

ആ പര്‍വ്വതനിരകള്‍ എനിക്കായി കാത്തിരിക്കുന്നു
Posted on: 05 Jan 2012
Text & Photos: Priya Sasidharan

സുന്ദരമായ ഒരു ചെറുപട്ടണം, അതാണ് ഗാങ്ങ്ടോക്. സിക്കിമിലെ ഭൂരിഭാഗം റോഡുകളുടെയും പണി അപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെയുള്ളൂ. മലമടക്കുകള്‍ വെട്ടി, പാതി പണി മാത്രം കഴിഞ്ഞ റോഡുകളിലുടെ ശരവേഗത്തില്‍ ടാക്സികള്‍ ഓടിച്ചു പോകുന്ന ഡ്രൈവര്‍ ഭയ്യമാര്‍; അവിശ്വസനീയമായ കാര്യമാണ് എനിക്കിപ്പോഴും ഞാന്‍ ജീവനോടെ നാട്ടില്‍ തിരിച്ചെത്തി എന്നുള്ളത്. 17-20 വയസ്സിനിടക്ക് പ്രായമേ കാണു, ഡ്രൈവര്‍മാര്‍ക്ക്. ഒരുവശത്ത് കുത്തനെയുള്ള മലയും, മറുവശത്ത് അഗാധമായ കൊക്കയും, അതിലുടെ അലറിപ്പാഞ്ഞൊഴുകുന്ന തീസ്ത നദിയും. ഇതിനിടയില്‍ കൈവരി പോലും ഇല്ലാത്ത റോഡിലുടെ 80-100 km/hr വേഗത്തില്‍ വാഹനം ഓടിക്കുന്ന ഭയ്യമാര്‍. ഇവരെയൊക്കെ നമ്മുടെ നാട്ടിലെ NH 47 ല്‍ വിട്ടാലുള്ള സ്ഥിതി ഞാനൊന്നു സങ്കല്പ്പിച്ചു നോക്കി .
സിക്കിമിലെ ഭൂരിഭാഗം ജനതയും ജീവിക്കുന്നത് ടൂറിസത്തെ ആശ്രയിച്ചാണ്. നാടുകാണാന്‍ വരുന്ന അതിഥികള്‍ക്ക് ഭക്ഷണം ഒരുക്കിയും, താമസ സൗകര്യമോരുക്കിയും, കരകൗശലവസ്തുക്കള്‍ ഉണ്ടാക്കി വിറ്റും അവര്‍ ഉപജീവനം കഴിക്കുന്നു. നെടുമ്പാശ്ശേരിയില്‍ നിന്നും കാലത്ത് 7.30 നു പുറപ്പെട്ട്, ഗാങ്ങ്ടോക് എത്തുമ്പോള്‍ രാത്രി ഏകദേശം 9.00 മണി. തണുപ്പ് അതിന്റെ പിടിമുറുക്കി കഴിഞ്ഞിരുന്നു. ബാഗ്ടോഗ്ര മുതല്‍ ഗാങ്ങ്ടോക് വരെ െ്രെഡവര്‍ ആയ നേപ്പാളി പയ്യന്റെ മുറിഞ്ഞ ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള സംസാരവും, നേപ്പാളി പാട്ടുകളും കേട്ടത് കൊണ്ട് കൂടിയാകാം വളരെ പെട്ടന്ന് ഞാന്‍ ഉറക്കത്തിലേക്കു വഴുതി.
മൂന്ന് ഭാഗങ്ങള്‍ ആയാണ് ഈ യാത്ര വിഭജിക്കപ്പെട്ടിരുന്നത്. ആദ്യ ദിനം ഗാങ്ങ്ടോക് പട്ടണം, പിന്നീട് കുറച്ചു കൂടി ഉയരം കൂടിയ പെല്ലിങ്ങിലെക്ക്, അവിടുന്ന് ഡാര്‍ജിലിംഗ്, ശേഷം മടക്കയാത്ര. മോണാസ്ട്രികള്‍ ധാരാളമുണ്ട് സിക്കിമില്‍. ഗാങ്ങ്ടോകിലെ വളരെ പഴക്കം ചെന്ന ഒരു മോണാസ്ട്രിയിലാണ് ഞങ്ങള്‍ ആദ്യം ചെന്നത്. പ്രായം ചെന്ന ഒരുപാട് ലാമ അപ്പൂപ്പന്മാരും, ലാമ കുട്ടികളും പ്രാര്‍ത്ഥന നിര്‍ഭരമായ അന്തരീക്ഷവും നിറഞ്ഞ ഒരു മോണാസ്ട്രി. ഏതൊരു മലയാളിയും പോലെ ലാമ കുട്ടികളെ കാണുമ്പോള്‍ ഞാനോര്‍ത്തു പോകുന്നത് 'യോദ്ധ' എന്ന സിനിമയിലെ ആ കൊച്ചു പയ്യനെയാണ്. നമ്മളോടൊപ്പം നടക്കാനും, പടമെടുക്കാനും നല്ല താത്പര്യമാണവര്ക്ക്. 'ചാന്റിംഗ് ബെല്ല്സ്' എന്നറിയപ്പെടുന്ന ആ പ്രാര്ത്ഥനമണികള് ഞാനും പലവട്ടം കറക്കികൊണ്ട് നടന്നു. എത്ര പ്രാവശ്യം അത് തിരിയുന്നുവോ അത്രയും പ്രാവശ്യം അതില്‍ കൊത്തിവെച്ചിരിക്കുന്ന മന്ത്രങ്ങള്‍ പറഞ്ഞതിന്റെ ഫലം ഉണ്ടാവും എന്നാണു അവിടുത്തെ വിശ്വാസം. ബാഖ്താങ്ങ് വെള്ളചാട്ടതിലെക്കായിരുന്നു അടുത്ത യാത്ര. ആരോ മുകളില്‍ നിന്നും വെള്ളം ഒഴിച്ച് വിടുകയാണോ എന്ന് തോന്നിപ്പോവും. അത്ര ജലപ്രവാഹമേ അന്നതിന് ഉണ്ടായിരുന്നുള്ളൂ. മഴക്കാലത്ത് അത് കൂടുതല്‍ പോഷിതമാകുമായിരിക്കാം.
ഗാങ്ങ്ടോക്കിനെക്കള് ഉയര്‍ന്ന പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പെല്ലിംഗ് . ജനസാന്ദ്രത ഗാങ്ങ്ടോകിനെക്കള് കുറവും. അത് കൊണ്ട് തന്നെ നല്ല ഹോട്ടലുകളും, ലോഡ്ജുകളും മറ്റും കുറവാണ് അവിടെ. മൂന്ന് മൂന്നരമണിക്കൂറോളം യാത്രയുണ്ട് ഗാങ്ങ്ടോകില്‍ നിന്നും പെല്ലിംഗ്ലേക്ക്. ദുര്‍ഘടമായ റോഡുകളും, തിങ്ങിനിറഞ്ഞ കാടുകളുടെയും മറ്റും ഇടയിലൂടെയാണ് യാത്ര. ഇടയ്ക്കിടെ തീസ്ത നദി അതിന്റെ ഏറ്റവും സുന്ദരമായ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് കാണാമായിരുന്നു. ഉരുളന്‍ കല്ലുകളുടെ ഇടയിലൂടെ ഒഴുകുന്ന ഒരു പാലരുവി പോലെ അവള് യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. വഴിയിലെവിടെയോ വെച്ച് ലിഫ്റ്റ് ചോദിച്ചു കയറിയ ലാമ കുട്ടികള്‍ ഞങ്ങള്‍ക്ക് ഒരു ഹരമായി. അവരോടു അവരുടെ ഭാഷയില്‍ സംവദിക്കാനും മറ്റും ശ്രമിച്ചു പരാജയപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. എങ്കിലും, ചിരിക്കുമ്പോള്‍ രണ്ട് വരകള്‍ മാത്രമാകുന്ന ആ കണ്ണുകളും, അതിന്റെ നിഷ്ക്കളങ്കതയും ഇന്നും എന്റെ മനസ്സിലുണ്ട്, മായാതെ.