

പുകയും പാറയിലെ കുട്ടവഞ്ചികള്‍
Posted on: 11 Mar 2012
Text & Photos: K J Siju

തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര. പെണ്ണാഗരം എന്ന ചെറിയ പട്ടണം. അവിടെ നിന്നും 15 കിലോമീറ്ററുകള്‍ മാത്രം. കാവേരി തീരത്തെ ഹോഗനക്കല്‍ എന്ന ഗ്രാമത്തിലെത്താന്‍. കര്‍ണ്ണാടകത്തിനെയും തമിഴ്നാടിനെയും ഇരു കരകളിലുമായി വേര്‍തിരിച്ച് പാറക്കെട്ടുകളിലൂടെ കുതിച്ചു ചാടി, ഇന്ത്യയിലെ നയാഗ്ര എന്ന വിശേഷണവുമായി ഒരു വെള്ളച്ചാട്ടം. എത്രയെത്ര സിനിമകളില്‍ 'റോജ' മുതല്‍ ഇങ്ങവസാനം 'സരോജ്കുമാറി'ല്‍ വരെ നാം ഈ വെള്ളച്ചാട്ടം കണ്ടിരിക്കുന്നു.
പരശല്‍(coracle) എന്നു തമിഴര്‍ വിളിക്കുന്ന വട്ടക്കൊട്ടയിലെ സവാരിയാണ് ഹോഗനക്കലിലെ പ്രധാന വിനോദം. മണിക്കൂറിനു ഒരാള്‍ക്ക് 160 രൂപ വച്ചു 6 പേര്‍ക്കു കയറാവുന്നവയാണ് ഓരോ കുട്ടയും. മുളകൊണ്ട് നിര്‍മിച്ച്, അടിഭാഗം പ്ലാസ്റ്റിക്കും,ടാറും ഉപയോഗിച്ചു വെള്ളം കടക്കാതെ പൊതിഞ്ഞ ഈ വഞ്ചികളിലെ സവാരി രസകരം. രണ്ടുപേര്‍ക്ക് 800 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. വെള്ളം കുറയുമ്പോള്‍ മാത്രമെ ഈ സവാരി ഇവിടെ സാധ്യമാവൂ. ഒന്നുകില്‍ സവാരി അല്ലെങ്കില്‍ വെള്ളച്ചാട്ടത്തിന്റെ പൂര്‍ണ്ണത കാണുക. രണ്ടിലൊന്നു മാത്രമെ ഒരു യാത്രയില്‍ മിക്കവാറും നടക്കൂ. അവധി ദിനം ആയതു കൊണ്ടാണ്. സഞ്ചാരികളെ കൊണ്ടു ഹോഗനക്കല്‍ നിറഞ്ഞിരുന്നു.
അഞ്ച് രൂപക്കു വേണ്ടി പാറക്കെട്ടിന്റെ മുകളില്‍ നിന്നും താഴെ വെള്ളത്തിലേക്ക് ചാടുന്ന കുട്ടികള്‍ ഇവിടെ മുന്‍പ് ഉണ്ടായിരുന്നു. പോലീസിന്റെ ഇടപെടല്‍ മൂലം അപകടം പിടിച്ച ആ പരിപാടി ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്. കടവില്‍ നിന്നും കുട്ടവഞ്ചിയില്‍ കയറുന്ന നമ്മള് അല്പ ദൂരത്തിനു ശേഷം മറുകരയില്‍ ചെല്ലുകയും, വെള്ളച്ചാട്ടത്തിനു ശേഷം വീണ്ടും കുട്ടയില്‍ കയറി താഴെ നദിയിലൂടെ യാത്ര ചെയ്യുകയും ചെയ്യുന്നതാണ് രീതി. വഞ്ചിയും ചുമന്നു തുഴച്ചില്കാരന് താഴോട്ട് വരും.