ട്രാവല്‍ ബ്ലോഗ്‌മരതകപ്പട്ടണിഞ്ഞ് മഹാബലേശ്വര്‍

Text & Photos: Sibu Sadan

 


മഹാബലേശ്വര്‍ മഹാരാഷ്ട്രയുടെ 'iconic' ഹില്‍സ്‌റ്റേഷന്‍. വേനല്‍ക്കാലത്ത് പോലും സുഖമുള്ള തണുപ്പ് നിറഞ്ഞു നില്‍ക്കുന്ന, മഴക്കാലത്ത് ഇടമുറിയാതെ മഴ പെയ്യുന്ന, അരുവികളും, തടാകങ്ങളും, പൂക്കളും, സ്‌ട്രോബെറികളുമുള്ള സഹ്യാദ്രിമലനിരകള്‍ കൈകോര്‍ത്തു നില്‍ക്കുന്ന സുന്ദരഭൂമി. വെറുമൊരു ഹില്‍സ്‌റ്റേഷന്‍ എന്നതിനുമപ്പുറം പുണ്യ പുരാതന ക്ഷേത്രങ്ങളുടെയും നദികളായ കൃഷ്ണ, വെന്ന, കൊയ്‌ന, സാവിത്രി, ഗായത്രി എന്നിവയുടെയും ഉത്ഭവസ്ഥാനം കൂടിയാണ് ഈ പ്രദേശം. പൂനെയില്‍ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ തെക്ക് സാത്താര ജില്ലയിലാണ് മഹാബാലേശ്വര്‍ സ്ഥിതി ചെയ്യുന്നത്.

വെളുപ്പിന് അഞ്ചു മണിക്ക് ഞങ്ങള്‍ യാത്രയാരംഭിച്ചു. പൂനെ-ബാംഗ്ലൂര്‍ ഹൈവേ സിറ്റിയെ തൊടാതെ നീണ്ടു നിവര്‍ന്നു കിടക്കുകയാണ്. പുലര്‍ച്ചയായതിനാല്‍ ട്രാഫിക് തീരെ കുറവും. ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഹൈവെയില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഞങ്ങള്‍ 'വായി' ഗ്രാമത്തില്‍ പ്രവേശിച്ചു. വായിയെ വിശേഷിപ്പിക്കാന്‍ സുന്ദരം, മനോഹരം എന്നൊക്കെയുള്ള സാധാരണ പദങ്ങള്‍ മതിയാവില്ല. റോഡിന്‍റെ ഇരുവശങ്ങളിലും എള്ളിന്‍ പൂവുകള്‍ തളിരിട്ടു നില്‍ക്കുന്ന പാടങ്ങള്‍, മലനിരകളില്‍ ഉദയസൂര്യന്‍റെ വെയില്‍ തട്ടി തിളങ്ങുന്ന കാറ്റാടിയന്ത്രങ്ങള്‍, വഴിയുടെ ഇരുവശവും വള്ളിപടര്‍പ്പുകള്‍ ഭൂമിയിലാഴ്ത്തി തപസ്സ് ചെയ്യുന്ന ആല്‍മരങ്ങള്‍. ഒരിടത്ത് നിറഞ്ഞൊഴുകുന്ന നദിക്കു കുറുകെ ഞങ്ങള്‍ കടന്നു. 'കൃഷ്ണാ നദി...'

വായിയിലെ ഇടുങ്ങിയ 'ഗലി'കളിലൂടെ വളഞ്ഞും തിരിഞ്ഞും ഞങ്ങളുടെ ബസ്സ് വായി ഗണപതി ക്ഷേത്രത്തിന്‍റെ മുന്നിലെത്തി. ഏകദേശം 350 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ പുതുതായി പണി തീര്‍ത്ത ഗോപുരം പ്രൌഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. പത്തടിയോളം ഉയരവും, അതിനൊത്ത വലിപ്പവുമുള്ള ഗണേശ വിഗ്രഹത്തിനും അത്ര തന്നെ പഴക്കമുണ്ട്. പഴമയും പുതുമയും ചേര്‍ന്ന ഈ ക്ഷേത്രം, കൃഷ്ണാ നദിക്കരയ്ക്ക് ഒരലങ്കാരമാണ്.

ഗണപതി ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒരു ശിവക്ഷേത്രവും ഉണ്ട്. ക്ഷേത്രത്തിനുള്ളിലെ പുരാതന കല്പ്പണികളും, നന്ദികേശ വിഗ്രഹവും, 'ദീപ്മാളുകളും'(ദീപസ്തംഭം) ഏറെ ആകര്‍ക്ഷണീയമാണ്. കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രത്തിന്‍റെയും, ശിവലിംഗത്തിന്റെയും ശില്‍പ്പചാരുത ആസ്വദിച്ചുള്ള എന്‍റെ നില്‍പ്പ് കണ്ട് കൂട്ടുകാര്‍ വിളിച്ചു പറഞ്ഞു, 'നമുക്ക് മഹാബലേശ്വറിലേക്കാണ് പോകേണ്ടത്..!!'

ചുരം കയറാം

യാത്രയുടെ തുടക്കം വിഘ്‌നേശ്വരനുള്ള കാണിയ്ക്കയാക്കി ഞങ്ങള്‍ വായിയില്‍ നിന്ന് മഹാബലേശ്വറിലേക്ക് ആരംഭിക്കുന്ന ചുരം കയറി തുടങ്ങി. ഹെയര്‍പിന്‍ വളവുകള്‍ ചേര്‍ത്ത് വച്ചിരിക്കുന്ന റോഡിലൂടെ വളരെ ഉയരത്തില്‍ കൂനനുറുമ്പുകള്‍ പോലെ വരി വരിയായി വാഹനങ്ങള്‍ പോകുന്നത് താഴെ നിന്നേ കാണാന്‍ കഴിയും. വീതി കുറഞ്ഞ റോഡ് ആണെങ്കിലും, അരിക് മതില്‍ കെട്ടി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

യാത്ര ഏകദേശം പകുതിയോളം കഴിയുമ്പോള്‍ പാറ തുരന്ന് ഒരു ഹനുമാന്‍ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാം. സര്‍വ്വബലവാനായ വായുപുത്രനെയല്ലാതെ മറ്റാരെയാണ് ഈ മലകളുടെയും, പാറക്കെട്ടുകളുടെയും സംരക്ഷകനായി നാം പ്രതീക്ഷിക്കേണ്ടത്, അല്ലെ?!

പാഞ്ച്ഗനി മഹാബലേശ്വറിന്റെ കവാടം


സമയം ഏഴര ആകുന്നതേയുള്ളൂ. ഞങ്ങള്‍ പാഞ്ച്ഗനിയിലെത്തി. പാഞ്ച്ഗനിയെ നമുക്ക് മഹാബലേശ്വറിന്‍റെ തുടക്കമെന്നോ, മഹാബലേശ്വറിലേക്കുള്ള ഇടത്താവളമെന്നോ ഒക്കെ വിശേഷിപ്പിക്കാം. അഞ്ചു ഗ്രാമങ്ങള്‍ക്ക് മുകളില്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്നതിനാലാണ് പാഞ്ച്ഗനിക്ക് ആ പേര്.

'ടേബിള്‍ ടോപ്പും', 'പാര്‍സി പോയിന്റും', 'കാര്‍ത്തികേയ ക്ഷേത്രവും', 'സണ്‍റൈസ് പോയിന്റും', 'സിഡ്‌നി പോയിന്റും' പാഞ്ച്ഗനിക്ക്അവകാശപ്പെടാനുളളതാണ്. ബോര്‍ഡിംഗ് സ്‌കൂളുകളുടെ കാര്യത്തില്‍ മഹാരാഷ്ട്രയുടെ ഊട്ടിയാണ്, പാഞ്ച്ഗനി. 'താരെ സമീന്‍ പര്‍' പോലെയുള്ള പല വിജയചിത്രങ്ങളുടെയും സുന്ദരമായ ഫ്രെയ്മുകള്‍ പാഞ്ച്ഗനിയിലെ ബോര്‍ഡിംഗ് സ്‌കൂളുകളുടെതാണ്.

പീതാംബരം ചുറ്റി ടേബിള്‍ ടോപ്പ്

തുടക്കം ടേബിള്‍ടോപ്പില്‍ നിന്നായിരുന്നു. ഞങ്ങളുടെ 'കുട്ടി'ബസ്സ് നിരങ്ങി നിരങ്ങി മല കയറി. പീഠഭൂമിയെന്ന് പണ്ട് സോഷ്യല്‍ സയന്‍സ് പുസ്തകത്തില്‍ പഠിച്ചിട്ടുള്ളതല്ലാതെ, അതെന്താണെന്ന് കാണുന്നത് ആദ്യമായിട്ടാണ്. അവിടെയുണ്ടായിരുന്ന മലയുടെ തല, ഒരു വാള് കൊണ്ട് വെട്ടി മാറ്റിയത് പോലെയുണ്ട് കണ്ടാല്‍. ആ പ്രദേശം നിറഞ്ഞു നില്‍ക്കുന്ന അഴകാര്‍ന്ന പീതവര്‍ണ്ണം വാരിവിതറിയ ചെറുപൂവുകള്‍, പത്താം ക്ലാസില്‍ പഠിച്ച 'Daffodils' കവിത നമ്മെ ഓര്‍മ്മിപ്പിക്കും. സൗന്ദര്യത്തിന് മാറ്റ് കൂട്ടി തെളിവാര്‍ന്ന ഒരു കൊച്ചു തടാകം, സഞ്ചാരികളെ കാത്ത് കിടക്കുന്ന കുതിരവണ്ടികള്‍, മൂടല്‍മഞ്ഞിനിടയിലൂടെ അവ്യക്തമായ ചിത്രം വരച്ച് താഴ്‌വാരത്തിലൂടെ ഒഴുകുന്ന കൃഷ്ണാനദി. മൊത്തത്തില്‍,പച്ചയും,നീലയും,മഞ്ഞയും, പിന്നെ കുറെയേറെ വര്‍ണങ്ങളും കൂടിക്കലര്‍ന്ന പ്രകൃതിയുടെ ഒരു അപൂര്‍വ്വസുന്ദര ക്യാന്‍വാസ്.

കൃഷ്ണാനദി കാണാവുന്ന ടേബിള്‍ ടോപ്പിന്റെ അരിക് ചേര്‍ന്ന് ഞങ്ങള്‍ നടന്നു. ആ സമതലം ഒന്ന് വലത്ത് വയ്ക്കുവാന്‍ തന്നെ ഒരു മണിക്കൂറോളം വേണ്ടി വരും. കുതിര സവാരിയും,ഒട്ടക സവരിയുമൊക്കെയായി അവിടം തിരക്കായി തുടങ്ങിയപ്പോഴേക്ക് ഞങ്ങള്‍ മടങ്ങാമെന്ന് തീരുമാനിച്ച് നടന്നു തുടങ്ങി. അപ്പോഴാണ് ആ ബോര്‍ഡ് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. 'Way to the Cave '!!! .ആകാംഷയുടെ ഒരു 'ഇതു' കൊണ്ട് ഞങ്ങള്‍ പായല്പിടിച്ച ചെറിയ കല്‍പ്പടവുകളിലൂടെ താഴേക്കിറങ്ങി. താഴെയെത്തിയപ്പോള്‍ ബോര്‍ഡില്‍ ഒരു മാറ്റം, 'Cave Restaurant ' എന്നെഴുതിയിരിക്കുന്നു. മരത്തിന്റെ ഒന്ന് രണ്ടു കസേരയും മേശയുമല്ലാതെ മറ്റൊന്നുമില്ല. 'കയ്യേറ്റ'മാണെന്ന് കണ്ടാലറിയാം. മടിച്ചു മടിച്ച് ഞങ്ങള്‍ ഉള്ളിലേക്ക് കയറി. ഗുഹക്കുള്ളില്‍ ഒരാള്‍ക്ക് നിവര്‍ന്നു നില്‍ക്കാവുന്ന ഉയരം, ഉള്ളില്‍ ഒരു ചെറു തുരങ്കവും. കഷ്ട്ടിച്ച് ഒരാള്‍ക്ക് കുനിഞ്ഞ് നടന്നുപോകാന്‍ പറ്റുന്ന, ലവലേശം വെളിച്ചമില്ലാത്ത ഗുഹയ്ക്കുള്ളിലെ തുരങ്കത്തിലേക്ക് ഓരോരുത്തരായി ഞങ്ങള്‍ കയറിയതും, ഭീകരമായ ശബ്ദത്തോടെ ഒരു കൂട്ടം നരിച്ചീറുകള്‍ ഞങ്ങളുടെ തലയില്‍ തട്ടി പറന്നു പോയതും ഒരുമിച്ചായിരുന്നു. ഒരു നിമിഷം എല്ലാവരും ശ്വാസം നഷ്ടപ്പെട്ട് നിന്നുപോയി. പിന്നെ അവിടെ നിന്ന് എങ്ങനെയെങ്ങിലും പുറത്തു ചാടാനുള്ള തത്രപ്പാടിലായിരുന്നു. ജീവന്‍ തിരിച്ചു കിട്ടിയാലുള്ള സന്തോഷമായിരുന്നു ഗുഹക്കു പുറത്തു വന്ന എല്ലാവരുടെയും മുഖത്ത്. ഇതിനു 'Devil 's Kitchen ' എന്നൊരു വിളിപ്പേരുണ്ടെന്നറിയുന്നത് തിരികെ ഇറങ്ങിയതിനു ശേഷമാണ്. തന്നെയുമല്ല പാണ്ഡവന്മാര്‍ ഈ ഗുഹയില്‍ വസിച്ചിരുന്നതായി ഒരു ഐതിഹ്യവുമുണ്ടത്രെ. വ്യത്യസ്തമായ ഈയൊരനുഭവം യാത്രക്ക് നല്ലൊരു തുടക്കം സമ്മാനിച്ചു.
Go to Pages »
1| 2 | 3 |
Vote for this
(0%) (0 Votes)
TAGS:
MAHABALESHWAR  |  HILLSTATION  |  MAHARASHTRA  |  PANCHAGNI  |  RIVER KRISHNA 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/