ട്രാവല്‍ ബ്ലോഗ്‌സാധുവാക്കിലെ ഒഴുകും പച്ചക്കറികള്‍

Text & Photos: Aji Jayachandran

 


രാവിലെ ഒന്‍പതു മണി ആയപ്പോഴേക്കും ആ ചെറിയ കനാല്‍ നിറഞ്ഞു കവിഞ്ഞു. കവ്‌ബോയ്‌തൊപ്പി ധരിച്ചു തടിവള്ളത്തില്‍ കനാലിലൂടെ കറങ്ങിനടന്ന് ഭക്ഷണവും പഴങ്ങളും വില്‍ക്കുന്നവര്‍. അവര്‍ക്കിടയിലൂടെ ഭക്ഷണം കഴിച്ചും കാഴ്ചകള്‍ കണ്ടുരസിച്ചും തുഴഞ്ഞു നീങ്ങുന്നവര്‍. ഉച്ചത്തില്‍ സംസാരിച്ചും ആംഗ്യങ്ങള്‍ കാണിച്ചും ടൂറിസ്റ്റുകളുടെ ശ്രദ്ധയെ ആകര്‍ഷിച്ചു തങ്ങളുടെ സാധനങ്ങള്‍ വില്‍ക്കാന്‍ പാടുപെടുന്ന കച്ചവടക്കാര്‍. അവരോടു വിലപേശുന്ന ടൂറിസ്റ്റുകള്‍. ശബ്ദങ്ങളും നിറങ്ങളും ചലനങ്ങളും കൂടികലര്‍ന്ന ഒരു പ്രത്യേകതരം അന്തരീക്ഷം. കനാലുകളില്‍ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടു. ആളുകളും വള്ളങ്ങളും സൃഷ്ടിച്ച ആ ഗതാഗതകുരുക്കില്‍ നിന്നുയര്‍ന്നു വന്ന ഒരു ഇരമ്പലാണ് ഞങ്ങളെ അങ്ങോട്ട് സ്വീകരിച്ചത്. ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത് തായ്‌ലാന്‍ഡിലെ സുന്ദരവും പ്രസസ്തവുമായ ഫ്ലോട്ടിംഗ് മാര്‍ക്കറ്റില്‍. പേര് ദാമ്‌നേന്‍ സധുവാക്ക് ഫ്ലോട്ടിംഗ് മാര്‍ക്കറ്റ്. ഫ്ലോട്ടിംഗ് മാര്‍ക്കറ്റ്, മലയാളത്തില്‍ പറഞ്ഞാല്‍ ഒഴുകിനടക്കുന്ന ചന്ത. തായ്‌ലാന്‍ഡുകാരുടെ വളരെ വ്യത്യസ്തമായൊരു വാണിജ്യ സംസ്‌കാരം.

അതിരാവിലെ നാലു മണിക്ക് ഉണര്‍ന്നു. സഹഫോട്ടോഗ്രഫറും മഹാരാഷ്ട്രക്കാരനും ആയ ഷെലാരയും ഉണര്‍ത്തി ക്യാമറയും ബാഗിലാക്കി ബാങ്കോക്കില്‍ നിന്നും ദാമ്‌നേന്‍ സാധുവാക്കിലേക്ക് യാത്ര തിരിച്ചു. ഓണ്‍ ഡോട്ട് മെട്രോ സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറി സതേണ്‍ ബസ് ടെര്‍മിനലില്‍ എത്തി. അവിടെ നിന്നും ഒരു ചെറിയ ബസില്‍ യാത്ര തുടര്ന്നു. ബാങ്കോക്കില്‍ നിന്നും നൂറു കിലോമീറ്ററിലും ദൂരമുണ്ട് ദാമ്‌നേന്‍ സധുവാക്കിലേക്ക്. തായ്‌ലാന്‍ഡില്‍ നിരവധി ഫ്ലോട്ടിംഗ് മാര്‍ക്കറ്റുകള്‍ ഉണ്ടെങ്കിലും ദാമ്‌നേന്‍ സധുവാക്കാണ്് ഏറ്റവും മുമ്പില്‍. രണ്ടുമൂന്നു ഹോളിവുഡ് സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. വിദേശി സന്ദര്‍ശകരുടെ എണ്ണം കൂടാന്‍ ഒരു കാരണം ഇതായിരിക്കാം. ഏകദേശം മൂന്നു മണിക്കൂര്‍ യാത്ര ചെയ്തു ഞങ്ങള്‍ സ്ഥലത്ത് എത്തി. നന്നായി വിശന്നു തുടങ്ങിയിരുന്നു. എങ്കിലും ചെന്നപാടെ തിരക്കിന്‍റെ കുറെ ഫോട്ടോകള്‍ എടുത്തു. അത് കഴിഞ്ഞു ഭക്ഷണം വില്‍ക്കുന്ന ഒരു വള്ളത്തില്‍നിന്നും കൊഴക്കട്ട പോലെയിരിക്കുന്ന ഒരു അരി പലഹാരം വാങ്ങിക്കഴിച്ചു .ആവിയില്‍ വേവിച്ച അതിനുള്ളില്‍ മസാലകള്‍ ചേര്‍ത്ത പച്ചിലകള്‍ ഉണ്ടായിരുന്നു. മൂന്നാല് ദിവസമായി ബാങ്കോക്കില്‍ കണ്ണില്‍ കണ്ട എല്ലാ തായി സ്ട്രീറ്റ് ഫുഡുകളും കഴിച്ചു നോക്കിയ എനിക്ക് ഏറ്റവും രുചികരമായി തോന്നിയത് ഈ തായി കൊഴക്കട്ടയാണ്.

ചെറിയ ചെറിയ കനാലുകളുടെ ഒരു നെറ്റ് വര്‍ക്കാന്‍ ദാമ്‌നേന്‍ സധുവാക്ക്. കിംഗ് രാമാ നാലാമന്‍ 1866 ല് പണികഴിപ്പിച്ചതാണ് ഇത് എന്ന് ചരിത്രം പറയുന്നു. 32 കി.മി നീളം ദൂരമുണ്ട് ഈ കനാല്‍ നെറ്റ്‌വര്‍ക്കിനു. കനാലുകള്‍ ഒഴുകി ഒഴുകി മെ ക്ലോന്ഗ് നദിയില്‍ ചെന്നുചേരുന്നു. പരമ്പരാഗത രീതിയിലുള്ള കൊടുക്കല്‍ വാങ്ങല്‍ സമ്പ്രദായമായിരുന്നു പണ്ടിവിടെ. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ അവര്‍ തന്നെ വള്ളത്തില്‍ കൊണ്ടുവന്നു വില്‍ക്കുവാനും വാങ്ങുവാനും ഉള്ള ഒരിടം. 1970 കളില്‍ ജെയിംസ് ബോണ്ട് സിനിമ ഇവിടെ ചിത്രീകരിച്ചതിന് ശേഷമാണു ഇത് പാശ്ചാത്യ സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടുന്നത് . ഇന്ന് പതിനായിരങ്ങള്‍ ആണ് ദിവസവും ഇവിടെ സന്ദര്‍ശിക്കുന്നത്. തായിലന്റിലെ ഒരു പ്രധാന ടൂറിസ്റ്റ് സ്‌പോട്ട് ആയി മാറി ഇത്. തായി സംസ്‌കാരത്തിന്റെ ഒരു ദൃശ്യാവിഷ്‌കാരമാണ് ദാമ്‌നേന്‍ സധുവാക്ക്.

ഗ്രാമീണ തായി ഭക്ഷണത്തിനു പേരുകേട്ടതാണ് ഈ സ്ഥലം .ഒരു പക്ഷെ എല്ലാവിധ നാടന്‍ തായി ഭക്ഷണങ്ങളും ലഭിക്കുന്ന സ്ഥലം. സദാ കഴിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കാരെയാണ് നമ്മുക്ക് ഇവിടെ കാണുവാന്‍ സാധിക്കുനത്. തായി ഭക്ഷണം രുചിക്കാത്തവര്‍ക്കായി കനാല്‍കരയിലെ കെട്ടിടങ്ങളില്‍ പാശ്ചാത്യ ശൈലിയില്‍ ഉള്ള കഫേകളും രസ്‌റ്റൊരെന്ടുകളും ധാരാളം ഉണ്ട്. പഴങ്ങളുടെ വില്‍പനയാണ് രണ്ടാമത്തേത്. പാളയംതോടന്‍, ചമ്പക്ക, ചക്ക തുടങ്ങി കേരളത്തില്‍ ലഭിക്കുന്ന നാടന്‍ പഴവര്‍ഗങ്ങളും എന്റെ കണ്ണില്‍ പെട്ടു. തായി കരകൌശല വസ്തുക്കള്‍, ബാഗുകള്‍, തൊപ്പികള്‍, ടീ ഷര്‍ട്ടുകള്‍ തുടങ്ങിയവയും വിറ്റുപോകുന്നു. നാട്ടുകാരുടെ മറ്റൊരു വരുമാന മാര്‍ഗം ടൂറിസ്റ്റുകളെ കനാലുകളിലൂറെ തുഴഞ്ഞു കൊണ്ടുപോവുകയാണ്. ഫോട്ടോ എടുത്തു രണ്ടു വഴിക്കായി പോയ ഞങ്ങള്‍ ഒരു പാമ്പ് കളിക്കരന്റെ കാഴ്ചക്കാരായി വീണ്ടും ഒന്നിച്ചു. പെരുമ്പാമ്പിനെ തോളിലിട്ടു ചിലര്‍ ആവേശത്തോടെ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.

കച്ചവടക്കാരില്‍ അധികവും സ്ത്രീകളാണ് എന്നത് ഞങ്ങളെ അതിശയിപ്പിച്ചു. തായിലാഡില്‍ അധ്വാനിക്കുന്ന വര്‍ഗം സ്ത്രീകള്‍ തന്നെയാണ്. പൊതുസ്ഥലങ്ങളിലെ കച്ചവട സേവന മേഖലകളില്‍ സ്ത്രീ പങ്കാളിത്തം വളരെയധികമാണ്. പുരുഷമേധാവിത്തത്തിന്റെ നാട്ടില്‍ നിന്നും വരുന്നവര്‍ക്ക് തായിലന്‍ഡുകാര്‍ നല്‍കുന്ന ഒരു പാഠം. ദാമ്‌നേന്‍ സധുവാക്കിലെ കച്ചവടക്കാരായ നാട്ടുകാര്‍ കനാലുകളോട് ചേര്‍ന്ന വീടുകളില്‍ തന്നെ താമസിക്കുന്നു. നിഷ്‌കളങ്കത അവരുടെ പെരുമാറ്റത്തില്‍ നിന്നും നമ്മുക്ക് ദൃശ്യമാണ്. സദാ ചിരിച്ചുകൊണ്ട് സംസാരിക്കുന്നവര്‍. വിലപേശി കലഹിക്കുമ്പോഴും അവരുടെ മുഖത്തെ ചിരി മായുന്നില്ല.

ഉച്ച കഴിഞ്ഞതോടെ തിരക്ക് നന്നായി കുറഞ്ഞു .മൂന്നു മണിയായപ്പോഴേക്കും കച്ചവടക്കാര്‍ തങ്ങളുടെ വീടുകളിലേക്ക് മിച്ച സാധനങ്ങളുമായി വള്ളങ്ങളില്‍ തിരിച്ചു പോയികൊണ്ടിരുന്നു. ടൂറിസ്‌റുകളും ഓരോന്നായി ബാങ്കോക്കിലേക്ക് തിരിച്ചു പോയിത്തുടങ്ങി. അവശേഷിക്കുന്ന ടൂറിസ്റ്റുകളുടെ വരവും പ്രതീക്ഷിച്ചുകൊണ്ട് കനാല്‍കരകളിലെ റസ്‌റ്റൊറന്റുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. രാവിലത്തെ തിക്കും തിരക്കും സൃഷ്ടിച്ച ഇരമ്പല്‍ ഓര്‍മ്മയില്‍ സൂക്ഷിച്ചു ബാങ്കോക്കിലേക്ക് തിരിച്ചു പോകാനുള്ള ബസിനായി ഞങ്ങള്‍ റോഡില്‍ കാത്തുനിന്നു. കുറേനേരം കാത്തുനിന്നിട്ടും ബസ് വരാത്തതിനാല്‍ ഒരു ടുക്ക് ടുക്ക് ഓട്ടോ വിലപേശി ഞങ്ങള്‍ മെയിന്‍ റോഡിലേക്ക് പുറപ്പെട്ടു. മടക്കയാത്രയില്‍ ദാമ്‌നേന്‍ സധുവാക് മറക്കാനാവാത്ത ഒരനുഭവമായി മനസ്സില്‍ തങ്ങിനിന്നു.
Vote for this
(0%) (0 Votes)
TAGS:

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/