

അംബോയുടെ വമ്പ്
Posted on: 22 Feb 2012
Text & Photos: K P Shivakumar

അഗ്നിപര്‍വതജന്യമായ വെഞ്ചി താടാകത്തിലേക്കൊരു യാത്ര ഞങ്ങളുടെ വലിയ സ്വപ്നമായിരുന്നു. അംബോ സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗം പ്രൊഫസറായ എം.ഐ. സുബേറിയോട് ഇക്കാര്യം അഖില സൂചിപ്പിച്ചു. ബംഗ്ലാദേശിയാണെങ്കിലും ഇന്ത്യക്കാരനെന്നു സ്വയം വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രൊഫ. സുബേറി വലിയൊരു വിവരണം തന്നെ വെഞ്ചിതടാകത്തെക്കുറിച്ച് നല്‍കി. ഞങ്ങളുടെ താല്പര്യം പതിന്മടങ്ങായി. വെഞ്ചികാണാനുള്ള വെമ്പല്‍ ഹൃദയങ്ങളിലേക്കു വ്യാപിക്കുകയായി. ഞങ്ങളില്‍ നിന്ന് പ്രൊഫസറുടെ ഭാര്യ ഡോ. സല്‍മ സുബേറിയിലേക്ക്... ടാന്‍സാനിയയിലുള്ള അവരുടെ അനിയനും ജലശാസ്ത്രജ്ഞനുമായ ഡോ. മസൂദ് ഇലാഹിയിലേക്കും അദ്ദേഹത്തിന്റെ ഡച്ചുകാരിയായ ഭാര്യ ആസ്ട്രിഡ് വാന്‍ അഗതോവനിലേക്കും. യൂനിസെഫിന്റെ ടാന്‍സാനിയന്‍ സ്റ്റേഷന്‍ മാനേജരാണ് ആസ്ട്രിഡ്.
ക്രിസ്തുമസ് അവധിക്കാലം എത്യോപ്യയില്‍ ചെലവഴിക്കണമെന്ന് മുന്‍കൂട്ടി ഉറപ്പിച്ചിരിക്കുകയായിരുന്ന ടാന്‍സാനിയന്‍ കുടുംബത്തിന് വെഞ്ചി നല്ലൊരു ആശയമായി. അവരുടെ നാലുവയസുള്ള മകള്‍ അമേല്‍ ഇലാഹിയും കഷ്ടി ആറുമാസം മാത്രം പ്രായമുള്ള മകന്‍ റൂബെന്‍ ഇലാഹിയും താങ്ങുമോ തടാകത്തിലേക്കുള്ള കഠിനമായ യാത്ര? ഞങ്ങള്‍ക്ക് തോന്നിയ ആകുലത രക്ഷകര്‍ത്താക്കള്‍ക്ക് ഇല്ലായിരുന്നു. കുട്ടികള്‍ കുരുന്നിലേ അനുഭവിച്ചറിയട്ടെ ഭൂമിയുടെ വൈവിധ്യങ്ങള്‍, ഇതായിരുന്നു അവരുടെ വിശ്വാസം.
ഒരു ചൊവ്വാഴ്ചയാണ് ഞങ്ങള്‍ വെഞ്ചിയിലേക്കു തിരിച്ചത്. രാവിലെ 7.30 മണി - എത്യോപ്യയെങ്ങും പ്രയോഗത്തിലുള്ള ഔദ്യോഗിക സമയപ്രകാരം 1.30 മണി! അംബോ സര്‍വകലാശാലയ്ക്ക് എതിരെയുള്ള ഹോട്ടല്‍ 'കേബെറോണി'ല്‍ ഞങ്ങളെത്തി. മസൂദ് കുടുംബം തങ്ങുന്നത് ഇവിടെയാണ്. ആട്ടവും പാട്ടും കുടിയും തീറ്റിയുമായൊരു രാത്രി കഴിഞ്ഞ് ശാന്തമായിരിക്കുകയാണ് കേബെറോണ്‍. പ്രഭാതത്തിന്റെ കുളിര്. കോട്ടു ധാരികളായ മാന്യന്‍മാര്‍ നന്നായി ക്രമീകരിച്ച കസേരകളില്‍ ഉപവിഷ്ടര്‍. 'ഷായേ' (ചായ), 'ബുന്ന' (കടുകടുപ്പത്തിലുള്ള കാപ്പി); 'മക്കാത്തോ' (കടുകടുപ്പത്തിലുള്ള കാപ്പിയില്‍ പാലൊഴിച്ചത്)... ഇഷ്ടാനുസരണം ഓരോന്നു പാനം ചെയ്യുകയാണ് ഓരോരുത്തരും. ചിലര്‍ 'ഇഞ്ചേര'യും 'ഡോറോ വാത്തും' (കോഴിക്കറി) കഴിക്കുന്നു. എത്യോപക്കാര്‍ക്ക് ഇഞ്ചേരയെന്നാല്‍ ഇന്ത്യാക്കാര്‍ക്ക് ചപ്പാത്തിയോ ദോശയോ പോലെ. ഏതാണ്ട് 30 സെന്റീമീറ്റര്‍ വ്യാസമുള്ള കനം കുറഞ്ഞ അപ്പമാണ് ഇഞ്ചേര. വൃത്താകൃതിയിലുള്ള ഈ അപ്പം പുളിരസ പ്രധാനമാണ്. ടെഫ് എന്ന ധാന്യം പൊടിച്ച് വെള്ളത്തില്‍ കലക്കി പുളിപ്പിച്ചെടുത്താണ് ഇഞ്ചേര ചുടുന്നത്.
ടെക്ലുവിന്റെ സുഹൃത്തായ ഡ്രൈവര്‍ അബേറയും 13 പേര്‍ക്കിരിക്കാവുന്ന വണ്ടിയും തയ്യാര്‍. നമ്മുടെ മാരുതി വാന്‍ പോലൊരെണ്ണം. സകുടുംബയാത്രയ്ക്കു പറ്റിയത്. ഡോ. മസൂദും ആസ്ട്രിഡും കുഞ്ഞുങ്ങളുമായി വന്നു. അവര്‍ സഞ്ചികളില്‍ കുപ്പി വെള്ളവും വാഴപ്പഴവും റൊട്ടിയും ബിസ്‌ക്കറ്റുമെല്ലാം കരുതിയിട്ടുണ്ട്. ആവശ്യത്തിനു ഭക്ഷണവും വെള്ളവും കരുതിയേ മതിയാവൂ. വാഹനം നിര്‍ത്തുന്നിടത്തു നിന്ന് രണ്ടു മണിക്കൂര്‍ കഠിനമായ കാല്‍നടയാത്ര ചെയ്താലെ തടാക കരയെത്തൂ. തിരിച്ചും രണ്ടു മണിക്കൂര്‍. ഡോ. മസൂദിന്റെ ചുമലിലെ സഞ്ചിയില്‍ സസുഖമിരുന്ന് കുഞ്ഞ് റൂബെന്‍ ഞങ്ങള്‍ക്കൊരു പുഞ്ചിരി സമ്മാനിച്ചു.