ട്രാവല്‍ ബ്ലോഗ്‌സ്വപ്നത്തിലൂടെയൊരു യാത്ര

Text & Photos: Muraleedharan Valooran

 

നല്ലപാതിയെ ചേര്‍ത്തലയില്‍ വീട്ടിലാക്കി തിരിച്ചുപോരുന്ന വഴിക്ക് അങ്കമാലിയിലെത്തിയപ്പോ ഒന്ന് തട്ടേക്കാട് പോയാലോ എന്ന് മോഹമുദിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഡിനറി ബസ്സിലെ യാത്ര തിരക്കില്ലാത്തപ്പോഴാണെങ്കില്‍ സുഖകരമാണ്. ലിമിറ്റഡ് സ്‌റ്റോപ്പ് ഓര്‍ഡിനറിയാണെങ്കില്‍ ഒരു സൂപ്പര്‍ ഫാസ്റ്റിന്റെ ഫലവും ചെയ്യും. ക്രിസ്തുമസ് ദിനമായിരുന്നു. ബസ്സിലും റോഡിലും അധികം തിരക്കില്ല. ഇടക്ക് ചില പള്ളികളില്‍ നിന്ന് കുര്‍ബ്ബാന കഴിഞ്ഞ് ഒരുപാടാളുകള്‍ ഇറങ്ങിവരുന്നുണ്ടായി. നേരിയ തണുപ്പുണ്ട്. പ്രസന്നമായ അന്തരീക്ഷം. ഇടത് വശത്ത് നല്ലൊരു വിന്‍ഡോ സീറ്റും കൂടി കിട്ടിയപ്പോള്‍ ചേര്‍ത്തല മുതല്‍ അങ്കമാലി വരെ യാത്ര സുഖം. ഓരോ തവണ ലീവിന് വരുമ്പോഴും റോഡിനിരുവശത്തും ഉണ്ടാകുന്ന മാറ്റങ്ങള്‍ കൗതുകകരമാണ്. ഗ്രാമങ്ങള്‍ തീര്‍ത്തും അന്യമായിക്കൊണ്ടിരിക്കുന്നു. ഹൈവേയില്‍ കൂടി പോവുകയാണെങ്കില്‍ ഒരു ടൗണിന്റെ തുടര്‍ച്ചയാണ് അടുത്ത ടൗണ്‍. നഗരങ്ങള്‍ ഗ്രാമങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്നു.

ഞാനാണെങ്കില്‍ ഇതിനു മുന്‍പ് ഒരിക്കല്‍ മാത്രേ തട്ടേക്കാട് പോയിട്ടുള്ളൂ അതും പഠനകാലത്ത്. കോതമംഗലത്തെത്തിയിട്ടു വേണം പോകാന്‍. എപ്പോഴും ധാരാളം ബസ്സുകള്‍ ഉള്ള റൂട്ടാണെങ്കിലും ബസ്സുകള്‍ മുറിച്ച് മുറിച്ച് കയറുന്നതാണ് അഭികാമ്യം. ഒറ്റയാത്രയുടെ വിരസത ഒഴിവാവും, ഇടക്കല്‍പ്പം വിശ്രമവും. അങ്കമാലി പെരുമ്പാവൂര്‍-കോതമംഗലം-തട്ടേക്കാട് റൂട്ടില് ഇഷ്ടം പോലെ ബസ്സുകള്‍ എപ്പോഴും ഉള്ള കാരണം പെരുമ്പാവൂര്‍ക്കാണ് ആദ്യം പോയത്. കാലടിയില്‍ പെരിയാറിന്റെ മുകളിലൂടെ അതിദീര്‍ഘമായ പാലത്തിലൂടെ കടന്നുപോയപ്പോള്‍ അവിടെയിറങ്ങി അല്‍പം ചിത്രങ്ങള്‍ എടുക്കാന്‍ തോന്നി. ബസ് യാത്രയുടെ അസൗകര്യം ഇതാണ്, നമുക്കു വേണ്ടി അത് നിര്‍ത്തിത്തരില്ലല്ലോ. വിശാലമായിട്ടുള്ള മണ്‍തിട്ടകളില്‍ നിറയെ പുല്ലുകള്‍ കാടുപോലെ തഴച്ചുവളര്‍ന്ന് നില്‍ക്കുന്നു, പുഴയുടെ നടുവില്‍. രണ്ടുവശത്തുള്ള ഒഴുക്കുമാത്രമേ ഉള്ളൂ. ആറര രൂപയുടെ വഴി അരമണിക്കൂറിനുള്ളില്‍ എത്തിച്ചേര്‍ന്നു. പെരുമ്പാവൂര്‍ നിന്ന് ഉടന്‍ തന്നെ കോതമംഗലം ബസ്സ് പിടിച്ചു. വളരെ റാഷ് ആയ െ്രെഡവ് ആണ് പ്രൈവറ്റ് ബസ്സുകളുടേത് എന്ന് പറയേണ്ടല്ലോ. ഒമ്പതര രൂപയുടെ പെരുമ്പാവൂര്‍-കോതമംഗലം വഴിയും ഏതാണ്ട് അരമണിക്കൂറിനുള്ളില്‍ എത്തി.

ഇടക്ക് ഓടക്കാലി എന്ന സ്ഥലം കണ്ടപ്പോള്‍ സംഗീതവിദുഷി ശങ്കരന്‍ നമ്പൂതിരിയെ ഓര്‍ത്തുപോയി. സ്‌കൂള്‍-സര്‍വ്വകലാശാല യുവജനോത്സവങ്ങളില്‍ ശാസ്ത്രീയ സംഗീതവുമായി ബന്ധപ്പെട്ട എല്ലാ പുരസ്‌കാരങ്ങളും നേടി ഓടക്കാലി എന്ന സ്ഥലത്തെ മലയാളികള്‍ക്കെല്ലാവര്‍ക്കും സുപരിചിതമാക്കിയ സംഗീത വിദ്വാനാണ് അദ്ദേഹം. കോതമംഗലത്തെത്തിയപ്പോള്‍ ആദ്യം കണ്ട വണ്ടി ട്രാന്‍സ്‌പോര്‍ട്ട് ആണ്. മണികണ്ഠന്‍ചാല്‍ എന്ന സ്ഥലത്തേക്ക് പോകുന്ന ബസ്സായിരുന്നു. കണ്ടക്ടറുടെ അടുത്തുള്ള സീറ്റില് തന്നെ ഇരിപ്പുറപ്പിച്ചു. തിരക്കുവന്നാല്‍ ചാടി ഇറങ്ങേണ്ടതല്ലേ, സ്ഥലവും പരിചയമില്ലല്ലോ. ടിക്കറ്റെടുത്തപ്പോള്‍ ആദ്യമേ പറഞ്ഞു ശട്ടം കെട്ടി വഴിയറിയില്ല, കൃത്യസ്ഥലത്ത് ഇറക്കിത്തരണമെന്ന്. കട്ടിക്കാവിയുടെ ഷര്‍ട്ടും മുണ്ടുമൊക്കെ കണ്ട് കണ്ടക്ടര്‍ക്ക് ആളത്ര അപകടകാരിയല്ല എന്ന് തോന്നിയിട്ടാവും കക്ഷി കാര്യം ഏറ്റു. ആറര രൂപയുടെ വഴിയുണ്ട്. വഴിക്കിരുവശവും അത്യാഢംബരപൂര്‍വ്വമായ വീടുകള്‍ വളരെയധികം കാണാം. കുറച്ചുകൂടി ചെല്ലുമ്പോള്‍ ടാറിടാത്ത റോഡുകള്‍ ധാരാളമായിട്ടുണ്ട്. എന്റെ വീടൊക്കെ ഇരിക്കുന്ന ഇരിക്കുന്ന സ്ഥലം ഒരു ഗ്രാമമാണെങ്കിലും ഏറ്റവും ചെറിയ ഇടവഴികള്‍ പോലും ടാര്‍ ചെയ്തതാണ്. ചെമ്മണ്‍ നിരത്ത് എന്നത് പുതുതലമുറക്ക് അന്യമാണ്.

തട്ടേക്കാട് ഇറങ്ങിയപ്പോള്‍ തന്നെ ദ്വാരപാലകര്‍ പറഞ്ഞു ഉള്‍കാട്ടിലേക്ക് ഗൈഡില്ലാതെ പ്രവേശിപ്പിക്കില്ല, ആനയിറങ്ങുന്നതാണ്, ഗേറ്റ് ലോക്ക് ചെയ്തിരിക്കുകയാണ് എന്നൊക്കെ. ഒരാള്‍ക്ക് പ്രവേശനഫീസ് പത്തുരൂപ. ക്യാമറക്ക് 25ഉം. താഴെയുള്ള വനത്തിലേക്ക് വേണമെങ്കില് പോകാം പക്ഷേ സ്വന്തം റിസ്‌കില്‍. കാട്ടിലേക്ക് പോകാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ അവിടെ കാണാന്‍ അധികമൊന്നുമില്ല. ഒരാളെക്കൂടി കമ്പനി കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചുപോയി. ഒരു ലാന്റ്ക്രൂയിസറിനെ ഒരു ചെറിയ ട്രക്കിന്റെ രൂപത്തിലാക്കി ഒരു വിദേശിസംഘം അവിടെ താവളമടിച്ചിരിക്കുന്നു. പക്ഷികളെ അധികം കിട്ടിയില്ലെങ്കിലും മനോഹരമായ പ്രകൃതിയുടെ കുറച്ചു ചിത്രങ്ങളെടുത്തു. രണ്ടുവശവും ഇല്ലിക്കാടുകള് ഇടതൂര്‍ന്നുനില്ക്കുന്ന വഴിത്താരയിലൂടെയുള്ള നടത്തം എത്ര ഉന്മേഷദായകമാണെന്ന് പറക വയ്യ.
Go to Pages »
1| 2 |
Vote for this
(0%) (0 Votes)
TAGS:
THATTEKKAD  |  BIRDS  |  SANCTUARY  |  KOTHAMANGALAM 

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/