ട്രാവല്‍ ബ്ലോഗ്‌ഹീരാപൂരിലെ 64 യോഗിനിമാര്‍

Text & Photos: K J Siju

 

യോഗിനി ക്ഷേത്രം

ഭുവനേശ്വറിനടുത്ത് 15 കിലോമീറ്റര്‍ അകലെ ഹീരാപൂര്‍ എന്ന കര്‍ഷകഗ്രാമം. കുശഭദ്രാനദിയും, അതിനു സമാന്തരമായി നിറഞ്ഞൊഴുകുന്ന ഭാര്‍ഗവിനദിയുടെ കനാലും, കുളങ്ങളും, ചെമ്മണ്‍പാതയുമൊക്കെയായി, നമ്മുടെ ഗ്രാമപരിസരങ്ങളില്‍നിന്നും കൈമോശം വന്നുപൊയ കാഴ്ചകളുമായി പ്രശാന്ത സുന്ദരമായ ഒരു കൊച്ചു ഗ്രാമം. കൊയ്ത്തുകഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ ചെമ്മണ്‍പൊടി പറപ്പിച്ചുകൊണ്ട് ചൂടുകാറ്റും, വിശാലമായ കുളക്കരയിലെ ആല്‍മരങ്ങളും, ആല്‍ത്തറയില്‍ നേരം കളയാന്‍ ബീഡിയും വലിച്ചിരുന്നു ചീട്ടു കളിക്കുന്ന സാധാരണക്കാരും, കുളപ്പടവില്‍ കുളിക്കുകയും, തുണി അലക്കുകയും ചെയ്യുന്ന ഗ്രാമ വൃദ്ധരും, വല്ലപ്പോഴും വന്നുപോകുന്ന വാഹനങ്ങളും. ഭുവനേശ്വര്‍ എന്ന തലസ്ഥാന നഗരത്തിനടുത്ത് തന്നെയോ എന്നു നമ്മെ ആശ്ചര്യപ്പെടുത്തുന്ന ഗ്രാമവിശുദ്ധി. ഇവിടെയാണു 64 യോഗിനിമാരുടെ ക്ഷേത്രമന്ദിരം.

മുഷികനുമേല്‍ നൃത്തമാടുന്ന വിദ്യാവല്ലകി
അമ്പലമുറ്റം നിറയെ കൂവളമരങ്ങള്‍ തണല്‍ വിരിക്കുന്നു. പുരാതന താന്ത്രിക ക്രിയകളുടെ മൂലസ്ഥാനം എന്നു വിശ്വസിക്കുന്ന ക്ഷേത്രം. ഒരുകാലത്ത് ഇവിടം ഒരു നിബിഡ വന പ്രദേശമായിരിക്കണം. വിജന നിഗൂഡതയില്‍ ആകാശവും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം കാഴ്ചപ്പുറത്തു വരുന്ന മേല്‍ക്കൂരയില്ലാത്ത വൃത്താകൃതിയിലുള്ള കരിങ്കല്‍ ക്ഷേത്രമാണിത്. യോഗിനീമന്ദിരങ്ങള്‍ മേല്‍ക്കൂരകള്‍ ഇല്ലാത്തവയാണ്. അന്തരീക്ഷത്തില്‍ പറന്നുയരാനും, മാനായും, മയിലായും മാറാനും മാറ്റാനും കഴിവുള്ളവരുമായ യോഗിനികളുടെ സൗകര്യത്തിനു വേണ്ടിയാവണം മേല്‍ക്കൂരകള്‍ ഇല്ലാത്ത ക്ഷേത്രനിര്‍മ്മാണം. യോഗിനിമാര്‍ സംഘമായി പറന്നുവരികയും വൃത്തമായി ഇരിക്കുകയും ചെയ്യുന്നു എന്നാണത്രെ സങ്കല്‍പ്പം. രക്തബീജ അസുരനുമായുള്ള യുദ്ധത്തില്‍ രക്തം കുടിക്കാന്‍ ദുര്‍ഗ്ഗാദേവി ചുമതലപ്പെടുത്തിയ അനുചരവൃന്ദമാണത്രെ യോഗിനികള്‍.

വളരെയധികം ഉയരമുള്ള ക്ഷേത്രനിര്‍മിതികള്‍ നിരവധിയുള്ള ഭുവനേശ്വറില്‍ രണ്ട് മീറ്റര്‍ മാത്രം ഉയരമുള്ള ഈ ക്ഷേത്രം അതിന്റെ നിര്‍മ്മാണത്തിലെ വ്യത്യസ്തത കൊണ്ട് വേറിട്ടു നില്‍ക്കുന്നു. കിഴക്കോട്ട് ദര്‍ശനമായ ക്ഷേത്രത്തിനകത്ത്, കല്‍ച്ചുമരില്‍ വെട്ടിയെടുത്ത
മുഖവും ഹസ്തങ്ങളും നഷ്ടമായ വിനായകി
രണ്ടടിയോളം ഉയരമുള്ള അറകള്‍ക്കകത്ത് ക്ലോറൈറ്റ് കല്ലുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന 64 സ്ത്രീ ശില്‍പങ്ങള്‍. 64 രൂപത്തില്‍, 64 ഭാവത്തില്‍, 64 വേഷഭൂഷാദികളില്‍... കേശാലങ്കാരങ്ങള്‍ ഒന്നിനൊന്നു വ്യത്യസ്തം. സ്ത്രീശക്തിയുടെ 64 വിഭിന്ന മുഖങ്ങള്‍. ഓരോ ശില്‍പവും ചവിട്ടി നില്‍ക്കുന്നതു വ്യത്യസ്തമായ പ്രതലങ്ങളില്‍, ഭൂമികകളില്‍. ഒരുപക്ഷേ യോഗിനിമാരുടെ വ്യത്യസ്ത വാഹനങ്ങള്‍ പോലെ. ഉരഗങ്ങള്‍, മത്സ്യം, മൃഗങ്ങള്‍, ജലം, അഗ്നി, പൂക്കള്‍, മനുഷ്യ ശിരസ്സ്, അങ്ങനെ പലതരം വാഹനങ്ങള്‍. ശില്‍പകലയുടെ ഉദാത്തഭാവന നിറഞ്ഞു നില്‍ക്കുന്നു ഓരോന്നിലും.

അഷ്ടഗ്രീവ, ഗൗരി, ഇന്ദ്രാണി, ചണ്ടിക, താര, ബദ്യരൂപി, ചര്‍ച്ചിത, ജലകാമിനി, ഖടവരാഹ, നരസിംഹി, കര്‍ക്കാരി, വിരാകുമാരി, ഖടോബാരി, കാമാക്ഷ, സമുദ്രി, ജ്വാലാമുഖി, അഗ്നിഹോത്രി, ചന്ദ്രകാന്തി, ധൂമാവതി, സൂര്യപുത്രി, വായുവീണ, പഞ്ചവരാഹി അങ്ങനെ 64 പേരുകള്‍. 64 യോഗിനിമാര്‍ക്കു കൂട്ടായി നാല് ശിവ ശില്‍പങ്ങള്‍. ഒപ്പം, ക്ഷേത്രകാവലിന് 9 കാര്‍ത്യായനി ശില്‍പങ്ങളും, ഭൂതഗണങ്ങളും. സാന്‍ഡ് സ്റ്റോണില്‍ ആണ് ഈ ശില്‍പ നിര്‍മിതി. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ചരിത്രത്തിന്റെ വിവിധങ്ങള്‍ ആയ അധിനിവേശത്തിലും, വിശ്വാസവ്യതിയാനങ്ങളിലും പെട്ട് മൂക്കും, മുലയും ഛേദിക്കപ്പെട്ട നിലയിലാണ് ഈ യോഗിനിമാര്‍ എല്ലാം തന്നെ. ഒരു യോഗിനി ശില്‍പം നഷ്ടപെട്ടിട്ടും ഉണ്ട്.
Go to Pages »
1| 2 |
Vote for this
(0%) (0 Votes)
TAGS:
BHUVANESHWAR  |  HIRAPUR  |  YOGINI 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/