

ആര്‍ദ്രം അഗുംബെ
Posted on: 13 Jan 2012
Text & Photos: K J SIJU

തെക്കെ ഇന്ത്യയിലെ പടിഞ്ഞാറന്‍ മലനിരകളിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്. ഹരിതശോഭയുടെ ധാരാളിത്തം, ഒപ്പം മലകയറ്റത്തിന്റെയും പ്രകൃതി ദൃശ്യങ്ങളുടെയും അപാര സാധ്യതകളും.
ഇവിടെ മഴ പെയ്യുന്നത് വളരെ നനുത്ത നേര്‍ത്ത മഴനൂലുകള്‍ പോലെയാണു. അഗുംബെയുടെ ജീവിതവും അതിനനുസരിച്ചു ക്രമീകരിച്ച പോലെ..വീടുകളും കടകളും എല്ലാം. മഴയും മഞ്ഞും ഒന്നിച്ചു പെയ്യുന്ന ഒരു സമയത്താണു ഞങ്ങള്‍ അവിടെ ചെല്ലുന്നത്. ആദ്യം കുടയെടുക്കാതെ നടക്കാന്‍ ശീലം അനുവദിച്ചില്ല...പിന്നെ കുടയെ ഞങ്ങള്‍ മറന്നു.
കാട്ടിലൂടെ ഏറെ നടക്കണം, ബര്‍ക്കന ഫാള്‍സ് എന്ന മനോഹരമായ വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം കാണാന്‍. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ വെള്ളച്ചാട്ടമാണു ഇത്. നിറഞ്ഞൊഴുകുന്ന സീതപ്പുഴയില്‍ അരക്കൊപ്പം വെള്ളത്തില്‍ നടന്നു വേണം അക്കരെ എത്താന്‍. പിന്നെ പുല്ലിലൂടെ, കാട്ടിലൂടെ...മരങ്ങള്‍ക്കിടയിലൂടെ പെയ്യുന്ന മഴയിലൂടെ... ഇടയ്ക്കു അട്ടകളെയും പറിച്ചു കളയണം.