

മഞ്ഞ് പുതച്ച വഴിയിലൂടെ
Posted on: 12 Jan 2012
മന്‍സൂര്‍ ചെറുവാടി
'ഈ നാട്ടുവഴിയിലെ കാറ്റ് മൂളണ പാട്ട് കേട്ടില്ലേ ' എന്ന മനോഹരമായ ഗാനം സ്റ്റീരിയോയില്‍ നിന്നും ഒഴുകി വരുന്നു. പക്ഷെ ഞങ്ങളിപ്പോള്‍ നാട്ടുവഴിയില്‍ അല്ലല്ലോ. കാട്ടുവഴിയിലല്ലേ. പക്ഷെ കാറ്റുണ്ട്. യാത്രയില്‍ വീശുന്ന കാറ്റിന് സംഗീതം കാണും. പറയാന്‍ കഥകളും കാണും. അതൊരുപക്ഷെ ഓര്‍മ്മകളുടെതാവാം, ചരിത്രത്തിന്റെതാവാം, സന്തോഷവും വിരഹവും അതില്‍ വന്നേക്കാം. പക്ഷെ വയനാടന്‍ ചുരത്തിന്റെ ഒമ്പതാം വളവില്‍ എനിക്കോര്‍ക്കാനുള്ളത് ഇതുവഴി മുമ്പ് പോയ ഒത്തിരി യാത്രകളുടെ സന്തോഷം തന്നെയാണ്.
കടന്ന് പോകുന്ന വഴികളിലെല്ലാം ഈ നാട്ടുക്കാരുടെ വിശ്വാസത്തിന്റെ അടയാളം കാണാം. വലിയ മരത്തിനു താഴെ ചെറിയ പ്രതിഷ്ഠകള്‍. എന്റെ വിശ്വാസം മറ്റൊന്നെങ്കിലും ദൈവീകമായ ഇത്തരം അടയാളങ്ങള്‍ കാണിക്കുന്നത് മനുഷ്യരുടെ നല്ല വശങ്ങള് തന്നെ. അതുകൊണ്ട് തന്നെ ഇതൊക്കെ കാണുമ്പോള്‍ സ്വാഭാവികമായും സന്തോഷം തോന്നും. കൃഷിയോടും മറ്റൊരു ദൈവീകമായ കാഴ്ചപ്പാടാണിവര്ക്ക്. ഗോപാല്സ്വാമിബെട്ടയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ മൂന്നു നാല് ചെറിയ അമ്പലങ്ങള്‍ കണ്ടു.
എനിക്ക് കൂട്ടിനു കിട്ടിയത് ക്ഷേത്രത്തിലെ മുഖ്യപുരോഹിതനെ തന്നെയാണ്, ഗോപി സ്വാമി. ക്ഷേത്രവും അതിനോടനുബന്ധിച്ച കഥകളും വിശദമായി പറഞ്ഞു തന്നു സ്വാമി. അഉ 1315ല്‍ ചോള രാജാക്കന്മാരില് ഒരാള്‍ പണികഴിപ്പിച്ചത് ആണ് ഇത്. ആ രാജാവിന്റെ പേര് സ്വാമി പറഞ്ഞു തന്നെങ്കിലും അത് ഓര്‍ത്തെടുക്കാന്‍ പറ്റാത്തത് എന്റെ തെറ്റ്. എഴുപത്തിരണ്ട് കുളങ്ങള്‍ ഈ ക്ഷേത്രത്തിന്റെ ഭാഗമായി ഉണ്ട്. എല്ലാം കാട്ടിനകത്താണ്. അനുമതി കിട്ടില്ല പോവാന്‍. ഓരോ കുളത്തിനും ഓരോ പേരും അതിന്റെ പിറകില്‍ ഓരോ കഥകളും ഉണ്ടത്രേ.
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എതെന്ന എന്റെ ചോദ്യത്തിനു രസകരമായാണ് അദ്ദേഹം മറുപടി തന്നത്.
ഗോപി സ്വാമിയോട് നന്ദി പറഞ്ഞ് ഞങ്ങള്‍ അമ്പലം ഒന്നൂടെ ചുറ്റി കണ്ടു. ഇനി അധികം ഇവിടെ നിന്നാല്‍ ചുരമിറങ്ങാന്‍ പറ്റില്ല. കാരണം അത്രക്കും കൂടുതലാണ് കോടമഞ്ഞ്. മഞ്ഞ് മറച്ച ദൃശ്യങ്ങള്‍ കാണാന്‍ കഴിയാതെ പോയതില്‍ ഇപ്പോള്‍ നിരാശയില്ല. പല തവണ വന്നിട്ടും അറിയാതെപ്പോയ ഈ അമ്പലവും അതിനോട് ചേര്‍ന്ന ചരിത്രവും അറിയാന്‍ കഴിഞ്ഞല്ലോ.