ട്രാവല്‍ ബ്ലോഗ്‌



ഹിമാലയോ നാമ നഗാധിരാജ

Posted on: 23 Nov 2011

Text & Photos: K J Siju

 


ഹിമാലയം ഒരു പ്രസ്ഥാനമാണ്. സഹനത്തിന്റെ, സാഹസികതയുടെ, സ്‌നേഹത്തിന്റെ, സഫലതയുടെ, സൗകുമാര്യതയുടെ സര്‍വ്വോപരി സമാധാനത്തിന്റെ മഹാപ്രസ്ഥാനം. പഞ്ചപാണ്ഡവര്‍ സ്വര്‍ഗാരോഹണിയിലേക്ക് നടത്തിയ മഹാപ്രസ്ഥാനം ഈ ഹിമഗിരിശൃംഗങ്ങളിലൂടെയാണ്. മഹാഭാരതത്തിലെ പല ഐതീഹ്യങ്ങളും ഇന്നും ഹിമാലയത്തിന്റെ നിമ്‌നോന്നതങ്ങളില്‍ അവശേഷിക്കുന്നു...


ഇരുപത് വര്‍ഷം മാറ്റിവെച്ചും നീട്ടിവെച്ചും എന്നേയ്ക്ക് എന്നറിയാതെ കാലം കാത്തുസൂക്ഷിച്ച എന്റെ ഹിമാലയയാത്ര. മസൂറി എക്‌സ്പ്രസ്സിലെ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ ഉറക്കം വരാത്ത രാത്രിയാത്ര. ഹരിദ്വാറിലേക്ക്. റിസര്‍വ്വേഷന്‍ ഉള്ളവരും, ഇല്ലാത്തവരും, സ്ത്രീകളും, കുട്ടികളും, കാഷായവസ്ത്രധാരികളും എല്ലാം ഈ കമ്പാര്‍ട്ട്‌മെന്റില്‍ ഒരുപോലെ. നിലത്തും വാതില്‍ക്കലും ബര്‍ത്തിലും അവരങ്ങനെ ഇന്‍ഡ്യന്‍ റെയില്‍വേയുടെ റിസര്‍വേഷന്‍ പരിപാടിയെ പരിഹസിക്കുന്നു.

ചുറ്റിലും പൊതിയുന്ന സൈക്കിള്‍ റിക്ഷാക്കാരെ ഒഴിവാക്കാന്‍ പാടുപെട്ട്, നേരത്തെ ബുക്ക് ചെയ്തിരുന്ന ഗഡ്‌വാള്‍ മണ്ഡല്‍ വികാസ് നിഗമിന്റെ രാഹി ഹോട്ടലിലേക്ക്. പിന്നെ ഞങ്ങള്‍ക്ക് മനസ്സിലായി, ഹരിദ്വാറിലെ സൈക്കിള്‍ റിക്ഷാക്കാരെ ഒഴിവാക്കി ഇവിടം കണ്ടുതീര്‍ക്കുക പ്രയാസം. ഒരു സവാരിക്കാരന് പത്തുരൂപ വച്ചു ദൂരങ്ങള്‍ ആഞ്ഞു ചവിട്ടി, അതിലേറെ ആഞ്ഞു ശ്വാസം വലിക്കുന്ന ഈ റിക്ഷാക്കാരാണു ഹരിദ്വാറിന്റെ മുഖമുദ്ര. അവര്‍ ഓരോ സവാരിയിലും ചുമക്കുന്ന ഭാരം കണ്ടാല്‍ കണ്ണു തള്ളി നിന്നു പോകും. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ധാര്‍ഷ്ട്യത്തിന്റെയും പിടിച്ചുപറിയുടെയും നാട്ടില്‍ നിന്നും ചെന്ന ഞങ്ങള്‍ക്ക് ഈ മര്യാദരാമന്‍മാര്‍ സമ്മാനിച്ച വിസ്മയം ഇപ്പൊഴും ബാക്കിയാവുന്നു. മന്‍സാ ദേവിയുടെ ക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്. സ്വകാര്യ കമ്പനി നടത്തുന്ന റോപ് വേ ആണു ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ പ്രധാന ആകര്‍ഷണം. ഇവിടെ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള ചാന്ദി ദേവി ക്ഷേത്രത്തിലേക്കും റോപ് വേ ഉണ്ട്. രണ്ടും ചേര്‍ത്തു പാക്കേജ് ടിക്കറ്റും ലഭ്യം. തിക്കും, തിരക്കും, ആര്‍പ്പുവിളികളും, ദേവിക്കു ജയ് വിളികളും നിറഞ്ഞ മന്‍സാദേവി ക്ഷേത്രം എന്തോ ആകര്‍ഷണീയമായി തോന്നിയില്ല. ഗംഗയുടേയും, ഹരിദ്വാര്‍ പട്ടണത്തിന്റെയും മുകളില്‍ നിന്നുള്ള ദൂരകാഴ്ച മാത്രം നല്ലത്. ചാന്ദിദേവി ക്ഷേത്രത്തിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. റോപ് വേയ്ക്കു സൗന്ദര്യം കൂടുതല്‍ ചാന്ദിദേവി ക്ഷേത്ര പാതയിലാണ്. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കാഴ്ചകളും കണ്ടു ഞാന്‍ ..!!

ഹരിദ്വാറിന്റെ ശരിയായ ആകര്‍ഷണം ഗംഗയാണ്. ഒരുപക്ഷേ, ഗംഗ മാത്രം. വിശാലമായി പരന്നൊഴുകുന്ന ഗംഗയാണ് ഈ നഗരത്തിനു ജീവനും തേജസ്സും. ഗംഗാതീരത്തെ വൈകുന്നേരത്തെ മഹാ ആരതി ഏറെ പ്രശസ്തം. നയനാനന്ദകരവും. ഹര്‍ കി പൗരി എന്നു വിളിക്കപ്പെടുന്ന ഗംഗാമന്ദിറിന്റെ സമീപത്ത് ചെറിയ ഒരു കൈവഴിയായി അമ്പലമുറ്റത്ത് അനുസരണയോടെ ഗംഗ ഒഴുകുന്നു. ഇവിടെ അനേകായിരം ദീപങ്ങള്‍ പുഷ്പദലങ്ങളുടെ അകമ്പടിയോടെ ഗംഗയ്ക്കു അര്‍ച്ചന അര്‍പ്പിക്കുന്നതാണു ആരതി. അമ്പലത്തിലെ പൂജാരി തുടങ്ങിവയ്ക്കുന്ന ഈ അഗ്നിതിലോദകം ഗംഗ ഏറ്റുവാങ്ങുന്നതോടെ ഭക്തരുടെ കണ്ഠത്തില്‍ നിന്നും ഗംഗാമാതാ ജയ് വിളികള്‍ ഉയരുന്നു. ഗംഗയുടെ ഇരുകരകളിലും ചങ്ങലകള്‍ കോര്‍ത്തു കമ്പി തൂണുകള്‍ നാട്ടിയിരിക്കുന്നു. ഈ ചങ്ങലകളില്‍ പിടിച്ചു നിന്നുകൊണ്ടു വേണം കുളിക്കാന്‍. ഒഴുക്കിന്റെ ശക്തി അപാരം. അപകട സാധ്യതയും. പൗര്‍ണ്ണമിത്തലേന്ന് അസംഖ്യം ആരതിദീപങ്ങളുടെ പൊന്‍പ്രഭയില്‍ ഗംഗാനദി തിളങ്ങുന്ന കാഴ്ച മനോഹരം. ആരതി കഴിയുന്നതോടെ ജനസഞ്ചയം യാത്രയാകുന്നു. പിന്നെ തീരത്ത് മെല്ലെ മെല്ലെ തിരക്കൊഴിയുകയാണ്. പുലരും വരെ മാത്രം. ഹരിദ്വാര്‍ ഭംഗിയുള്ള വസ്ത്രങ്ങളുടെ ഒരു പട്ടണം കൂടിയാണ്. രാത്രി വൈകിയും തുറന്നിരിക്കുന്ന കടകളില്‍ നിറയെ കൗതുകമുണര്‍ത്തുന്ന ഡിസൈനുകളുടെ പ്രദര്‍ശനം, വിന്‍ഡൊ ഷോപ്പിങ്ങിന്റെ അനന്തസാധ്യതകള്‍ തുറക്കുന്നു. നാളെയാണ് ഗംഗാമാതാവിന്റെ ചാരെ നിന്നും ഹിമവാന്‍ എന്ന പിതൃസാന്നിധ്യത്തിലേക്കുള്ള യാത്ര. നാളെ പൗര്‍ണ്ണമി കൂടിയാണ്.

പഹാഡി കലര്‍ന്ന ഹിന്ദി മാത്രം അറിയാവുന്ന ഞങ്ങളുടെ ഡ്രൈവര്‍ അല്‍പ്പം തിരക്കിലാണ്, നീരസത്തിലും.. 'രാസ്താ ബഹുത് ലംബീ ഹെ'. സന്ധ്യ മയങ്ങും മുന്‍പു ജോഷീമഠില്‍ എത്തണം. ഇരുന്നൂറ്റി അന്‍പതില്‍പരം കിലോമീറ്റര്‍. വഴിയില്‍ ഓരോ വളവുകളിലും ഞങ്ങള്‍ക്കുണ്ടാവുന്ന അമ്പരപ്പും, ഫോട്ടോ എടുക്കാനുള്ള ആവേശവും ഈ വഴിയില്‍ ആയിരത്തിലേറെ സഞ്ചരിച്ചിട്ടുള്ള ഗോവിന്ദ് സിങ്ങിനു വിഷയമല്ല. അപകടം പതിയിരിക്കുന്ന ഹിമാലയന്‍ റോഡുകളില്‍ രാത്രിയാകും മുന്‍പു ലക്ഷ്യത്തിലെത്തുക എന്നതാണു പ്രമാണം. നേരത്തെ പുറപ്പെടുക, പതുക്കെ സഞ്ചരിക്കുക, സമയത്ത് എത്തുക. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ യാത്രക്കാര്‍ക്കു നല്‍കുന്ന സന്ദേശം. ഒപ്പം ദൈവത്തെ ഓര്‍മ്മിക്കാനും. പുകയില ചുണ്ടിനും,പല്ലിനുമിടയില്‍ തിരുകിവച്ചു ഗോവിന്ദ് സിംഗ് പറയുന്ന പഹാഡി ഹിന്ദി ഞങ്ങള്‍ക്കൊട്ടു മനസിലായതുമില്ല. പുകയില അതുപോലെ വച്ച് മലയാളം പറഞ്ഞാലും എറെക്കുറെ ഗോവിന്ദ് സിങ്ങിന്റെ ഹിന്ദിയാവും. പിന്നെ ഞങ്ങള്‍ നിശബ്ദ ധാരണയിലെത്തി. പ്രധാന സ്ഥലങ്ങളില്‍ മാത്രം വണ്ടി നിര്‍ത്തുക, ഇറങ്ങുക, കാണുക, ഫോട്ടോ എടുക്കുക. ബാക്കിയൊക്കെ വണ്ടിയില്‍ തന്നെ ഇരുന്നു കാണുക. ഋഷീകേശ്, ദേവപ്രയാഗ്, ചമോലി, ശ്രീനഗര്‍, പിപ്പല്‍കോട്ടി, രുദ്രപ്രയാഗ്, കര്‍ണ്ണപ്രയാഗ് എന്നിവ പിന്നിട്ട് രാത്രി എട്ടു മണിയോടെ ജോഷീ മഠിലെത്തിയപ്പോള്‍ ഗോവിന്ദ് സിങ്ങിനെ ഞങ്ങള്‍ മനസാ നമിച്ചു കഴിഞ്ഞു. ഇരുട്ടു നിറഞ്ഞ പര്‍വ്വതങ്ങള്‍ക്കിടയിലൂടെ ഒരു വണ്ടിയ്ക്ക് മാത്രം വീതിയുള്ള റോഡിലൂടെ സുരക്ഷിതമായി വണ്ടി ഓടിക്കുക എന്നതു അല്‍പ്പം ശ്രമകരം തന്നെ. എനിക്കും ഡ്രൈവിംഗ് അറിയാമെന്ന തോന്നല്‍ ഞാന്‍ പതിയെ മായ്ച്ചു കളഞ്ഞു.

ഹിമാലയം നദികളുടെ സംഗമസ്ഥാനങ്ങള്‍ക്ക് ഏറെ പ്രശസ്തം. പ്രയാഗ് എന്ന പേരില്‍ ആണിവ അറിയപ്പെടുന്നത്. അതില്‍തന്നെ പഞ്ചപ്രയാഗ് എന്ന പേരില്‍ അറിയപ്പെടുന്ന അഞ്ച് സംഗമങ്ങള്‍ ആണു പ്രധാനം. അവ കൂടാതെ പേരറിയാവുന്നതും, പേരില്ലാത്തതുമായ നിരവധി നദീസംഗമങ്ങള്‍ ഹിമാലയം നിറയെ. അവയില്‍ ആദ്യത്തേതും, ഏറെ പ്രധാനപ്പെട്ടതും ആണു ദേവപ്രയാഗ്. ഗംഗോത്രി ഹിമാനിയിലെ ഗോമുഖില്‍ നിന്നും ഉത്ഭവിക്കുന്ന ഭാഗീരഥിയും, ബദരീനാഥിലെ അളകാപുരിയില്‍ നിന്നും ഉത്ഭവിക്കുന്ന അളകനന്ദയും ചേര്‍ന്ന് ഗംഗ രൂപപ്പെടുന്ന സ്ഥലമാണ് ദേവപ്രയാഗ്. പിത്രുബലിതര്‍പ്പണത്തിനു പ്രശസ്തമാണിവിടം.
Go to Pages »
1| 2 | 3 | 4 |
Vote for this
(0%) (0 Votes)
TAGS:
HIMALAYA  |  HARIDWAR  |  RISHIKESH  |  GANGA  |   

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.




http://whos.amung.us/stats/readers/ufx72qy9661j/