ട്രാവല്‍ ബ്ലോഗ്‌ഹാവാസയിലെ മത്സ്യങ്ങള്‍

Text & Photos: K P Shivakumar

 

പുതുതലമുറയില്‍ പെട്ട എത്യോപ്യന്‍ നഗരമായ ഹവാസ കണ്ടാല്‍ എത്യോപ്യയുടെ മാറുന്ന മുഖം കാണാമെന്ന് പറഞ്ഞുതന്നത് അംബോ സര്‍വകലാശാലയിലെ മല്‍സ്യഗവേഷണ വിഭാഗം ഡയറക്ടര്‍ പ്രൊഫ. പി. നടരാജനാണ്. കേരള സര്‍വകലാശാലയിലും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലും ദീര്‍ഘനാള്‍ സേവനം നല്‍കിയശേഷം എത്യോപ്യയിലെ മല്‍സ്യ ഗവേഷണരംഗത്ത് ഗംഭീരന്‍ ചുവടുവയ്പ്പുകളുമായി മുന്നേറുകയാണ് കന്യാകുമാരി ജില്ലക്കാരനായ പ്രൊഫസര്‍. കഴിഞ്ഞ വര്‍ഷം സ്തുത്യര്‍ഹസേവനത്തിന് എത്യോപ്യന്‍ പ്രസിഡന്റ് സ്വര്‍ണമെഡല്‍ നല്‍കി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ഹവാസയെക്കുറിച്ച് പ്രൊഫസര്‍ പറയുമ്പോള്‍ കാര്യമുണ്ട്. എത്യോപ്യയുടെ മുഖ്യ മല്‍സ്യമായ തിലാപ്പിയ ഏറ്റവും കൂടുതല്‍ വളരുന്ന തടാകങ്ങളിലൊന്ന് ഹവാസ്സയിലാണുള്ളത്.

അങ്ങനെ ഞങ്ങള്‍ ആറുപേര്‍ അംബോയില്‍ നിന്നു നാന്നൂറു കിലോമീറ്റര്‍ ദൂരെയുള്ള ഹവാസയിലേക്കു തിരിച്ചു. ഞാനും ഭാര്യ ഡോ. അഖില. എസ്. നായരും; അസമില്‍ നിന്നുള്ള ഡോ. രജീബ് റോയിയും അദ്ദേഹത്തിന്റെ നവവധു ദീപ്ശിഖ സൈക്കിയയും. ഞങ്ങള്‍ക്ക് വഴികാട്ടിയായി സുഹൃത്ത് സെറിഹൂന്‍ തജബേ; സാരഥിയായി അബറ - ഇരുവരും എത്യോപ്യക്കാര്‍. ഹവാസയിലെത്താനുള്ള എളുപ്പവഴിയുള്‍പ്പെടുന്ന ഭൂപടഭാഗം ഇന്റര്‍നെറ്റില്‍ നിന്ന് മൊബൈലിലേക്കു ഡോ. രജീബ് പകര്‍ത്തിയെടുത്തത് ഉപകാരമായി.

സ്‌നേഹനഗരി, ഹവാസ

സായാഹ്നത്തോട് അടുത്താണ് ഹവാസയിലെത്തിയത്. 'സ്‌നേഹ നഗരി'യെന്നത് ഹവാസയുടെ വിളിപ്പേര്. 'യമാറാ' ഹോട്ടലില്‍ മുറിയെടുത്തു. എത്യോപ്യന്‍ ഹോട്ടലുകളില്‍ ഒരേ മുറിക്ക് മൂന്നു നിരക്കാണ്. വിദേശ സന്ദര്‍ശകന് ഏറ്റവും കൂടുതല്‍, എത്യോപ്യയില്‍ സ്ഥിരതാമസമാക്കിയ വിദേശിക്ക് അല്പം കുറവ്, സ്വദേശിക്ക് ഏറ്റവും കുറവ്. സെറിഹൂണും അബറയും എണ്‍പതു ബിര്‍ കൊടുത്ത അതേയിനം മുറി ലഭിക്കാന്‍ ഞങ്ങള്‍ 120 ബിര്‍ കൊടുത്തു. തരക്കേടില്ല. ഹോട്ടലും പരിസരവും സുന്ദരം. മുറികള്‍ക്ക് നല്ല വൃത്തി. കുളിമുറിയില്‍ ഹീറ്ററുമുണ്ട്.

വടക്ക് തുര്‍ക്കി മുതല്‍ തെക്ക് മുസാമ്പിക് വരെ ഏതാണ്ട് 9600കി. മീ. ദൂരം നീളുന്ന ഗ്രേറ്റ് റിഫ്റ്റ് വാലി പ്രദേശത്താണ് ഹവാസ. റിഫ്റ്റ് വാലിയെ ചുറ്റിപ്പറ്റി രസകരമായൊരു ശാസ്ത്രവസ്തുതയുണ്ട്. റിഫ്റ്റ് വാലിക്ക് ഇരുവശത്തുമുള്ള ഭൗമപാളികള്‍ അല്പാല്പം അകലുകയാണത്രേ. വിദൂരഭാവിയില്‍ കിഴക്കും പടിഞ്ഞാറുമായി ആഫ്രിക്ക രണ്ടാകും എന്നാണ് നിഗമനം. (അനേകലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയുള്‍പ്പെട്ട ഭൂഭാഗം നിരങ്ങി നീങ്ങിയപോലെ.) റിഫ്റ്റ് വാലിയെ ചലിക്കും താഴ്‌വാരം എന്നു മലയാളീകരിക്കുന്നതില്‍ തെറ്റില്ല. റിഫ്റ്റ് വാലിയുടെ ഏതാണ്ട് 2800കിലോ മീറ്ററും എത്യോപ്യയിലാണ്. എന്തിനുമുണ്ട് രണ്ടു വശം. ഭൂഭാഗം രണ്ടാകുമെന്നത് അതിവിദൂരഭാവിയിലെ കാര്യം. ജലസമൃദ്ധമായ ഒരുപിടി തടാകങ്ങള്‍ സ്വന്തമായെന്നതാണ് റിഫ്റ്റ് വാലി മുഖേന എത്യോപ്യക്കു ലഭിച്ച വര്‍ത്തമാന സുകൃതം. കടലോരമില്ലാത്ത രാജ്യത്തിനു കനിഞ്ഞുകിട്ടിയ സൗഭാഗ്യങ്ങളാണ് ഈ തടാകങ്ങള്‍.

സതേണ്‍ നേഷന്‍സ്, നേഷണാലിറ്റീസ് ആന്‍ഡ് പീപ്പിള്‍സ് റീജ്യണ്‍ എന്നു പേരുള്ള എത്യോപ്യന്‍ സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയായ ഹവാസയ്ക്ക് അഴകുപകരുന്നത് സമുദ്രം പോലെ പ്രവിശാലമൊയൊരു റിഫ്റ്റ് വാലി തടാകമാണ്. റിഫ്റ്റ് വാലി തടാകങ്ങള്‍ എല്ലാം വലുതാണ്. താഴ്ന്ന ഒരു വലിയ പ്രദേശം മുഴുവന്‍ വെള്ളം നിറഞ്ഞുണ്ടാകുന്നതാണ് ഇവ. കാറ്റടിച്ചാല്‍ കടല്‍പോലെ തിരയിളകും. സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഞങ്ങളുടെ അംബോയേക്കാള്‍ ചൂടു കൂടുതലാണ് 1700 കി.മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഹവാസയില്‍. പക്ഷേ അസഹ്യമല്ല.

ഹവാസയിലെ മറൈന്‍ ഡ്രൈവ്
കുളിച്ചു റെഡിയായി ഞങ്ങള്‍ തടാകക്കരയിലേക്കു പോയി. സായന്തന സൂര്യന്‍ നല്‍കിയ സ്വര്‍ണച്ചേലയുടുത്ത് തടാകസൂന്ദരി! വശ്യമനോഹരമായ ജലപ്പരപ്പിനെ നോക്കി നോക്കി ഞങ്ങള്‍ തീരത്തു കൂടി നടന്നു. കൊച്ചിയിലെ മറൈന്‍ ഡ്രൈവുമായി അസ്സല്‍ സാമ്യം. തീരത്ത് വില്പനശാലകള്‍. ജലാശയത്തെ അഭിമുഖീകരിച്ചിരുന്ന് സ്‌നേഹം കൈമാറുന്ന ജോഡികള്‍... തീരം മുഴുവന്‍ വലിയ പക്ഷികളാണ്. ഏതാണ്ട് പെലിക്കന്‍ പോലെ തോന്നിക്കുന്ന ഇവയ്ക്ക് മറാബോ സ്റ്റോര്‍ക്ക് എന്നു പേര്. കഴുത്തിലും തലയിലും തൂവല്‍ കാണില്ല. കഴുത്തില്‍ നിന്നൊരു വലിയ ആട താഴേക്കു തൂങ്ങിനില്‍ക്കും. ഉച്ചംതലയ്ക്ക് കഴുകന്റേതുമായി സാമ്യം. പറക്കുമ്പോള്‍ ചിറകടിയുടെ വലിയ ശബ്ദം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പരുക്കന്‍ സൗന്ദര്യം. കടകളില്‍ നിന്ന് മീന്‍ മുള്ളും അവശിഷ്ടങ്ങളും എറിഞ്ഞു കൊടുക്കുമ്പോള്‍ അനുസരണയോടെ കാത്തു നിന്ന് കൊത്തിയെടുക്കുന്ന മറാബോ സ്റ്റോര്‍ക്കുകള്‍ക്ക് തത്തകളുടെ ഇണക്കം! ഇതെല്ലാം കണ്ട് കായല്‍തീരത്തു കൂടി ഞങ്ങളുടെ സായാഹ്നസവാരി.

നേരം ഇരുളുകയാണ്. ജലപ്പരപ്പിനുമീതെ രാത്രിയുടെ കരിമ്പടം. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു ഫ്ലോട്ടിംഗ് റസ്റ്ററിന്റില്‍ കയറി ഓരോ കപ്പ് 'ഷായേ' (ചായ) കഴിച്ചു. തിരിച്ച് വാഹനത്തിന് അടുത്തെത്തിയപ്പോള്‍ നല്ല ഇരുട്ടായിക്കഴിഞ്ഞു. പാതയോരത്ത് ഒരു നിര കടകള്‍ - നമ്മുടെ തട്ടുകടകള്‍ പോലെ. ഓരോ കടയ്ക്കുമുന്നിലും അടുപ്പില്‍ തീയെരിയുന്നു. അടുത്തു ചെന്നു നോക്കി. ഹാവൂ! വായില്‍ കപ്പലോടിക്കാനുള്ള വെള്ളമൂറി. അടുപ്പിനുമീതെ വലിയ ഉരുളികളില്‍ തിളയ്ക്കുന്ന എണ്ണയില്‍ മീനുകളെ പൊരിച്ചുകൂട്ടുകയാണ്. നല്ല ഫ്രഷ് ഫിഷ് ഫ്രൈ! ഒന്നല്ല, രണ്ടല്ല, പത്തല്ല, ഒരു നൂറെണ്ണം വരും... കേരളം വിട്ടശേഷം കടല്‍ മീന്‍ കഴിച്ചിട്ടില്ലെന്ന ദു:ഖത്തിലാണ് ഞങ്ങള്‍; ഇന്ത്യവിട്ടശേഷം കായല്‍ മീന്‍ കഴിക്കാത്തതിന്റെ നിരാശതയാണ് അസമീസ് ദമ്പതികള്‍ക്ക്. തിലാപ്പിയ എന്ന ശുദ്ധജല മത്സ്യം അറുത്തു മുറിച്ച് വൃത്തിയാക്കി കോള്‍ഡ് സ്റ്റോറേജില്‍ വച്ചിരിക്കുന്നതാണ് വല്ലപ്പോഴുമൊരു ആശ്വാസമാവുന്നത്. കുറെ തിന്നാല്‍ പിന്നെ കടലാസു തിന്നുമ്പോലെ... പക്ഷേ ഇപ്പോള്‍ കാണുന്ന കാഴ്ച... ശീതീകരണിയില്‍ ഇരുന്ന് കാലം കഴിച്ച തിലാപ്പിയ അല്ല... ഇതാ ഇപ്പോള്‍ വലവീശിപ്പിടിച്ച തിലാപ്പിയ... പെടപെടക്കണ മീന്‍! അല്പം മുമ്പ് ജലാശയത്തില്‍ പുളഞ്ഞിരുന്ന മീനുകളിതാ തിളയ്ക്കുന്ന എണ്ണയില്‍ കിടന്നു പൊരിയുന്നു...

പൊരിച്ചമീനിന്റെ ലോകം

ഞങ്ങള്‍ ആറുപേരും ആ കടയൊന്നു വലം വച്ചു. കസേരകള്‍ ഒഴിയാന്‍ കാത്തു നില്ക്കണം. ഒഴിയുന്ന കസേരകളില്‍ ഓരോരുത്താരായി ഇരിപ്പായി. ആദ്യം ഓരോ മീന്‍ വച്ച് ഓര്‍ഡര്‍ കൊടുത്തു. നല്ല പച്ചമുളകു ഞരടിയത് ഒരു സൈഡ് ഡിഷ്. എരിയന്‍ വറ്റല്‍ മുളക് പൊടിച്ചു കലക്കിയത് മറ്റൊരു ഡിഷ്. പൊരിച്ച മീനില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്തിട്ടുണ്ട്. മീനിന്റെ ചൂടുള്ള ഒരു ഭാഗം അടര്‍ത്തിയെടുത്ത് പച്ചമുളകു പൊട്ടിച്ചതില്‍ മുക്കി ആദ്യമൊരു കഷണം. ചുവന്ന മുളകു കറിയില്‍ മുക്കി മറ്റൊരു കഷണം... ഓരോ മീന്‍ അകത്താക്കാന്‍ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ. രുചിയുടെ പൊടിപൂരം! ഓരോരുത്തരും ഓര്‍ഡര്‍ നല്‍കുകയാണ്. വീണ്ടും, വീണ്ടും... ഒരു വാശിപോലെ, യുദ്ധം പോലെ... ആര്‍ക്കും സംസാരിക്കാന്‍ പോലും കഴിയുന്നില്ല - ഇവിടെ ഞാനും എന്റെ പൊരിച്ച മീനും മാത്രം - എന്ന ഭാവം. ആകെ എന്തെങ്കിലും മൊഴിഞ്ഞത് സെറിഹൂണ്‍ മാത്രം. അംബോക്കാരനായ കക്ഷിക്ക് മീന്‍ കഴിച്ച് നല്ല ശീലമില്ല. ''വെയര്‍ ഷാള്‍ ഐ സ്റ്റാര്‍ട്ട്? കാന്‍ ഐ ഈറ്റ് ദ ഹെഡ്?'' എന്നൊക്കെ ചോദിച്ച് നേരം പാഴാക്കിക്കളഞ്ഞു. കഴിച്ച മീനിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കൊപ്പം എത്താന്‍ സെറിഹൂണിനു കഴിഞ്ഞില്ല. എല്ലാവരും മീന്‍ കഴിച്ച് ഏമ്പക്കം വിട്ടു! ഞങ്ങള്‍ എണീറ്റതോടെ കടയും അടച്ചു. വണ്ടിയില്‍ കേറുമ്പോള്‍ പരസ്പരം കളിയാക്കലായി. ''രണ്ട് ആസാംകാര്‍ മീന്‍ കഴിച്ച് കഴിച്ച് കടയടപ്പിച്ചല്ലോ'' എന്നു ഞങ്ങള്‍ ദീപ്ശിഖയേയും രജീബിനേയും കളിയാക്കി. രണ്ടു ദിവസത്തെ കച്ചവടത്തിനുള്ള മീന്‍ മുഴുവന്‍ രണ്ടു മലയാളികള്‍ തട്ടിയതിനാല്‍ നാളെയും കടയടപ്പെന്ന് പറഞ്ഞ് അവര്‍ ഞങ്ങള്‍ക്കും തന്നൊരു കൊട്ട്.

യമാറാ ഹോട്ടലില്‍ സ്വച്ഛന്ദമായ രാത്രിയുറക്കം. മുറിയില്‍ ഹോട്ടലുകാര്‍ കൊതുകുവല ക്രമീകരിച്ചിരുന്നു. താരതമ്യേന താഴ്ന്ന പ്രദേശമായതിനാല്‍ കൊതുകിന്റെ സാന്നിധ്യം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പ്രഭാതത്തില്‍ നേരെ ഹാര്‍ബറിലേക്കു പോയി. ഹാര്‍ബറില്‍ മീന്‍ ബോട്ടുകള്‍ കരയ്ക്കടുക്കുന്നതു കാണണമെന്നത് സെറിഹൂണിന്റെ പ്രത്യേക ആവശ്യമായിരുന്നു. ഹാര്‍ബറിലേക്കു കടക്കണമെങ്കില്‍ ടിക്കെറ്റെടുക്കണം. സോജാതോ ലോക്കല്‍ സിറ്റി ടൂര്‍ ഗൈഡ് ആന്‍ഡ് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന് എഴുതിയ ഫ്ലക്‌സ് വലിച്ചു കെട്ടിയ ഒരു ഷെഡിലാണ് പണം കെട്ടിയത്. നിരക്ക് മൂന്നു തരം. ഞങ്ങള്‍ ആളൊന്നുക്ക് 30 ബിര്‍. സെറിഹൂണിനും അബറയ്ക്കും വെറും മൂന്നൂ ബിര്‍ വീതം!

ഇരുപത്തി നാലുകാരനായ തെസ്ഫയെയാണ് ഞങ്ങള്‍ക്കു ലഭിച്ച ഗൈഡ്. ഹവാസ സര്‍വകലാശാലയിലെ മന:ശാസ്ത്രവിഭാഗം ബിരുദ വിദ്യാര്‍ത്ഥിയാണ്. പകല്‍ പഠിത്തം. ഒഴിവു വേളകളില്‍ വിനോദസഞ്ചാരികള്‍ക്ക് സേവനം. ഗൈഡായി നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം തെസ്ഫയെക്കു കൈമുതല്‍. അലഞ്ഞുതിരിയുന്ന തെരുവുപിള്ളേരെ പഠിപ്പിക്കുന്ന മഹനീയമായൊരു കാര്യവും സായാഹ്നങ്ങളില്‍ തെസ്ഫയെ ചെയ്യുന്നുണ്ട്.


മീന്‍പിടുത്തവും വില്പനയും

രാവിലെ 7 മണിനേരം. മല്‍സ്യബന്ധന ബോട്ടുകള്‍ കരയ്ക്ക് അടുക്കുകയാണ്. ബോട്ടുകള്‍ എന്നു പറയുമ്പോള്‍ നീണ്ടകരയോ വിഴിഞ്ഞത്തോ കാണുന്നപോലെ യന്ത്രവത്കൃതമല്ല. കൈകൊണ്ടു തുഴയുന്ന ചെറു ഫൈബര്‍ ബോട്ടുകളാണ് മുക്കുവരുടെ ആശ്രയം. പിന്നെ നമ്മുടെ നാട്ടിലെപ്പോലെ വന്‍തിരവന്നാലും മുട്ടുമടക്കാത്ത ശൗര്യമൊന്നും ഇവിടത്തെ മല്‍സ്യബന്ധനക്കാര്‍ക്കില്ല. ഒന്നു തിരയിളകിയാല്‍ അവര്‍ മീന്‍പിടിക്കില്ല, അത്രതന്നെ. കരയ്ക്കടുക്കുന്ന ബോട്ടുകളില്‍ നിന്ന് മീന്‍ വിലപേശി വാങ്ങുന്ന ഹോട്ടല്‍ വ്യവസായികളും ഇടനിലക്കാരും കൂട്ടം കൂടി നില്പ്പാണ്. 270ഓളം മുക്കുവ കുടുംബങ്ങളാണ് ഹവാസ തടാകത്തെ ആശ്രയിച്ചു ജീവിക്കുന്നത്. 54 ബോട്ടുകളാണ് ഹാര്‍ബറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു ബോട്ടില്‍ പരമാവധി 450വരെ മീനുകളെ കിട്ടും. തിലാപ്പിയ, ക്യാറ്റ് ഫിഷ് എന്നിവയാണ് മുഖ്യ ഇനങ്ങള്‍. ഞങ്ങളെ കണ്ടതും പതിനെട്ടു വയസ്സുള്ള ബിക്കെ എന്ന കരുമാടിക്കുട്ടന്‍ ഒരു വലിയ ക്യാറ്റ് ഫിഷിനെ ഉയര്‍ത്തിക്കാട്ടി. തീരത്തിനടുത്ത് തടാകത്തിലൂടെ നിരവധി പക്ഷികള്‍ നീന്തല്‍ ആസ്വദിക്കുകയാണ്. പെലിക്കണുകള്‍, ഹാമര്‍ സ്റ്റോര്‍ക്ക്, മറാബു സ്റ്റോര്‍ക്ക്... എന്നിങ്ങനെ പക്ഷിസമൃദ്ധം. കരിന്താറാവുകള്‍ പോലെ ഒരു കൂട്ടത്തെ ചൂണ്ടി തെസ്ഫയെ പറഞ്ഞു: ''അവയാണ് ആഫ്രിക്കന്‍ ജക്കാന. അവയുടെ നെറ്റിയില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനു സമാനമായ ഒരു ചിത്രം കാണാം.'' തടാകത്തിന്റെ പരമാവധി ആഴം 23 മീറ്റര്‍. തുറയില്‍ നിന്ന് ഞങ്ങള്‍ പോയത് മല്‍സ്യം വില്ക്കുന്ന അറയിലേക്ക്. പുറമേ നിന്നു നോക്കിയാല്‍ ഒരു അറപോലെ തോന്നുമെങ്കിലും ഉള്ളില്‍ മീന്‍വില്‍ക്കുന്നതിന് നല്ല സൗകര്യവും വൃത്തിയുമുണ്ട്. ഒരു ഭാഗത്ത് മുറിക്കാത്ത മല്‍സ്യങ്ങള്‍, മറുഭാഗത്ത് മുറിച്ചുവൃത്തിയാക്കിയ മല്‍സ്യങ്ങള്‍... അങ്ങനെ കച്ചവടം കാലത്തേ തന്നെ പൊടിപാറുകയാണ്.

മല്‍സ്യ ചന്തയില്‍ നിന്ന് പോയത് മുക്കുവസ്ത്രീകളുടെ അരികിലേക്ക്. എല്ലാവരും വരിയായിരുന്ന് ഓരോന്നു വില്ക്കുകയാണ്. മല്‍സ്യമൊഴിച്ച് മിക്കതും വില്പനയ്ക്കുണ്ട്. പ്രദേശത്ത് നിലനില്ക്കുന്ന 'സിഡാമോ' സംസ്‌കാരമനുസരിച്ച് സ്ത്രീകള്‍ മല്‍സ്യം തൊടില്ല. മീന്‍ പിടിക്കലും വൃത്തിയാക്കലും വില്‍ക്കലുമെല്ലാം ആണുങ്ങള്‍ക്കുള്ള പണിയാണ്. മീന്‍ ഭക്ഷിക്കുന്നവര്‍ക്കാവശ്യമായ സൈഡ് ഡിഷുകളും കറികളും ബ്രഡുമെല്ലാം വില്‍ക്കുന്ന പണിയാണ് സ്ത്രീകള്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നു വച്ച് കച്ചവടത്തിന് ഒരു കുറവുമില്ല.

ആള്‍ക്കുട്ടങ്ങള്‍ക്കിടയിലൂടെ ചാടി നടക്കുന്ന കുരങ്ങുകളെയും കാണാം. ദോഷം പറയരുതല്ലോ, ഇവിടത്തെ കുരങ്ങന്‍മാര്‍ക്ക് മീന്‍ ചതുര്‍ത്ഥിയാണ്. പ്യൂര്‍ വെജിറ്റേറിയന്‍സ്! വല്ല റൊട്ടിക്കഷണമോ, പഴത്തുണ്ടോ, കടലയോ കിട്ടിയാല്‍ കൊറിക്കും, അത്രതന്നെ. ''ഇതാണ് സിഡി'' വട്ടത്തിലുള്ള റൊട്ടി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് തെസ്ഫയെ പറഞ്ഞു. ചൈനാക്കാര്‍ക്കും ജപ്പാന്‍കാര്‍ക്കും പച്ചമീനാണ് പിടിത്തം. ഈ സിഡി കൂട്ടിച്ചേര്‍ത്താണ് അവര്‍ പച്ചമീന്‍ ഭക്ഷിക്കുന്നത്. വില്പനക്കാരിയായ ഒരു അമ്മൂമ്മയുടെ അരികില്‍ ചെന്നിരുന്ന് ഡോ. രജീബ് ഒരു ഫോട്ടോയ്ക്കു പോസ് ചെയ്തു. മടങ്ങുമ്പോള്‍ അമ്മൂമ്മ എന്തോ അതൃപ്തിയോടെ പറഞ്ഞപോലെ തോന്നി - ഫോട്ടോയെടുത്തതിന് അമ്മൂമ്മ പ്രതിഫലം പ്രതീക്ഷിച്ചിരിക്കും.
Go to Pages »
1| 2 |
Vote for this
(0%) (0 Votes)
TAGS:
HAWASA  |  ETHIOPIA 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/